Image

സ്‌പൈസ് ഗേള്‍സിന്റെ ഗാനങ്ങള്‍ ചോര്‍ന്നു

ആശ പണിക്കര്‍ Published on 24 February, 2015
സ്‌പൈസ് ഗേള്‍സിന്റെ ഗാനങ്ങള്‍ ചോര്‍ന്നു
 ലോകം മുഴുവന്‍ യുവജനങ്ങളുടെ ഹൃദയം കവര്‍ന്ന ഗേള്‍സ് ബാന്‍ഡാണ് സ്‌പൈസ് ഗേള്‍സ്. രാജ്യത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ ഏവരും നെഞ്ചിലേറ്റിയ യുവത്വം തുടിക്കുന്ന പെണ്‍മയുടെ സംഗീതം. അതായിരുന്നു സ്‌പൈസ് ഗേള്‍സ്. 1994 ആരംഭിച്ച് 2000 പിരിഞ്ഞ ബാന്‍ഡ്, വെറും ആറ് വര്‍ഷംകൊണ്ടാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. 

സ്‌പൈസ് ഗേള്‍സിന്റെ അവസാനത്തെ ആല്‍ബമായിരുന്നു 2000 പുറത്തിറങ്ങിയ ഫോര്‍ എവര്‍. ആല്‍ബത്തിന്റെ പുറത്തിറങ്ങാത്ത മൂന്ന് ഗാനങ്ങളും പുറത്തിറങ്ങിയ ഒരു ഗാനത്തിന്റെ മറ്റൊരു പതിപ്പുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നിരിക്കുന്നത്. എ ഡേ ഇന്‍ യുവര്‍ ലൈഫ്,  പെയിന്‍ പ്രൂഫ്, ഇഫ് ഇറ്റ്‌സ് ലൗവിങ് ഓണ്‍ യുവര്‍ മൈന്റ്, റൈറ്റ് ബാക്ക് അറ്റ് യു എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നിരിക്കുന്നത്.

ഇതിലെ എല്ലാ ഗാനങ്ങളും ഫോര്‍ എവറിന് വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. എന്നാല്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയില്ല. റൈറ്റ് ബാക്ക് അറ്റ് യുവിന്റെ പുതിയ മറ്റൊരു പതിപ്പാണ് സ്‌പൈസ് ഗേള്‍സിന്റെ അവസാനത്തെ ആല്‍ബത്തിലുള്ളത്. ഗാനം ചോര്‍ന്ന വാര്‍ത്തകളെക്കുറിച്ച് ബാന്‍ഡിന്റെ മുന്‍കാല അംഗങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1994 ല്‍ ബ്രിട്ടനില്‍ സ്ഥാപിതമായ ഗേള്‍സ് പോപ്പ് ബാന്‍ഡ് സ്‌പൈസ് ഗേള്‍സ് ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആര്‍ജിച്ച ഗേള്‍സ് ബാന്‍ഡാണ്. ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമന്റെ ഭാര്യ വിക്‌ടോറിയ ബെക്കാം (പോഷ് സ്‌പൈസ്), എമ്മ (ബേബി സ്‌പൈസ്), മെലാനി ബ്രൗണ്‍( സ്‌കാറി സ്‌പൈസ്), ഗെറി ഹാല്ലിവെല്‍( ജിഞ്ചര്‍ സ്‌പൈസ്), മെലാനി ചിഷോം( സ്‌പോര്‍ട്ടി സ്‌പൈസ്) തുടങ്ങിയവര്‍ ചേര്‍ന്ന് ആരംഭിച്ച ബാന്‍ഡായ സ്‌പൈസ് ഗേള്‍സ് ബ്രിട്ടനില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്.

2000 ല്‍ ബാന്‍ഡ് ഔദ്യോഗികമായി പിരിഞ്ഞെങ്കിലും 2007-08 ലും 2012 ലും ഇവര്‍ ഒന്നിച്ചിരുന്നു. 2012 ലണ്ടനില്‍ നടന്ന ഒളിംപിക്‌സിന്റെ സമാപന ചടങ്ങിലെ പരിപാടിയ്ക്കുവേണ്ടിയാണ് ഇവര്‍ അവസാനമായി ഒരുമിച്ചത്. മൂന്ന് സ്റ്റുഡിയോ ആല്‍ബങ്ങളും, പതിനൊന്ന് സിംഗിളുകളും 18 മ്യൂസിക്ക് വീഡിയോകളും പുറത്തിറക്കിയിട്ടുള്ള ബാന്‍ഡിന് അമേരിക്കന്‍ മ്യൂസിക്ക് പുരസ്‌കാരം, ബ്രിറ്റ് പുരസ്‌കാരം, ബില്‍ബോര്‍ഡ് പുരസ്‌കാരം, എടിവി വിഎംഎ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബാന്‍ഡിലെ താരങ്ങളായ എമ്മ ബണ്‍ടണ്‍, മെല്‍ സി തുടങ്ങിയവര്‍ പലപ്പോഴായി വീണ്ടും ഒന്നു ചേരാനുള്ള ആഗ്രഹങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും ബാക്കിയുള്ളവര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഫോര്‍ എവറിലെ ഗാനങ്ങള്‍ ചോര്‍ന്നത് ഇവരുടെ ഒത്തുചേരലിനു കളമൊരുക്കും എന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കരുതുന്നത്. അങ്ങനെ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്  സ്‌പൈസ് ഗേള്‍സിന്റെ ലോമെമ്പാടുമുള്ള ആരാധകര്‍.

സ്‌പൈസ് ഗേള്‍സിന്റെ ഗാനങ്ങള്‍ ചോര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക