Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-26: സാം നിലമ്പള്ളില്‍)

Published on 22 February, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-26: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്താറ്‌.

ഹോളണ്ടിലെ പതിന്നാലുവയസുകാരി ആയിരുന്നു ആനി ഫ്രാങ്ക്‌. ഹോളണ്ടിലേക്ക്‌ വരുന്നതിന്‌ മുന്‍പ്‌ അവളുടെ കുടുംബം ജര്‍മനിയിലായിരുന്നു താമസം. ജര്‍മന്‍ യഹൂദരെ നാസികള്‍ പീഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യം പന്തിയല്ലെന്ന്‌ മനസിലാക്കിയ ആനിയുടെ അപ്പന്‍, ഓട്ടോ ഫ്രാങ്ക,്‌ കുടുംബസഹിതം ഹോളണ്ടിലേക്ക്‌ താമസം മാറ്റി. അവിടെയും അയാള്‍ ചെറിയ ബിസിനസ്സൊക്കെ ചെയ്‌ത്‌ നല്ലരീതിയില്‍ തന്റെ കുടുംബത്തെ പുലര്‍ത്തിപോന്നു. ജര്‍മന്‍ നാസികള്‍ ഹോളണ്ടിനെ കീഴ്‌പ്പെടുത്തുമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ ഇംഗ്‌ളണ്ടിലേക്കോ, അമേരിക്കയിലേക്കോ കുടിയേറാന്‍ അയാള്‍ തുനിഞ്ഞേനെ.

ഹോളണ്ട്‌ കീഴടക്കിയ നാസികള്‍ അവിടുള്ള യഹൂദരെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോ തന്റെ കുടുംബവുമായി ഒളിവില്‍ പോകാന്‍ തീരുമാനിച്ചു. ഒളിച്ചുപാര്‍ക്കാന്‍ അയാള്‍ തിരഞ്ഞെടുത്തത്‌ തന്റെബിസിനസ്സ്‌ സ്ഥാപനത്തിന്റെ തട്ടിന്‍പുറം തന്നെയായിരുന്നു. വിശ്വസ്ഥരായ ഹോളണ്ടുകാരുടെ സഹായത്തോടെ അവിടിരുന്ന്‌ അയാള്‍ തന്റെ സ്ഥാപനം നടത്തി. കൂഫിയസ്സും, മേയ്‌ഫും, എല്ലിയും അയാളുടെ ബിസിനസ്സ്‌ നടത്തിക്കൊണ്ടുപോകാനും അവര്‍ക്കുവേണ്ട ആഹാരസാധനങ്ങളും മറ്റാവശ്യങ്ങളും എത്തിച്ചുകൊടുക്കുവാനും സഹായിച്ചു. മറ്റൊരു യഹൂദകുടുംബത്തിനുകൂടി തന്റെ ഒളിയിടം പങ്കുവെയ്‌ക്കാനുള്ള മഹാമനസ്‌കത ഓട്ടോയ്‌ക്ക്‌ ഉണ്ടായതുകൊണ്ട്‌ വാന്‍ ഡാനേയും അയാളുടെ ഭാര്യയേയും മകനേയും ഉള്‍പ്പെടെ ഒരു വയസന്‍ ഡന്റിസ്റ്റിനെക്കൂടി തന്റെകൂടെ കഴിയാന്‍ അയാള്‍ അനുവദിച്ചു. അങ്ങനെ എട്ടുപേരാണ്‌ കുടുസ്സായ തട്ടിന്‍പുറത്ത്‌ പുറംലോകംകാണാതെ രണ്ടുവര്‍ഷം കഴിഞ്ഞത്‌.


സ്വയം അടിച്ചേല്‍പിച്ച തടവറയില്‍ കഴിയേണ്ടിവന്ന പതിന്നാലുവയസുകാരിയുടെ മാനസികസംഘര്‍ഷങ്ങളും, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും പങ്കുവെയ്‌ക്കാന്‍ കൂട്ടുകാര്‍ ആരും ഇല്ലാതിരുന്നതുകൊണ്ടാണ്‌ ആനി ഡയറി എഴുതാന്‍ തുടങ്ങിയത്‌. രണ്ട്‌ വ്യത്യസ്ഥ കുടുംബങ്ങളും അരസികനായ ഒരു ഡന്റിസ്റ്റും ചേര്‍ന്നുള്ള കൂട്ടുജീവിതത്തിലെ അനുഭവങ്ങള്‍ അവള്‍ ഡയറിയില്‍ കുറിച്ചുകൊണ്ടിരുന്നു. തന്റെ ഡയറിയെ വെറുമൊരു പുസ്‌തകമായിട്ടല്ല അവള്‍ കണക്കാക്കിയത്‌. അതിനെ ഒരു വ്യക്തിയായി സങ്കല്‍പിച്ച്‌ അതിനൊരു പേരിട്ടു, കിറ്റിയെന്ന്‌. തീയതിവെച്ച്‌ എഴുതിയ ഡയറിക്കുറിപ്പുകള്‍ ഓരോന്നുംഭപ്രീയപ്പെട്ട കിറ്റി? എന്ന്‌ സംബോധന ചെയ്‌തുകൊണ്ടാണ്‌ തുടങ്ങുന്നത്‌.

രണ്ടുകുടുംബങ്ങള്‍ ഒന്നിച്ച്‌ താമസിച്ചാലുണ്ടാകുന്ന അഭിപ്രായവെത്യാസങ്ങളും അതിന്റെ ഫലമായ ചില്ലറ കലഹങ്ങളും അവിടെയും ഉണ്ടായി, പ്രത്യേകിച്ചും തന്റെ അഭിപ്രായം ഇരുമ്പുലക്കയാണെന്ന്‌ കരുതുന്ന മിസ്സസ്സ്‌ വാന്‍ ഡാന്‍ മറ്റുള്ളവരുടെമേല്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുമ്പോള്‍.

ഭആനി എന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ആയിരിക്കയില്ലായിരുന്നു? എന്നുപറഞ്ഞാല്‍ ഏത്‌ മാതാപിതാക്കള്‍ക്കാണ്‌ ഇഷ്‌ടപ്പെടുക? അവളുടെ അമ്മ വളരെയധികം ക്ഷമയുള്ളവള്‍ ആയിരുന്നതുകൊണ്ട്‌ അവിടെ കൂട്ടയടി നടന്നില്ലെന്നുമാത്രം. മിസ്സസ്സ്‌ വാന്‍ ഡാനെ സഹിക്കുക എന്നതായിരുന്നു ഒളിവിടത്തിലെ വലിയപ്രശ്‌നം.

കൗമാരത്തിലേക്ക്‌ കാലെടുത്തുവെയ്‌ക്കുന്ന പെണ്‍കുട്ടിയുടെ വിങ്ങിപ്പൊട്ടുന്ന വികാരങ്ങള്‍ വാന്‍ ഡാന്റെ മകന്‍ പീറ്ററിനോടുള്ള പ്രണയമായി മാറുന്നു. അവന്‍ കൊടുത്ത ചുംബനം കവിളില്‍ മായാത്ത പ്രേമമുദ്രയായി അവള്‍കൊണ്ടുനടന്നു. ഊണിലും ഉറക്കത്തിലും അതിന്റെ സ്‌പര്‍ശനം അവള്‍ക്ക്‌ അനുഭവപ്പെട്ടു. അതൊരു തെറ്റായിരുന്നോ എന്ന്‌ അവള്‍ക്ക്‌ അറിയില്ല. അവളുടെ ചേച്ചി, മാര്‍ഗറ്റ,്‌ വിവാഹം കഴിക്കുന്ന പുരുഷനെ മാത്രമേ ചുംബിക്കുകയുള്ളു എന്നവള്‍ക്ക്‌ നിശ്ചയമുണ്ട്‌. പക്ഷേ, പതിനഞ്ചുവയസുകാരിയായ തന്റെ കാര്യമോ? അവള്‍ക്ക്‌ അറിയില്ല. ഒന്നറിയാം. അവന്റെ കരവലയത്തില്‍ അകപ്പെടുമ്പോള്‍ പ്രത്യേകമായ ഒരു നിര്‍വൃതി അവള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. അതൊരു തെറ്റല്ലെന്ന്‌ അവളടെ മനസ്‌ പറയുന്നു.

താനും പീറ്ററുമായി ഇടപഴകുന്നത്‌ തെറ്റാണോയെന്ന്‌ അവള്‍ ഡാഡിയോട്‌ ചോദിക്കുന്നുണ്ട്‌. അവനെ ഒരുകൂട്ടുകാരനായിമാത്രം കണ്ടാല്‍മതിയെന്ന്‌ അയാള്‍ ഉപദേശിക്കുന്നു. കൂട്ടുകാരും സഹപാഠികളും ഉള്ള മറ്റൊരുചുറ്റുപാടില്‍ ആയിരുന്നു ജീവിച്ചിരുന്നതെങ്കില്‍ അവള്‍ക്ക്‌ ഇങ്ങനെയൊരു വികാരം പീറ്ററിനോട്‌ തോന്നുകയില്ലായിരുന്നെന്ന്‌ അയാള്‍ പറഞ്ഞു. ഇവിടെ ഒരു ഇടുങ്ങിയ ലോകത്തില്‍ മറ്റാരെയും കാണാതെ ജീവിക്കുന്നതുകൊണ്ടാണ്‌ മകള്‍ക്ക്‌ അവനോട്‌ താല്‍പര്യം തോന്നാന്‍ കാരണം. അവള്‍കാണുന്ന ഒരേയൊരു പുരുഷന്‍ അവനാണല്ലോ. ഒരച്ഛന്റെ പരിധിയില്‍ നിന്നുകൊണ്ട്‌ തെറ്റും ശരിയും മകളെ പറഞ്ഞുമനസിലാക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്‌.

രണ്ടുവര്‍ഷം ഒളിവില്‍പാര്‍ത്ത ഓട്ടോയുടെ കുടുംബത്തെ ഏതാനും ചില്ലിക്കാശിനുവേണ്ടി ആരോ നാസികള്‍ക്ക്‌ ഒറ്റിക്കൊടുത്തു. ജൂതരുടെ ഒളിവിടം കണ്ടെത്തിയ ഗെസ്റ്റപ്പോ അവരെ പോളണ്ടിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ നാടുകടത്തി. കുപ്രസിദ്ധമായ ഔസ്വിറ്റ്‌സ്‌ ക്യാമ്പിലേക്കാണ്‌ അവരെ കൊണ്ടുവന്നത്‌. കാറ്റില്‍കാറില്‍ മൂന്ന്‌ പകലും രാത്രിയും ദുരിതപൂര്‍ണമായ യാത്രചെയ്‌ത്‌ റയില്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ അവരെ അവിടെവെച്ച്‌ തരംതിരിച്ചു. പുരുഷന്മാരുടെ ക്യാമ്പിലേക്ക്‌ ആനയിക്കപ്പെടുമ്പോള്‍ തന്റെ കുടുംബത്തെ ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ലെന്ന്‌ ഓട്ടോ ഫ്രാങ്ക്‌ അറിഞ്ഞില്ല, വാന്‍ ഡാനും. അവിടെ അവരെ കാത്തിരുന്നതും നാസികളുടെ കൊലവെറിക്ക്‌ ഇരയായ അനേകലക്ഷം യഹൂദരുടെ വിധിയില്‍നിന്ന്‌ വ്യത്യസ്ഥമായ ഒന്നായിരുന്നില്ല.

സ്‌ത്രീകളുടെ ക്യാമ്പില്‍ ആനി വളരെ ദുഃഖിതയായിരുന്നു. ഗ്യാസ്‌ ചേമ്പറിലേക്ക്‌ കൊണ്ടുപോകുന്ന നഗ്നരായ ജിപ്‌സി പെണ്‍കുട്ടികളെനോക്കി അവള്‍ കണ്ണീര്‍വാര്‍ത്തു. വിഷവായു ശ്വസിക്കാന്‍ തങ്ങളുടെ ഊഴവുംകാത്ത്‌ ചേമ്പറിലേക്കുള്ള വഴിയില്‍ മഴനനഞ്ഞുനില്‍ക്കുന്ന കൊച്ചുകുട്ടികളെകണ്ട്‌ അവളുടെ ഹൃദയംതേങ്ങി. തങ്ങളെ എന്തിനാണ്‌ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന്‌ അറിയാതെ ഒരഞ്ചുവയസുകാരന്റെ കൈപിടിച്ചുനില്‍ക്കുന്ന മൂന്നുവയസുകാരി. അവന്റെ അനുജത്തി ആയിരിക്കാം, അല്ലായിരിക്കാം. അച്ഛനേയും അമ്മയേയും വേര്‍പെട്ട ദുഃഖത്താല്‍ അവനെ തന്റെരക്ഷകനായികരുതി കൈപിടിച്ചതാകാം. അവന്‍ അവളുടെ കൈ മുറുകെ പിടിച്ചിട്ടുണ്ട്‌.

അവര്‍ കണ്ണില്‍നിന്ന്‌ മറയുവോളം ആനി നോക്കിനിന്നു. കണ്ണുനീര്‍ പൊഴിക്കാനല്ലാതെ അവള്‍ക്ക്‌ മറ്റെന്തുചെയ്യാന്‍ സാധിക്കും? കൊച്ചുകുട്ടികളെ ഗ്യാസ്‌ ചേമ്പറുകളില്‍ വലിച്ചുകയറ്റുമ്പോള്‍ ഈ ദുഷ്‌ടന്മാര്‍ തങ്ങളുടെ മക്കളെ ഓര്‍ക്കാറില്ലേ? ഇവര്‍ എന്തുതരം സൃഷ്‌ടികളാണ്‌? തങ്ങളെ കൊല്ലാന്‍ കൊണ്ടുപോകുകയാണെന്ന്‌ അറിയാതെ ചുറ്റുമുള്ള കാഴ്‌ചകള്‍കണ്ട്‌ പരിഭ്രമിച്ചുനില്‍കുന്ന കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ മുഖങ്ങള്‍ ആനിയുടെ മനസിനെ ദിവസങ്ങളോളം മധിച്ചുകൊണ്ടിരുന്നു. തന്റെ സ്വന്തംവേദനകള്‍ അവള്‍ മറന്നു.

ചെറുപ്പക്കാരേയും ജോലിചെയ്യാന്‍ ആരോഗ്യമുള്ളവരേയും ജര്‍മനിയിലെ ബെന്‍സേന്‍ ക്യാമ്പിലേക്ക്‌ മാറ്റിയപ്പോള്‍ ആനിയും, സഹോദരി മാര്‍ഗറ്റും ആകൂട്ടത്തില്‍പോയി. അവിടെവെച്ച്‌ ആനി അവളുടെ സ്‌കൂളിലെ കൂട്ടുകാരി ലിസിനെ കണ്ടുമുട്ടി. തല മുഢനംചെയ്യപ്പെട്ട്‌ കീറിപ്പറിഞ്ഞവസ്‌ത്രവും ധരിച്ച്‌ അസ്ഥിപഞ്ചരമായി നില്‍ക്കുന്ന ആനിയെകണ്ട്‌ കൂട്ടുകാരി കരഞ്ഞു.

ഭര്‍ത്താവിനേം മക്കളേയും വേര്‍പിരിയേണ്ടിവന്ന ദുഃഖത്താല്‍ ആനിയുടെ അമ്മ ഹൃദയംപൊട്ടിമരിച്ചു. വാന്‍ ഡാനെ ഗ്യാസ്‌ ചേമ്പറിലേക്ക്‌ കൊണ്ടുപോകുന്നത്‌ ഓട്ടോ ഫ്രാങ്ക്‌ വികാരശൂന്യനായിനോക്കിനിന്നു. പരാതികള്‍ ഒന്നും പറയേണ്ടാത്ത ലോകത്തിലേക്ക്‌ മിസസ്സ്‌ വാന്‍ ഡാനും പിന്നീട്‌ യാത്രയായി.

ബെന്‍സേന്‍ ക്യാമ്പ്‌ മറ്റുള്ളവയില്‍നിന്നും വെത്യസ്ഥമായ ഒന്നായിരുന്നു. അവിടെ ഭക്ഷണമില്ല, കുടിക്കാന്‍ വെള്ളമില്ല, റോള്‍ക്കോളില്ല, ജോലിയുമില്ല, ടൈഫസ്‌ രോഗം മാത്രമുണ്ടായിരുന്നു. മാര്‍ഗറ്റിനെ ആദ്യതന്നെ രോഗം പിടികൂടി, താമസിയാതെ ആനിയേയും. ചേച്ചിമരിച്ചവിവരം അവളെ അറിയിച്ചില്ല. പതിനാറാമത്തെ വയസില്‍ ആനിയും മരിച്ചുവെന്ന്‌ അവിടെനിന്ന്‌ രക്ഷപെട്ട ഒരു പെണ്‍കുട്ടി പറഞ്ഞുള്ള അറിവേ ലോകത്തിനുള്ളു. മരിക്കുമ്പോള്‍ അവള്‍ ഒരു അസ്ഥികൂടമായിരുന്നെന്നും കണ്ണുകള്‍ ഇരുണ്ട രണ്ടുകുഴികള്‍ മാത്രമായിരുന്നെന്നും അവള്‍ പറഞ്ഞു.

എഴുത്തുകാരി ആകണമെന്നുള്ളതായിരുന്നു ആനിയുടെ ആഗ്രഹം. തനിക്ക്‌ അതായിത്തീരാന്‍ സാധിക്കുമെന്നള്ള ശുഭാപ്‌തിവിശ്വാസവും അവള്‍ക്കുണ്ടായിരുന്നു. നാസികള്‍ അവരുടെ ഒളിത്താവളം കയ്യേറുമ്പോള്‍ ആനി അവിടെ ഉപേക്ഷിച്ചുപോയ ഡയറി ഓട്ടോയുടെ ഓഫീസില്‍ ജോലിചെയ്‌തിരുന്ന മേയ്‌ഫ്‌ കണ്ടെടുത്ത്‌ സൂക്ഷച്ചുവെച്ചിരുന്നു. യുദ്ധശേഷം തിരിച്ചുവന്ന ഓട്ടോ ഫ്രാങ്ക്‌ ഡയറി പ്രസീദ്ധീകരിക്കാന്‍ പ്രസാധകരെ സമീപിച്ചു. പതിന്നാലുവയസുകാരിയുടെ ഡയറി പ്രസിദ്ധീകരിക്കാന്‍ ആദ്യമാരും കൂട്ടാക്കിയില്ല. അത്‌ വായിച്ചവര്‍ ഒരു പതിന്നാല്‌ വയസുകാരിക്ക്‌ ഇങ്ങനെയൊക്കെ എഴുതാന്‍ സാധിക്കുമോ എന്ന്‌ സംശയിച്ചു. അവസാനം അത്‌ പുസ്‌തകമായി. (Anne Frank- The Diary of a Young Girl) മുപ്പത്തിയൊന്ന്‌ ലോകഭാഷകളലേക്ക്‌, ഇന്‍ഡ്യയില്‍ ബംഗാളി ഉള്‍പ്പെടെ, അത്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ഇംഗ്‌ളിഷില്‍മാത്രം നാല്‍പ്പത്‌ ലക്ഷം കോപ്പികളാണ്‌ വിറ്റഴിക്കപ്പെട്ടത്‌. എഴുത്തുകാരിയായി തീരണമെന്ന ആഗ്രഹം നിറവേറ്റപ്പെട്ടത്‌ ഒരുപക്ഷേ, അങ്ങേലോകത്തിലിരുന്ന്‌ അവള്‍ അറിഞ്ഞുകാണും.


(തുടരും....)


ഇരുപത്തിയഞ്ചാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-26: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക