Image

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം ഒരു തിരിഞ്ഞ് നോട്ടം:( ചെറിയാന്‍ ജേക്കബ്‌ )

ചെറിയാന്‍ ജേക്കബ്‌ Published on 22 February, 2015
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം ഒരു തിരിഞ്ഞ് നോട്ടം:( ചെറിയാന്‍ ജേക്കബ്‌ )
ലോകത്തിന്റെ ഇന്നത്തെ യുവ തലമുറ വളരെ പ്രതീക്ഷയോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കണ്ടത്. വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും. വിദ്യാഭ്യാസ രംഗത്തും സാന്പത്തിക രംഗത്തും വന്ന കുതിപ്പും, ലോകത്തിന്റെ തന്നെ ഗതി മാറ്റുന്ന തരത്തിലുള്ള കണ്ടുപിടുത്തങ്ങളും ഈ പ്രതീക്ഷക്ക് വളരെ ഊന്നലും ആക്കവും കൂട്ടി. ലോകത്തില്‍ അവിടെയിവിടെ കേട്ടിരുന്ന യുദ്ധങ്ങളും കെടുതികളും ഒന്നും തങ്ങള്‍ക്കു യാതൊരു പ്രശ്‌നവും ഇല്ലെന്ന രീതിയില്‍ ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്ന ക്രീയയില്‍ ആയിരുന്നു.

2008 2011 കാലഘട്ടത്തിലെ ലോക സാന്പത്തിക മാന്ദ്യവും, റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ തകര്‍ച്ചയും അതോടനുബന്ധിച്ച് ലോക രാജ്യങ്ങള്‍ അനുഭവിച്ച ഞെരുക്കങ്ങളും നമുക്കെല്ലാം പരിചിതമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രസിഡണ്ട് പദം കൂടെ അലങ്കരിച്ചപ്പോള്‍, എന്തോ ലോകത്ത് വലിയൊരു മാറ്റം (നല്ലതിലേക്ക് ) വരുമെന്ന് എല്ലാവരെയും പോലെ ഞാനും പതീക്ഷിച്ചു. ലോകത്ത് മുഴുവനും ജനാധിപത്യംവരാന്‍ പോകുന്ന രീതിയിലുള്ള കാഹളമൂത്തായിരുന്നു പിന്നീടു കണ്ടത്. ലോകത്തെ എല്ലാ സ്വേച്ചാധിപതികളും മാറി ജനാധിപത്യത്തിന് വഴി തുറക്കുമെന്ന് പലരും പ്രതീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ശ്രീ ബറാക്ക് ഒബാമയുടെ ആദ്യത്തെ കൈറോ സര്‍വകലാശാലയിലെ പ്രസംഗം ഒരു പരിധി വരെ മദ്ധ്യപൂര്‍വ ദേശത്ത് പുതിയ ജനകീയ സമരങ്ങള്‍ക്ക് അക്കം കൂടി എന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കന്‍ പട്ടാള സാന്നിദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന ഉറപ്പും കൊടുക്കാന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ മറന്നില്ല. പിന്നീടങ്ങോട്ട് ലോകം കണ്ടത് ജനങളുടെ ജനാധിപത്യത്തിനായുള്ള തീഷ്ണമായ സമരങ്ങളായിരുന്നു. ടുണീഷ്യയില്‍ ഒരു തെരുവ് കച്ചവടക്കാരന്‍ ഉദ്യോഗസ്ഥന്മാരുടെ ശല്യം സഹിക്കാന്‍ വയ്യാതെ സ്വയം തീകൊളുത്തിയ വിഷയവുമായി തുടങ്ങിയ പ്രക്ഷോഭം 'അറബ് സ്പ്രിംഗ്' എന്ന ഓമനപ്പേരില്‍ ശക്തി വ്യാപിച്ച് അവിടുത്തെ ഭരണാധികാരി രാജ്യം വിട്ട് സൌദിയില്‍ അഭയം പ്രാപിച്ചപ്പോള്‍.

ആ തീപ്പൊരി ലോകത്തിന്റെ മറ്റെല്ലാ ഭാഗത്തേക്കും വ്യാപിച്ചു. അമേരിക്കയും പ്രസിഡണ്ട് ഒബാമയും ഇതിനെ ജനാധിപത്യത്തിന്റെ വിജയമായാണ് അദ്ദ്യം കണ്ടത്. അല്ലാതെ പറഞ്ഞവരെയൊക്കെ ഭൂര്‍ഷ്വാകളായി മുദ്ര കുത്താനും ആരും മടിച്ചില്ല. തീപ്പൊരി ചെറിയ പന്തമായി അമേരിക്കയുടെ സഖ്യ കക്ഷിയുമായ ഈജിപ്തിലേക്കാണ് പിന്നീട് പടര്‍ന്നു പിടിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ട് എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളിലും ജനാധിപത്യവും അതുപോലെ തുല്യ നീതിയും എന്ന സ്വപ്നത്തിലേക്കായിരുന്നു പലരും. അതിന് ആക്കം കൂട്ടുവാന്‍ തങ്ങളാലാവതെല്ലാം ചെയ്യുവാന്‍ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരെന്നു ചമയുന്ന രാജ്യങ്ങളും കൂടി. അവര്‍ ജയിച്ചു ഈജിപ്റ്റില്‍ 'അറബ് സ്പ്രിംഗ്' ഹോസ്‌നി മുബാറക്കിന്റെ കസേര തെറിപ്പിച്ചു.

പക്ഷെ ജനാധിപത്യത്തിന്റെ മറവില്‍ ജയിച്ച് വന്നത് തീവ്ര വലതുപക്ഷ ചിന്താഗതിക്കാരായ 'മുസ്ലിം ബ്രദര്‍ ഹുഡും' അമേരിക്കയും സഖ്യ കക്ഷികളും അവരുടെ അബദ്ധം മനസ്സിലാക്കി തുടങ്ങി, എങ്കിലും ജാള്യം മറച്ചു വയ്ക്കാന്‍ വീണ്ടും കുറച്ചു നാള്‍ കൂടെ കുഴലൂത്ത് നടത്തി. പക്ഷെ അമേരിക്കയുടെ ഏറ്റവും വലിയ ബിസിനസ് പങ്കാളിയായ ലോകത്തിലെ ഏറ്റവും കുറച്ച് സ്വാതന്ത്ര്യം ജനതയ്ക്ക് കൊടുക്കുന്ന സൗദി അറേബ്യയിലേക്ക് ജനാധിപത്യ വാദികള്‍ സമരം അഴിച്ചു വിടുമെന്ന് അമേരിക്കയും സഖ്യ കഷികളും പ്രതീക്ഷിച്ചില്ല. 'അറബ് സ്പ്രിംഗ്' ഇങ്ങനെ പോയാല്‍ തങ്ങളുടെ ബിസിനസ് നടക്കുകയില്ലെന്ന് മനസ്സിലായ അമേരിക്ക പിന്നീടങ്ങോട്ട് തികഞ്ഞ മൌനം പാലിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

ഈ സമയം ശരിക്കും മുതലെടുത്തത് ആരാജഗത്വവാദികള്‍ തന്നെ. അമേരിക്ക ഇസ്ലാമിന് എതിരാണെന്നും അതിന് തടയിടാനുള്ള വിശുദ്ധ യുദ്ധത്തിനും അണിയറയില്‍ നീക്കം നടന്നു. അമേരിക്കയുടെ എല്ലാ സുരക്ഷാ ഏജന്‍സികളും മുന്നറിയിപ്പ് കൊടുത്തിട്ടും അവയൊക്കെ അവഗണിച്ച്, തന്റെ ജനങ്ങള്‍ക്ക് കൊടുത്ത 'വാക്ക്' പാലിക്കാനുള്ള തത്രപ്പാടിലായിരുന്നു പ്രസിഡണ്ട് ഒബാമ. ഇറാക്കില്‍ നില നിന്നിരുന്ന മുസ്ലീം ഷിയാ സുന്നി വിഭാഗങ്ങളുടെ വൈരാഗ്യവും, അമേരിക്കയുടെ സേനാ പിന്മാറ്റവും, ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ഇറക്കി പോലീസും പട്ടാളവും, അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്വജന പക്ഷ പാതികളായ ഭരണ കര്‍ത്താക്കളെയും ഉധ്യോഗസ്ഥന്മാരെയും വെറുക്കുന്ന ജനങളുടെ മനസ്സും ശരിക്കും മുതലെടുത്തത് തീവ്ര വലതുപക്ഷ തീവ്ര വാദികളാണ്.

'ഐസിസ്' എന്ന പേരില്‍ യാതൊരു കേട്ട് കേള്വിയുമില്ലാത്ത ഒരു പുതിയ വിഭാഗം ഒരു 'ഖാലിഫെറ്റ്' പ്രഖ്യാപിച്ചപ്പോള്‍ പലരും അതിനെ ഒരു പുതിയ തമാശയായാണ് കണ്ടത്. ആയിരക്കണക്കിന് ആളുകള്‍ അതില്‍ ചേര്‍ന്നതും, അതും അമേരിക്ക , കാനഡ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ചേര്‍ന്നിട്ട് പോലും അവരുടെ ഉദ്ദേശം എന്താണെന്നോ, അവര്‍ ഉണ്ടാക്കാന്‍ പോകുന്ന വിപത്തിനെയോ ആരും ശരിയായി അപഗ്രധിച്ചില്ല. പലരും സദ്ദാം ഹുസൈന്റെ സേനയില്‍ ഉണ്ടായിരുന്നവരും എല്ലാത്തരം അടവുകളും പഠിച്ചവരും ആയപ്പോള്‍ ശരിക്കും ഒരു മിലിട്ടറി വര്‍ക്ക് ചെയ്യുന്നതുപോലെ അവര്‍ നീക്കങ്ങള്‍ നടത്തി. രാജ്യത്തിന്റെ തന്ത്രപരമായ എല്ലാ ഭാഗങ്ങളും അവരുടെ നിയന്ത്രണത്തിലായി, ശരിയായി കാഞ്ചി വലിക്കാന്‍ പോലുമറിയാത്ത പുതിയ ഇറാക്കി പട്ടാളത്തിനെ ഓടിച്ച് അവരുടെ സേനയുടെ എല്ലാ വെടിക്കോപ്പുകളും അതീവ സൂഷ്മതയുള്ള അമേരിക്കന്‍ നിര്‍മ്മിത പടക്കോപ്പുകളും ടാങ്കുകളും വിമാന വേധ റോക്കറ്റുകളും ഒക്കെ അവര്‍ നിഷ്പ്രയാസം കൈക്കലാക്കി.

മനുഷ്യന്റെ മനസ്സിനെ മരവിപ്പിക്കുന്ന രീതിയിലുള്ള ഭീകരത പരത്തുക എന്ന തന്ത്രമാണ് ഐസിസ് തുടങ്ങിയത്. ഒരു മനുഷ്യരും അവരുടെ നടപടിയെ അങ്ങീകരിക്കുകയില്ല എന്ന വ്യക്തമായ ധാരണയുള്ള ഇവര്‍ മതത്തിന്റെ അപ്പോസ്‌തോലന്മാരായി അവതരിച്ചു. ലോകത്തിലെ ഒന്നര ബില്യന്‍ വരുന്ന മുസ്ലീം ജന വിഭാഗത്തെ തന്നെ അവര്‍ തിരഞ്ഞെടുത്തു. കാലാ കാലങ്ങളായി നില നില്‍ക്കുന്ന മധ്യ പൂര്‍വ ദേശങ്ങളിലെ പ്രശ്‌നങ്ങളുടെ ഒരു കളറും കൂടെ കൊടുത്തപ്പോള്‍, ആരാജഗത്വ വാദികള്‍ കുരുക്കിയ വലയില്‍ ഒരുതരം എല്ലാവരും വീണു.

എങ്ങനെയെങ്കിലും വല പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും കുരുക്ക് മുറുകുന്ന ദയനീയമായ കാഴ്ച്ചയാണ് നാം കാണുന്നത്. മതത്തെ കുറ്റം പറഞ്ഞാല്‍, ആരാജഗത്വ വാദികള്‍ ഇസ്ലാമിന്റെ രക്ഷകരായി അവതരിക്കും. ഇനി ആരാജഗത്വ വാദികളെ കൊന്നൊടുക്കാന്‍ ശ്രമിച്ചാല്‍ അത് മുസ്ലീങ്ങളെ കൊന്നതായി കിംവദന്തി വരുത്തും. ശരിക്കും ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ. എങ്ങനെയും സൈന്യത്തെ ഇറക്കാതെ വ്യോമാക്രമണത്തില്‍ക്കൂടി മേല്‍ക്കോയ്മയുണ്ടാക്കി, ഏതെങ്കിലും മുസ്ലീം രാഷ്ട്രത്തിന്റെ സേനയെ കളത്തിലിറക്കി കളിക്കാമെന്ന ഇടുങ്ങിയ ചിന്താഗതിയിലാണ് അമേരിക്കയും പ്രസിടെന്റും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് യുദ്ധം ചെയ്ത് 'ജയിക്കുന്ന' ലോക സമാധാന അവാര്‍ഡ് ജേതാവായി അറിയപ്പെടാനുള്ള ഒബാമയുടെ കണക്ക് കൂട്ടല്‍ മൂലം ഓരോ ദിവസവും നഷ്ടപ്പെടുന്നത് വെറും നിരപരാധികളുടെ ജീവനും അവരുടെ രക്തവും.

ഏറ്റവും അടുത്ത് നാം കണ്ടത് 21 കോപ്ടിക് ഓര്‍ത്തഡോക്‌സ് സഭയിലെ ചെറുപ്പക്കാരെ ആടിനെ കൊല്ലുന്ന ലാഘവത്തില്‍ ജീവനെടുക്കുന്ന മതത്തിന്റെ അപ്പോസ്‌തോലന്മാരെ ആണ്. അവര്‍ ആരും അവരുടെ ജീവന് വേണ്ടി കരഞ്ഞില്ല, യേശുവിന്റെ നാമം വിളിച്ച് അവര്‍ സ്വന്ത ജീവനെ സമര്‍പ്പിച്ചു. അവരെ എങ്ങനെയാണ് ലോകം ഓര്‍ക്കേണ്ടത്? ഇസ്ലാമും ദൈവ പുത്രനെന്ന് സാക്ഷ്യപ്പെടുത്തിയ 'ഈശാ നബിയെ' വിശ്വസിച്ചതിലോ? വീണ്ടും ലോകത്തിലേക്ക് വരുമെന്ന് ഖുറാന്‍ പറയുന്ന ദൈവ പുത്രനില്‍ വിശ്വസിച്ചത് കൊണ്ടോ? നിരപരാധിയുടെ രക്തം ചിന്തിയതാണ് 2000 വര്‍ഷം മുന്നില്‍. ചെയ്ത തെറ്റെന്ത് എന്ന് ചോദിച്ചിട്ട് ഉത്തരമില്ലായിരുന്നു. ആ രക്തം ഞങ്ങളുടെയും ഞങ്ങളുടെ തലമുറയുടെയും തലയിലിരിക്കട്ടെ എന്ന് പറഞ്ഞ യഹൂദ ജനത്തിന്റെ അന്ന് മുതല്‍ ഇന്ന് വരെയുള്ള അവസ്ഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. അന്നും ഇന്നും ക്രിസ്തുവിനെ പിന്തുടര്‍ന്നവര്‍ അവര്‍ക്കെതിരെ നിന്നില്ല, പകരം കരുതുക മാത്രമേ ചെയ്തുള്ളൂ.

ഐസിസിനെ പെട്ടന്ന് ഒതുക്കുക അസാദ്ധ്യമെന്ന് അമേരിക്കയും സഖ്യ കക്ഷികളും പറഞ്ഞു കഴിഞ്ഞു. 21 പേരിലും കുറേ ഇറാക്ക് കാരിലും ഇതൊക്കെ ഒതുങ്ങും എന്ന് ധരിക്കുനവര്‍ മൂഠ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു എന്നേ പറയുവാന്‍ കഴിയൂ. വെറുപ്പും വിദ്വേഷവും കളഞ്ഞ് സ്വയം ശുദ്ധീകരിച്ച് ജീവിക്കുക എന്നതാണ്, മരണത്തെ ഭയപ്പെടാതെ കൊലപാതകികളുടെ മുന്നില്‍ പതറാതെ അവരെ എതിര്‍ക്കാതെ മരണത്തെ വരിച്ച ആ യുവാക്കള്‍ ചെയ്തത്. മുസ്ലീമും ക്രിസ്ത്യാനിയും വിശ്വസിക്കുന്ന ഏക സത്യ ദൈവത്തിന്റെ സൃഷ്ടികളാണ് കൊലയാളികളും രക്ത സാക്ഷികളും. അവര്‍ക്ക് വേണ്ടിയത് നിങ്ങളുടെ കപട കണ്ണുനീരും പകയുമൊന്നുമല്ല. മരണത്തെ ചിരിച്ച് കീഴടക്കാന്‍ ഭൂമിയില്‍ ജീവിക്കുന്‌പോള്‍ 'ജീവിക്കുന്ന' മനുഷ്യനായി ജീവിക്കുവാന്‍. പിതാക്കന്മാര്‍ പഠിപ്പിച്ച വിശ്വാസം പറയാന്‍ മാത്രമല്ല അത് ജീവിതത്തില്‍ പാലിക്കുവാന്‍ നമ്മെക്കൊണ്ടാകണം. അതല്ലെങ്കില്‍ പകയുടെയും വിധ്വേഷത്തിന്റെയും വിത്ത് വിതച്ച് തലമുറയെ ഇന്ന് നമ്മള്‍ പുച്ചിക്കുന്ന ആ കൊലയാളികളില്‍ ഒരാളാക്കാം, തെരഞ്ഞെടുക്കേണ്ടിയത് നാം ഓരോരുത്തരുമാണ്.

സഭകളിലെ വഴക്കും അജീര്‍ണതയും എല്ലാം തിരിഞ്ഞു നോക്കേണ്ട സമയമാണിത്. നമ്മെളെ നോക്കിയിരിക്കുന്നത് നല്ല നാളുകള്‍ എന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞും ആശ്വസിച്ചും കൊണ്ടിരിക്കാം, പക്ഷെ ഇന്ന് നിന്റെ ജീവനെ ചോദിച്ചാല്‍ അതാരായാലും, ഇല്ല എന്ന് പറയുവാന്‍ സാദ്ധ്യമല്ലെന്ന് ജീവിതം പഠിപ്പിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് ക്ഷമിച്ചു കൂടാ, ഒന്ന് തോറ്റു കൊടുത്തു കൂടാ. ഒരു വാശി കളഞ്ഞു കൂടാ.

ക്രിസ്തീയതയുടെ സാക്ഷിയായി ജീവിതം സമര്‍പ്പിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 21 രക്ത സാക്ഷികളെയും ദൈവതിരുമുന്പാകെ സമര്‍പ്പിക്കുന്നു. ഇവരുടെ ബലി മൂലം ലോകത്തില്‍ തിന്മപെട്ടവന്‍ തോറ്റിരിക്കുന്നു. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയില്‍ അവര്‍ വിശ്രമിക്കുന്‌പോള്‍, അവരുടെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന്ന അവരുടെ പ്രീയപ്പെട്ടവരെ ദൈവം തന്റെ അദൃശ്യമായ കരങ്ങളാല്‍ ആശ്വസിപ്പിക്കട്ടെ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം ഒരു തിരിഞ്ഞ് നോട്ടം:( ചെറിയാന്‍ ജേക്കബ്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക