Image

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്‌ദാനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)

Published on 24 February, 2015
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്‌ദാനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)
രാഷ്ട്രീയ നേതാക്കള്‍ ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും വാചാലമായ വാഗ്‌ദാനങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‌കാറുണ്ട്‌. അത്തരം നേതാക്കന്മാരുടെ അര്‍ത്ഥമില്ലാത്ത വാചക കസര്‍ത്തുക്കള്‍ ഭാരതം സ്വതന്ത്രമായ കാലം മുതലുള്ളതാണ്‌. ശ്രീ നരേന്ദ്രമോദിയും അനേക വാഗ്‌ദാനങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ടുതന്നെയാണ്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്‌. സാധാരണ മോഹന വാഗ്‌ദാനങ്ങള്‍ നല്‌കി അധികാരക്കസേരയില്‍ പിടിച്ചു പറ്റുന്നവര്‍ ജനവിധിയെ മറന്നു കളയുകയാണ്‌ പതിവ്‌. എന്നാല്‍ ശ്രീ മോദി പ്രതിയോഗികളെ വെല്ലുന്ന വിധം അസൂയാവഹമായ നേട്ടങ്ങള്‍ ഈ ചുരുങ്ങിയ ഭരണ കാലയളവിനുള്ളില്‍ കൈവരിച്ചു കഴിഞ്ഞു. ഒരു രാഷ്ട്രത്തെ സംബന്ധിച്ച്‌ ഒരു വര്‍ഷമെന്നത്‌ ചെറിയൊരു കാലഘട്ടമാണ്‌. അറുപതു വര്‍ഷങ്ങളില്‍പ്പരം രാജ്യം ഭരിച്ചിരുന്ന മുമ്പുണ്ടായിരുന്ന അഴിമതി നിറഞ്ഞ ഭരണകൂടങ്ങളെയും ഭരണസംവിധാനങ്ങളെയും മറന്നുകൊണ്ടാണ്‌ മോദിയ്‌ക്കെതിരായുള്ള വിമര്‍ശകര്‍ രംഗത്ത്‌ വന്നിരിക്കുന്നതെന്നും ഓര്‍ക്കണം.

പത്രങ്ങളും മറ്റു വാര്‍ത്താ മാധ്യമങ്ങളും അദ്ദേഹത്തിന്റെ വസ്‌ത്ര ധാരണാരീതികളും ഇംഗ്ലീഷ്‌ ഭാഷ കൈകാര്യം ചെയ്യുന്നതിലെ കുറവുകളും ആഘോഷിക്കാറുണ്ട്‌. ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ വിദേശ മാധ്യമങ്ങളും താല്‌പര്യം കാണിക്കാറുണ്ട്‌. റക്ഷ്യയിലെയും ചൈനയിലെയും ജപ്പാനിലെയും ഭരണാധിപര്‍ ദ്വിഭാക്ഷിയുടെ സഹായത്തിലാണ്‌ സാധാരണ ഇംഗ്ലീഷ്‌ സംസാരിക്കാറുള്ളത്‌. ഒരു ഭരണാധിപനെ സംബന്ധിച്ച്‌ രാജ്യം ഭരിക്കാനായി സ്വന്തം മാതൃഭാഷ കൂടാതെ മറ്റൊരു വിദേശ ഭാഷ അറിയണമെന്നില്ല. താറും പാച്ചി, അല്ലെങ്കില്‍ അര്‍ദ്ധ യാചനകനെപ്പോലെ മുണ്ടുമുടുത്ത്‌ അമേരിക്കന്‍ പ്രസിഡന്റുമാരുടെ മുമ്പില്‍ ഇന്ത്യയുടെ ഒരു മന്ത്രി നിന്നാല്‍ ലാളിത്യമാവുകയില്ല. കൌപീനവും ധരിച്ച്‌ പൊതുവേദിയിലിരിക്കുന്ന കാലം കഴിഞ്ഞു പോയി. ഇത്‌ ടെക്കനോളജി യുഗമാണ്‌. ഗാന്ധിജിയുടെ കാലത്ത്‌ ഭൂരിഭാഗം ഗ്രാമീണര്‍ക്കും അരവസ്‌ത്രങ്ങള്‍ മതിയായിരുന്നു. ഇന്ന്‌ അത്തരം വേഷങ്ങള്‍ രാജ്യാന്തര തലങ്ങളില്‍ വെറുപ്പേയുണ്ടാക്കുകയുള്ളൂ. മോദിയുടെ പ്രൌഢിയിലുള്ള വേഷവിധാനങ്ങള്‍ രാജ്യത്തിനൊരു പുതുമയായിരുന്നു. നെഹ്‌റു സ്‌റ്റൈല്‍ ഡ്രസ്സുകള്‍ പോലെ മോദി സ്‌റ്റൈല്‍ വേഷങ്ങളും ഒരു പക്ഷെ ഫാഷന്‍ ലോകത്ത്‌ പ്രസിദ്ധിയും നേടാം.

ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍, ചെറിയ സര്‍ക്കാര്‍, ഫലവത്തായ ഭരണം, സര്‍ക്കാരിന്റെ പരിമിതമായ നിയന്ത്രണം, പരസ്‌പ്പര മുന്നേറ്റം എന്നിങ്ങനെയുള്ള മോദി തത്ത്വങ്ങള്‍ അദ്ദേഹത്തിന്‍റെ നയപ്രഖ്യാപന പ്രസംഗങ്ങളില്‍ പ്രതിഫലിച്ചിരുന്നു. കോടികളുടെ മുടക്കുമുതലുള്ള വ്യവസായസംരംഭങ്ങളുടെ ചുമതലകള്‍ ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടുള്ള ഒരു മുതലാളിത്ത വ്യവസ്ഥിതിയുള്ള ഭരണമായിരുന്നു മോദി വാഗ്‌ദാനം ചെയ്‌തത്‌. എന്നും സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇന്ത്യയെ സംബന്ധിച്ച്‌ 'ക്യാപ്പിറ്റലിസം' ഒരു വെല്ലുവിളിയായിരുന്നു. അഴിമതികളും ദാരിദ്ര്യവും സോഷ്യലിസത്തിന്റെ വിത്തുകളായിരുന്നു. തെരുവുകളില്‍ തൊഴിലില്ലാത്തവരുടെയും വിശക്കുന്നവരുടെയും എണ്ണവും വര്‍ദ്ധിച്ചു. സമ്പത്ത്‌ രാജ്യം ഭരിച്ച കൊള്ളക്കാരുടെയും വന്‍കിട പ്രഭുക്കളുടെയും വ്യവസായികളുടെയും നിയന്ത്രണത്തിലുമായി.

സ്വാതന്ത്ര്യം നേടി 68 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതി വ്യവസ്ഥകള്‍ ഇന്ത്യയ്‌ക്ക്‌ ഇന്നും തലവേദനയാണ്‌. മനുഷ്യനെ താണവനും വലിയവനുമായി വേര്‍തിരിച്ചിരിക്കുന്നതായി
കാണാം. തുല്യാവകാശങ്ങളോടു കൂടിയ സമത്വ സാഹോദര്യാധിഷ്ടിതമായ ഒരു ഭാരതമാണ്‌ മോദി സ്വപ്‌നം കാണുന്നത്‌. നീതിയിലധിഷ്ടിതമായ വിദ്യാഭ്യാസ സമ്പ്രദായം ഭാരതം മുഴുവന്‍ നടപ്പാക്കാനുള്ള പദ്ധതിയാണ്‌ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. അതിനായി സൗജന്യ വിദ്യാഭ്യാസ പദ്ധതികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. അറിവും വെളിച്ചവും തീണ്ടിയിട്ടില്ലാത്ത അനേക ഗ്രാമങ്ങളില്‍ ധര്‍മ്മസ്ഥാപനങ്ങളുടെ സഹായത്തോടെ ആയിരക്കണക്കിന്‌ സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്‌. അവിടെ പഠിക്കുന്നതിന്‌ ഫീസോ നികുതിയോ കൊടുക്കേണ്ടാ. ഭക്ഷണം, പുസ്‌തകങ്ങള്‍, വസ്‌ത്രങ്ങളുള്‍പ്പടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍വ്വതും സൌജന്യവുമാണ്‌.

മോദിയുടെ മന്ത്രിസഭയില്‍ മുമ്പുള്ള സര്‍ക്കാരിനെക്കാളും അംഗസംഖ്യ വളരെ കുറവാണ്‌. ചെറിയ സര്‍ക്കാരും പരമാവധി ഭരണ ചുമതലുകളും ഈ സര്‍ക്കാരിന്റെ പ്രത്യേകതയാണ്‌. ക്യാപ്പിറ്റലിസ്റ്റ്‌ വ്യവസ്ഥാപിതമായ ഒരു സര്‍ക്കാരിനെയാണ്‌, മോദി മന്ത്രിസഭ നയിക്കുന്നത്‌. പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ്‌ ചിന്താഗതികള്‍ വാണിജ്യ മണ്ഡലങ്ങളെ തകര്‍ത്തിരുന്നു. പഞ്ചവത്സര പദ്ധതികള്‍ പൊതുവെ പരാജയമായിരുന്നു പാവപ്പെട്ടവരുടെ ജീവിത നിലവാരങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.

മോദിയുടെ ഭരണത്തിന്റെ ആദ്യ ചുവടുവെപ്പുകളായി വിദേശത്തും സ്വദേശത്തുമുള്ള വ്യവസായപ്രമുഖരായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബില്ല്യന്‍ കണക്കിന്‌ ഡോളര്‍ വിദേശ മൂലധനം നിക്ഷേപിക്കാന്‍ സാധിച്ചതുവഴി രാജ്യത്തിന്റെ സാമ്പത്തിക തുലനാവസ്‌ത വര്‍ദ്ധിപ്പിക്കാനും സാധിച്ചു. പട്ടണങ്ങള്‍ പുരോഗതിയുടെ പാതയില്‍ വളരാന്‍ തുടങ്ങി. പുതിയതായ റോഡുകളും ഹൈവേകളും വഴി രാജ്യത്തിന്റെ ആന്തരഘടനകള്‍ക്കും (കിളൃമ ടേൃൗരൗേൃല ) മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴില്‍ മേഖലകളില്‍ ആയിരങ്ങള്‍ പുതിയതായി ജോലികളും കണ്ടുപിടിക്കാന്‍ തുടങ്ങി. 'വ്യവസായങ്ങള്‍ നടത്തുന്ന ചുമതലകള്‍ സര്‍ക്കാരിന്റെതല്ലെന്ന്‌' പ്രധാന മന്ത്രി നരേന്ദ്ര മോദി ചുരുങ്ങിയ കാലത്തെ ഭരണത്തെ വിലയിരുത്തികൊണ്ട്‌ പറയുകയുണ്ടായി.

കഴിഞ്ഞ മറ്റനേക പതിറ്റാണ്ടുകളിലെ രാജ്യം ഭരിച്ച ഭരണകൂടങ്ങളെ അവലോകനം ചെയ്യുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുരുങ്ങിയ കാലയളവിലുണ്ടായ നേട്ടങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. പാര്‍ലമെന്റില്‍ കാലു കുത്തുന്നതിനു മുമ്പ്‌ കമിഴ്‌ന്നു വീണു നമസ്‌ക്കരിച്ച മറ്റൊരു പ്രധാനമന്ത്രി ചരിത്രത്തിലില്ല. ഹൃസ്വമായ ഭരണകാലയളവുകളില്‍ രാജ്യാന്തര പ്രശ്‌നങ്ങളുമായി ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല. അതുപോലെ ചുരുങ്ങിയ സമയംകൊണ്ട്‌ ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങളിലെ നേതാക്കന്മാരെ രാഷ്ട്രത്തിനുള്ളില്‍ സ്വീകരിച്ചതും അദ്ദേഹം മാത്രമാണ്‌.

ആഗോള സാമ്പത്തിക മുന്നേറ്റത്തിനനുസരിച്ച്‌ രാജ്യത്തിനുള്ളിലെ സാമ്പത്തിക നിലവാരം മെച്ചമായിരിക്കുന്നത്‌ മോദിയുടെ ഭരണ കാലത്തിലെ അനുകൂലമായ ഒരു സ്ഥിതിവിശേഷമാണ്‌. വ്യാപാര ഉത്‌പന്ന വസ്‌തുക്കളുടെ വിലക്കുറവും കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളെക്കാള്‍ വിലപ്പെരുപ്പം ചുരുങ്ങിയതും സുലഭമായ ഭക്ഷണ വസ്‌തുക്കളുടെ കരുതലും മോദി സര്‍ക്കാരിന്‌ വിജയകരമായ അന്തരീക്ഷം സൃഷ്ടിച്ചു. സര്‍ക്കാരിനെ സംബന്ധിച്ച്‌ ആന്തരികവും ബാഹ്യവുമായ വെല്ലുവിളികള്‍ അധികമൊന്നുമില്ലാഞ്ഞതും നേട്ടങ്ങളായിരുന്നു.

` എക്കാലവും ആരെയും കൂസ്സാക്കാത്ത വ്യത്യസ്‌തനായ നരേന്ദ്ര മോദി സ്വാഭിപ്രായങ്ങളെ തുറന്നടിക്കാന്‍ മടിയില്ലാത്ത, എന്തും മുഖത്തു നോക്കി പറയുന്ന പ്രഗത്ഭനായ ഒരു നേതാവെന്നു ` ശ്രീ അദ്വാനി പറയുകയുണ്ടായി. സ്വച്ഛ ഭാരതത്തിനായി മഹാത്മാ ഗാന്ധി ജനിച്ച ദിവസം തന്നെ മോദി ചൂലുമായി നിരത്തിലിറങ്ങിയതും ചരിത്രപരമായിരുന്നു. വൃത്തിഹീനമായ തെരുവുകള്‍ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാമൂഹിക പ്രശ്‌നമായും അദ്ദേഹം കണ്ടു. അതുപോലെ മനുഷ്യ സംസ്‌ക്കാരത്തിനുതന്നെ അപമാനമായ തൊട്ടു കൂടായ്‌മയെയും മല മൂത്രങ്ങള്‍ എടുക്കുന്ന തോട്ടി ജോലികളെയും അവരുടെ പരിതാപകരമായ ജീവിത രീതികളെയും വിമര്‍ശിച്ചു. അത്തരം സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ക്ക്‌ പരിഹാര മാര്‍ഗങ്ങളും ആരായുന്നുണ്ട്‌.

മോദി, പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം യുവ ജനങ്ങള്‍ക്കാവേശം നല്‌കുന്നതായിരുന്നു. 2019 നു മുമ്പ്‌ ഭാരതത്തെ ഒരു ഡിജിറ്റല്‍ രാഷ്ട്രമാക്കുമെന്ന വാഗ്‌ദാനവും അന്നത്തെ പ്രസംഗത്തില്‍ മുഴങ്ങിക്കേട്ടു. . 'ഇലക്ട്രോണിക്ക്‌ മീഡിയാ ' ഭരണവും ഐ റ്റി വിദ്യാഭ്യാസവും ബ്രോഡ്‌ ബാന്‍ഡുമടങ്ങിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്ത്യയെ സ്വാതന്ത്ര്യ ദിനത്തില്‍ അവതരിപ്പിച്ചതില്‍ 'മോദിയെ' യുവ ഭാരതം അവരുടെ 'ഹീറോ' യാക്കി. പ്രാരംഭ നടപടികള്‍ക്കായി അഞ്ചു ബില്ല്യന്‍ രൂപാ ഇലക്ട്രോണിക്ക്‌ പദ്ധതികള്‍ക്കുവേണ്ടി അനുവദിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള കമ്പ്യൂട്ടര്‍ ഹാജര്‍ സമ്പ്രദായവും സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി 'കമ്പ്യൂട്ടര്‍ പോര്‍ട്ടല്‍' ആരംഭിച്ചതും മോദിയുടെ പദ്ധതികള്‍ക്ക്‌ ഒരു മുന്നോടിയായിരുന്നു. പെന്‍ഷന്‍ ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പില്‍ ഇനിമേല്‍ മണിക്കൂറോളം കാത്തു കിടക്കേണ്ടതായി വരില്ല. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ഡിജിറ്റലില്‍ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.

മോദിയുടെ തിരഞ്ഞെടുപ്പു പ്രചരണ വേളകളില്‍ സ്‌മാര്‍ട്ട്‌ സിറ്റികളെപ്പറ്റിയും വാഗ്‌ദാനങ്ങളുണ്ടായിരുന്നു. അതനുസരിച്ച്‌ ബഡ്‌ജറ്റില്‍ 75 ബില്ല്യന്‍ രൂപാ വകകൊള്ളിക്കുകയും ചെയ്‌തു. ഇന്ത്യാ മൊത്തം നൂറില്‍പ്പരം സ്‌മാര്‍ട്ട്‌ സിറ്റികള്‍ പണുതുയര്‍ത്താനാണ്‌ പദ്ധതികളിട്ടിരിക്കുന്നത്‌. പരീസ്ഥിതിയുടെ സംരക്ഷണവും തുലനാവസ്ഥയും സ്‌മാര്‍ട്ട്‌ സിറ്റികള്‍ പണിയുമ്പോള്‍ പരിഗണനയിലുണ്ടായിരിക്കും. പത്തു വര്‍ഷങ്ങള്‍കൊണ്ട്‌ സ്‌മാര്‍ട്ട്‌ സിറ്റികള്‍ പൂര്‍ത്തിയാക്കാനാണ്‌ ഉദേശിക്കുന്നത്‌. അമേരിക്കയും ജപ്പാനും സിംഗപ്പൂരും ഈ പദ്ധതികളുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും. സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും മൂലധനവും സമാഹരിക്കും. വൈദ്യുതിയുടെ കൂടെകൂടെയുള്ള വി ച്ഛേദിക്കലും, ശുദ്ധജലത്തിന്റെ അഭാവവും, കുത്തഴിഞ്ഞ സംരഭത്തിന്റെ ആന്തര ഘടനകളും (കിളൃമമ ടേൃൗരൗേൃല) കാരണങ്ങളാല്‍ മോദിപദ്ധതികള്‍ പരാജയപ്പെടുമെന്നും ചില നിരീക്ഷകര്‍ വിലയിരുത്തുന്നുമുണ്ട്‌.

മോദിസര്‍ക്കാരില്‍ 23 ക്യാബിനറ്റ്‌ മന്ത്രിമാരും 23 സ്‌റ്റേറ്റ്‌ മന്ത്രിമാരുമാണുള്ളത്‌. മുമ്പുള്ള കേന്ദ്ര മന്ത്രിസഭയില്‍ മൊത്തം 71 മന്ത്രിമാരുണ്ടായിരുന്നു. യൂ.പി.എ. സര്‍ക്കാരിനേക്കാള്‍ മുപ്പത്തിയഞ്ച്‌ ശതമാനം മന്ത്രിമാരുടെ എണ്ണത്തില്‍ കുറവുണ്ട്‌. ഓരോ മന്ത്രിമാര്‍ക്കും ശമ്പളത്തിനു പുറമേ ഭീമമായ യാത്രാ അലവന്‍സുകളും ആഡംബര വീടുകളും ജോലിക്കാരും കാറുകളും നല്‍കേണ്ടതായുണ്ട്‌. സര്‍ക്കാരിന്റെ എണ്ണം കുറച്ചതുകൊണ്ട്‌ കോടിക്കണക്കിന്‌ രൂപയാണ്‌ നികുതി കൊടുക്കുന്നവരുടെ ഖജനാവില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സാധിച്ചത്‌.

മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം വളരെ ഫലവത്തായിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ ഇന്ത്യയില്‍ 35 ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ തീരുമാനമായതും അദ്ദേഹത്തിന്റെ മാത്രം നേട്ടമാണ്‌. ഇന്ത്യന്‍ റയില്‍വേകള്‍ പാശ്ചാത്യ രീതികളില്‍ ആധുനികരിക്കാനായി ഇന്ത്യയും ജപ്പാനുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ആഗോള വ്യവസായ എക്‌സിക്യൂട്ടീവുകളായ 'സത്യാ നാടല്ല്യാ',( മൈക്രോ സോഫ്‌റ്റ്‌) 'ഇന്ദിരാ നൂയി', (പെപ്‌സിക്കോ) 'ഷെറില്‍ സാന്‍ബെര്‍ഗ്‌', (ഫേസ്‌ ബുക്ക്‌) 'ജെഫ്‌ ബസോസ്‌,(ആമസോണ്‍) എന്നിവരുടെ ഇന്ത്യാ സന്ദര്‍ശനം ശ്രദ്ധേയവും സാമ്പത്തിക മുന്നേറ്റത്തിന്റെ വഴിത്തിരിവില്‍ വിലപ്പെട്ടതുമായിരുന്നു.

ഇന്ത്യയുടെ തെരുവുകളില്‍ സ്‌ത്രീകള്‍ക്കായി ടോയിലറ്റുകള്‍ നിര്‍മ്മിക്കുമെന്ന്‌ ശ്രീ മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറയുകയുണ്ടായി. ദുര്‍ഗന്ധം പിടിച്ച നദീതീരങ്ങളും പൊതുവഴികളും റോഡുകളും വൃത്തിയാക്കുകയെന്നതും അദ്ദേഹത്തിന്റെ പദ്ധതികളില്‍പ്പെടും. മോദിയുടെ സാമൂഹിക മാറ്റങ്ങള്‍ക്കായുള്ള ഈ പ്രസ്ഥാവനയ്‌ക്കൊപ്പം 'ടി.സി.എസ്‌. ഭാരത്‌ കമ്പനി' ഉടന്‍ 100 കോടി രൂപാ ഇതിനായി നല്‍കുമെന്നും വാഗ്‌ദാനം ചെയതു കഴിഞ്ഞു.

തൊഴില്‍ നിയമങ്ങളും തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ നയങ്ങളനുസരിച്ച്‌ പരിവര്‍ത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നിലവിലുള്ള നിയമമനുസരിച്ച്‌ ഒരു വ്യവസായമോ ചെറുകിട ബിസിനസ്സോ തുടങ്ങുന്നതിന്‌ ഒന്നും രണ്ടും മാസങ്ങളോളം ചുവപ്പുനാടകളുടെ അഴിമതിക്കൂട്ടില്‍ കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. ഇന്ന്‌, കമ്പ്യൂട്ടര്‍ വെബില്‍ക്കൂടി ഒരു ദിവസത്തിനുള്ളില്‍ ബിസിനസ്സിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പണ്ടുകാലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിയൊന്നും ചെയ്യാതെ കയ്യും കാലും നീട്ടിയിരിക്കുന്നവര്‍ കയ്‌നീട്ടം കൊടുത്തില്ലെങ്കില്‍ ബിസിനസ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്നവരെ അവഹേളിക്കുകയും ബുദ്ധിമുട്ടുകളും ക്ലേശങ്ങളും നല്‍കുകയും ചെയ്‌തിരുന്നു. പുതിയ വ്യവസായ നിയമം അങ്ങനെയുള്ള അഴിമതിക്കാരില്‍നിന്നും രക്ഷപ്പെടാന്‍ ഒരു മോചനവും ആശ്വാസവുമായിരിക്കും.

ഇന്നുള്ള കേന്ദ്രമന്ത്രിസഭ പ്രഗത്ഭരായവരെ മാത്രം ഉള്‍പ്പെടുത്തിയുള്ളതാണ്‌. വ്യവസായ പ്രമുഖരും അതാതു വകുപ്പുകളില്‍ പ്രാവീണ്യം നേടിയവരുമടങ്ങിയ അദ്ദേഹത്തിന്‍റെ യുവമന്ത്രിസഭ വൃദ്ധരാഷ്ട്രീയക്കാരില്‍നിന്നു വ്യത്യസ്‌തമെന്നതും ഒരു പ്രത്യേകതയാണ്‌. മോദി പറയുന്നപോലെ ഭാരതത്തിലെ 65 ശതമാനം ജനങ്ങളും 35 വയസില്‍ താഴെയുള്ളവരാണ്‌. അതായത്‌ തൊഴില്‍ ചെയ്യേണ്ട ഒരു ലോകം. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ മുതല്‍ മുടക്കാന്‍ കൂടുതല്‍ വ്യവസായികളെയും ആവശ്യമായി വരും. ജോലി ചെയ്യാന്‍ തയ്യാറായവര്‍ക്ക്‌ അതിനുള്ള പ്രാഗത്ഭ്യവും നിപുണതയും നല്‍കേണ്ടതായുണ്ട്‌. തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ മന്ത്രിസഭയ്‌ക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്നുള്ളതും കാത്തിരുന്നു കാണാം.

ഭീകര വാദത്തിനെതിരായി പാകിസ്ഥാന്‌ മോദി ശക്തമായ ഒരു സന്ദേശമാണ്‌ നല്‌കിയത്‌. കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബന്ധങ്ങള്‍ പുതുക്കാന്‍ പരസ്‌പ്പരം ചര്‍ച്ചകള്‍ നടത്താനിരിക്കുകയായിരുന്നു. കൂടെക്കൂടെ പാക്കിസ്ഥാന്‍ഭീകരരുടെ കാഷ്‌മീരിലേയ്‌ക്കുള്ള നുഴഞ്ഞുകയറ്റം മൂലം ചര്‍ച്ചകളില്‍ നിന്ന്‌ ഇന്ത്യാ പിന്‍വാങ്ങുകയാണുണ്ടായത്‌. പാക്കിസ്ഥാന്റെ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി കൊടുക്കാന്‍ മോദിയുടെ കാര്യനിര്‍വഹണാലയം നിര്‍ദ്ദേശങ്ങളും നല്‌കിയിട്ടുണ്ട്‌. ഐക്യരാഷ്ട്രസംഘടനയിലെ പ്രസംഗ വേളകളിലും തീവ്രവാദത്തെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങളോടായി താക്കീതും നല്‌കിയിരുന്നു.

ന്യൂക്ലീയര്‍ ഊര്‍ജ്ജത്തിനായുള്ള 500 ടണ്‍ യൂറേനിയം ലഭിക്കാന്‍ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഊര്‍ജ്ജത്തിനായുള്ള ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഇതോടെ പരിഹരിക്കുകയും ചെയ്യും. സുരക്ഷിതമായ ന്യൂക്ലിയര്‍ ഊര്‍ജം ഇന്ത്യയ്‌ക്ക്‌ ലഭിക്കുകയും ചെയ്യും. ആഗോള കമ്പനികളെ ഇന്ത്യയിലേക്ക്‌ സ്വാഗതം ചെയ്യുകവഴി ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുമുണ്ടാകും. ലോകകറന്‍സികളുടെ ഒഴുക്കും സാമ്പത്തിക രംഗത്തെ മെച്ചമാക്കും. ഇന്ത്യന്‍ ആര്‍മിക്കായി(അൃാ്യ) ശക്തിയേറിയ യുദ്ധവിമാങ്ങള്‍ നിര്‍മ്മിക്കാന്‍ ടാറ്റായും എയര്‍ബസ്സും പദ്ധതികളിട്ടു കഴിഞ്ഞു.

മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യം ഒമ്പതുമണിയ്‌ക്ക്‌ ഓഫീസ്സില്‍ ഹാജരാകണമെന്ന നിയമവും കര്‍ശനമാക്കി. അത്തരം നിയമങ്ങള്‍ മുമ്പുള്ള സര്‍ക്കാരുകളുടെ കാലത്ത്‌ ഒരിക്കലും ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ ആധിപത്യത്തിനെതിരെയും സര്‍ക്കാരിലെ അഴിമതിക്കാര്‍ക്കെതിരെയും മോദി താക്കീത്‌ കൊടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരാണെന്നും അവര്‍ യജമാനന്മാരല്ലെന്നും ചുവപ്പുനാടകളെ മോദി ഒര്‍മ്മിപ്പിക്കാറുമുണ്ട്‌. ഇന്ത്യയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥ വര്‍ഗത്തിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന പക്ഷം രാജ്യനന്മയ്‌ക്കുതകുന്ന പല സുപ്രധാന പദ്ധതികളും നയങ്ങളും ഭാവിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ യാതൊരുവിധ അടിസ്ഥാനങ്ങളുമില്ലാതെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത്‌ നിത്യ സംഭവങ്ങളാണ്‌. അത്തരം ശബ്ദകോലാഹലങ്ങളുമായി വരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ക്രിയാത്മകമായ യാതൊരു പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്‌. മോദിയുടെ നേട്ടങ്ങളെ മറച്ചു വെച്ച്‌ എന്തിനെയും വിമര്‍ശിക്കുകയെന്ന പ്രവണത ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ ഭൂഷണമായിരിക്കില്ല. അഞ്ചു വര്‍ഷം ഭരിക്കാനുള്ള ജനവിധിയാണ്‌ മോദി നേടിയിരിക്കുന്നത്‌. അഞ്ചു വര്‍ഷം കൊണ്ടു ചെയ്‌തു തീര്‍ക്കേണ്ട പദ്ധതികള്‍ നല്ലവണ്ണം അവലോകനം ചെയ്‌താണ്‌ തന്റെ കൃത്യനിര്‍വഹണങ്ങളില്‍ മുഴുകിയിരിക്കുന്നത്‌. അദ്ദേഹം ആഗ്രഹിക്കുന്നതെല്ലാം രാജ്യനന്മയക്കായി അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നതിലും സംശയമില്ല. വിമര്‍ശകരുടെ വിലകെട്ട ആരോപണങ്ങളെ തള്ളിക്കളഞ്ഞ്‌ ജനങ്ങളുടെ വിധിയെ മാനിക്കുകയെന്നാണ്‌ തന്റെ ധര്‍മ്മമെന്ന്‌ ശ്രീ മോദി വിശ്വസിക്കുന്നു. പ്രതിപക്ഷത്തെ തൃപ്‌തിപ്പെടുത്തണമെന്ന്‌, അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പുപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. മുമ്പുള്ള സങ്കര മന്ത്രിസഭയ്‌ക്ക്‌ സഹ പാര്‍ട്ടികളുടെ അഭിപ്രായങ്ങളനുസരിച്ച്‌ ഭരിക്കണമായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്‌ മറ്റു യാതൊരു പാര്‍ട്ടികളെയും പ്രീതിപ്പെടുത്തേണ്ട ആവശ്യവുമില്ല.

ശ്രീ നരേന്ദ്ര മോദിയുടെ ഭരണം നേട്ടങ്ങള്‍ നിറഞ്ഞതെങ്കിലും പട്ടണങ്ങളും ഗ്രാമങ്ങളും പുരോഗമിക്കുന്നുണ്ടെങ്കിലും അതൃപ്‌തരായ വലിയൊരു ലോകം അദ്ദേഹത്തിനു ചുറ്റുമുണ്ട്‌. പ്രാദേശിക തലങ്ങളിലുള്ള സര്‍ക്കാരുകളുടെ അഴിമതികള്‍ രാഷ്ട്രത്തിനുതന്നെ തലവേദനയായി മാറിയിരിക്കുന്നു. ഏകദേശം അഞ്ചു ലക്ഷം കല്‍ക്കരിത്തൊഴിലാളികള്‍ സമരങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്‌ത്‌ നിരത്തുകളില്‍ക്കൂടി പ്രകടനം നടത്തി. അവര്‍ ജോലി സ്ഥിരതയും മെച്ചമായ തൊഴിലന്തരീക്ഷവും ആവശ്യപ്പെട്ടതിനു പുറമേ അര്‍ഹമായ വേതനത്തിനും അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളെ കൂട്ടുപിടിച്ചുകൊണ്ട്‌ കല്‌ക്കരി വ്യവസായ മുതലാളി വര്‍ഗം തുച്ഛമായ കൂലി കൊടുത്ത്‌ തൊഴിലാളികളെ നാളിതുവരെ ചൂഷണം ചെയ്യുകയായിരുന്നു.

എല്ലാമതങ്ങള്‍ക്കും തുല്യാവകാശമെന്നത്‌ ഭരണഘടന വാഗ്‌ദാനം ചെയ്‌തിരിക്കുന്നതും പൌരാവകാശവുമാണ്‌. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ വിവാദങ്ങളാരംഭിച്ചത്‌ മോദി ഭരണകൂടത്തിന്‌ ഒരു തിരിച്ചടിയായിരിക്കുന്നു. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും 'മതസഹിഷ്‌ണത' ഭാരതാംബികയുടെ പരമ്പരാഗത സത്യമെങ്കിലും ഹിന്ദു മൗലിക വാദികളും ന്യൂനപക്ഷ മുസ്ലിമുകളുമായുള്ള ശതൃതാമനോഭാവം രാജ്യത്തിന്‌ കളങ്കം വരുത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള വര്‍ഗീയ ലഹളകളും സാമൂഹിക സാമ്പത്തിക അസമത്വവും മുസ്ലിമുകളും ഹിന്ദുക്കളും തമ്മിലുള്ള വിവേചനവും കരുവാക്കി വെറുപ്പിന്റെ അന്തരീക്ഷം ഭാരതമെവിടെയും നിഴലിക്കുന്നുണ്ട്‌. ഹൈന്ദവ വിശ്വാസം അടിച്ചേല്‌പ്പിക്കാനുള്ള ഹിന്ദുത്വാ വാദികളുടെ തന്ത്രം അഖണ്ഡ ഭാരതമെന്ന സ്വപ്‌നവും ഇല്ലാതാക്കുന്നു. രാജ്യത്ത്‌ പുരോഗമനം മോദിയാഗ്രഹിക്കുന്നുണ്ടെങ്കിലും ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം പട്ടണ വാസികളോടൊപ്പം പുരോഗമിച്ചിട്ടില്ല. മോദിയുടെ സ്വപ്‌നമായ ഇന്ത്യ ആഗോളശക്തിയായി കാണണമെങ്കില്‍ രാജ്യത്തിലെ എല്ലാ ജനങ്ങളും ഒരുപോലെ പുരോഗതി കൈവരിക്കണം. സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പ്പര്യത്തിനെതിരായി പട പൊരുതുകയും വേണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കരുത്തുള്ള ഭാരതമെന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ കഴിവുള്ള ശക്തനായ ഒരു നേതാവായി ഇതിനോടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്‌ദാനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്‌ദാനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്‌ദാനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്‌ദാനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
A. George 2015-02-24 16:29:01
Thank you Joseph for bringing truth and facts in our community.
Ninan Mathullah 2015-02-24 19:31:30
If all this true why he lost Delhi?  I think for the people of India this is not the reality.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക