Image

കലാമണ്‌ഡലത്തില്‍ ഒരു ദിവസം (പ്രകൃതിയുടെ നിഴലുകള്‍ തേടി - 58: ജോര്‍ജ്‌ തുമ്പയില്‍)

Published on 21 February, 2015
കലാമണ്‌ഡലത്തില്‍ ഒരു ദിവസം (പ്രകൃതിയുടെ നിഴലുകള്‍ തേടി - 58: ജോര്‍ജ്‌ തുമ്പയില്‍)
നിള നദിക്കരയിലെ കലാമണ്‌ഡലത്തില്‍ ഒരു ദിവസം എത്തുകയെന്നത്‌ ഒരു പക്ഷേ ഒരു നിയോഗമായിരുന്നിരിക്കണം. തൃശൂര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടയ്‌ക്കായിരുന്നു അവിടേക്ക്‌ എത്തിയത്‌. പത്രപ്രവര്‍ത്തകനും അക്ഷരസ്‌നേഹിയുമെന്ന നിലയ്‌ക്ക്‌ വള്ളത്തോളിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചാലോ എന്ന ആലോചനയായിരുന്നു കലാമണ്‌ഡലത്തില്‍ എത്തിച്ചതെന്നു പറയാം. കേരളത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍തന്നെ അറിയപ്പെടുന്ന പ്രമുഖ കലാ സാംസ്‌കാരിക കേന്ദ്രമാണ്‌ കേരള കലാമണ്ഡലം. 1930ല്‍ കേരളത്തിന്‍െറ തനതുകലയായ കഥകളിയുടെ വളര്‍ച്ചക്കായി രൂപംകൊണ്ട കലാമണ്ഡലത്തെ 2006 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ കല്‍പിത സര്‍വകലാശാലയായി പ്രഖ്യാപിച്ചു. കേരള കലാമണ്ഡലം ഡീംഡ്‌ യൂനിവേഴ്‌സിറ്റി ഓഫ്‌ ആര്‍ട്‌ ആന്‍ഡ്‌ കള്‍ച്ചര്‍ എന്നാണ്‌ ഇത്‌ ഇപ്പോഴിത്‌ അറിയപ്പെടുന്നത്‌.

തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി എന്ന സ്ഥലത്ത്‌ വള്ളത്തോള്‍ നഗറില്‍ നിളാ നദിക്കരയിലാണ്‌ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്‌. ഞാന്‍ ഒരു ടാക്‌സിയെടുത്ത്‌ രാവിലെ തന്നെ ഇവിടേക്ക്‌ പുറപ്പെട്ടു. പത്തു മണി കഴിഞ്ഞപ്പോള്‍ ഇവിടെ എത്തി. മനോഹരമായ പ്രദേശം. കലയും സംസ്‌ക്കാരവും വളര്‍ത്തിയെടുക്കാനായി പ്രകൃതി ഒരുക്കിയെടുത്ത തട്ടകമെന്ന്‌ ഒറ്റ നോട്ടത്തില്‍ തന്നെ തോന്നിച്ചു. സന്ദര്‍ശകര്‍ക്ക്‌ കലാമണ്‌ഡലം സന്ദര്‍ശിക്കാന്‍ അങ്ങനെ പ്രത്യേകിച്ച്‌ സമയമൊന്നുമില്ല. വിദേശികളാണ്‌ ഇവിടെ എത്തുന്നതില്‍ ഏറെയും. അതിലുമേറെ ജര്‍മ്മന്‍കാരും ഫ്രഞ്ച്‌കാരും. അവര്‍ക്ക്‌ കലയോടുള്ള അടങ്ങാത്ത തൃഷ്‌ണ ഇവിടെ വ്യക്തം. ഞാന്‍ ചെല്ലുമ്പോഴും ചില വിദേശികള്‍ ക്യാമറയും കഴുത്തിലണിഞ്ഞ്‌ നടക്കുന്നതു കണ്ടു.

കലാമണ്‌ഡലത്തെക്കുറിച്ച്‌ ഇംഗ്ലീഷ്‌ വലിയൊരു ബോര്‍ഡ്‌ കയറി ചെല്ലുമ്പോള്‍ തന്നെ കാണാം. ലോകത്തില്‍ തന്നെ ഇത്തരമൊരു സ്ഥാപനം ഇതു പോലെയുണ്ടാവില്ലെന്നു തോന്നി, ആ ബോര്‍ഡ്‌ വായിച്ചപ്പോള്‍. ലളിത കലകളെയും നാടന്‍ കലകളെയും വികസിപ്പിച്ചെടുക്കുക, കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാര്‍കൂത്ത്‌, തുള്ളല്‍ തുടങ്ങിയ കേരളീയ ദൃശ്യകലകള്‍ക്ക്‌ കളിയോഗങ്ങള്‍ ആരംഭിക്കുക, അവക്ക്‌ പ്രത്യേക കളരികള്‍ സ്ഥാപിക്കുക, സാഹിത്യം, ചിത്രമെഴുത്ത്‌, സംഗീതം എന്നീ സുകുമാര കലകളില്‍ പരിപൂര്‍ണ ശിക്ഷണം നല്‍കുക എന്നിവയാണ്‌ ഈ സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍ എന്നു ബോര്‍ഡില്‍ നിന്നു വായിച്ചറിഞ്ഞു.

ഭാരതത്തില്‍ ബ്രിട്ടീഷ്‌ ഭരണത്തോടുകൂടി ഭാരതീയ കലകള്‍ ക്ഷയിച്ചുതുടങ്ങുകയും പാശ്ചാത്യ വിദ്യാഭ്യാസം, പാശ്ചാത്യ കലകള്‍ എന്നിവയുടെ പ്രചാരണത്തിന്‌ പ്രാധാന്യം ലഭിച്ചുതുടങ്ങുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഭാരതീയ കലകളുടെ നവോത്ഥാനത്തിനുവേണ്ടി മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍െറ നേതൃത്വത്തില്‍ ഒരു കലാസ്ഥാപനം ആരംഭിച്ചത്‌. എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയതാണ്‌. ഈ നിലയിലെത്താന്‍ എന്തെല്ലാം വൈതരണികളെ അതിജീവിച്ചു കാണും. കലാമണ്‌ഡലത്തില്‍ വച്ച്‌ എനിക്കൊരു സുഹൃത്തിനെ കിട്ടി. ഗോപി എന്നാണ്‌ പേര്‌. പാലക്കാട്‌ എലവഞ്ചേരി സ്വദേശിയാണ്‌. അദ്ദേഹം അവിടെ ഇടയ്‌ക്കിടെ എത്താറുണ്ട്‌. മിഴാവ്‌ വായിക്കാന്‍ പഠിക്കുന്നുണ്ട്‌. ഗോപിയാണ്‌ എനിക്ക്‌ കലാമണ്‌ഡലത്തിന്റെ കുറച്ചൊക്കെ ചരിത്രം പറഞ്ഞു തന്നത്‌. ഇവിടെ എത്തുന്ന സന്ദര്‍ശകരെ സഹായിക്കുകയെന്നുള്ളതാണ്‌ ഇവരുടെ ഒഴിവുസമയ വിനോദം.

ഗോപി പറഞ്ഞു, `കുന്നംകുളത്തുള്ള മണക്കുളം സ്വരൂപത്തിലെ മൂപ്പില്‍ സ്ഥാനി കുഞ്ഞുണ്ണി വലിയ തമ്പുരാന്‍ (കക്കാട്ട്‌ കാരണവപ്പാട്‌) ആണ്‌ വള്ളത്തോളിന്‌ ഈ ആശയം നല്‍കിയത്‌. അങ്ങനെ 1927ല്‍ കേരള കലാമണ്ഡലം ഒരു സൊസൈറ്റിയുടെ രൂപത്തില്‍ കോഴിക്കോട്ട്‌ രൂപവത്‌കരിക്കപ്പെട്ടു.18 സ്ഥാപക മെംബര്‍മാര്‍ ഉള്‍ക്കൊണ്ട ഒരു സമിതിയായിരുന്നു ഈ സൊസൈറ്റിയുടെ നിര്‍വാഹക സമിതി. നിലമ്പൂര്‍ മഹാരാജാവ്‌ (രക്ഷാധികാരി), മഹാകവി വള്ളത്തോള്‍ (അധ്യക്ഷന്‍), മണക്കുളം മുകുന്ദ രാജാവ്‌ (സെക്രട്ടറി) എന്നിവരായിരുന്നു ഈ സ്ഥാപനത്തിന്‍െറ പ്രധാന ശില്‍പികള്‍. ആരംഭകാലത്ത്‌ സ്ഥാപനത്തിന്‌ വളരെയേറെ സാമ്പത്തിക ക്‌ളേശം അനുഭവിക്കേണ്ടിവന്നു.

1930 നവംബര്‍ ഒമ്പതിന്‌ കുന്ദംകുളത്താണ്‌ കലാമണ്ഡലം ഉദ്‌ഘാടനംചെയ്യപ്പെട്ടത്‌. ആ വര്‍ഷം മുതല്‍തന്നെ ഇവിടെ യുവ നടന്മാര്‍ക്ക്‌ പരിശീലനം നല്‍കിത്തുടങ്ങി. 1933ലാണ്‌ ചെറുതുരുത്തിയിലേക്ക്‌ മാറ്റിയത്‌. 1942ല്‍ കൊച്ചി മഹാരാജാവിന്‍െറ ആജ്ഞപ്രകാരം ഈ സ്ഥാപനത്തിന്‍െറ നിര്‍വഹണച്ചുമതല കൊച്ചി ദേവസ്വം ബോര്‍ഡിന്‍െറ കീഴിലായി. ഇതിന്‍െറ ഡയറക്ടറായി വള്ളത്തോള്‍ തന്നെ നിയമിക്കപ്പെട്ടു. 1958 വരെ അദ്ദേഹം ഈ പദം അലങ്കരിച്ചു. 1934ല്‍ ഇവിടത്തെ നൃത്ത സംഘം വിദേശപര്യടനങ്ങള്‍ നടത്തി. ബര്‍മയിലേക്കായിരുന്നു ആദ്യയാത്ര. 1951ല്‍ ഇവര്‍ മഹാകവിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പര്യടനം നടത്തി. പരിപാടികള്‍ അവതരിപ്പിച്ചതോടെ കലാമണ്ഡലത്തിന്‍െറ യശസ്സ്‌ പ്രചരിച്ചുതുടങ്ങി.

സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം കലാമണ്ഡലത്തിന്‌ സര്‍ക്കാറില്‍നിന്ന്‌ സഹായം ലഭിച്ചുതുടങ്ങി. 1955ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു കലാമണ്ഡലത്തിന്‍െറ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനംചെയ്‌ത അവസരത്തില്‍ ഒരുലക്ഷം രൂപ ഈ സ്ഥാപനത്തിന്‌ സംഭാവന ചെയ്‌തു. ആ തുകകൊണ്ട്‌ വെട്ടിക്കാട്ടിരി എന്ന സ്ഥലത്ത്‌ 33 ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അതിന്‌ വള്ളത്തോള്‍ നഗര്‍ എന്ന്‌ പേര്‌ നല്‍കുകയും ചെയ്‌തു. 1993ലാണ്‌ കലാമണ്ഡലം അങ്ങോട്ട്‌ മാറ്റിയത്‌.'- ഗോപി പറഞ്ഞു നിര്‍ത്തിയിട്ട്‌, എന്നെ കാഴ്‌ചകള്‍ കാണിക്കാനായി കൂട്ടിക്കൊണ്ടു പോയി.

അതിമനോഹരമായ ഒരു കൂത്തമ്പലത്തിനു മുന്നില്‍ ഞങ്ങള്‍ നിന്നു. ഈ കൂത്തമ്പലത്തിന്റെ ചിത്രമാണ്‌ കലാമണ്‌ഡലത്തിന്റെ രൂപചിത്രമായി മാറിയിരിക്കുന്നത്‌. കൂത്തമ്പലത്തിന്‍െറ ചുവരുകളെല്ലാം നൃത്തത്തിലെ 108 കരണങ്ങളുടെ ചിത്രങ്ങളും പേരുകളും നിര്‍വചനങ്ങളുംകൊണ്ട്‌ അലംകൃതമാണ്‌. ഇവിടെ നിന്ന്‌ ഒട്ടനവധി പേര്‍ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതു കണ്ടു. നിരവധി ദാരുശില്‍പങ്ങളും ഇവിടെ കൊത്തിവെച്ചിട്ടുണ്ട്‌. 1975 നവംബര്‍ ഒന്നിന്‌ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ്‌ കൂത്തമ്പലത്തിന്‍െറ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 1980ല്‍ കലാമണ്ഡലത്തിന്‍െറ കനകജൂബിലി ആഘോഷങ്ങള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഉദ്‌ഘാടനംചെയ്‌തു. 1990ല്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനംചെയ്‌തത്‌ പ്രധാനമന്ത്രി വി.പി. സിങ്ങാണ്‌. കലാമണ്ഡലത്തില്‍ നിര്‍മിച്ചിട്ടുള്ള നാട്യഗൃഹവും ഗോപി എനിക്ക്‌ കാണിച്ചു തന്നു. പുറമേ, അതിന്റെ വിശേഷങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. പ്രാചീന നാട്യശാലയുടെ മാതൃകയില്‍ നാട്യശാസ്‌ത്രം, വിഷ്‌ണു ധര്‍മോത്തര പുരാണം, ശില്‍പരത്‌നം, തന്ത്ര സമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ്‌ ഇതു നിര്‍മിച്ചിട്ടുള്ളത്‌.

അമേരിക്കയില്‍ നിരവധി തവണ കലാമണ്ഡലം സംഘങ്ങള്‍ പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ന്യൂയോര്‍ക്കില്‍ ഒരിക്കല്‍ വന്നത്‌ ഞാനോര്‍മ്മിച്ചു. ഗുരുകുല സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസ രീതിയാണ്‌ ഇവിടെ പിന്തുടരുന്നത്‌. അതു കൊണ്ടാണ്‌ ഇടയ്‌ക്കിടയ്‌ക്ക്‌ വീട്ടില്‍ പോയി വരുന്നതെന്ന്‌ ഗോപി പറഞ്ഞു. മിഴാവിനു പുറമെ, കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, കുച്ചിപ്പുടി, ഭരതനാട്യം, നങ്ങ്യാര്‍കൂത്ത്‌ തുടങ്ങിയ കലാരൂപങ്ങളിലും പഞ്ചവാദ്യത്തിലും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്‌. ഇതോടൊപ്പം ചെണ്ട, മദ്ദളം, മിഴാവ്‌ എന്നിവയിലും പരിശീലനം നല്‍കുന്നു.

സമീപമുണ്ടായിരുന്ന ഒരു ചെറിയ കടയില്‍ നിന്ന്‌ ഞാന്‍ ഗോപിയോടൊപ്പം ചായ കുടിച്ചു. അയാള്‍ തികഞ്ഞ ഒരു കലാകാരന്‍ തന്നെയായിരുന്നു. തനിക്ക്‌ അറിയാവുന്നതെല്ലാം നന്നായി തന്നെ പറഞ്ഞു തരാന്‍ കാണിച്ച സൗമനസ്യത്തെ അറിയാതെ മനസ്സില്‍ അഭിനന്ദിച്ചു പോയി. ഉച്ചയോടു കൂടി ഞാന്‍ കലാമണ്‌ഡലത്തില്‍ നിന്നും മടങ്ങി...

(തുടരും)
കലാമണ്‌ഡലത്തില്‍ ഒരു ദിവസം (പ്രകൃതിയുടെ നിഴലുകള്‍ തേടി - 58: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
MAYA. K.A 2018-07-26 10:12:44
Sir..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക