Image

വി.എസ് ഇല്ലാത്ത സിപിഎം

ജയമോഹന്‍.എം Published on 23 February, 2015
വി.എസ് ഇല്ലാത്ത സിപിഎം
വി.എസ് യുഗം അവസാനിച്ചിരിക്കുന്നു, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതായത് സിപിഎമ്മിന്റെ സ്ഥാപക നേതാവും എക്കാലത്തെയും കരുത്തനായ പടക്കുതിരയുമായിരുന്ന വി.എസിനെ ആ പാര്‍ട്ടിയിലെ മീശകുരുക്കാത്ത കുട്ടിസഖാക്കള്‍ വരെ ആവര്‍ത്തിച്ച് അപഹസിച്ച് സ്വയം ഇറങ്ങിപ്പോകുന്ന അവസ്ഥയില്‍ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുമ്പോള്‍, പുകഞ്ഞ കൊള്ളി പുറത്ത് എന്ന അവസ്ഥയില്‍ വലിച്ചെറിഞ്ഞിരിക്കുമ്പോള്‍ അവസാനിക്കാന്‍ പോകുന്നത് സിപിഎമ്മിലെ വി.എസ് യുഗം മാത്രമല്ല സിപിഎമ്മിന്റെ യുഗം കൂടിയാണ്. എങ്ങനെ ഇന്ത്യയിലെ വിവിധ ശക്തി കേന്ദ്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നടിഞ്ഞുവോ, എങ്ങനെ മൂന്ന് പതിറ്റാണ്ട് അടക്കി ഭരിച്ച ബംഗാളില്‍ മൂന്നാമത്തെ പാര്‍ട്ടിയായി ചുരുങ്ങിയോ അതേ അവസ്ഥയില്‍ കേരളത്തില്‍ ശക്തി ക്ഷയിച്ച് മറ്റൊരു കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദുര്‍ബല സ്വരൂപത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നു സിപിഎം.
ഇവിടെ പിണറായി വിജയന്‍ മുതല്‍ വി.എസിനെ കവിത ചൊല്ലി ഒറ്റുകാരന്‍ എന്ന് വിളിച്ച ചിന്താ ജെറോം വരെയുള്ള പുത്തന്‍കുറ്റുകാര്‍ വരെ മറന്നു പോകുന്ന ഒരു വസ്തുതയുണ്ട്. സിപിഎം എന്നാല്‍ ഇന്ന് സാധാരണ ജനങ്ങളുടെ മുഖം വി.എസ് അച്യുതാനന്ദന്‍ തന്നെയാണ്. എം.വി രാഘവനെയും, കെ.ആര്‍ ഗൗരയമ്മയെയും പുറത്താക്കിയ കാലമല്ലിത്. ജനങ്ങള്‍ ലൈവായി കാര്യങ്ങള്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്ന കാലമാണ്. രാഘവനും ഗൗരിയമ്മയും പാര്‍ട്ടി നേതാക്കളായിരുന്നുവെങ്കില്‍ ഇഎംഎസിനെപ്പോലെ എ.കെ.ജിയെപ്പോലെ നായനാരെപ്പോലെ ഒരു ജനകീയ നേതാവാണ് വി.എസ്. ഒരുപക്ഷെ ഇന്ന് കേരളീയ സമൂഹത്തില്‍ കക്ഷി രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങള്‍ ആശയോടെയും ആവേശത്തോടെയും കാണുന്ന നേതാവ്. ഈ നേതാവ് ഇല്ലാതാകുന്നതോടെ സിപിഎം കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയാകുമെന്ന് ഉറപ്പ്.
പിന്നെ മാടമ്പി ശരീരഭാഷയുമായി നടക്കുന്ന ജയരാജന്‍മാരെ കണ്ട് ജനം വോട്ട് ചെയ്യുമോ. മുഖത്ത് ഒരു ചിരിപോലും വിടരാത്ത ഇക്കണ്ട ആരോപണങ്ങളെല്ലാം ഏറ്റുവാങ്ങിയ പിണറായി വിജയനെ കണ്ട് ജനം വോട്ട് ചെയ്യുമോ. വി.എസിനെപ്പോലെ ഒരു പാന്‍ കേരളാ ലീഡര്‍ സ്വഭാവം അവകാശപ്പെടാന്‍ കഴിയുന്ന ആരാണ് ഇനി ഈ പാര്‍ട്ടിയില്‍ ശേഷിക്കുന്നത്.
ഒരു കാര്യം ഉറപ്പിച്ചു പറയാം സഖാക്കന്‍മാരെ. കേരളത്തിന്റെ മണ്ണിനെ ഒരു സഖാവത്വമുണ്ട്. സഖാവത്വമെന്നാല്‍ ഒരു ഇടതുപക്ഷ മനസ്. മലയാളിക്ക് ഈ സഖാവത്വമുള്ളിടത്തോളം കാലം ഇവിടെ ഇടതുപക്ഷമുണ്ടാകുക തന്നെ ചെയ്യും. പക്ഷെ അതിന്റെ പേര് സിപിഎം എന്നാകില്ല. കൊടിയുടെ നിറം ചുവപ്പായെന്നും വരില്ല. സിപിഎം എന്ന വലതുപക്ഷസ്വഭാവം കൈവരിച്ച പാര്‍ട്ടിയെ കൈവിട്ട് കേരളം മറ്റൊരു ഇടതുപക്ഷ ബദലിനെ സ്വീകരിക്കുന്ന കാലം ഇനി അതിവിദൂരമല്ല എന്ന് തീര്‍ച്ച. ആ തകര്‍ച്ചയുടെ തുടക്കമാണ് സിപിഎമ്മിന്റെ ആലപ്പുഴ സമ്മേളനത്തോടെ ആരംഭിച്ചിരിക്കുന്നത്.
പണ്ട് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പറഞ്ഞൊരു കാര്യമുണ്ട്. ഫ്രാന്‍സ് നീഡ്‌സ് മി ദാന്‍ ഐ നീഡ്‌സ് ഫ്രാന്‍സ്. ഫ്രാന്‍സിന് എന്നെയാണ് വേണ്ടത് എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ കഴിഞ്ഞ നെപ്പോളിയന്റെ അതേ ഊര്‍ജ്ജമാണ് വി.എസിനും എന്ന് പറയാതെ വയ്യ. വി.എസിന് ഈ പാര്‍ട്ടിയെ ആവിശ്യമുള്ളതിനേക്കാള്‍ എത്രയോ ഉയരെയാണ് ഇന്ന് പാര്‍ട്ടിക്ക് വി.എസിനെക്കൊണ്ടുള്ള ആവശ്യം. വരാന്‍ പോകുന്ന ഇലക്ഷനില്‍ ഫ്‌ളക്‌സ് വെച്ച് വോട്ട് ചോദിക്കാന്‍ വി.എസ് അല്ലാതെ ഏതൊരു നേതാവാണ് സിപിഎമ്മിനുള്ളത്. വി.എസ് ഇല്ലാതെ ഈ പാര്‍ട്ടി എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെ.
ഇന്ന് ഇടതുപക്ഷം ഏറ്റെടുക്കണമെന്ന് അല്ലെങ്കില്‍ ഒരു ഇടതുപാര്‍ട്ടി ഏറ്റെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്ന ഏത് സമരമാണ് സിപിഎം നടത്തുന്നത്. സ്ഥിരമായി ഡിവൈഎഫ്‌ഐ കുട്ടിക്കള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന വഴിപാട് സമരത്തിനപ്പുറം സിപിഎമ്മിന് എന്ത് സംഘാടനമാണ് പുത്തന്‍ രാഷ്ട്രീയ സാഹചര്യങ്ങളിലുള്ളത്. എന്നാല്‍ വി.എസ് ഏറ്റെടുക്കുന്നുണ്ട് പുത്തന്‍ സമര സാഹചര്യങ്ങളെ. സിപിഎം ഏറ്റെടുത്തില്ലെങ്കിലും വി.എസ് ഏറ്റെടുക്കുന്ന ജനകീയ വിഷയങ്ങളിലാണ് സാധാണക്കാരന്റെ വോട്ട് ചെന്നു നില്‍ക്കുന്നത്. വി.എസിന്റെ ചിലവില്‍ ഈ വോട്ട് വാങ്ങുന്ന ഒരു പാര്‍ട്ടി മാത്രമാണ് ഇന്ന് സിപിഎം. ഇത് തിരിച്ചറിയാത്തവര്‍ സിപിഎമ്മുകാര്‍ മാത്രമാണെന്ന് മാത്രം.
സിപിഎമ്മില്‍ നിന്ന് ഔദ്യോഗിക പദവികള്‍ എല്ലാം രാജിവെച്ച് വി.എസ് പുറത്തുവരുമെന്നാണ് ഇപ്പോള്‍ എല്ലാ സിപിഎം വിരുദ്ധരും പ്രതീക്ഷിക്കുന്നത്. അത്തരമൊരു കടുത്ത നീക്കത്തിലേക്ക് ഇത്തവണ വി.എസ് എത്താന്‍ സാധ്യത ഏറെയാണ്. വരുന്ന പി.ബി യോഗത്തില്‍ വി.എസിന്റെ ആവിശ്യങ്ങള്‍ എങ്ങനെ പരിഗണിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും ഇക്കാര്യം. ഒരുപക്ഷെ പാര്‍ട്ടിയെ ഉപേക്ഷിച്ച് പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെ ആക്ഷേപിച്ച് വി.എസ് പുറത്തുവരുന്ന സാഹചര്യം ഉണ്ടായേക്കാം.
അങ്ങനെയെങ്കില്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്ന വിശാല ഇടതുപക്ഷ ബദല്‍ കരുത്താര്‍ജ്ജിക്കുന്ന കാഴ്ച തന്നെയാവും നമ്മള്‍ കാണേണ്ടി വരുക. അപ്പുക്കുട്ടന്‍ വള്ളിക്കുന്നും, സി.ആര്‍ നീലകണ്ഠനും, ആസാദും, എംഎം പിയേഴ്‌സണും തുടങ്ങിയ ഒരു കാലത്ത് സിപിഎം സഹയാത്രികരും ഇപ്പോള്‍ സിപിഎം വിമര്‍ശകരുമായി മാറിയ നിരവധിയായ ബുദ്ധിജീവികള്‍, പലപ്പോഴായി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട സാധാരണ പ്രവര്‍ത്തകര്‍, ഇപ്പോള്‍ നിര്‍ജീവമായി സിപിഎമ്മിന് ഉള്ളില്‍ നില്‍ക്കുന്ന വി.എസ് പക്ഷ അനുയായികള്‍, നവമാധ്യമങ്ങളിലൂടെ സജീവമായി വരുന്ന പുത്തന്‍ ഇടതുപക്ഷക്കാര്‍, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ കേഡര്‍ സ്വാഭവത്തോടെയും പ്രാദേശികമായി പടുത്തുയര്‍ത്തിയ ആര്‍എംപി എന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടി, എം.വി രാഘവന്റെ സിഎംപി എന്നിങ്ങനെ വിശാല ഇടതിനുള്ള മികച്ച ഫ്‌ളാറ്റ് ഫോം തന്നെ വി.എസിന് മുമ്പിലുണ്ട്. എന്തിന് സിപിഐ പോലും വി.എസിനെ ഉള്‍ക്കൊള്ളാന്‍ തയാറായി നില്‍ക്കുകയാണ്.
അങ്ങനെയെങ്കില്‍ സിപിഎമ്മിന് ഉള്ളില്‍ നിന്ന് ഇക്കാലമത്രയും പടനയിച്ച വി.എസ് സിപിഎമ്മിന് പുറത്തെത്തി പുതിയൊരു പോര്‍മുഖം തുറക്കുമോ? അതൊരു പുതിയ ഇടത്പക്ഷത്തെ, അല്ലെങ്കില ഇടതുപക്ഷ ബദലിനെ സൃഷ്ടിക്കുമോ? കേരളം ഇനി കാത്തിരിക്കുന്നത് ഇത്തരമൊരു രാഷ്ട്രീയ ധ്രൂവീകരണത്തിന് തന്നെയായിരിക്കും. വി.എസ് മൗനം വെടിയുമ്പോള്‍ ഈ ചോദ്യങ്ങളുടെ ഉത്തരവുമാകും.
വി.എസ് ഇല്ലാത്ത സിപിഎം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക