Image

മതങ്ങളുടെ പ്രസക്തി: തോമസ് കളത്തൂര്‍

തോമസ് കളത്തൂര്‍ Published on 22 February, 2015
മതങ്ങളുടെ പ്രസക്തി: തോമസ് കളത്തൂര്‍

       വളരെ അധികം ചിന്തിയ്ക്കപ്പെടുന്ന, ചിന്തിയ്ക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് “മതങ്ങളുടെ പ്രസക്തി” ലോകചരിത്രത്തിന് മതങ്ങള്‍ നല്കിയിട്ടുള്ള സംഭാവനകള്‍, നന്മയുടേയും തിന്മയുടേയും തട്ടില്‍ വെച്ച് തൂക്കി നോക്കേണ്ടതാണ്. അന്നും ഇന്നും അനേക രക്തചൊരിച്ചിലുകള്‍ക്ക് മതങ്ങള്‍ വഴിയൊരുക്കുന്നു. ആയിരമായിരം വര്‍ഷങ്ങള്‍ മിഥ്യയില്‍ നടന്ന മനുഷ്യനെന്ന നിലയില്‍ ഇതിന് കാരണങ്ങള്‍ എന്നാണെന്നെങ്കിലും മനുഷ്യന്‍ചിന്തിയ്ക്കണം. 

സമൂഹത്തിലെ 95% മനുഷ്യരും തങ്ങളുടെ പ്രാഥമീകാവശ്യങ്ങളെപ്പറ്റിയുള്ള ചിന്തിയില്‍ മാത്രം  ഒതുങ്ങി നില്ക്കുന്നവരാണ്. അതിനു മുകളിലേക്ക് ചിന്തിയ്ക്കാന്‍ സ്വാര്‍ത്ഥതയോ, മടിയോ, അവരെ അനുവദിക്കുന്നില്ല. ജന്മം മുതല്‍ ‘പ്രോഗ്രാം’ ചെയ്തു കയറ്റിയ, മറ്റാരുടേയോ ഒക്കെ ചിന്തകള്‍ നിറച്ചുവെച്ചിരിക്കുകയാണ്. അതിലുപരി മതം കടത്തി വിട്ടിരിക്കുന്ന ‘ഭയം’ എന്ന ‘വൈറസു’ കൂടുതല്‍ ചിന്തയ്ക്കിടം കൊടുക്കാതെ, “ വിശ്വാസം അല്ലെ അല്ലാം” എന്നാശ്വിസിപ്പിയ്ക്കുകയാണ്. പല ആചാരങ്ങളും വിശ്വാസങ്ങളും, ദൈവം പറഞ്ഞതായി മതനേതാക്കള്‍ പറയുന്നു. ദൈവം പറഞ്ഞതായി, മതഗ്രഥങ്ങളില്‍ അവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തെ പൂജിച്ച് ധ്യാനിച്ച് നല്ലവരായ ആചാര്യന്മാര്‍ക്ക് പ്രചോദനം ലഭിച്ചു പറഞ്ഞിട്ടുള്ള വാക്കുകള്‍പലകാലങ്ങളിലൂടെയും, പല കൈകളിലൂടേയും കാലങ്ങള്‍കൊണ്ട് കയറി ഇറങ്ങി ഇന്നത്തെ രൂപത്തിലത്തിച്ചേര്‍ന്നു.

ഇന്നത്തെ ആരാധന രീതികള്‍ വേദന വിപരീതമാണെന്ന് വ്യാഖ്യാനിച്ച് പിരിഞ്ഞു മാറിയവര്‍ ഒരു രീതീയിലുള്ള അനുഷാഠാനത്തെ പുശ്ചിച്ച് പുറന്തള്ളി മറ്റൊന്നിനെ സ്ഥാപിച്ചവര്‍, വര്‍ഷങ്ങള്‍ക്കുശേഷം നിശ്ശബ്ദരായി തള്ളികളഞ്ഞ ആയിരങ്ങള്‍ തന്നെ ചെയ്യുന്നതു കൊണുമ്പോള്‍, ഇത്രയും നാള്‍ എത്രയോ ജനങ്ങളെ വഞ്ചിക്കുകയായിരുന്നില്ലേ എന്ന് ചോദിച്ച്‌പോകും. വിശ്വാസ സത്യങ്ങള്‍ക്കു വേണ്ടിയുള്ള നവീകരണം എന്നു പറഞ്ഞ് കലഹിച്ചു മാറിയിട്ട് വര്‍ഷങ്ങള്‍ക്കുശേഷം പഴയതിലേക്കുള്ള പിന്തിരിഞ്ഞ് ഓട്ടത്താല്‍ മഠയരായി വാപിളര്‍ന്നു നില്‌ക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. എന്നാല്‍ ഇന്ന് വളരെയേറെ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, “  മതങ്ങള്‍ പ്രസക്തമോ” എന്ന് ഈ ചിന്തയ്ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. മതങ്ങള്‍ തമ്മില്‍ തമ്മിലും ഉള്ളില്‍ തന്നെയുമുള്ള വഴക്കുകളും രക്തചൊരിച്ചിലുകളും പ്രസംഗിച്ചു നടന്ന വിശ്വാസങ്ങളെ സാമ്പത്തീക ലാഭത്തിനുവേണ്ടി മാറ്റിമറിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നു. സത്യസന്ധത നഷ്ടപ്പെട്ട കോര്‍പ്പറേഷനുകളായി മാറിയിരിക്കുകയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പായി തീര്‍ന്നിരിക്കുന്നു. അത് മന:സ്സിലാക്കാന്‍ കൂട്ടാക്കാതെ മദ്യപാന്മാരേപ്പോലെയോ ഡ്രഗ്ഗ് ആഡിക്ടുകളെപ്പോലെയോ തമ്മില്‍ തല്ലിതലകീറുന്ന മതവിശ്വാസികള്‍ക്ക് അയ്യോ കഷ്ടം !

ബഹുമാനപ്പെട്ടവരായ പോപ്പ് ഫ്രാന്‍സിസും, ക്രിസോസ്റ്റോ വലിയ തിരുമേനിയും, സ്വാമി ഉദിത് ചൈതന്യയുമൊക്കെ മതസൗഹാര്‍ദ്ദത്തിനുതകുന്ന എത്രയോ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നു. എല്ലാ മതങ്ങളും ചിന്തിക്കുന്ന ആളുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. സാധാരണ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങണം. എല്ലാ മതഗ്രസ്ഥങ്ങളും മുന്‍വിധിയില്ലാതെ വായിക്കുകയും ചിന്തിക്കുകയും ബൗദ്ധീകമായി സംവാദിക്കുകയും വേണം. ഭയമാണ് ഏറ്റവും വലിയ പാപം. മനുഷ്യരില്‍ ദൈവത്വം ആരോപിച്ച് വെറും “ഏറാന്‍ മൂളികളായി” മാറാതെ വായിക്കുക സ്വതന്ത്രമായി ചിന്തിക്കുക, മനസ്സിലാക്കുക.

മതങ്ങള്‍ മനുഷ്യനെ വേര്‍തിരിച്ച് നിറുത്തിയിരിക്കുകയാണ്. അവര്‍ തങ്ങളുടെ കൈക്കുളില്‍നിന്ന് വളുതി പോകാതിരിക്കുനതിനുളള ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. മതങ്ങള്‍ക്ക് വളരാനായി മൂന്നുഘടകങ്ങള്‍ ആവശ്യമാണ്. ഒന്നാമതായി ഒരു തത്വസംഹിത ഉണ്ടാകണം. തത്വങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ കുറേ പുരാണകഥകള്‍, അതില്‍ മനുഷ്യരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഇതിഹാസ പുരുഷന്‍മാര്‍. മൂന്നാമതായി, ഇവയെക്കല്ലാം ബലം കെ#ാടുത്ത് വിശ്വാസികളെ പിടിച്ചുനിര്‍ത്താന്‍, പേടിപ്പിച്ചു നിര്‍ത്താന്‍ പറ്റിയ ആചാരാനുഷ്ഠാനങ്ങള്‍. ഒരേയൊരു സത്യം തങ്ങളുടേതാണെന്നും കൂടി പഠിപ്പിച്ചാല്‍ കെട്ടുറപ്പായി. കടയില്‍ നിന്നും വാങ്ങിയ യന്ത്രം, അതിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൂടിയോജിപ്പിച്ച് ഉപയുക്തമാക്കുന്നതുപോലെ, മതത്തെ സ്യഷ്ടിക്കുന്ന മനുഷ്യ ദൈവങ്ങള്‍ കൂണുകള്‍ പോലെ എല്ലായിടത്തും പൊങ്ങിവരുന്നുമുണ്ട്. ഇവരോടും സ്ഥാപിത മതങ്ങല്‍ മത്സരിക്കേണ്ടിയിരിക്കുന്നു, അണികളെ നഷ്ടപ്പെടാതെ  സൂക്ഷിക്കുവാനും അങ്ങനെ സാമ്പത്തിക വരുമാനം കുറയാതിരിക്കാനും മറ്റുളള മതങ്ങളില്ഡ നിന്ന് ഏറ്റവും കൂടുതല്‍ ആളുകളെ തങ്ങളുടെ മതത്തിലേക്ക് വലിച്ചെടുത്താല്‍ സ്വര്‍ഗ്ഗത്തിന്റെയും ഉയരത്തിലെത്താം എന്ന് ചിന്തിക്കുച്ച്, മറ്റെല്ലാവരേയും ദുഷിച്ച് ആളുപിടുത്തം നടത്തുകയാണ്. “സ്വര്‍ഗ്ഗം” എന്ന സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ദൈവത്തിന്റെ പേരില്‍ നരകം വിതെയ്ക്കുന്ന ഇവര്‍ ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും കുത്തക മുതലാളിമാരായി ചമയുകയാണ്.

മനുഷ്യന്‍ “ദൈവത്തിന്റെയും” മതത്തേയും വേറിട്ടു കാണണം. രണ്ടും രണ്ടാണ്. ഈശ്വരന്‍ ഒരു സമുദ്രമാണെങ്കില്‍, പലരും കൈവശമുളള പലതരം പാത്രങ്ങളില്‍ കോരിയെടുത്ത് കെ#ാണ്ട വരന്ുാേള്‍, സമുദ്രജലം ഓരോ പാത്രത്തിന്റെയും ആക്രിതിയില്‍ നിലകൊളളുന്നു. ഓരോ തരെ പാത്രങ്ങലും ഓരോ മതങ്ങളാണ്. സമുദ്രമാകുന്ന ഈശ്വരന് ഞങ്ങളുടെ പാത്രത്തിന്റെ രൂപമാണ് എന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല. സമുദ്ര തീരത്ത് നിന്നുകൊണ്ട് ഒരു ചെറിയ പാത്രത്തിവ് മുക്കിയെടുത്ത വെളളം കാണിച്ച്, ഇതാണ് സമുദ്രം അഥവാ ഈശ്വരന്‍ എന്ന് പറയുന്നതം അര്‍ത്ഥശൂന്യമാണ്. സമുദ്രത്തിന്റെ അഗാധ നീലിമയിലേക്ക് ഇറങ്ങി ചെല്ലൂ. മുത്തുകളേയും ചിപ്പികളേയും മറ്റു ജീവജാലങ്ങളേയും കാണ്ടാസ്വദിക്കു വായിക്കു, പഠിക്കു, ചിന്തിക്കു ഇതുകൂടാതെ മനസ്സിനെ മറ്റാര്‍ക്കും അടിയറവും വെയ്ക്കരുത് ലോകത്തില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ സത്യമായി പ്രവര്‍ത്തിക്കുന്ന മതങ്ങള്‍ക്ക്, ഈശ്വരന്‍ എന്ന നൂലില്‍ കോര്‍ത്തിണക്കിയ മുത്തുകളാണ് തങ്ങളെന്ന് അവകാശപ്പെടാം.

മതങ്ങള്‍ പ്രസക്തമാണ് അനീതിയും അക്രമവും കൊടികെട്ടി വാഴുന്ന ഈ കാലയളവില്‍, സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും വഴികാട്ടികളായി മതങ്ങള്‍ നിലകൊള്ളണം. ദൈവസാന്നിദ്ധ്യത്തിന്റെയും പ്രകൃതിയുടേയും ജീവന്റേയും അവിഭാജ്ജ്യ ബന്ധത്തെ ഓര്‍മ്മിപ്പിയ്ക്കാന്‍; മൂല്യാധിഷ്ടിതമായ സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ മതത്തിനു കഴിയും. ഒരു സമൂഹം ഒന്നു ചേര്‍ന്ന് സമാധാനത്തോടും സന്തോഷത്തോടും സംഘര്‍ഷരഹിതമായ മനസ്സുമായി പരംപൊരുളിനോട് സംവാദിയ്ക്കാനും ശ്രദ്ധിയ്ക്കാനും മതം അവസരം നല്കുന്നു അഥവാ നല്കണം. മനുഷ്യനെ സ്വതന്ത്രനാക്കാനുള്ള സംരഭത്തിലായിരിക്കണം - മതത്തോടു തന്നെ ബന്ധിച്ചിടാനല്ല - മതം നിലകൊള്ളുന്നത്. “മതം” വെറും പ്രസംഗങ്ങളോ തത്വസംഹിതകളോ അല്ല; അറിഞ്ഞ സത്യങ്ങളെ യാഥാര്‍ത്ഥ്യമാക്കുകയാണ്. 

ചിന്തയിലും കാ്ചപ്പാടിലും പരിവര്‍ത്തനം നടത്താനായി നിയോഗം ലഭിച്ച മതങ്ങള്‍ അതിനെ വിസ്മരിച്ചുകൊണ്ട് അന്യോന്യം മതപരിവര്‍ത്തന മത്സരം ആരംഭിച്ചു. ആത്മാക്കളെ നേടാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ ഉദ്ദേശ്യം പരിവര്‍ത്തനം ചെയ്ത് സമ്പത്തും അധികാരവും നേടിയെടുക്കലായി അധ:പ്പതിച്ചു. അങ്ങനെ രാഷ്ട്രീയത്തോട് കൈകോര്‍ത്തു. രാഷ്ട്രീയത്തിലെ അഡ്ജസ്റ്റുമെന്റും കോബ്രമൈസും മതത്തിലേക്കും ദത്തെടുത്തു. സത്യസന്ധതയെ ദുര്‍ബലമാക്കി. അങ്ങനെ ദൈവത്തിന്റെ പ്രസക്തി കുറയുകയും മതത്തിന്റെ പ്രസക്തികൂട്ടുകയും ചെയ്തു. മാത്സര്യം വര്‍ദ്ധിച്ചപ്പോള്‍, അവരുടെ ദൈവം ഞങ്ങളുടെ ദൈവം എന്ന് പുലമ്പികൊണ്ട് ദൈവത്തേയും വീതം വെച്ചു. ധാര്‍മ്മീകമായ അധപ്പതനത്തോടൊപ്പം ചിന്തയും രോഗാതുരമാവുന്നു. 

മതപരിവര്‍ത്തനം പാടില്ല എന്ന് പറയുന്നത് വ്യക്തിസ്വാതന്ത്ര്യ ധ്വംസനമാണ്. എന്നാല്‍ നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവര്‍ത്തനം ചെയ്യുന്നത് നിരോധിക്കണം. ദൈവം അരൂപിയാണെങ്കില്‍ സര്‍വ്വവ്യാപിയാണെങ്കില്‍ ഏകദൈവമാണെങ്കില്‍ എല്ലാവര്‍ക്കും എല്ലാ ആരാധനസ്ഥലങ്ങളിലും ആരാധിക്കാമല്ലോ. മനുഷ്യന്‍ സ്ഥാപിച്ചാക്കിയിരിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും തിരഞ്ഞെടുത്ത് ആചാരിക്കാനുള്ള സ്വാതന്ത്രയം, മനുഷ്യന് കൊടുക്കണം. വിവാഹം, ശവദാഹം അഥവാ അടക്കം തുടങ്ങിയവയിലെ മതങ്ങളുടെ അധികാരത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഭാരത്തിനുവെളിയില്‍. വിശ്വാസത്തിനുപരയായി ചിന്തിച്ച് മനസ്സിലാക്കാനുള്ള അവസരം മനുഷ്യര്‍ക്കു നല്കണം. ചിന്തിയ്ക്കാന്‍ കഴിവില്ലാത്തവര്‍ക്ക് എങ്ങനെ വിശ്വസിക്കുവാന്‍ കഴിയും ? പാറപ്പുറത്തും വഴിയരികിലും വീണ വിത്തുപോലെയാണ്, ചിന്തിയ്ക്കാതെയുള്ള വിശ്വാസം. മനുഷ്യന്‍ ചിന്തകളിലൂടെ ജീവിക്കുന്നു. ശ്ലിപങ്ങളും സംഗീതവും മതവും ആചാരങ്ങളുമെല്ലാം ചിന്തകളിലൂടെ കടന്നു വന്നതാണ്. മനസ്സ് സ്വതന്ത്രമാക്കി ചിന്തിയ്ക്കണം. വര്‍ഷങ്ങളിലൂടെ പ്രോഗ്രാം ചെയ്തവയെ മാറ്റി വെച്ചിട്ട് മുന്‍വിധിയില്ലാതെ ചിന്തിയ്ക്കണം. ഏകാഗ്രതയിലെത്തി ശ്രദ്ധയോടെ വേണം ധ്യാനിപ്പാന്‍. അതിന് പരിശീലനം ആവശ്യമാണ്. മനസ്സിനും ചിന്തയ്ക്കും അതിന്റെ പരിശീലനത്തിനും കൂടി പ്രാധാന്യം കൊടുത്ത്, ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മതത്തിന് കഴിയും. എല്ലാ മതങ്ങളും “മനുഷ്യത്വം” എന്ന ഒരു “സാര്‍വ്വത്രിക മത” ത്തിനുള്ളില്‍ നില്ക്കുന്നു എന്ന ബോധം ഉണ്ടാകണം. അതിലേക്ക് അലിഞ്ഞു ചേരാന്‍ സന്നദ്ധമാവുകയും വേണം. ഒരു “Universal Religion” എന്ന സ്വപ്നം ഒരിക്കല്‍ സാക്ഷാത്കരിക്കപ്പെടും എന്ന് ആശിയ്ക്കാം.

മതങ്ങളുടെ പ്രസക്തി: തോമസ് കളത്തൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക