Image

മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 February, 2015
മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
സൗത്ത്‌ ഫ്‌ളോറിഡ: `മറ്റുള്ളവരിലേക്ക്‌ തിരിയാതെ നമ്മിലേക്ക്‌ തിരിയുക, മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക'. ഷിക്കാഗോ രൂപതയുടെ ഇടയശ്രേഷ്‌ഠനായ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഫെബ്രുവരി 22-ന്‌ കോറല്‍സ്‌പ്രിംഗിലുള്ള ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ഫൊറോനാ ദേവാലയത്തിലെ ഇടയ ജനങ്ങള്‍ക്ക്‌ നല്‍കിയ സന്ദേശമാണിത്‌. മഹത്തായ ഈ ഉപദേശമനുസരിച്ച്‌ നാമെല്ലാവരും ജീവിക്കുകയാണെങ്കില്‍ വ്യക്തികള്‍ തമ്മിലുള്ള- കുടുംബങ്ങള്‍ തമ്മിലുള്ള -രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എത്ര മാതൃകാപരമായിരിക്കും.

കുടുംബവല്ലരിയില്‍ വിരിയുന്ന കുസുമങ്ങളാണ്‌ ഓരോ കുഞ്ഞുങ്ങളെന്നും, നല്ല പ്രവര്‍ത്തികള്‍ ചെയ്‌ത്‌ നല്ല ഫലം തരുന്ന വൃക്ഷങ്ങളെപ്പോലെ അവരെ വളര്‍ത്തിയെടുക്കുന്നതില്‍ ഓരോ മാതാപിതാക്കളും ഉത്സുകരായിരിക്കണമെന്നും, 2015 കുടുംബ വര്‍ഷമായി ആചരിക്കുന്ന ഈ അവസരത്തില്‍ അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിക്കുകയുണ്ടായി.

സപ്‌തതിയില്‍ എത്തിനില്‍ക്കുന്ന മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ലാളിത്യത്തിന്റെ പ്രതീകമാണ്‌. പ്രാര്‍ത്ഥന ഉപാസനയാക്കിയ അദ്ദേഹത്തിന്റെ ജീവിതചര്യകളെക്കുറിച്ച്‌ ഇടവക വികാരി റവ.ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍ സംഗ്രഹിക്കുകയുണ്ടായി. ഈ അജപാലകന്റെ സപ്‌തതി ആഘോഷങ്ങളുടെ ഭാഗമായി എഴുപത്‌ കുട്ടികള്‍ റോസാപുഷ്‌പങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ 35 വര്‍ഷങ്ങളായി പത്മശ്രീ കെ.ജെ. യേശുദാസിന്റെ ഗിറ്റാറിസ്റ്റായ അതുല്യ പ്രതിഭ ജോബി തുണ്ടത്തിലിന്റേയും, എല്‍സി വാത്യേലിലിന്റേയും നേതൃത്വത്തില്‍ ഗായകസംഘം ഇടയശ്രേഷ്‌ഠനുവേണ്ടി പ്രത്യേകം തയാറാക്കിയ മംഗള ഗാനം ആലപിക്കുകയുണ്ടായി. മംഗളഗാനത്തിന്റെ രചയിതാവ്‌ ജോജോ വാത്യേലിലും, ഈണംപകര്‍ന്ന്‌ ചിട്ടപ്പെടുത്തിയത്‌ ജോബി തുണ്ടത്തിലുമാണ്‌. ജോസ്‌മാന്‍ കരേടന്റെ തബലയുടെ താളലയം ഈ ഗാനാലാപനത്തിന്‌ ഏറെ ഇമ്പമേകി.

കോറല്‍സ്‌പ്രിംഗ്‌ ഫൊറോനാ ദേവാലയത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ദേവാലയത്തോടു ചേര്‍ന്ന്‌ പണികഴിപ്പിക്കുന്ന സോഷ്യല്‍ ഹാളിന്റെ കല്ലിടീല്‍ കര്‍മ്മം മാര്‍ അങ്ങാടിയത്ത്‌ നിര്‍വഹിക്കുകയുണ്ടായി. ഇരുനൂറിലേറെ ഇടവകാംഗങ്ങള്‍ ഈ ഹാള്‍ നിര്‍മ്മാണത്തിലേക്കുള്ള ചെക്കും വാഗ്‌ദാനപത്രികയും പിതാവിനെ ഏല്‍പിക്കുകയുണ്ടായി. ഈ ദേവാലയത്തിന്റെ വളര്‍ച്ചയ്‌ക്കുപിന്നില്‍ തുടക്കംമുതല്‍ പ്രവര്‍ത്തിച്ച റവ.ഫാ. ജയിംസ്‌ പറപ്പള്ളി, റവ.ഫാ. ജോണ്‍ മേലേപ്പുറം, റവ.ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍ എന്നിവരെ റവ.ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍ നന്ദിയോടെ സ്‌മരിക്കുകയുണ്ടായി. റവ.ഫാ. ജോര്‍ജ്‌ കിടങ്ങന്‍ അന്നത്തെ എല്ലാ പരിപാടികളിലും പങ്കെടുത്തു.

പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, ട്രസ്റ്റിമാരായ ജോസ്‌ വെമ്പാല, ജോസ്‌ ചാഴൂര്‍, ബിനോയ്‌ ജോര്‍ജ്‌, ആന്റണി തോട്ടത്തില്‍ എന്നിവരും മുന്‍ ട്രസ്റ്റിമാരായ തോമസ്‌ പുല്ലാട്ട്‌, ബെന്നി പാറത്തലയ്‌ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ
ജോണി അങ്ങാടിയത്ത്‌, ജയിംസ്‌ മാരൂര്‍, പാരീഷ്‌ സെക്രട്ടറി ലാലി പാറത്തലയ്‌ക്കലും എല്ലാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. ജസി പാറത്തുണ്ടില്‍ അറിയിച്ചതാണിത്‌.
മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക