Image

പേരില്ലാത്തവരുടെ വിലാപങ്ങള്‍ (സുധീര്‍പണിക്കവീട്ടില്‍)

Published on 23 February, 2015
പേരില്ലാത്തവരുടെ വിലാപങ്ങള്‍ (സുധീര്‍പണിക്കവീട്ടില്‍)
(പ്രിയ പത്രാധിപര്‍-പേരും മേല്‍വിലാസവുമില്ലാത്തവരുടെ കമന്റുകള്‍ ഈ ലേഖനത്തിനുതാഴെ കൊടുക്കരുതെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു)

സ്വന്തം പേരുപറയാന്‍ ധൈര്യമില്ലാതിരിക്കുന്നത്‌ എത്രയോ ദയനീയമാണ്‌. വെറുതെ  ശബ്‌ദമുണ്ടാക്കുന്ന അവര്‍ ഒരു പക്ഷെ ആത്മവിശ്വാസമില്ലാത്തവരും അതെ സമയം മറ്റുള്ളവരെ കുറ്റം പറഞ്ഞ്‌ രസിക്കാന്‍ താല്‍പ്പര്യമുള്ളവരുമായിരിക്കാം. അതൊരുതരം ബലഹീനമായ, നിസ്സഹായമായ വിലാപമാണ്‌. പ്രശസ്‌ത അമേരിക്കന്‍ മലയാളി എഴുത്തുകാരനും പ്രശസ്‌ത ശാസ്ര്‌തജ്‌ഞനുമായ പ്രൊഫസ്സര്‍/ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പു എഴുതിയ `ആരാണ്‌ വിദ്യാധരന്‍' എന്ന ലേഖനം കള്ള പേരുകള്‍വച്ച്‌ എഴുതുന്ന പ്രവണതയെ നിശിതമായി വിമര്‍ശിക്കുന്നു. സ്വന്തം പേരുപറയാന്‍, ഒരു പക്ഷെ അത്‌ പറയാന്‍ പറ്റാത്ത വിധത്തില്‍ അപരിഷ്‌കൃതമാണെങ്കില്‍ പോലും ധൈര്യമില്ലാതിരിക്കുന്നത്‌ ഒരു വ്യക്‌തിക്ക്‌ ഭൂഷണമല്ല.

പേരു ഒരു വ്യക്‌തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌്‌. നമ്മള്‍ പരിചയപ്പെടുമ്പോള്‍ ആദ്യം ചോദിക്കുന്ന്‌ ചോദ്യവും പേരെന്താണ്‌ എന്നാണ്‌. മക്കള്‍ക്ക്‌ ദൈവങ്ങളുടെ, മഹാന്മാരുടെ ഒക്കെ പേരുകള്‍ മാതാപിതാക്കള്‍ നല്‍കിയിരുന്നു. അതെപോലെ അര്‍ത്ഥ സമ്പുഷ്‌ടമായ പേരുകളും. പേരുപോലെ മക്കളൊക്കെ നല്ലവരും പ്രശസ്‌തരുമാകണമെന്ന്‌ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ചിലര്‍ അവരുടെ പേരുമാറ്റുകയോ അല്ലെങ്കില്‍ അതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുന്നതും കാണാവുന്നതാണ്‌. ഉദാഹരണത്തിനു സിനിമതാരങ്ങള്‍, എഴുത്തുകാര്‍, സന്യാസം സ്വീകരിക്കുന്നവര്‍. എന്നാല്‍ അവര്‍ ആരാണെന്ന തിരിച്ചറിവ്‌ ജനത്തിനു അവര്‍ നല്‍കിയിരുന്നു. സിനിമ നിരൂപണങ്ങള്‍ എഴുതിയിരുന്ന ആള്‍ `സിനിക്ക്‌' എന്ന തൂലികാ നാമം സ്വീകരിച്ചിരുന്നു. ചില സാഹചര്യങ്ങളില്‍ ചിലര്‍ അവരുടെ പേരുകള്‍ മാറ്റുന്നുണ്ട്‌. പിന്നീട്‌ ആ പേരില്‍ അറിയപ്പെടുന്ന അവര്‍ പുതിയ പേരുപറയാന്‍ മടിക്കുന്നില്ല. ദൈവം പോലും അബ്രാം ആയിരുന്ന ആളിനെ അബ്രാഹാം എന്നാക്കിയതായി നമ്മള്‍ ബൈബിളില്‍ വായിക്കുന്നു. പേരുകള്‍ മാറ്റുന്നതു ഒരു കുറ്റമോ, കളവോ അല്ല. എന്നാല്‍ കള്ള പേരില്‍ എന്തും പറയാമെന്ന ഒരു അബദ്ധ ധാരണയില്‍ നില്‍ക്കുന്നവര്‍ ചെളിയിലാണു നില്‍ക്കുന്നത്‌. അവര്‍ മറ്റുള്ളവര്‍ക്ക്‌ നേരെ ചെളി വാരിയെറിയുമ്പോള്‍ അവരുടെ കൈകളും മലിനമാകുന്നു.

എന്തെങ്കിലും ഒരു കാര്യം ഒരാളുടെ നേരെനോക്കി പറയാന്‍ ധൈര്യമില്ലെങ്കില്‍ എന്തിനു അത്‌ ഒരു കള്ളപേരു ചമച്ച്‌ ഒളിഞ്ഞിരുന്ന്‌ പറയണം.. പരദൂഷണ വീരന്മാര്‍ വ്യക്‌തികളെ തേജോവധം ചെയ്യുന്നവരാണ്‌.. അത്തരം വര്‍ഗ്ഗങ്ങള്‍ക്ക്‌ സമൂഹത്തില്‍ മാന്യമായ സ്‌ഥാനമില്ലെന്ന്‌ നമ്മുക്കൊക്കെയറിയാം. മറ്റുള്ളവരുടെ പണം അപഹരിക്കുന്ന ഒരു കള്ളനെ പോലെതന്നെയാണു പേരുപറയാന്‍ ധൈര്യമില്ലാതെ മറ്റൂള്ളവര്‍ക്ക്‌ നേരെ കുശുമ്പും കുന്നായ്‌മയും അപവാദവും പറയുന്നവര്‍. കള്ളന്‍ വിലപിടിച്ച സാധനങ്ങള്‍ കട്ടെടുത്ത്‌ ഒരാളുടെ സമ്പാദ്യം സ്വന്തമാക്കുന്നപോലെ ഈ പേരില്ലാരൂപങ്ങളും മറ്റുള്ളവരുടെ മേല്‍ ചെളി വാരിയെറിഞ്ഞ്‌ പൈശാചിക സംതൃപ്‌തി നേടുന്നു. പേരുവയ്‌ക്കാന്‍ ധൈര്യമില്ലാത്തവനും ഒരു പരദൂഷണ വീരനാണ്‌്‌. പരദൂഷണവീരനും അയാള്‍ പറഞ്ഞത്‌ ചോദ്യം ചെയ്യ്‌പ്പെടുമ്പോള്‍ നിഷേധിക്കുന്നു. പേരുവക്കാത്തവനു അങ്ങനെ ഒരു ചോദ്യകര്‍ത്താവിന്റെ മുമ്പില്‍നിന്നും രക്ഷപ്പെടാം.

അമേരിക്കയില്‍ ഏതെങ്കിലും പ്രസിദ്ധീകരണം പേരില്ലാമുഖങ്ങളില്‍ നിന്നും വരുന്ന ശബ്‌ദങ്ങളുടെ രേഖകള്‍ അച്ചടിക്കുന്നത്‌ ഒരു പക്ഷെ ഇവിടെ വായനക്കാര്‍ ഇല്ല എന്ന ഉറച്ച വിശ്വാസത്തിലായിരിക്കാം. അതില്‍ വാസ്‌തവം ഇല്ലാതില്ല. വായനക്കാര്‍ ഇല്ല എന്ന്‌ തീര്‍ത്തും പറയാന്‍ കഴിയില്ല. പക്ഷെ ശിങ്കിടികള്‍ ധാരാളമുണ്ടെന്ന്‌ വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബ്‌ന്ധിതരാകുന്നു. അതിനു കാരണം ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത്‌ എന്താണെന്ന്‌ അന്വേഷിക്കാതെ അയാള്‍ പറയുന്നത്‌ എന്തും പിന്താങ്ങി കോലാഹലമുണ്ടാക്കുന്നത്‌ അവരുടെ പതിവാണെന്നുള്ളതാണ്‌്‌. ഒരാള്‍ക്ക്‌ നേരേ വധ ഭീഷണി മുഴക്കുന്നവനുവേണ്ടി പോലും വക്കാലത്ത്‌ പറയുന്നവര്‍, എഴുതുന്നവര്‍ ഇവിടെയുണ്ടെന്നുള്ളത്‌ ഖേദകരം തന്നെ.

 സ്വന്തം വിദ്വേഷമറിയിക്കാന്‍ ഏതെങ്കിലും ശിങ്കിടിയുടെ പേരില്‍ എന്തെങ്കിലും അവര്‍ പടച്ചു വിടുന്നു. അതേക്കുറിച്ച്‌ ചോദിക്കുമ്പോള്‍ ശിങ്കിടി അത്‌ താനല്ല എഴുതിയെതെന്ന്‌ പറയുന്നു. സഹപതപിക്കയല്ലാതെ എന്തുചെയ്യാം. വ്യകതികള്‍ക്ക്‌ സ്വന്തമായ അഭിപ്രായമില്ലെങ്കില്‍ അവര്‍ വേറൊരുത്തന്റെ നിഴലില്‍നിന്ന്‌ അയാള്‍ക്ക്‌വേണ്ടി ദാസവേല ചെയ്യുന്നതിനു ചരിത്രം സാക്ഷിയാണ്‌്‌. ഒരു ക്രുതിയെകുറിച്ച്‌്‌ അഭിപ്രായം പറയാന്‍ എഴുതിയ ആളിനെക്കാള്‍ അഭിപ്രായം പറയുന്ന ആളിനു അറിവും പരിചയവും വേണം. ഏതെങ്കിലും ക്രുതിയുടെ ചുവട്ടില്‍ സിനിമ ഗാനങ്ങളോ, ദ്വയാര്‍ത്ഥ പ്രയോഗമോ ചെയ്‌തിട്ട്‌ സാഹിത്യത്തിനു എന്തുനേട്ടം. അമേരിക്കന്‍ മലയാള സാഹിത്യം മേന്മ പ്രാപിക്കണമെന്ന ഉദ്ദേശത്തിലായിരിക്കും ഡോക്‌ടര്‍ കുഞ്ഞാപ്പു അങ്ങനെ ഒരു ലേഖനം തയ്യാറാക്കിയത്‌. സാഹിത്യകാരന്മാര്‍ക്ക്‌ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുന്ന സാഹിത്യസംഘടന അത്‌ ചര്‍ച്ചക്ക്‌ എടുത്തത്‌ അഭിനന്ദനീയം തന്നെ.

കുറ്റമാണ്‌ ചെയ്യുന്നത്‌ എന്ന്‌ ഒരാള്‍ക്ക്‌ ഉത്തമ ബോധമുണ്ടാകുമ്പോഴാണ്‌ അയാള്‍ ഒളിച്ചിരിക്കുന്നത്‌. ഒരു പക്ഷെ അമേരിക്കന്‍ മലയാള സാഹിത്യം മെച്ചപ്പെടുത്താനുള്ള തത്രപ്പാടാണൊ പേരില്ലാവ്യക്‌തികള്‍ നടത്തുന്നത്‌. എങ്കില്‍ അത്‌ ശരിയായ മാര്‍ഗ്ഗമല്ല. ഒരു എഴുത്തുകാരന്റെ ക്രുതി നല്ലതല്ലെന്ന്‌ തുറന്നെഴുതാന്‍, പറയാന്‍ ധൈര്യം സംഭരിക്കണം. അത്‌ തന്നെയല്ല പരസ്‌പര വിരുദ്ധമായ അല്ലെങ്കില്‍ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകള്‍ ആണു സാധാരണ അത്തരക്കാരില്‍നിന്നും നമ്മള്‍ കാണുന്നത്‌. അത്‌സാഹിത്യത്തിനു ഒരു ഗുണവും ചെയ്യുന്നില്ല. മറിച്ച്‌ സമൂഹത്തില്‍ സ്‌പര്‍ദ്ധയുണ്ടാക്കും. വ്യക്‌തിപൂജ ചെയ്യുന്നവരുടെ എണ്ണം അപകടകരമാം വിധത്തില്‍ കൂടുതലായത്‌ കൊണ്ട്‌ സത്യം എന്നും ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നു.

ഒരു പക്ഷെ ഇങ്ങനെ ഒരു ദുരവസ്‌ഥ ഇവിടെ ഉണ്ടാകാന്‍ കാരണം വായയില്ലാത്ത വെട്ടുകത്തികള്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിനു ഏല്‍പ്പിച്ച ചോരപൊടിയാത്ത മുറിവുകള്‍ ആയിരിക്കും. നമ്മള്‍ ഇവിടെ കേള്‍ക്കുന്നത്‌ എന്താണ്‌. കാശ്‌കൊടുത്ത്‌ എഴുതിക്കുന്നു, കാശ്‌കൊടുത്ത്‌ അവാര്‍ഡുകള്‍ വാങ്ങുന്നു. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന്‌ ആരും അന്വേഷിക്കുന്നില്ല. പാടത്ത്‌ പണിചെയ്യുന്നവര്‍ വടക്കന്‍ പട്ടുകള്‍ പാടുന്നപോലെ ആറ്റുമണമേലെ ഉണ്ണിയാര്‍ച്ച ഊണു കഴിഞ്ഞങ്ങ്‌ ഉറക്കമായി... സമ്പന്നനായ അമേരിക്കന്‍ മലയാളി ഊണു കഴിഞ്ഞങ്ങുറക്കമായി, ഉറക്കത്തില്‍ ആരൊവിളിച്ചുണര്‍ത്തി, ഡോളര്‍ തന്നല്‍ ഒരു കഥയെഴുതാം...`അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എല്ലാവരും കാശ്‌കൊടുത്ത്‌ എഴുതിക്കുന്നൊരാേേണ, കാശ്‌കൊടുത്ത്‌ അവര്‍ അവാര്‍ഡും വാങ്ങുന്നേ''.എന്ന്‌ പാടിനടക്കുന്നു ചില സമൂഹദ്രോഹികള്‍. അവര്‍ക്ക്‌ കുട പിടിച്ച്‌ നടക്കുന്ന എഴുത്തുകാരുമുണ്ടെന്നുള്ളത്‌്‌ ദു:ഖകരം തന്നെ.

നാട്ടിലെ ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ എന്തെങ്കിലും അച്ചടിച്ചു വന്നാല്‍ അയാള്‍ ഏറ്റവും നല്ല എഴുത്തുകാരന്‍ എന്ന്‌ വിശ്വസിക്കുന്നവര്‍ അമേരിക്കന്‍ മലയാളികള്‍ തന്നെയെന്നുള്ളത്‌ പരിതാപകരം. ഞങ്ങളുടെ അച്ചായന്മാര്‍, ഞങ്ങള്‍ കാലുനക്കുന്നവര്‍ എന്തുചെയ്‌താലും മിണ്ടരുത്‌ എന്ന ഒരു ഉമ്മാക്കി കാണിച്ച്‌ വെറുതെ അവര്‍ക്കായി പൂജയും പൂണൂലുമായി നടക്കുന്ന ഈ നീര്‍ക്കോലികള്‍ക്ക്‌ അത്താഴം മുടക്കാന്‍ കഴിയുമെന്നത്‌ അത്ഭുതം തന്നെ. വ്യക്‌തിപൂജക്ക്‌ സമയം കളയുന്നവരാണു മിക്കപേരുമെന്ന്‌ കള്ളപേരില്‍ വരുന്ന കമന്റുകള്‍ വായിച്ചാല്‍ അറിയാം.  ഈ കുര കേട്ടിരിക്കുന്നത്‌ അത്ര സുഖകരമല്ലല്ലോ. കുയിലിന്റെപാട്ടൊ, മയിലിന്റെ നൃത്തമോ അല്ലല്ലോ,വേണ്ടെന്ന്‌ വച്ചാലും കേള്‍ക്കാന്‍ സുഖവും, കാണാന്‍ ഭംഗിയും.

അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നവര്‍ എഴുത്തുകാരുടെ ക്രുതികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വന്തം പേരില്‍ എഴുതുക. പേരു വക്കാത്ത അഭിപ്രായങ്ങള്‍ ഞങ്ങളുടെ ക്രുതികള്‍ക്ക്‌ താഴെപാടില്ലെന്ന്‌ എഴുത്തുകാരും പത്രാധിപരോട്‌ ആവശ്യപ്പെടുക. ആദ്യമായി ഞാന്‍ ആ ആവശ്യം ഉന്നയിക്കുന്നു. വളരെ ക്രിയാത്മകമായ ഒരു സാഹിത്യ ചര്‍ച്ച നമ്മള്‍ എല്ലാവരും ഇഷ്‌ടപ്പെടുന്നു. ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ ഉദ്ദേശ്യം ഫലപ്രദമാകട്ടെ. വിചാരവേദിയുടെ ചര്‍ച്ചയില്‍ എന്തായാലും സന്നിഹിതരാകുന്നവര്‍ പേരുള്ളവരാണ്‌. അവര്‍ക്ക്‌ പേരുപറയാന്‍ ബുദ്ധിമുട്ടോ മടിയോ ഇല്ല. അങ്ങനെ ഒരു തുറന്ന ചര്‍ച്ചയിലൂടെ ഇത്തിക്കണ്ണിപോലെ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കള്ള പേരുപ്രയോഗം ഉന്മൂലനം ചെയ്യപ്പെടട്ടെ എന്നാശംസിക്കുന്നു.

ശുഭം
പേരില്ലാത്തവരുടെ വിലാപങ്ങള്‍ (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക