Image

കോണ്‍ഗ്രസിന്റെ വംശനാശഭീഷണിയും കേജരിവാളിന്റെ മോഡി- ആര്‍.എസ്.എസ്. മുദ്രയും(ഡല്‍ഹി കത്ത്: പി.വി.തോമസ്‌)

പി.വി.തോമസ്‌ Published on 23 February, 2015
കോണ്‍ഗ്രസിന്റെ വംശനാശഭീഷണിയും കേജരിവാളിന്റെ മോഡി- ആര്‍.എസ്.എസ്. മുദ്രയും(ഡല്‍ഹി കത്ത്: പി.വി.തോമസ്‌)
      ചിലപ്പോള്‍ ചിലര്‍ വീഴചകളില്‍ നിന്നും ഒന്നും അടിസ്താനപരമായി പഠിക്കുകയില്ല. തിണ്ണമിടുക്ക് കാണിക്കുന്ന ചില ശുംഭന്‍ പ്രസ്താവനകള്‍ കൊണ്ട് പരാജയത്തിന്റെ നഗ്നത മറയ്ക്കുവാന്‍ ശ്രമിക്കും. ഇതില്‍ വിരുതനാണ് പണ്ടു മുതലേ കോണ്‍ഗ്രസ്  നേതാവായ(എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി) ദിഗ് വിജയ് സിംങ്ങ്. ഈ വിദ്വാന്‍ മറ്റൊരു വിടുവായനായ മണിശങ്കര്‍ അയ്യരുമായി മത്സരത്തിലുമാണ്. അല്ലെങ്കില്‍ നേരെ തിരിച്ചും. എന്താണിവിടെ പരാമര്‍ശന വിഷയം?

ദിഗ് വിജയ് സിങ്ങിന്റെ അഭിപ്രായത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഒരു മോഡി- ആര്‍.എസ്.എസ്. ഏജന്റ് ആണ്. ഇത് അദ്ദേഹം ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലും അദ്ദേഹത്തിന്റെ തന്നെ ടിറ്ററിലും കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതായത് മോഡിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം നടപ്പില്‍ വരുത്തുവാന്‍ കച്ചകെട്ടി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന വ്യക്തിയാണ് കേജരിവാള്‍. ഇത് അദ്ദേഹം വെറും തമാശയായിട്ട് പറഞ്ഞതല്ല. സിങ്ങ് വിശദീകരിക്കുന്നു: അണ്ണാ മൂവ്‌മെന്റിന്റെ പിന്നില്‍ പാര്‍ട്ടി ആര്‍.എസ്.എസ്. പിന്തുണ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്നും ഈ പാര്‍ട്ടി ബി.ജെ.പി.യുടെ ഒരു നയത്തേയും വിമര്‍ശിക്കുന്നില്ല. അവര്‍ അഴിമതിയെകുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. അഴിമതിയാകട്ടെ സമൂഹത്തിലേയും ഗവണ്‍മെന്റിലേയും ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും സര്‍വ്വ സാധാരണമായ സംഭവം ആണ്. ആപ്പിനു അഴിമതി അല്ലാതെ ഒന്നു പറയുവാനില്ല. അവരുടെ രാഷ്ട്രീയ സിദ്ധാന്തം എന്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഒന്നും പറയുവാനില്ല. ആപ്പിന് ആര്‍.എസ്.എസ്സിന്റെയോ മോഡിയുടെയോ വര്‍ഗീയ രാഷ്്ട്രീയത്തെകുറിച്ച് ഒന്നും സംസാരിക്കുവാനില്ല. ഘര്‍ വാപ്പസിയെകുറിച്ച് ഒന്നും സംസാരിക്കുവാനില്ല. ഹിന്ദുത്വ ശക്തികല്‍ ആസൂത്രണം ചെയ്ത മതകലാപങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കുവാനില്ല. മത ന്യൂനപക്ഷങ്ങളുടെ സാമൂഹിക- സാമ്പത്തിക ഉന്നമനത്തിനായിട്ടുള്ള പദ്ധതികളെകുറിച്ചും ഒന്നും സംസാരിക്കുവാനില്ല. ആര്‍.എസ്.എസിന്റെയും മോഡിയുടെയും ഹിന്ദുരാഷ്ട്ര അജണ്ടയെ കുറിച്ചും മൗനം ആണ് ആപ്പിന്റെ ഭാഷ്യം. എന്തുകൊണ്ടാണ് ആപ്പ് വിടുന്ന അതിന്റെ നേതാക്കന്‍മാര്‍ ബി.ജെ.പി.യില്‍ ചേക്കേറുന്നത്? കാരണം ആപ്പും ബി.ജെ.പി.യും ആര്‍.എസ്.എസും മോഡിയും എല്ലാം പ്രതിനിധാനം ചെയ്യുന്നത് ഒരേ ചിന്താധാരയാണ്. കോണ്‍ഗ്രസ് ഒരിക്കലും ഹിന്ദു വര്‍ഗീയവാദമായിട്ടോ മുസ്ലീം വര്‍ഗ്ഗീയവാദമായിട്ടോ സന്ധി ചെയ്തിട്ടില്ല. അത് ഹിന്ദു മഹാസഭയേയും ആര്‍.എസ്.എസിനേയും മുസ്ലീം ലീഗിനേയും ഒരേ പോലെ എതിരിടുന്നു.

ഇത് ദിഗ് വിജയ് സിങ്ങിനെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ പരിഹാസ്യവും പരിതാപകരവും ആയ തരം താഴ്ന്ന ഒരു പ്രസ്താവനയായി മാറുന്നു. ഇതുപോലെയുള്ള നേതാക്കന്‍മാരും അവരുടെ പ്രസ്താവനകളും ആണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ ശാപം. ഇവര്‍ കാലത്തിന്റെ ചുവരെഴുത്ത് കാണാനാവാതെ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. പരാജയം അംഗീകരിക്കുവാനോ അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്‌ലുവാനോ ശ്രമിക്കാതെ അബദ്ധ ജഡിലമായ രാഷ്ട്രീയ മുടന്തന്‍ ന്യായങ്ങള്‍ പൊടി തട്ടിയെടുത്ത് എതിരാളികളെ തേജോവധം ചെയ്യുവാനാണ് ഇവരുടെ പുറപ്പാട്. ഇതുകൊണ്ടൊന്നും ഈ ദുരവസ്ഥയില്‍ നിന്നും കോണ്‍ഗ്രസ് രക്ഷപ്പെടുകയില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രധാന ഉപദേഷ്ടാവായ ദിഗ് വിജയ് സിങ്ങിനെ പോലെയുള്ള ഒരു നേതാവ് കേജരിവാളിനേയും ആപ്പിനേയും ആര്‍.എസ്.എസിന്റെ ലായത്തില്‍ കൊണ്ട് കെട്ടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പാപ്പരത്വത്തിന്റെ മകുടോദാഹരണം ആണ്. രാഹുല്‍ ഗാന്ധി പോലും 2013 ഡിസംബറിലെ ആപ്പിന്റെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം പറഞ്ഞാണ് ആപ്പില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന്. രാഷ്ട്രീയമായി ഒരു പോയിന്റ് സ്‌കോര്‍ ചെയ്യുവാനായി ദിഗ് വിജയ് സിങ്ങിനെ പോലെയുള്ള നേതാക്കന്‍മാര്‍ മണ്ടത്തരങ്ങള്‍ കൊട്ടി ഘോഷിക്കരുത്. അത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ദോഷമേ ചെയ്യുകയുള്ളൂ.

ഓര്‍മ്മയില്ലേ മണിശങ്കര്‍ അയ്യരുടെ ആ ശുദ്ധ മണ്ടന്‍ പ്രസ്താവന? ലോക്‌സഭാ തിരഞ്ഞെടുപ്പ്് വേളയില്‍ എ.ഐ.സി.സി. സമ്മേളനത്തോട് അനുബന്ധിച്ച് അയ്യര്‍ പറയുകയുണ്ടായി നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ഒരിക്കലും ഡല്‍ഹിയില്‍ വരികയില്ല. അദ്ദേഹത്തിനു വേണെങ്കില്‍ ചായ വില്‍ക്കുവാനായി ഡല്‍ഹിയില്‍ വരാം. ഈ പ്രസ്താവനെ കോണ്‍ഗ്രസിനെ എത്രമാത്രം ദോഷമായി ബാധിച്ചു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന  കാര്യമാണ്. ഇതിനെ ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് മോഡി ചായ് പെ ചര്‍ച്ച എന്ന പ്രചരണം ആരംഭിച്ചത്. അത് അഖിലേന്ത്യാ തലത്തില്‍ ഒരു ഹിറ്റുമായിരുന്നു. എല്ലാ ഡാബയിലും മുറുക്കാന്‍ കടയിലും വഴിയോരത്തിലും ജനം ഇത് ചര്‍ച്ച ചെയ്തു. മോഡിക്കും മോഡിയുടെ ലളിതമായ ജീവിത പശ്ചാത്തലത്തിനും അനുകൂലമായ ഒരു തരംഗം ഇത് സൃഷ്ടിച്ചു. മണി ശങ്കര്‍ അയ്യരെ പോലെയുള്ള എലീറ്റ് വിഭാഗത്തില്‍ പെട്ട രാഷ്ട്രീയ നേതാക്ക•ാര്‍ മനസിലാക്കേണ്ട ഒരു കാര്യം പ്രതിയോഗിയുടെ സാമ്പത്തിക സങ്കടാവസ്ഥയെ പരിസാസമാക്കിയാല്‍, അതിനെ നിന്ദിച്ചാല്‍ ജനം അത് പൊറുക്കുകയില്ല. അത്‌കൊണ്ട്  തന്നെയാണ് കേജരിവാള്‍ എന്ന മഫഌമാനും പത്ത് ലക്ഷം രൂപയുടെ സ്യൂട്ട് (ലേലത്തിനു ശേഷം 4.31 കോടിരൂപ) ധരിച്ച മോഡിയും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിഞ്ഞത്.

ഇവിടെ ദിഗ് വിജയ് സിങ്ങ് കേജരിവാളിനേയും ആപ്പിനേയും ആര്‍.എസ്.എസിന്റെ പിണയാള•ാരായി ചിത്രീകരിക്കുവാന്‍ തന്ത്രപ്പെടുകയാണ്. അദ്ദേഹം അങ്ങനെ ഒരു പുതിയ രാഷ്ട്രീയ തിയറി മെനഞ്ഞെടുക്കുവാന്‍ ശ്രമിക്കുകയാണ്. സ്വന്തം പരാജയത്തെ ന്യായീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തില്‍ സഹതാപം രേഖപ്പെടുത്താം. പക്ഷെ എന്തിന് കേജരിവാളിനേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും കരിവാരി തേച്ചു കാണിക്കുവാന്‍ മുതിരണം? കോണ്‍ഗ്രസിന്റെ അതി ദയനീയമായ പരാജയത്തിനു ശേഷം കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ നേതൃത്വവും നടത്തേണ്ടത് സത്യസന്ധമായ ഒരു ആത്മ പരിശോധനയാണ്. ഇതുപോലെയുള്ള കൊഞ്ഞനം കുത്തലല്ല. അണ്ണാ ഹസാരെയുടെ മൂവ്‌മെന്റിന്റെ മൂര്‍ദ്ധന്യത്തിലും ഇതുപോലെയുള്ള ഒട്ടേറെ വികൃതികള്‍ കോണ്‍ഗ്രസും യു.പി.എ. ഗവണ്‍മെന്റും ചെയ്യുകയുണ്ടായി. അണ്ണാ ഹസാരെക്ക് എതിരായി വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഫലിച്ചില്ല. പ്രശാന്ത് ഭൂഷണു എതിരായി ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചു. ഫലിച്ചില്ല. അണ്ണാ ഹസാരെയുടെ മൂവ്‌മെന്റ് ഫണ്ട് ചെയ്തത് വന്‍ വ്യവസായികല്‍ ആണെന്ന് പ്രചരിപ്പിച്ചു. ഫലിച്ചില്ല. തിരഞ്ഞെടുപ്പ് വേളയില്‍ മോഡി കേജരിവാളിനെ മാവോയിസ്റ്റ് എന്നും അരാജകവാദി എന്നും വിളിച്ച് അധിക്ഷേപിച്ചു. ഫലിച്ചില്ല. ഇപ്പോള്‍ ദിഗ് വിജയ് സിങ്ങ് കാക്കി നിക്കര്‍ ധരിപ്പിച്ച് ആര്‍.എസ്.എസ് കാരന്‍ ആക്കി മാമ്മോദീസാ മുക്കുന്നു. ആപ്പിനെ കാവിവല്‍ക്കരിക്കുന്നു. ശുദ്ധ അസംബന്ധം ആണിത്. കേജരിവാളും ആപ്പും കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും സംഘപരിവാറിനും അതുപോലെയുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെയുള്ള ഒരു ജനകീയ-യുവജന മുന്നേറ്റമാണ്. അതിനെ ആര്‍.എസ്.എസിന്റെ മറ്റൊരു പതിപ്പായി ചിത്രീകരിക്കുവാന്‍ ദിഗ് വിജയ് സിങ്ങ് ശ്രമിക്കുന്നത് തികച്ചും നിന്ദനീയമാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിനു ശേഷം കേജരിവാള്‍ ചെയ്ത പ്രസംഗത്തില്‍ മതസഹിഷ്ണുതയേയും മതേതരത്വത്തേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുവാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ കുറിച്ചും ബാധ്യതയെ കുറിച്ചും അടിവരയിട്ട് വ്യക്തമാക്കുകയുണ്ടായി. ഇവിടെ എങ്ങനെയാണ് അദ്ദേഹം ര്‍.എസ്.എസിന്റെ ചട്ടുകം ആകുന്നത്? ഇത് മോഡിയുടെ വിശ്വവിഖ്യാതമായ മതസഹിഷ്ണുത പ്രഖ്യാപനത്തിനു മുമ്പാണ് എന്ന് ഓര്‍മ്മിക്കണം. ദിഗ് വിജയ് സിങ്ങിന് ഓര്‍മ്മയില്ലേ? മതപുനഃപരിവര്‍ത്തനത്തെകുറിച്ചും ഹിന്ദു രാഷ്ട്രത്തെ കുറിച്ചും അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഇതിലുണ്ട്. ഇനി ആപ്പ് വിടുന്നവര്‍ ബി.ജെ.പി.യില്‍ ചേരുന്നത് സംബന്ധിച്ചുള്ള ചോദ്യം. അത് ആപ്പും ബി.ജെ.പി.യും തമ്മിലുള്ള ആദര്‍ശ സാദൃശ്യമാണെങ്കില്‍ എത്ര എത്ര സമുന്നതരായ കോണ്‍ഗ്രസ് നേതാക്കന്‍മാരാണ്‌
ഹരിയാനയിലും ഉത്തര്‍പ്രദേശിലും മറ്റും ബി.ജെ.പി.യില്‍ ചേര്‍ന്നത്? പേര് വിവരം വേണോ? പാര്‍ട്ടി വിട്ട് പാര്‍ട്ടിയില്‍ ചേരുന്നത് തികച്ചും അവസരവാദ രാഷ്ട്രീയം ആണ്. അതില്‍ യാതൊരു രാഷ്ട്രീയ ആദര്‍ശവുമില്ല.

ദിഗ് വിജയ് സിങ്ങ് പറയുന്നു കോണ്‍ഗ്രസ് ഒരിക്കലും ഹിന്ദു വര്‍ഗീയതയായിട്ടും മുസ്ലീം വര്‍ഗീയതയായിട്ടും കൂട്ടു ചേര്‍ന്നിട്ടില്ലെന്ന്. അതുപോലെ തന്നെ കോണ്‍ഗ്രസ്  ഹിന്ദു മഹാസഭയേയും ആര്‍.എസ്. എസിനേയും അതുപോലെ തന്നെ മുസ്ലീം ലീഗിനേയും എതിര്‍ക്കുന്നു എന്ന്. ആരാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തറക്കല്ലിടുവാന്‍ അനുമതി നല്‍കിയത്? കോണ്‍ഗ്രസ് അല്ലേ? ആരാണ് ഷാബാനുകേസില്‍ കോടതി വിധിയെ മറികടന്നത് കോണ്‍ഗ്രസ് അല്ലേ? ഇതൊക്കെ ഹിന്ദു മുസ്ലീം വര്‍ഗീയ വാദത്തിന് ചൂട്ട് പിടിക്കുന്നതിന് തുല്യമല്ലേ? ഇനി മുസ്ലീം ലീഗിനെ എതിര്‍ക്കുന്ന കാര്യം. ആരാണ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളില്‍ ഒന്ന് കേരളത്തില്‍? മുസീം ലീഗ് അല്ലേ?

ഇനി മോഡിയും ആര്‍.എസ്.എസും ആപ്പും കോണ്‍ഗ്രസ് മുക്ത ഭാരതവും. സിങ്ങിന്റെ ആരോപണ പ്രകാരം മോഡിയുടേയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസ് മുക്തഭാരതം എന്ന സമരകാഹളത്തിന്റെ പ്രധാന സേനാനി കേജരിവാളാണ്. എന്തൊരു അബദ്ധമാണിത്? ശരിയാണ് ഇന്ത്യയില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് മുക്ത സംസ്ഥാനം സൃഷ്ടിച്ചത്(ഡല്‍ഹി) കേജരിവാള്‍ ആണ്. പക്ഷെ അവിടെയും മോഡിക്കും ബി.ജെ.പി.ക്കും ലഭിച്ചത് എഴുപതില്‍ മൂന്നേ മൂന്ന് സീറ്റുകള്‍ മാത്രമാണ്. അപ്പോള്‍ ഇതിനെ ബി.ജെ.പി. മുക്ത ഭാരതത്തിന്റെ ആരംഭം ആയിട്ടും വേണമെങ്കില്‍ കാണാവുന്നതാണ്. പക്ഷെ ഇങ്ങനെ ഒരു മുദ്രാവാക്യം-ബി.ജെ.പി. മുക്ത ഭാരതം- ആരും ഉയര്‍ത്തിയിട്ടില്ല, കോണ്‍ഗ്രസ് പോലും. കാരണം ഇതുപോലുള്ള മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ അഹങ്കാരത്തിന്റെ പ്രതിസ്ഫുരണങ്ങള്‍ ആണ്. ബി.ജെ.പിക്ക് എന്നപോലെ അല്ലെങ്കില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്നപോലെ കോണ്‍ഗ്രസിനും ഇന്ത്യയില്‍ രാഷ്ട്രീയമായും ചരിത്രപരമായും പ്രസക്തിയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ആയും മതേതര മൂല്യങ്ങളും ആയും പുക്കിള്‍കൊടി ബന്ധം ആണ് കോണ്‍ഗ്രസിനു ഉള്ളത്. പക്ഷെ ഇത് മാത്രം പറഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് വെറും ചര്‍വ്വിത ചര്‍വ്വണം ആയി പോകും. കോണ്‍ഗ്രസിന് എതിരായിട്ടുള്ള പ്രധാന ആരോപണങ്ങള്‍ അഴിമതി, ഭരണശേഷി ഇല്ലായ്മ, ഭരണ സുതാര്യത ഇല്ലായ്മ, നേതൃത്വ കുറവ് എന്നിവയാണ്. ഇതുകൊണ്ടൊക്കെയാണ് കോണ്‍ഗ്രസ് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടച്ചു നീക്കപ്പെട്ടതും ജനം മോഡിയുടെ ആഹ്വാനമായ കോണ്‍ഗ്രസ് മുക്ത ഭാരതം ഉള്‍ക്കൊണ്ടതും. അല്ലാതെ ദിഗ് വിജയ് സിങ്ങ് ആരോപിക്കുന്നതു പോലെ കേജരിവാള്‍ മോഡിയുടേയോ ആര്‍.എസ്.എസിന്റെയോ ഏജന്റ് ആയതുകൊണ്ട് അല്ല.

ദിഗ് വിജയ് സിങ്ങ് ഒരു ആത്മപരിശോധന നടത്തുക. ഇന്ന് കോണ്‍ഗ്രസ് ഏതെല്ലാം സംസ്ഥാനങ്ങളില്‍ ആണ് ഭരണം നടത്തുന്നത് അല്ലെങ്കില്‍ പ്രധാന പ്രതിപക്ഷ കക്ഷി ആയിട്ട് ഉള്ളത്? തെക്കേ ഇന്ത്യയില്‍(130 ലോക്‌സഭാ സീറ്റുകള്‍)കേരളത്തിലും കര്‍ണ്ണാടകയിലും മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഇതാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിഞ്ഞു വരാവുന്നതേ ഉള്ളൂ. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസിന് മേല്‍വിലാസം പോലും ഇല്ല. ഉത്തര്‍പ്രദേശിലും ബീഹാറിലും(120 ലോക്‌സഭാ സീറ്റുകള്‍) കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ആണ്. മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും ഹരിയാനയിലും, ഝാര്‍ഖണ്ഡിലും ഛാത്തീസ്ഘട്ടിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന്റെ നിലശോചനീയം ആണ്. ഗോവയിലും പഞ്ചാബിലും ജമ്മുകാശ്മീരിലും സ്ഥിതി തഥൈവ. രണ്ട് ചെറിയ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ ആയ ഹിമാചല്‍പ്രദേശിലും ഉത്തര്‍ഖണ്ഡിലും(9 ലോക്‌സഭാ സീറ്റുകള്‍) കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്നുണ്ട്. ഇവിടെയും ഭരണം ബി.ജെ.പി.യുമായി മാറി മറിഞ്ഞു വരുന്നതാണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രധാന സംസ്ഥാനമായ അസമില്‍ കോണ്‍ഗ്രസിന്റെ ഭരണം ബി.ജെ.പി വെല്ലുവിളിച്ചുകൊണ്ട് ഇരിക്കുകയാണ് വര്‍ഗീയ വോട്ടിന്റെ ധ്രൂവീകരണത്തിലൂടെ. സമീപ ഭാവിയില്‍ നടക്കുവാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിടെയും അധികാരമാറ്റം സംഭവിച്ചു കൂടായ്ക ഇല്ല. ഇനി ഉള്ളത് പശ്ചിമബംഗാളും ഒഡീഷയുമാണ്. അവിടെയും കോണ്‍ഗ്രസിന്റെ നില അതിശോചനീയം ആണ്. ഇവിടെ എല്ലാം ഒരു കാലത്ത് കോണ്‍ഗ്രസ് ഭരണകക്ഷി ആയിരുന്നു. എ്തുകൊണ്ടാണ് ഇവിടെ ഒന്നും കോണ്‍ഗ്രസ് ഇന്ന് പ്രധാന പ്രതിപക്ഷ കക്ഷി പോലും അല്ലാതായി തീര്‍ന്നത്? ഇത് ദിഗ് വിജയ് സിങ്ങിനെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ചിന്തിക്കേണ്ട കാര്യമാണ്. അല്ലാതെ കേജരിവാളിനെ പോലെയുള്ള യുവ രാഷ്ട്രീയ ശക്തിയുടെ പ്രതിനിധികളെ മോഡിയുടേയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെയും ഏജന്റുകളായി മുദ്രകുത്തുകയലേല വേണ്ടത്.

കോണ്‍ഗ്രസിന്റെ വംശനാശഭീഷണിയും കേജരിവാളിന്റെ മോഡി- ആര്‍.എസ്.എസ്. മുദ്രയും(ഡല്‍ഹി കത്ത്: പി.വി.തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക