Image

ബോറടിപ്പിക്കുന്ന ഹരം

Published on 24 February, 2015
 ബോറടിപ്പിക്കുന്ന ഹരം
പ്രണയത്തെ കുറിച്ച് മാത്രമല്ല, എല്ലാത്തിനെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുളള ചെറുപ്പക്കാരനാണ് ബാലു. ഇടത് ആശയങ്ങളില്‍ വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിച്ച തന്റെ ഭൂതകാലത്തെ അഭിമാനത്തോടെ ഓര്‍മ്മിക്കുകയും ചെയ്യുന്ന ആധുനിക കോര്‍പ്പറേറ്റ് ലോകത്തിന്റെ ഭാഗമെങ്കിലും ഒരു ചെറുപ്പക്കാരന്‍. തികച്ചും അപ്രതീക്ഷിതമായി ഇഷ എന്ന പെണ്‍കുട്ടിയുമായി തന്റെ പ്രണയം തുടങ്ങുന്നതും പല കാരണങ്ങളാല്‍ വഴി പരിരിയുന്നതുമാണ് കഥ. 

കാലാകലങ്ങളായി പ്രണയവും വേര്‍പിരിയലും ഒന്നിക്കലുമെല്ലാം നമ്മള്‍ വെള്ളിത്തിരയില്‍ കാണുന്നു. പക്ഷേ മാറിയ കാലത്ത് വിനോദ് സുകുമാരനെ പോല#െ ഒരാള്‍ ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ എന്തെങ്കിലും പുതുമ അതിലുണ്ടാകുമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.  പക്ഷേ വളരെ ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു കഥാ പ്രമേയത്തിന്റെ കരുത്ത് മുഴുവന്‍ അഭ്രപാളികളിലേക്ക് പകര്‍ത്തുന്ന കാര്യത്തില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. വേറിട്ട ട്രീറ്റ്‌മെന്റ് പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകനെ ഹരം നിരാശപ്പെടുത്തി എന്നു പറഞ്ഞാല്‍ തെറ്റില്ല. 

യുവത്വം മാത്രം ഉള്‍പ്പെടുന്ന ഒരു ലോകത്ത് ജീവിക്കുന്നവരാണ് ഇതിലെ നായകനും നായികയും. വസ്ത്രം മാറുന്ന ലാഘവത്തോടെ പ്രണയിക്കുകയും മടുക്കുമ്പോള്‍ ഊരിയെറിയുകയും ചെയ്യുന്ന പുതുതലമുറയുടെ പ്രതീകങ്ങള്‍ തന്നെയാണ് ഇതിലെ ബാലുവും ഇഷയും. പ്രണയിക്കുന്നതിനു മുമ്പ് ബാലുവിന്റെ ഇടതുപക്ഷ ആശയങ്ങളെയും അയാളുടെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെയും ഇഷ്ടപ്പെടുന്ന ഇഷയ്ക്കു പക്ഷേ വിവാഹശേഷം അത്തരം കാര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. ഇവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വിവാഹജീവിതത്തിലേക്ക് കടന്നതോടെ യാഥാര്‍ത്ഥ്യങ്ങളും സ്വപ്നങ്ങളും തമ്മില്‍ പൊത്തപ്പെടാന്‍ ഇഷയ്ക്കാവുന്നില്ല. അസ്വസ്ഥമായ ജീവിതാന്തരീക്ഷത്തില്‍ നിന്നും കുറ്റബോധമോ നഷ്ടബോധമോ ഇല്ലാതെ പടിയിറങ്ങി പോകുന്ന ഇഷ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കണ്ണി തന്നെ. 

ശക്തമായ ആശയം ഉണ്ടായിരുന്നിട്ടും അത് വ്യക്തമായി സാധാരണ പ്രേക്ഷനിലേക്ക്  എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ഇക്കാരണം കൊണ്ടു തന്നെ തുടക്കം മുതല്‍ സിനിമയ്ക്ക്  വല്ലാത്തൊരു ഇഴച്ചിലുണ്ടാക്കുന്നു. ചേരിയില്‍ ജീവിക്കുന്ന ഒരു ഗണ്ടയുടെയും അയാളുടെ കാമുകിയുടെയും കഥയും ഇതോടൊപ്പം സംവിധായകന്‍ പകര്‍ത്തുന്നുണ്ട്. എന്നാല്‍ അവരുടെ ജീവിതവും അന്താരാഷ്ട്ര വനിതാദിനത്തില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയു#െ അരക്ഷിതാവസ്ഥയുമൊന്നും പ്രമേയവുമായി ഇണങ്ങാതെ വിഘടിച്ചു നില്‍ക്കുന്നത് വല്ലാത്ത കല്ലുകടിയായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു. പരസ്പര ബന്ധമില്ലാത്ത രണ്ടു കാര്യങ്ങള്‍ എന്തിന് വിളക്കിച്ചേര്‍ത്ത് സംവിധായകന്‍ മെനക്കെട്ടു എന്നതാണ് സംശയം. ഒരു പക്ഷേ കഥ കൂടുതല്‍ വിരസമായത് ഇതുകൊണ്ടാവാം. 

2001 ല്‍ പുറത്തിറങ്ങിയ ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഡോക്യുമെന്ററിയിലൂടെ ബെസ്റ്റ് നോണ്‍ ഫീച്ചര്‍ ഫിലിം സംവിധായകനുള്ള ദേശീയ പുരസ്‌കാരവും, ശ്യാമപ്രസാദ് ചിത്രമായ ഒരേ കടലിന്റെ ചിത്രസംയോജനത്തിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ച വിനോദ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹരം. പക്ഷേ 
സംവിധാനത്തില്‍ പാകപ്പിഴ സംഭവിച്ചെങ്കിലും ബാലു എന്ന കഥാപാത്രത്തെ ഫഹദ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്.  നായികയായി എത്തിയ രാധിക ആപ്‌തെ തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും പിന്നീട് കഥാപാത്രവുമായി ഇണങ്ങിയിട്ടുണ്ട്.  തൈക്കൂടം ബ്രിഡ്ജ് ആദ്യമായി സംഗീതം നിര്‍വഹിച്ച ഗാനങ്ങള്‍ ഒരു പക്ഷേ ന്യൂജെനറേഷന്‍ വിഭാഗത്തിന് ഇഷ്ടമായേക്കാം. അതിനപ്പുറം മനസില്‍ തങ്ങി നില്‍ക്കുന്ന ആലാപന സുഖമോ സംഗീതമോ ഗാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല.  

 വിനോദ് സുകുമാരന്റെ ശ്രമം അഭിനന്ദാര്‍ഹമാണ്. പക്ഷേ നല്ലൊരു പ്രമേയമായിട്ടും ഹരം പിടിപ്പിക്കുന്ന അനുഭവ മുഹൂര്‍ത്തങ്ങളൊരുക്കാന്‍ കഴിയാതെ പോയി. 

 ബോറടിപ്പിക്കുന്ന ഹരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക