Image

രാഹുല്‍ ഈശ്വര്‍ നയിക്കുന്ന ഹൈന്ദവ സംഘനടകളുടെ സമന്വയ സംവാദം

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2015
രാഹുല്‍ ഈശ്വര്‍ നയിക്കുന്ന ഹൈന്ദവ സംഘനടകളുടെ സമന്വയ സംവാദം
ഡാലസ്‌: ജൂലൈ 2 മുതല്‍ 6 വരെ ഡാലസില്‍ നടക്കുന്ന കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ വിവിധ മലയാളി ഹൈന്ദവ സംഘടനകള്‍ പങ്കെടുക്കുന്ന സമന്വയ സംവാദം സംഘടിപ്പിക്കുന്നു. ഭാരതത്തിലെ അറിയപ്പെടുന്ന മാധ്യമ വിചാരകനും യുവ പ്രഭാഷകനുമായ രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കുന്ന സംവാദത്തില്‍ ഹിന്ദു ഐക്യത്തിന്റെ വിവിധങ്ങളായ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പല നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണീയ പ്രസ്ഥാനങ്ങളും, നായര്‍ സംഘടനകളും, യോഗക്ഷേമ ഹരിജന കൂട്ടായ്‌മകളും സംവാദത്തില്‍ പങ്കുചേരുന്നു.

സാംസ്‌കാരിക അധിനിവേശങ്ങളും, സവര്‍ണ്ണ പൗരോഹിത്യവും പാര്‍ശ്വവത്‌കരിച്ച്‌ വിഭജിച്ച ഹിന്ദു ജനതയില്‍ ഏകമായ ആത്മദര്‍ശനം ഉത്‌ബോധിപ്പിച്ച ശങ്കരചിന്തയുടെ മലയാള മാതൃകകളായിരുന്നു. പരമഭട്ടാരഗുരു ചട്ടമ്പി സ്വാമികളും, ശ്രീനാരായണ ഗുരുദേവനും, ആരാധന, ആചരണം എന്നിവകളിലെ ശാസനകളേയും, ആധിപത്യങ്ങളേയും അതിജീവിക്കുന്ന തത്വവിചാരമായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ അദൈ്വത ദര്‍ശനം. ആശ്രിതവാത്സല്യത്തില്‍ അന്ധമായി അഭിരമിച്ച്‌ അലസത കൈമുതലാക്കി നാശോന്മുഖമായിക്കൊണ്ടിരുന്ന ഒരു സമുദായത്തെ മോചിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവിതം പരിത്യജിച്ച കര്‍മ്മയോഗിയായിരുന്നു മന്നത്തു പദ്‌മനാഭന്‍. ജാതിക്കോമരങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ജീവിതം തന്നെ നിഷേധിക്കപ്പെട്ട അവര്‍ണ്ണ ജനതയെ അവകാശബോധത്തിലേക്കും, വിദ്യാഭ്യാസത്തിലേക്കും ആനയിച്ച മഹാനായ അയ്യന്‍കാളി. നമ്പൂതിരി സ്‌ത്രീവിമോചനത്തിന്റെ മുന്നണിപ്പോരാളിയായ വി.ടി. ഭട്ടതിരിപ്പാട്‌ തുടങ്ങിയ മാഹാരഥന്മാര്‍ വ്യത്യസ്‌ത മാര്‍ഗ്ഗങ്ങളിലൂടെ നവീകരിച്ച ചരിത്രമാണ്‌ മലയാളി ഹിന്ദുവിന്റേത്‌.

കടലുകള്‍ താണ്ടി അമേരിക്കയിലെത്തിയ എല്ലാ ഹിന്ദുവിന്റേയും സഹവര്‍ത്തിത്വവും, സൗഹൃദ സൗരഭ്യവും കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യമാണ്‌. ആരാധിക്കുന്ന ദൈവത്തിന്റെ പേരിലുള്ള വിവേചനം ഒരിക്കലും ഹൈന്ദവ ധര്‍മ്മമല്ല. സമൂഹ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഈ സംവാദവേദിയില്‍ എല്ലാ മലയാളികളുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ ടി.എന്‍ നായര്‍, സെക്രട്ടറി ഗണേശ്‌ നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ വ്യക്തമാക്കി. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌.
രാഹുല്‍ ഈശ്വര്‍ നയിക്കുന്ന ഹൈന്ദവ സംഘനടകളുടെ സമന്വയ സംവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക