Image

ചേരനാട്‌ എന്ന പുതിയ സംസ്ഥാനം (ജോണ്‍ മാത്യു)

Published on 24 February, 2015
ചേരനാട്‌ എന്ന പുതിയ സംസ്ഥാനം (ജോണ്‍ മാത്യു)
കേരളത്തിലെ ഏതോ ഒരു നേതാവിന്റെ പ്രസ്‌താവന ഈയിടെ വായിച്ചു. `ചേരനാട്‌' എന്നൊരു പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന്‌.

പക്ഷേ, ഇതിന്റെ പേരില്‍ ഇതുവരെ സമരവും ബന്തും പ്രഖ്യാപിച്ചതായി കണ്ടില്ല. പതിവ്‌ നടപടികള്‍ ലംഘിച്ചതാണോ എന്തോ? പുതിയ ഒരു സംസ്ഥാനം ജനം സ്വാഗതം ചെയ്യുന്നുവെന്നുവേണം ഇതില്‍നിന്ന്‌ മനസ്സിലാക്കാന്‍. ഈ ചേരനാട്‌ സംസ്ഥാനത്തിന്റെ ഗുണങ്ങള്‍ ജനം ഇപ്പോഴേ തിരിച്ചറിഞ്ഞിരിക്കുന്നുവോ?

പ്രസ്‌തുത നേതാവിന്റെ അഭിപ്രായത്തില്‍ മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഈ സംസ്ഥാന രൂപീകരണം സ്ഥിരപരിഹാരമായിരിക്കുംപോലും. `അണ ഇപ്പം പൊട്ടും' എന്ന ദുഃസ്വപ്‌നം കണ്ട്‌ ജീവിക്കുന്നവര്‍ക്ക്‌ അദ്ധ്വാനം ഏറെ വേണ്ടിവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ എത്ര വേഗത്തിലാണ്‌ പ്രശ്‌നപരിഹാരമുണ്ടാകുന്നത്‌.

യു.എസ്‌.കാനഡ അതിര്‍ത്തിയില്‍ ജീവിച്ചിരുന്ന ഒരു വിരുതന്‍ കാനേഡിയന്‍ അതിശൈത്യത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ തന്റെ വീടും പറമ്പും ഐക്യസംസ്ഥാനങ്ങളിലാക്കിക്കിട്ടാന്‍ ഒരു കാലത്ത്‌ അപേക്ഷ കൊടുത്തിരുന്നുവത്രേ. അതായത്‌ മല്‍പ്പിടുത്തങ്ങളില്ലാതെ മുല്ലപ്പെരിയാര്‍ മാറ്റിക്കിട്ടുന്നതിന്‌ നമുക്ക്‌ അന്താരാഷ്‌ട്രമാമൂലുകള്‍ ഉണ്ടെന്നും അര്‍ത്ഥം.

ഒരു പ്രശ്‌നത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ വിവിധ വശങ്ങളില്‍നിന്ന്‌ നോക്കിക്കാണണമെന്നാണ്‌ പണ്‌ഡിത മതം. അതുകൊണ്ട്‌ ചരിത്രപരമായി അല്‌പം ആഴത്തില്‍ നോക്കിയാല്‍ ചേരനാട്‌ ഒരു പുതിയ സംസ്ഥാനമാണോ? അല്ലേ, അല്ല! പഴയ തിരുവിതാംകൂറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌!

രാജാക്കന്മാരുടെയും തമ്പിമാരുടെയും സര്‍ സി.പി.യുടെയും ചിരകാല സ്വപ്‌നങ്ങള്‍ അകാലത്തില്‍ പൊലിഞ്ഞു, പക്ഷേ, ചേര സംസ്ഥാനവുമായി ഇന്ന്‌ ഒരു നേതാവ്‌ വന്നിരിക്കുന്നതില്‍ സര്‍വ്വ `ചേരപൗരന്മാര്‍ക്കും' ചാരിതാര്‍ത്ഥ്യത്തിന്‌ വകയുണ്ട്‌. വെറും ചേരനാടല്ല, ഒരു സമരവും ചെയ്യാതെ തമിഴകത്തുനിന്ന്‌ ഏതാനും ജില്ലകള്‍ക്കൂടി ഇങ്ങോട്ട്‌ വെട്ടിപ്പിടിക്കണമെന്നാണ്‌ നിര്‍ദ്ദേശം. വെടിയുണ്ട ഉതിര്‍ക്കാതെ, ചോരപ്പുഴയില്ലാതെ.

നമ്മുടെ മുല്ലപ്പെരിയാറ്റിലെ വെള്ളംകൊണ്ട്‌ നമ്മുടെ `രാഷ്‌ട്രീയജന്മിമാര്‍' കൃഷി ചെയ്യുന്ന വയല്‍ നമുക്കല്ലാതെ മറ്റാര്‍ക്കാണ്‌ അവകാശപ്പെട്ടത്‌? നമ്മള്‍ പച്ചക്കറി നട്ടുപിടിപ്പിച്ചിരിക്കുന്ന ബാക്ക്‌യാര്‍ഡ്‌ ആയി ഈ ജില്ലകളെ കണക്കാക്കണം. അയല്‍ സംസ്ഥാനങ്ങള്‍ ഓര്‍ക്കുക ``നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...'' എന്ന മുദ്രാവാക്യം മുഴക്കിയത്‌ ഇവിടെയാണെന്ന്‌. കാര്‍ഷികമായും സാമ്പത്തികമായും, അല്ല ജന്മിത്തപരമായും ഇത്രയധികം അര്‍ത്ഥം മുറ്റിനില്‌ക്കുന്നതും ദൂരക്കാഴ്‌ചനിറഞ്ഞതുമായ മുദ്രാവാക്യം മറ്റാര്‍ക്കാണുള്ളത്‌? കര്‍ഷ തൊഴിലാളി വര്‍ഗ്ഗത്തിന്റേതു മാത്രമല്ല ഇന്നത്തെ നവമുതലാളിത്തത്തിനുപോലും ചേരുന്ന തൊപ്പിയുള്ള കവിതനിറഞ്ഞ ഈണം!

അങ്ങനെ നമ്മള്‍ ചേരനാട്‌ ചോര ചീന്താതെ നേടിയിരിക്കുന്നു. ഒരിക്കല്‍ വിശാല ആന്ധ്ര വേണമെന്ന്‌ പറഞ്ഞ്‌ പട്ടിണികിടന്ന്‌ അവര്‍ അതു നേടി, പിന്നെയത്‌ രണ്ടോ മൂന്നോ ആയി മുറിച്ച്‌ തമാശ മാതൃകയായി നമുക്കുണ്ട്‌. അതുകൊണ്ട്‌ ഐക്യകേരളം ഐക്യമല്ലാതായാലും സാരമില്ല, എന്തായാലും കേരളഭൂമിക മറ്റെങ്ങും പോകുകയില്ലല്ലോ.

ഇനിയും, തുടക്കത്തിലേ പറയുകയാണ്‌ ചേരനാട്‌ നേടിക്കഴിഞ്ഞ സ്ഥിതിക്ക്‌ `കൊച്ചി' ഒറ്റപ്പെടുകയില്ലേ? കൊച്ചി കണ്ടവന്‌ അച്ചി വേണ്ടെന്നാണ്‌ പഴഞ്ചൊല്ല്‌. അതുകൊണ്ട്‌ കൊച്ചി വേണ്ടെന്ന്‌ പറഞ്ഞാല്‍ പെണ്ണുങ്ങള്‍ ഉടനടി സമ്മതം മൂളും. അയാള്‍ ഇട്ടേച്ച്‌ കൊച്ചീക്ക്‌ പോകുകയില്ലല്ലോ. അതുകൊണ്ട്‌ കൊച്ചിരാജ്യം നമുക്ക്‌ കൊച്ചി രാജാവിനുതന്നെ മടക്കിക്കൊടുക്കാം. അതിനും ചില പ്രയോജനങ്ങളുമുണ്ട്‌.

പണ്ടുകാലത്ത്‌ കൊച്ചീ രാജാവല്ലേ തീപ്പെടാറുണ്ടായിരുന്നത്‌. അന്ന്‌ അര ദിവസം അവധി തീര്‍ച്ച. രാവിലെ കരിയില കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നപ്പോള്‍ തിരുമേനി അങ്ങു മറിഞ്ഞുവീണു. അങ്ങനെയാണ്‌ ഞാന്‍ ധരിച്ചിരുന്നത്‌, കാരണം നാട്ടിന്‍പുറത്ത്‌ മകരത്തിലെ മരം കോച്ചുന്ന തണുപ്പത്ത്‌ അതായിരുന്നു പതിവ്‌. തിരുമേനിം തീപ്പെട്ടു! എന്റെ ഒരു കൂട്ടുകാരനും ഈ അബദ്ധം പിണഞ്ഞു. അയാള്‍ മൊത്തം തീപ്പെട്ടില്ലെന്നേയുള്ളൂ. അതുകൊണ്ട്‌ രാജാവിന്റെയും വി.കെ.എന്‍. കഥാപാത്രം ചാത്തുനായര്‍ എന്ന നിത്യദിവാന്റെ കീഴില്‍ സമര്‍പ്പിച്ച ആ രാജ്യം സുരക്ഷിതമെന്ന്‌ കരുതാം.

വള്ളുവനാടിന്റെ കാര്യത്തില്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ല. ഭൂലോകഭൂപടത്തില്‍ തിരുവനന്തപുരം എവിടാന്ന്‌ തിരയേണ്ട ആവശ്യം വള്ളുവനാട്ടുകാര്‍ക്ക്‌ ഭാവിയില്‍ വേണ്ടിവരില്ല. പാലക്കാടും വയനാടും നീലഗിരിയും കോയമ്പത്തൂരും ചേര്‍ന്നാല്‍ ഒരു ഉല്‍കൃഷ്‌ട രാജ്യമായി. പാടവും പനയും മേടും നിറഞ്ഞ ഭൂമി. അവര്‍ ചുമ്മാതിരുന്ന്‌ ഒരു രസത്തിന്‌ തമിഴുനാടിന്റെ കുറേ ഭാഗംകൂടി പിടിച്ചെടുത്തു.

ഏതായാലും നല്ലകാലമല്ലേ, ഒരു മാപ്പിളസ്ഥാന്‍ അനുവദിച്ചുകൊടുത്താല്‍ നമ്മുടെ രാഷ്‌ട്രീയകക്ഷികളുടെ പ്രശ്‌നങ്ങളും തീരും. നെഞ്ചുംവിരിച്ചുനിന്ന്‌ സെക്കുലര്‍ ആണെന്ന്‌ പറയുകയുമാവാം. ഒരു `ബഫര്‍' നാട്‌. മാപ്പിളപ്പാട്ട്‌ കേള്‍ക്കണമെങ്കില്‍ യൂട്യൂബില്‍ ഒന്നുകേറിയിറങ്ങിയാല്‍ മതി.

അങ്ങ്‌ വടക്കോട്ട്‌ പറമ്പ്‌ ഇനിയും ബാക്കിയുണ്ട്‌, അത്‌ കോടിയേരി പിണറായി ആര്‍.എസ്‌.എസ്‌. കൂട്ടര്‍ചേര്‍ന്ന്‌ വീരമായും ശൂരമായും പോരുനടത്തി പങ്കിട്ടാല്‍ ചേരനാടിന്റെ വിദേശപ്രശ്‌നവും തീര്‍ന്നു.

ഈ മലയാളത്തിനുവേണ്ടിയായിരുന്നോ പരശുരാമന്‍ മഴുവെറിഞ്ഞത്‌. ഇന്ന്‌ ഏതായാലും മലയാളം ആര്‍ക്കും വേണ്ട, പഠിക്കേണ്ട. അതുകൊണ്ട്‌ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഭാഷാപ്രശ്‌നത്തിന്റെയും അവസാനമായി.

കന്യാകുമാരിയും ചെങ്കോട്ടയും തമിഴുനാട്ടിലെ മൂന്ന്‌ പച്ചക്കറിജില്ലകളും ചേര്‍ന്ന ചേരനാടിന്റെ തലസ്ഥാനനഗരിയില്‍ ഒരു മഴുവുമായി നില്‌ക്കുന്ന അഭിനവ പരശുരാമന്റെ പ്രതിമയുംകൂടി സ്ഥാപിച്ചാല്‍ കഥ ശുഭപര്യവസാനിയായി മാറും.
ചേരനാട്‌ എന്ന പുതിയ സംസ്ഥാനം (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക