Image

ഡെല്‍റ്റ ഫ്‌ളൈറ്റ്‌ നമ്പര്‍ പതിനഞ്ച്‌ (ലേഖനം: സുനില്‍ എം.എസ്‌)

Published on 21 February, 2015
ഡെല്‍റ്റ ഫ്‌ളൈറ്റ്‌ നമ്പര്‍ പതിനഞ്ച്‌ (ലേഖനം: സുനില്‍ എം.എസ്‌)
കേവലം രണ്ടു മണിക്കൂര്‍ കൊണ്ട്‌ മൂവായിരത്തോളം പേര്‍ മരിക്കുകയും ആറായിരത്തോളം പേര്‍ക്ക്‌ പരിക്കു പറ്റുകയും ചെയ്‌ത ദിവസമായിരുന്നു 2001 സെപ്‌റ്റംബര്‍ 11. മനുഷ്യരെക്കൊല്ലാന്‍ വേണ്ടി മനുഷ്യര്‍ തന്നെ ആസൂത്രണം ചെയ്‌തു നടപ്പാക്കിയ മനുഷ്യക്കുരുതി.

അതേ ദിവസം തന്നെ, മറ്റൊരിടത്ത്‌, സ്‌നേഹവും കരുണയും സൌഹൃദവും മനുഷ്യവര്‍ഗ്ഗത്തിന്‌ അന്യമായിത്തീര്‍ന്നിട്ടില്ലെന്ന്‌ ഒരു ജനതയൊന്നാകെ തെളിയിച്ചു. സെപ്‌റ്റംബര്‍ 11 പോലുള്ള രക്തരൂഷിതമായ ദിനങ്ങള്‍ക്കു ശേഷവും ഈ ലോകത്ത്‌ ജീവിതം തുടരാനുള്ള ഉത്സാഹം പകരുന്നത്‌ ഇത്തരം സ്‌നേഹസൌഹൃദങ്ങളാണ്‌. അവ നേരിട്ട്‌ ആസ്വദിയ്‌ക്കാനിടവന്ന ഡെല്‍റ്റ ഫ്‌ലൈറ്റ്‌ 15ലെ നസീം എന്നു പേരായ ഫ്‌ലൈറ്റ്‌ അറ്റന്റന്റ്‌ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രേഖപ്പെടുത്തിയ അനുഭവകഥ ഫേസ്‌ബുക്കില്‍ വന്നിരുന്നു. അത്‌ അനേകം പേര്‍ വായിച്ചു കഴിഞ്ഞതാകാം. വായിയ്‌ക്കുന്നവരില്‍ സദ്‌ഭാവനയുളവാക്കുന്ന ഒന്നായതുകൊണ്ട്‌ ആ അനുഭവകഥ ഈ ലേഖകന്‍ വിവര്‍ത്തനം ചെയ്‌തു. നസീമിന്റേതിനോടൊപ്പം, ബന്ധപ്പെട്ട മറ്റു ചില അനുഭവകഥകളും അറിവുകളും താഴെ കൊടുക്കുന്നു.

നസീമിന്റെ അനുഭവകഥ

സെപ്‌റ്റംബര്‍ പതിനൊന്നാം തീയതി പ്രഭാതത്തില്‍ ഞങ്ങള്‍ നോര്‍ത്ത്‌ അറ്റ്‌ലാന്റിക്കിന്റെ മുകളിലൂടെ പറന്നുകൊണ്ടിരിയ്‌ക്കുന്നു. ഫ്രാങ്ക്‌ഫുര്‍ട്ടില്‍ നിന്നു പോന്നിട്ട്‌ അഞ്ചു മണിക്കൂറോളമായിട്ടുണ്ടാകും. പെട്ടെന്ന്‌ കര്‍ട്ടനുകള്‍ അകന്നു. എനിയ്‌ക്കൊരു നിര്‍ദ്ദേശം കിട്ടി: ഉടന്‍ കോക്‌പിറ്റില്‍ച്ചെന്ന്‌ ക്യാപ്‌റ്റനെ കാണുക.

ക്യാപ്‌റ്റന്റേയും സഹായിയുടേയും മുഖം ഗൌരവപൂര്‍ണ്ണമായിരുന്നു. അച്ചടിച്ച ഒരു സന്ദേശം ക്യാപ്‌റ്റന്‍ എടുത്തു നീട്ടി. ഡെല്‍റ്റയുടെ അറ്റ്‌ലാന്റയിലെ മുഖ്യകാര്യാലയത്തില്‍ നിന്നുള്ളതായിരുന്നു, അത്‌. അമേരിക്കന്‍ വിമാനത്താവളങ്ങളെല്ലാം അടച്ചിരിയ്‌ക്കുന്നു. ഏറ്റവുമടുത്തുള്ള മറ്റേതെങ്കിലും വിമാനത്താവളത്തില്‍ എത്രയും വേഗം ഇറങ്ങുക. പോകുന്നത്‌ എവിടേയ്‌ക്കെന്ന്‌ അറിയിയ്‌ക്കുക. ഇതായിരുന്നു സന്ദേശം.

ഒരു നിശ്ചിത വിമാനത്താവളത്തില്‍ ഇറങ്ങണം എന്നു നിര്‍ദ്ദേശിയ്‌ക്കാതിരിയ്‌ക്കുകയും, ഏറ്റവുമടുത്തുള്ള വിമാനത്താവളം കണ്ടെത്തി അവിടെ ഉടന്‍ ഇറങ്ങണം എന്നു നിര്‍ദ്ദേശിയ്‌ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥം ഫ്‌ലൈറ്റിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം വൈമനസ്യത്തോടെയെങ്കിലും ക്യാപ്‌റ്റനു കൈമാറുന്നു എന്നാണ്‌.

ഇതിനര്‍ത്ഥം എന്തായിരിയ്‌ക്കാമെന്നതേപ്പറ്റി ആരും ഒരൂഹവും പ്രകടിപ്പിയ്‌ക്കാന്‍ ധൈര്യപ്പെട്ടില്ല. ഇത്തരമൊരു സന്ദേശം വരണമെങ്കില്‍ സ്ഥിതി വാസ്‌തവമായും ഗുരുതരമായിരിയ്‌ക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. കഴിവതും വേഗം ആകാശത്തുനിന്ന്‌ ഉറച്ച പ്രതലത്തിലേയ്‌ക്ക്‌ ഇറങ്ങുക തന്നെ. ഏറ്റവുമടുത്ത വിമാനത്താവളം ന്യൂഫൌണ്ട്‌ലന്റിലെ ഗ്യാന്റര്‍ ആണെന്നും അത്‌ നാനൂറു മൈല്‍ പുറകിലാണെന്നും ക്യാപ്‌റ്റന്‍ കണ്ടുപിടിച്ചു.

ക്യാപ്‌റ്റന്‍ പതിവു റൂട്ടില്‍ നിന്ന്‌ മറ്റൊരു റൂട്ടിലേയ്‌ക്കു മാറാനുള്ള അനുവാദം കനേഡിയന്‍ ട്രാഫിക്‌ കണ്‍ട്രോളറില്‍ നിന്ന്‌ ആവശ്യപ്പെട്ടു. അതുടന്‍ കിട്ടുകയും ചെയ്‌തു. യാതൊരു വിധ ചോദ്യങ്ങളും ചോദിയ്‌ക്കാതെ തന്നെ. ഞങ്ങളുടെ അഭ്യര്‍ത്ഥന അനുവദിയ്‌ക്കുന്നതിന്‌ എന്തുകൊണ്ട്‌ കനേഡിയന്‍ ട്രാഫിക്‌ കണ്‍ട്രോളര്‍ക്ക്‌ യാതൊരു ശങ്കയുമുണ്ടായില്ലെന്ന്‌ പിന്നീടു ഞങ്ങള്‍ക്കു മനസ്സിലായി.

ക്യാപ്‌റ്റനും മറ്റും വിമാനം നിലത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ അറ്റ്‌ലാന്റയില്‍ നിന്ന്‌ മറ്റൊരു സന്ദേശം വന്നു. ന്യൂയോര്‍ക്ക്‌ മേഖലയില്‍ ഭീകരവാദികളുടെ ചില പ്രവര്‍ത്തനങ്ങള്‍ നടന്നതായി ആ സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോള്‍ വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്തയുമെത്തി.

നിലത്തിറങ്ങുന്നതു വരെയുള്ള ഹ്രസ്വസമയത്തേയ്‌ക്കെങ്കിലും യാത്രക്കാരോട്‌ നുണ പറയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വിമാനത്തിന്റെ സാരമല്ലാത്ത ഒരുപകരണത്തിന്‌ ചെറിയൊരു കുഴപ്പം സംഭവിച്ചിട്ടുണ്ട്‌. അതൊന്നു പരിശോധിപ്പിയ്‌ക്കാന്‍ വേണ്ടി ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോകുകയാണെന്നും ന്യൂഫൌണ്ട്‌ലന്റിലെ ഗ്യാന്റര്‍ വിമാനത്താവളത്തിലാണ്‌ ഇറങ്ങുന്നതെന്നും ഞങ്ങള്‍ അവരെ അറിയിച്ചു. ഗ്യാന്ററില്‍ ഇറങ്ങിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ അവരെ അറിയിയ്‌ക്കാമെന്നും ഞങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.

യാത്രക്കാരില്‍ നിന്ന്‌ ഏറെ മുറുമുറുപ്പുയര്‍ന്നു. പക്ഷേ, അതില്‍ തീരെ പുതുമയില്ല. നാല്‌പതു മിനിറ്റു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗ്യാന്റര്‍ വിമാനത്താവളത്തിലിറങ്ങി. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ്‌ 12:30. ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ ടൈമനുസരിച്ച്‌ രാവിലെ പതിനൊന്നു മണി.

അതിനകം ഇരുപതോളം വിമാനങ്ങള്‍ അവിടെ ഇറങ്ങിക്കഴിഞ്ഞിരുന്നു. എല്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ അമേരിക്കയിലേയ്‌ക്കു പോകുന്നവ. ഞങ്ങളെപ്പോലെതന്നെ റൂട്ടില്‍ മാറ്റം വരുത്തി ഇറങ്ങേണ്ടി വന്നവര്‍.

യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നിടത്ത്‌ (?ഏപ്രണ്‍?, ?റാമ്പ്‌?) വിമാനത്തെ പാര്‍ക്കു ചെയ്‌ത ശേഷം ക്യാപ്‌റ്റന്‍ യാത്രക്കാരെ സംബോധന ചെയ്‌തു: `ലേഡീസ്‌ ആന്റ്‌ ജെന്റില്‍മെന്‍, നമുക്കു ചുറ്റും കാണുന്ന വിമാനങ്ങളും നമ്മെപ്പോലെതന്നെ ഉപകരണത്തകരാറു മൂലം നിലത്തിറങ്ങിയിരിയ്‌ക്കുന്നതാണോ എന്ന്‌ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. മറ്റൊരു കാരണത്താലാണ്‌ നാമിവിടെ എത്തിയിരിയ്‌ക്കുന്നത്‌ എന്നതാണു വാസ്‌തവം.'

അമേരിക്കയിലെ സ്ഥിതിയെപ്പറ്റി അല്‌പം ചിലത്‌ അറിയാന്‍ കഴിഞ്ഞിരുന്നത്‌ അദ്ദേഹം വിശദീകരിച്ചു. അത്‌ അവരില്‍ ഞെട്ടലുളവാക്കി. അല്‌പം മാത്രമേ കേട്ടിരുന്നുള്ളെങ്കിലും അതു പോലും വിശ്വസിയ്‌ക്കാന്‍ പ്രയാസമായിരുന്നു. വിമാനത്തിനകത്തു തന്നെ തുടരാന്‍ ഗ്യാന്റര്‍ വിമാനത്താ!വളത്തിലെ ഗ്രൌണ്ട്‌ കണ്‍ട്രോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ക്യാപ്‌റ്റന്‍ യാത്രികരെ അറിയിച്ചു.

യാത്രികരെല്ലാവരും കനേഡിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. വിമാനത്തിനടുത്തേയ്‌ക്കു വരാന്‍ പുറത്തുള്ളവരേയും അനുവദിച്ചിരുന്നില്ല. വിമാനത്താവളപ്പോലീസു മാത്രം ഇടയ്‌ക്കിടെ വന്ന്‌ ഞങ്ങളെ നിരീക്ഷിച്ചു പൊയ്‌ക്കൊണ്ടിരുന്നു.

അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗ്യാന്ററില്‍ ഇറങ്ങി. ആകെ 53 വിമാനങ്ങള്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവ. അവയില്‍ ഇരുപത്തേഴെണ്ണം അമേരിക്കന്‍ പതാക പറപ്പിച്ചിരുന്നു.

ഇതിനിടയില്‍ വിമാനത്തിനകത്തുള്ള റേഡിയോയിലൂടെ വാര്‍ത്താശകലങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിലും വാഷിങ്‌ടണ്‍ ഡീസിയിലെ പെന്റഗണിലും വിമാനങ്ങളിടിച്ചു തകര്‍ന്ന വിവരം ഞങ്ങളറിയുന്നത്‌ അപ്പോഴാണ്‌.

യാത്രികര്‍ തങ്ങളുടെ സെല്‍ഫോണുകള്‍ ഉപയോഗിയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ക്യാനഡയിലെ സെല്‍ഫോണ്‍ സംവിധാനം വ്യത്യസ്‌തമായിരുന്നതു മൂലം മിയ്‌ക്കവര്‍ക്കും സെല്‍ഫോണിലൂടെ ബന്ധപ്പെടാനായില്ല. ചിലര്‍ക്ക്‌ സെല്‍ഫോണ്‍ കാളുകള്‍ നടത്താനായെങ്കിലും ആ കാളുകളെല്ലാം കനേഡിയന്‍ ഓപ്പറേറ്ററില്‍ ചെന്നവസാനിച്ചു. അമേരിക്കയിലേയ്‌ക്കുള്ള ലൈനുകളെല്ലാം ഒന്നുകില്‍ ബ്ലോക്കു ചെയ്യപ്പെട്ടിരിയ്‌ക്കുന്നു, അല്ലെങ്കില്‍ സ്‌തംഭിച്ചിരിയ്‌ക്കുന്നു എന്ന്‌ ഓപ്പറേറ്റര്‍ അറിയിച്ചു.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ടവറുകള്‍ തകര്‍ന്നെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിയ്‌ക്കപ്പെട്ട നാലാമത്തെ വിമാനം വീണു തകര്‍ന്നെന്നുമുള്ള വാര്‍ത്ത സായാഹ്നത്തോടെ ഞങ്ങളറിഞ്ഞു. അപ്പോഴേയ്‌ക്കും യാത്രികര്‍ ഭയഭീതരാകുക മാത്രമല്ല, മാനസികമായും ശാരീരികമായും തളരുകയും ചെയ്‌തു കഴിഞ്ഞിരുന്നു. എങ്കിലും സര്‍വ്വരും അത്ഭുതകരമാം വിധം ശാന്തരായിരുന്നു.

ഞങ്ങള്‍ മാത്രമല്ല, മറ്റ്‌ 52 വിമാനയാത്രികരും ഞങ്ങളോടൊപ്പം ഈ സന്ദിഗ്‌ദ്ധാവസ്ഥയില്‍ പെട്ടിട്ടുണ്ടെന്നു ബോദ്ധ്യം വരാന്‍ ജനലിലൂടെ ഒന്നു നോക്കുക മാത്രമേ വേണ്ടിയിരുന്നുള്ളു.

ഞങ്ങളെ വിമാനത്തില്‍ നിന്നു പുറത്തു കടക്കാന്‍ അനുവദിയ്‌ക്കുമെന്ന്‌ അവര്‍ അറിയിച്ചു. പക്ഷേ, ഒരു സമയം ഒരു വിമാനത്തിലെ യാത്രികരെ മാത്രമാവും പുറത്തിറക്കുക. ഞങ്ങളുടെ വിമാനത്തിലെ യാത്രികരെ പുറത്തിറക്കുന്ന സമയവും അവര്‍ വൈകുന്നേരം ആറു മണിയോടെ അറിയിച്ചു: പിറ്റേന്നു രാവിലെ പതിനൊന്നു മണി.

യാത്രികര്‍ സന്തുഷ്ടരായിരുന്നില്ല. പക്ഷേ, മറ്റു വഴികളില്ലാഞ്ഞതിനാല്‍, അധികം ശബ്ദമുണ്ടാക്കാതെ തന്നെ അതിനു വഴങ്ങുകയും, രാത്രി മുഴുവനും വിമാനത്തില്‍ കഴിഞ്ഞുകൂടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്‌തു.

വെള്ളവും ശൌചാലയസേവനവും ഗ്യാന്റര്‍ വാഗ്‌ദാനം ചെയ്‌തു. ആതുരശുശ്രൂഷ ആവശ്യമുള്ളവര്‍ക്ക്‌ അതും.

വാഗ്‌ദാനങ്ങളെല്ലാം അവര്‍ പാലിച്ചു.

ഭാഗ്യവശാല്‍ യാത്രികര്‍ക്കാര്‍ക്കും ആതുരശുശ്രൂഷ ആവശ്യമുണ്ടായിരുന്നില്ല. യാത്രികരില്‍ ഒരാള്‍ മുപ്പത്തിമൂന്നാഴ്‌ച കടന്ന ഗര്‍ഭിണിയായിരുന്നു. ഞങ്ങള്‍ അവരെ ശ്രദ്ധയോടെ പരിചരിച്ചു. ശയനസൌകര്യക്കുറവുണ്ടായിട്ടും അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ രാത്രി കടന്നുപോയി.

പിറ്റേന്ന്‌, അതായത്‌ സെപ്‌റ്റംബര്‍ പന്ത്രണ്ടാം തീയതി, രാവിലെ പത്തര മണിയോടെ സ്‌കൂള്‍ ബസ്സുകളുടെ ഒരു നിര വന്നെത്തി. വിമാനത്തില്‍ നിന്നിറങ്ങിയ ഞങ്ങളെ അവര്‍ ഇമിഗ്രേഷന്‍ ആന്റ്‌ കസ്റ്റംസ്‌ പരിശോധനയ്‌ക്കു വിധേയരാക്കി. തുടര്‍ന്നെല്ലാവരും റെഡ്‌ക്രോസ്സില്‍ രജിസ്റ്റര്‍ ചെയ്‌തു.

അതിനു ശേഷം ഞങ്ങളെ, അതായത്‌ വിമാനോദ്യോഗസ്ഥരെ, യാത്രികരില്‍ നിന്നു വേര്‍പെടുത്തി, ഒരു വാനില്‍ ചെറിയൊരു ഹോട്ടലിലേയ്‌ക്കു കൊണ്ടു പോയി. ഞങ്ങളുടെ യാത്രികര്‍ എങ്ങോട്ടാണു പോകുന്നതെന്ന്‌ ഞങ്ങള്‍ക്ക്‌ യാതൊരു രൂപവുമില്ലായിരുന്നു. ഗ്യാന്ററിലെ ആകെ ജനസംഖ്യ 10400 മാത്രമായിരുന്നെന്നും ആ ചെറുജനതയ്‌ക്ക്‌ വിമാനങ്ങളില്‍ നിന്നുള്ള 10500 യാത്രികരെ സംരക്ഷിയ്‌ക്കേണ്ടതായി വന്നിരിയ്‌ക്കുന്നെന്നും ഞങ്ങള്‍ റെഡ്‌ക്രോസ്സില്‍ നിന്നറിഞ്ഞു.

അമേരിക്കന്‍ വിമാനത്താവളങ്ങള്‍ തുറന്നു കഴിയുമ്പോള്‍ അത്‌ ഞങ്ങളെ അറിയിയ്‌ക്കാമെന്ന്‌ അവര്‍ വാഗ്‌ദാനം ചെയ്‌തു. പക്ഷേ, അത്‌ ഉടന്‍ പ്രതീക്ഷിയ്‌ക്കേണ്ട എന്ന മുന്നറിയിപ്പും അവര്‍ നല്‍കി. അറിയിപ്പു കിട്ടുന്നതു വരെ ഹോട്ടലില്‍ത്തന്നെ വിശ്രമിയ്‌ക്കാന്‍ അവരുപദേശിച്ചു.

നാട്ടില്‍ നടന്ന ഭീകരസംഭവങ്ങളുടെ കാര്‍ക്കശ്യത്തെപ്പറ്റി ഞങ്ങള്‍ക്ക്‌ വ്യക്തമായ അറിവു ലഭിച്ചത്‌ അവയെല്ലാം നടന്ന്‌ ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞ ശേഷം, ഞങ്ങളുടെ ഹോട്ടലില്‍ എത്തിയ ഉടനെ ടീവി ഓണ്‍ ചെയ്‌തപ്പോള്‍ മാത്രമായിരുന്നു.

ഇതിനിടയില്‍ ഞങ്ങള്‍ക്ക്‌ ധാരാളം സമയം കിട്ടിയിരുന്നു. ഗ്യാന്ററിലെ ജനത സ്‌നേഹസമ്പന്നരാണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കി. `വിമാനജനത' എന്ന്‌ അവര്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ അവരുടെ ആതിഥ്യം ആസ്വദിയ്‌ക്കുകയും ഗ്യാന്റര്‍ പട്ടണത്തില്‍ ചുറ്റിക്കറങ്ങുകയും ചെയ്‌തു. വലുതായ സന്തോഷം പകര്‍ന്നു കിട്ടിയ സമയമായിരുന്നു അത്‌.

രണ്ടു ദിവസത്തിനു ശേഷം ഞങ്ങള്‍ കാത്തിരുന്ന വിളി വന്നു. ഞങ്ങളെ ഗ്യാന്റര്‍ വിമാനത്താവളത്തിലേയ്‌ക്ക്‌ അവര്‍ കൊണ്ടുപോയി. തിരികെ വിമാനത്തില്‍, യാത്രികരുമായി വീണ്ടും സന്ധിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രികര്‍ എന്താണു ചെയ്‌തു കൊണ്ടിരുന്നതെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കി. അവിശ്വസനീയമായ കാര്യങ്ങളായിരുന്നു, അവ.

ഗ്യാന്ററിലും അതിനു ചുറ്റിലുമുള്ള നിവാസികള്‍ തങ്ങളുടെ എല്ലാ ഹൈസ്‌കൂളുകളും ലോഡ്‌ജുകളും ഹാളുകളും നിസ്സഹായാവസ്ഥയില്‍ പെട്ടു പോയ വിമാനയാത്രക്കാരുടെ താമസത്തിന്‌ അനുയോജ്യമാക്കിത്തീര്‍ത്തു. ചിലര്‍ക്കു കിടക്കാന്‍ കട്ടിലുകള്‍ കിട്ടി. ചിലര്‍ക്ക്‌ പായ. മറ്റു ചിലര്‍ക്ക്‌ സ്ലീപ്പിംഗ്‌ ബാഗുകളും. അതിഥികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ഏറ്റെടുത്തു.

ഞങ്ങളുടെ 218 യാത്രികര്‍ ഗ്യാന്ററില്‍ നിന്ന്‌ 45 കിലോമീറ്റര്‍ അകലെയുള്ള ല്യൂവിസ്‌പോര്‍ട്ട്‌ എന്നൊരു പട്ടണത്തിലാണ്‌ എത്തിച്ചേര്‍ന്നിരുന്നത്‌. അവിടെയൊരു ഹൈസ്‌കൂളിലാണ്‌ അവരുടെ താമസം സൌകര്യപ്പെടുത്തിയിരുന്നത്‌. വനിതകള്‍ മാത്രമുള്ളിടത്ത്‌ താമസിയ്‌ക്കാനാഗ്രഹിച്ചിരുന്ന വനിതകള്‍ക്ക്‌ അതിനുള്ള സൌകര്യവും ഒരുക്കിയിരുന്നു. കുടുംബങ്ങള്‍ ഒരുമിച്ചു താമസിച്ചു. പ്രായമേറിയ യാത്രികരെയെല്ലാം സ്വകാര്യഭവനങ്ങളിലെ കുടുംബങ്ങളോടൊപ്പം പാര്‍പ്പിച്ചു.

ഗര്‍ഭിണിയായിരുന്ന യുവതിയെ ഓര്‍ക്കുന്നുണ്ടോ? ഇരുപത്തിനാലുമണിക്കൂറും അത്യാവശ്യചികിത്സ നല്‍കുന്ന ഒരാശുപത്രിയുടെ മുന്നിലുള്ളൊരു സ്വകാര്യഭവനത്തിലെ കുടുംബത്തോടൊപ്പമാണ്‌ അവരെ പാര്‍പ്പിച്ചിരുന്നത്‌. ആ ആശുപത്രിയില്‍ ഒരു ദന്തഡോക്ടറും പുരുഷനഴ്‌സുമാരും വനിതാനഴ്‌സുമാരും ഉണ്ടായിരുന്നു. അവരെല്ലാം യാത്രികരുടെ സേവനത്തിനായി യാത്രികരോടൊപ്പം കഴിഞ്ഞു.

എല്ലാവര്‍ക്കും ദിവസവും ഓരോ തവണ വീതം അമേരിക്കയിലേയ്‌ക്കും ലോകത്തിലെ മറ്റിടങ്ങളിലേയ്‌ക്കും ഫോണ്‍ ചെയ്യാനും ഈമെയിലയയ്‌ക്കാനും സാധിച്ചു. പകല്‍സമയത്ത്‌ യാത്രികര്‍ക്കായി വിനോദസഞ്ചാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചിലര്‍ തടാകങ്ങളിലും തുറമുഖങ്ങളിലും ബോട്ടുസവാരി നടത്തിയപ്പോള്‍ മറ്റു ചിലര്‍ സമീപത്തെ വനങ്ങളില്‍ കാല്‍നടയാത്ര നടത്തി.

അതിഥികള്‍ക്കുള്ള റൊട്ടി തയ്യാറാക്കാന്‍ വേണ്ടി ആ പ്രദേശത്തെ ബേക്കറികള്‍ രാത്രിയും ഉണര്‍ന്നിരുന്നു പ്രവര്‍ത്തിച്ചു.

തദ്ദേശവാസികള്‍ ആഹാരം പാകം ചെയ്‌ത്‌ സ്‌കൂളുകളിലെത്തിച്ചു. അതിഥികളെ റെസ്‌റ്റോറന്റുകളിലേയ്‌ക്കു കൊണ്ടുപോകുകയും അവര്‍ക്ക്‌ അത്ഭുതകരമാം വിധം രുചികരമായ ഭക്ഷണം വിളമ്പുകയും ചെയ്‌തു. വസ്‌ത്രങ്ങളെല്ലാം വിമാനത്തിനകത്തായിപ്പോയതുകൊണ്ട്‌ എല്ലാ യാത്രികര്‍ക്കും അവരുടെ വസ്‌ത്രങ്ങള്‍ സൌജന്യമായി അലക്കിക്കൊടുക്കപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാല്‍, നിസ്സഹായാവസ്ഥയില്‍ പെട്ടുപോയിരുന്ന യാത്രികരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടു എന്നര്‍ത്ഥം.

ഈ കഥകള്‍ ഞങ്ങള്‍ക്കായി വിവരിച്ചു തരുമ്പോള്‍ യാത്രികര്‍ കരയുകയായിരുന്നു. ഒടുവില്‍, അമേരിക്കന്‍ വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു കഴിഞ്ഞെന്ന്‌ അറിഞ്ഞപ്പോള്‍ ഗ്യാന്റര്‍ ജനത എല്ലാ യാത്രികരേയും കൃത്യസമയത്ത്‌ വിമാനത്താവളത്തില്‍ എത്തിച്ചുകൊടുക്കുകയും ചെയ്‌തു. ഒരു യാത്രക്കാരന്‍ പോലും വൈകുകയോ കാണാതാകുകയോ ചെയ്‌തില്ല. ഓരോ യാത്രികനും എവിടെയാണുള്ളതെന്നും എവിടേയ്‌ക്കാണു പോകേണ്ടതെന്നും ഏതു വിമാനത്തിലാണു കയറേണ്ടതെന്നും ഏതെല്ലാം വിമാനങ്ങള്‍ എപ്പോഴെല്ലാമാണു യാത്ര പുറപ്പെടുന്നതെന്നും മറ്റുമുള്ള വിവരങ്ങളെല്ലാം സ്ഥലത്തെ റെഡ്‌ക്രോസ്സിന്റെ പക്കലുണ്ടായിരുന്നു. അതിശയകരമാം വിധം സുന്ദരമായിരുന്നു, അവരുടെ പ്രവര്‍ത്തനം.

യാത്രികര്‍ വിമാനത്തില്‍ കയറിയപ്പോള്‍ ദീര്‍ഘമായൊരു കപ്പല്‍യാത്ര കഴിഞ്ഞുവന്നതു പോലെയായിരുന്നു. എല്ലാവര്‍ക്കും എല്ലാവരുടെയും പേരുകള്‍ ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു. അവര്‍ മുന്‍ ദിവസങ്ങളിലെ തങ്ങളുടെ താമസത്തെപ്പറ്റിയുള്ള കഥകള്‍ പങ്കുവച്ചു. തങ്ങള്‍ക്ക്‌ മറ്റാരെക്കാളും കൂടുതല്‍ താമസസൌകര്യങ്ങള്‍ ലഭിച്ചു എന്നു പറയാനവര്‍ തിരക്കു കൂട്ടി. അറ്റ്‌ലാന്റയിലേയ്‌ക്കുള്ള ഞങ്ങളുടെ മടക്കയാത്ര ഒരു ടൂറിസ്റ്റു പാര്‍ട്ടിയുടെ യാത്രപോലെ സൌഹൃദഭരിതവും ഹൃദ്യവുമായിരുന്നു. വിമാനോദ്യോഗസ്ഥര്‍ അവരെ യഥേഷ്ടം വിഹരിയ്‌ക്കാന്‍ വിട്ടു. അത്ഭുതകരവും ആവേശകരവുമായ ഒരവസ്ഥയായിരുന്നു അത്‌.

യാത്രികര്‍ പരസ്‌പരം സൌഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പരസ്‌പരം സംബോധന ചെയ്യാന്‍ ഔപചാരികത വെടിഞ്ഞ്‌ പ്രഥമനാമങ്ങള്‍ ഉപയോഗിച്ചു. അവര്‍ ഫോണ്‍നമ്പറുകളും മേല്‍വിലാസങ്ങളും ഈമെയില്‍ ഐഡികളും കൈമാറി.

അങ്ങനെയിരിയ്‌ക്കെ തികച്ചും അസാധാരണമായ ഒന്ന്‌ സംഭവിച്ചു.

യാത്രികരിലൊരാള്‍ എന്നെ സമീപിച്ച്‌ പബ്ലിക്‌ അനൌണ്‍സ്‌മെന്റ്‌ സിസ്റ്റത്തിലൂടെ ഒരു പ്രസ്‌താവന നടത്താന്‍ തന്നെ അനുവദിയ്‌ക്കുമോ എന്നു ചോദിച്ചു. ഞങ്ങള്‍ അതൊരിയ്‌ക്കലും അനുവദിച്ചിട്ടില്ല. പക്ഷേ ഈ സന്ദര്‍ഭം വ്യത്യസ്‌തമായിരുന്നു. `തീര്‍ച്ചയായും' എന്നു പറഞ്ഞുകൊണ്ട്‌ ഞാന്‍ മൈക്ക്‌ അദ്ദേഹത്തിനു കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രികര്‍ക്കുണ്ടായ അനുഭവങ്ങളെപ്പറ്റി അദ്ദേഹം ചുരുക്കിപ്പറഞ്ഞു. ല്യൂവിസ്‌പോര്‍ട്ടില്‍ വച്ച്‌ തികച്ചും അപരിചിതരായ നാട്ടുകാരില്‍ നിന്നു ലഭിച്ച സ്‌നേഹപൂര്‍വ്വമായ ആതിഥ്യത്തെപ്പറ്റി അദ്ദേഹം അനുസ്‌മരിച്ചു. അതിനു പകരമായി ല്യൂവിസ്‌പോര്‍ട്ടിലെ നല്ല മനുഷ്യര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിയ്‌ക്കുന്നെന്ന്‌ അദ്ദേഹം പറഞ്ഞു.

ഡെല്‍റ്റ 15 (ഞങ്ങളുടെ ഫ്‌ലൈറ്റ്‌ നമ്പര്‍) എന്ന പേരില്‍ ഒരു ട്രസ്റ്റ്‌ ഫണ്ടു രൂപീകരിയ്‌ക്കാന്‍ പോകുന്നെന്ന്‌ അദ്ദേഹം അറിയിച്ചു. ല്യൂവിസ്‌പോര്‍ട്ടിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കോളേജ്‌ വിദ്യാഭ്യാസത്തിന്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയാണ്‌ ട്രസ്റ്റ്‌ ഫണ്ടിന്റെ ലക്ഷ്യം. അദ്ദേഹം തന്റെ സഹയാത്രികരില്‍ നിന്ന്‌ ട്രസ്റ്റ്‌ ഫണ്ടിലേയ്‌ക്ക്‌ സംഭാവനകള്‍ ആവശ്യപ്പെട്ടു. തുക എത്ര ചെറുതായാലും സാരമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

യാത്രികര്‍ ഉത്സാഹപൂര്‍വ്വം ആ യജ്ഞത്തില്‍ പങ്കെടുത്തു. ഒടുവില്‍ ശേഖരണം ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ അത്‌ 14000 ഡോളര്‍ കവിഞ്ഞിരുന്നു! സംഭാവന നല്‍കിയവരുടെ പേര്‌, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം തുകയോടൊപ്പമുണ്ടായിരുന്ന കടലാസ്സില്‍ രേഖപ്പെടുത്തിയിരുന്നു.

ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ച യാത്രികന്‍ വെര്‍ജീനിയയില്‍ നിന്നുള്ള ഒരു എം ഡി ബിരുദധാരിയായിരുന്നു. സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന്‌ അദ്ദേഹം ഉറപ്പു നല്‍കി. ഇക്കാര്യം ഡെല്‍റ്റ എയര്‍ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും, ഈ സംരംഭത്തിന്‌ സംഭാവന നല്‍കാന്‍ അവരോടും അഭ്യര്‍ത്ഥിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞാനീ ലേഖനം എഴുതുന്ന സമയത്ത്‌ ട്രസ്റ്റ്‌ ഫണ്ട്‌ ഒന്നര ദശലക്ഷം ഡോളര്‍ കവിഞ്ഞിരിയ്‌ക്കുന്നു. 134 വിദ്യാര്‍ത്ഥികളെ കോളേജ്‌ വിദ്യാഭ്യാസത്തിന്‌ സഹായിയ്‌ക്കുകയും ചെയ്‌തുകഴിഞ്ഞിരിയ്‌ക്കുന്നു.

നല്ല കഥകള്‍ ആവശ്യമായി വന്നിരിയ്‌ക്കുന്നൊരു സമയമാണിപ്പോള്‍. അതുകൊണ്ടാണ്‌ ഞാനീ കഥ പങ്കുവയ്‌ക്കാന്‍ തീരുമാനിച്ചത്‌. ആകാശത്തുനിന്ന്‌ പെട്ടെന്നു വന്നിറങ്ങിയ, നിസ്സഹായരായ ഒരു കൂട്ടം അപരിചിതരോട്‌ ഒരു വിദൂരദേശത്തെ കുറേ മനുഷ്യര്‍ കാണിച്ച ദയവ്‌ ലോകത്തെപ്പറ്റി പ്രതീക്ഷയ്‌ക്കു വക നല്‍കുന്നു. ലോകത്ത്‌ വളരെയധികം നന്മയുണ്ടെന്ന്‌ അതോര്‍മ്മിപ്പിയ്‌ക്കുന്നു. ഇന്നത്തെ ലോകത്ത്‌ അസ്വാസ്ഥ്യജനകമായ കാര്യങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ ഇതേ ലോകത്തു തന്നെ ഒട്ടേറെ നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ടെന്നും, കാര്യങ്ങള്‍ വഷളാകുമ്പോള്‍ അവര്‍ മുന്നോട്ടു വരുമെന്നും ഈ കഥ നമുക്ക്‌ ഉറപ്പു തരുന്നു. അന്യരുമായി പങ്കു വയ്‌ക്കേണ്ട സല്‍ക്കഥകളിലൊന്നാണിത്‌. ദയവായി ഇതു പങ്കു വയ്‌ക്കുക.

ഡെല്‍റ്റ ഫ്‌ലൈറ്റ്‌ നമ്പര്‍ 15ലെ ഫ്‌ലൈറ്റ്‌ അറ്റന്റന്റ്‌ ആയ നസീം എഴുതിയ ലേഖനം ഇവിടെ അവസാനിയ്‌ക്കുന്നു.

ഗ്യാന്ററിലൂടെ കടന്നുപോകേണ്ടിവന്ന യാത്രികരില്‍ നിരവധിപ്പേര്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ കത്തുകളെഴുതി. പിറ്റ്‌സ്‌ബര്‍ഗ്‌ പോസ്റ്റ്‌ ഗസറ്റിന്റെ പത്രാധിപര്‍ക്കു കിട്ടിയ ഒരു കത്തിന്റെ സംക്ഷിപ്‌തം താഴെ കൊടുക്കുന്നു:

സെപ്‌റ്റംബര്‍ പതിനൊന്നാം തീയതി അമേരിക്കയിലേയ്‌ക്കു മടങ്ങിക്കൊണ്ടിരുന്ന യുഎസ്‌ എയര്‍വേയ്‌സ്‌ ഫ്‌ലൈറ്റ്‌ മൂന്നിലെ യാത്രികരെ ഉള്ളഴിഞ്ഞു സഹായിച്ച ക്യാനഡക്കാരോട്‌ ഞങ്ങള്‍ക്കുള്ള കൃതജ്ഞത പ്രകാശിപ്പിയ്‌ക്കാന്‍ വേണ്ടിയാണ്‌ ഈ കത്തെഴുതുന്നത്‌. പകല്‍ ഒന്നരയ്‌ക്ക്‌ ഞങ്ങളുടെ ഫ്‌ലൈറ്റിന്‌ ഗ്യാന്ററില്‍ ഇറങ്ങേണ്ടി വന്നു. ന്യൂയോര്‍ക്കിലും പെന്റഗണിലും പിറ്റ്‌സ്‌ബര്‍ഗിനു പുറത്തും നടന്ന സംഭവങ്ങളെപ്പറ്റി ഞങ്ങളറിഞ്ഞത്‌ അവിടെ വച്ചാണ്‌.

വിമാനത്തിനുള്ളില്‍ ഇരുപത്തിമൂന്നു മണിക്കൂര്‍ നേരം ഇരുന്ന ശേഷമാണ്‌ ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങാനുള്ള അനുവാദം കിട്ടിയത്‌. തുടര്‍ന്ന്‌ ഞങ്ങളെ നാല്‌പത്തഞ്ചു മിനിറ്റകലെ, ല്യൂവിസ്‌പോര്‍ട്ടിലെ സാല്‍വേഷന്‍ ആര്‍മിയുടെ ആസ്ഥാനത്തേയ്‌ക്ക്‌ കൊണ്ടുപോയി. ല്യൂവിസ്‌പോര്‍ട്ടിലെ ജനത ദിവസവും മൂന്നു നേരം വീതം ഞങ്ങളെ ഊട്ടി. കമ്പിളി, ടൂത്ത്‌ബ്രഷ്‌, തുടങ്ങി ഞങ്ങള്‍ക്കാവശ്യമുള്ള എല്ലാ വസ്‌തുക്കളും നല്‍കി. സാല്‍വേഷന്‍ ആര്‍മിയോടു ചേര്‍ന്നുള്ള ചെറു സ്‌കൂള്‍ ക്ലാസ്സുകളെല്ലാം റദ്ദു ചെയ്‌ത്‌ അവ ഞങ്ങളുടെ കുളിപ്പുരകളാക്കി മാറ്റി. സ്‌കൂളിലെ കമ്പ്യൂട്ടര്‍ മുറി ഞങ്ങള്‍ക്ക്‌ ഈമെയിലയയ്‌ക്കാന്‍ വേണ്ടി തുറന്നുതന്നു.

അമേരിക്കയില്‍ നടന്ന സംഭവങ്ങളെപ്പറ്റിയും അമേരിക്കയിലെ ബന്ധുക്കളുടെ സുരക്ഷയെപ്പറ്റിയുമുള്ള ഉത്‌കണ്‌ഠ മൂലം വ്യാകുലരായിരുന്ന ഞങ്ങളെ സന്തോഷിപ്പിയ്‌ക്കാന്‍ ആതിഥേയര്‍ തീവ്രയത്‌നം നടത്തി. അവര്‍ തങ്ങളുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച്‌ ഞങ്ങള്‍ക്കുള്ള ആഹാരം പാചകം ചെയ്‌തു. ഗ്യാന്ററില്‍ ചെലവഴിയ്‌ക്കേണ്ടിവന്ന അഞ്ചുദിവസങ്ങളിലെ സന്ദിഗ്‌ദ്ധാവസ്ഥയില്‍ ഏകാന്തതയും നിസ്സഹായാവസ്ഥയും ഞങ്ങളറിയാതിരിയ്‌ക്കാന്‍ വേണ്ടി അവര്‍ ശ്രദ്ധിച്ചു. ഒടുവില്‍ മടങ്ങിപ്പോകാനുള്ള അനുവാദം ലഭിച്ചപ്പോള്‍ ഞങ്ങളോട്‌ അതിരറ്റ സ്‌നേഹം കാണിച്ചിരുന്ന ആതിഥേയരോട്‌ വേദനയോടെയാണ്‌ ഞങ്ങള്‍ യാത്ര പറഞ്ഞത്‌. ഈ അനുഭവത്തെപ്പറ്റിയുള്ള സ്‌മരണ ഞങ്ങളിലെന്നുമുണ്ടാകും. ഈ ലോകത്ത്‌ ഞങ്ങള്‍ക്ക്‌ ശത്രുക്കളേക്കാള്‍ കൂടുതല്‍ മിത്രങ്ങളുണ്ടെന്ന്‌ ആ അനുഭവം തെളിയിച്ചു. മിത്രങ്ങള്‍ സമീപം തന്നെയുണ്ടെന്നതും ഞങ്ങള്‍ക്ക്‌ വലുതായ ആശ്വാസം തരുന്നു.

ക്ലീവ്‌ലന്റില്‍ നിന്നുള്ളൊരു കത്ത്‌

പാരീസില്‍ അത്യാഹ്ലാദകരമായ ഒരൊഴിവുകാലം ചെലവഴിച്ചു മടങ്ങുകയായിരുന്നു, ഞങ്ങള്‍. നെവാര്‍ക്കില്‍ നിന്ന്‌ ഒരു മണിക്കൂര്‍ മാത്രം അകലെയായിരിയ്‌ക്കുമ്പോഴാണ്‌ ആ പ്രഖ്യാപനം വന്നത്‌: ന്യൂയോര്‍ക്കിലും വാഷിങ്‌ടണിലും ഭീകരാക്രമണം നടന്നിരിയ്‌ക്കുന്നു; വിമാനം ക്യാനഡയിലെ ന്യൂഫൌണ്ട്‌ലന്റിലുള്ള ഗ്യാന്ററിലേയ്‌ക്കു തിരിച്ചു വിടുന്നു.

ഗ്യാന്ററില്‍ ഇറങ്ങേണ്ടി വന്ന 37 വിമാനങ്ങളില്‍ നാലാമത്തേതായിരുന്നു ഞങ്ങളുടേത്‌. ഏഴുമണിക്കൂര്‍ വിമാനത്തിലിരുന്നു ചെലവഴിച്ച ശേഷം ഇമിഗ്രേഷനിലേയ്‌ക്കു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഞങ്ങളെ കരുണാപൂര്‍വ്വം എതിരേറ്റു. ആരെന്നറിയാത്തൊരു വനിത ഞങ്ങളെ ഊഷ്‌മളമായി ആലിംഗനം ചെയ്‌തുകൊണ്ട്‌ എന്തു സഹായം വേണമെങ്കിലും മടിയ്‌ക്കാതെ ആവശ്യപ്പെട്ടോളാന്‍ പറഞ്ഞു. മാന്‍ഹട്ടനില്‍ ജോലി നോക്കുന്ന രണ്ടാണ്മക്കളെപ്പറ്റി വേവലാതി പൂണ്ടിരിയ്‌ക്കുകയായിരുന്നു, ഞങ്ങളാ സമയത്ത്‌. ആ വനിത ഞങ്ങളെ ഒരു ഫോണിനടുത്തേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി. മൂത്ത മകനുമായി സംസാരിയ്‌ക്കാന്‍ സാധിച്ചു. ഇരുവരും മാന്‍ഹട്ടനില്‍ സുരക്ഷിതരായിരിയ്‌ക്കുന്നെന്ന്‌ മകന്‍ അറിയിച്ചു.

അവിടുന്ന്‌ ഞങ്ങള്‍ സ്‌കൂള്‍ ബസ്സുകളില്‍ കോളേജ്‌ ഓഫ്‌ നോര്‍ത്ത്‌ അറ്റ്‌ലാന്റിക്കിലേയ്‌ക്കു പോയി. നിരവധി സാധാരണ ജനങ്ങള്‍ ഞങ്ങളെ കാണാന്‍ വന്നു. ഞങ്ങള്‍ മുന്നൂറു യാത്രക്കാര്‍ക്കും അവര്‍ ആത്മാര്‍ത്ഥമായ സ്വാഗതമോതി. അവര്‍ തങ്ങളുടെ വീടുകളില്‍ നിന്ന്‌ കമ്പിളികളും തലയിണകളും കൊണ്ടുവന്നു തന്നു. ഞങ്ങളവിടെ രണ്ടു രാത്രിയും മൂന്നു പകലും കഴിച്ചുകൂട്ടി. ആവശ്യത്തിനു കട്ടിലുകള്‍ ലഭ്യമല്ലാഞ്ഞതുകൊണ്ട്‌ ഞങ്ങള്‍ നിലത്തു കിടന്നു. ഒരേ ക്ലാസ്സുമുറി മറ്റ്‌ പതിനെട്ടു പേരും ഒരു നായയുമായി ഞങ്ങള്‍ പങ്കിട്ടു.

ഓരോരുത്തരും അന്യരുടെ ക്ഷേമത്തില്‍ ശ്രദ്ധവച്ചു. ഞങ്ങളുടെ ആവശ്യങ്ങള്‍ അപ്പപ്പോള്‍ അറിയാനും അവ നിറവേറ്റിത്തരാനും വേണ്ടി ഒരു വനിത തന്റെ മറ്റെല്ലാ ജോലികള്‍ക്കും അവധി നല്‍കി. ഞങ്ങള്‍ മടങ്ങിപ്പോരുന്ന സമയത്ത്‌ അവര്‍ വിമാനത്താവളത്തില്‍ പോലും വന്ന്‌ ഞങ്ങളുടെ ക്ഷേമമന്വേഷിച്ചു. ആ വനിതയുടെ മുഖത്ത്‌ സദാ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. അവരൊരു കാപ്പിക്കട നടത്തിയിരുന്നു. അവരും അയല്‍ക്കാരും കൂടി ഞങ്ങള്‍ക്കായി ആഹാരം പാകം ചെയ്‌ത്‌ ക്യാസ്സറോളില്‍ ചൂടോടെ കൊണ്ടുവന്നു. ഈമെയില്‍ ഉപയോഗിയ്‌ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ സഹായിച്ചു. ഞങ്ങള്‍ക്ക്‌ ഫോണുപയോഗിച്ച്‌ കുടുംബവുമായി സംസാരിയ്‌ക്കാനും സാധിച്ചു. സാമ്പത്തികശക്തിയുള്ള സ്ഥാപനങ്ങളൊന്നും ഈ സേവനങ്ങളുടെ പിന്നിലുണ്ടായിരുന്നില്ല. അയല്‍ക്കാരോടും സുഹൃത്തുക്കളോടും ഞങ്ങളെ സഹായിയ്‌ക്കാന്‍ വേണ്ടി മുന്നോട്ടു വരണമെന്ന അഭ്യര്‍ത്ഥന മാത്രമായിരുന്നു, അവയുടെ പിന്നിലെ പ്രചോദനം.

ന്യൂഫൌണ്ട്‌ലന്റിലെ ഗ്യാന്ററിനെപ്പറ്റിയോര്‍ക്കുമ്പോഴൊക്കെ ക്യാനഡയിലെ അയല്‍ക്കാരും സുഹൃത്തുക്കളും ചൊരിഞ്ഞ ദയയും നന്മയും ഓര്‍ത്തുപോകും. ല്യൂവിസ്‌പോര്‍ട്ടിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ്‌ ഡെല്‍റ്റ 15 കോളേജ്‌ സ്‌കോളര്‍ഷിപ്പ്‌ സ്ഥാപിച്ചത്‌. ഡെല്‍റ്റ ഫ്‌ലൈറ്റ്‌ 15ലെ യാത്രികരുടേയും ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും കൂട്ടായ സംരംഭമായിരുന്നു, അത്‌.

ന്യൂഫൌണ്ട്‌ലന്റ്‌ ആന്റ്‌ ലാബ്രഡോര്‍ പ്രവിശ്യയിലെ മാത്രമല്ല, ക്യാനഡയ്‌ക്കു കുറുകെയുള്ള മറ്റു പല പട്ടണങ്ങളും യാത്ര പകുതിവഴിയില്‍ മുടക്കേണ്ടി വന്ന യാത്രികരെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചിരുന്നു. അവയോടും നാം കൃതജ്ഞരാണ്‌.

ബാര്‍ബറ ക്രോസെറ്റ്‌ 2001 നവംബര്‍ 18നെഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനവും താഴെ കൊടുക്കുന്നു:

അതൊരു ഹ്രസ്വമായ, മധുരമുള്ള കഥ മാത്രമാകാമായിരുന്നു: വിമാനങ്ങള്‍ തിരിച്ചു വിടപ്പെടുന്നു, നിസ്സഹായരായ യാത്രികരെ സഹായിയ്‌ക്കാന്‍ തദ്ദേശവാസികള്‍ മുന്നോട്ടു വരുന്നു, തുടര്‍ന്ന്‌ കൃതജ്ഞതക്കുറിപ്പുകളും സമ്മാനങ്ങളും പ്രവഹിയ്‌ക്കുന്നു.

സെപ്‌റ്റംബറിലെ ഭീതിജനകമായ ഒരാഴ്‌ച ന്യൂഫൌണ്ട്‌ലന്റില്‍ സംഭവിച്ചത്‌ അവയെല്ലാമായിരുന്നു. പക്ഷേ, തുടര്‍ന്നുള്ള രണ്ടു മാസത്തിനിടയില്‍ ആ കഥ വളര്‍ന്നുകൊണ്ടിരുന്നു. പ്രായേണ ഏകാന്തവാസികളായിരുന്ന അര ഡസന്‍ സമൂഹങ്ങളെ ആകാശത്തു നിന്നു വന്നിറങ്ങിയ അപരിചിതര്‍ ആലിംഗനം ചെയ്‌ത്‌ അവരുടെ ജീവിതം തന്നെ എങ്ങനെ മാറ്റി മറിച്ചു എന്നതേപ്പറ്റി മൈലുകളോളം അകലെ, ചെറുഗ്രാമങ്ങളില്‍പ്പോലുമുള്ള ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നു.

അതെല്ലാം തുടങ്ങിയപ്പോള്‍ ഗ്രെഗ്‌ കിംഗ്‌ അവിടെയുണ്ടായിരുന്നു. സെപ്‌റ്റംബര്‍ പതിനൊന്നാം തീയതി ഗ്യാന്റര്‍ വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക്‌ കണ്‍ട്രോളറായി അദ്ദേഹം സേവനമനുഷ്‌ഠിയ്‌ക്കുകയായിരുന്നു. ഒരു കാലത്ത്‌ ഉത്തര അറ്റ്‌ലാന്റിക്ക്‌ സഞ്ചാരത്തിന്റെ കേന്ദ്രമായിരുന്നു ഗ്യാന്റര്‍. എന്നാലിപ്പോള്‍ അധികം വിമാനങ്ങള്‍ ഗ്യാന്റര്‍ സന്ദര്‍ശിയ്‌ക്കാറില്ല. മുകളിലൂടെ പറന്നു പോകുന്നവയെ നിയന്ത്രിയ്‌ക്കുകയാണ്‌ ഇപ്പോള്‍ ഗ്യാന്റര്‍ കൂടുതലും ചെയ്‌തുവരുന്നത്‌. സെപ്‌റ്റംബര്‍ പതിനൊന്നാംതീയതിയിലെ ആ പ്രഭാതത്തില്‍ യൂറോപ്പില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേയ്‌ക്കും മറ്റു നഗരങ്ങളിലേയ്‌ക്കുമുള്ള പതിവു വിമാനങ്ങളെ കൈകാര്യം ചെയ്യാനൊരുങ്ങുമ്പോഴാണ്‌ വിമാനങ്ങളുടെ നിരകള്‍ക്കായി ആകാശം തുറന്നുകൊടുക്കാനുള്ള അടിയന്തിരസന്ദേശം കിംഗിനു കിട്ടുന്നത്‌.

ഉടന്‍ തന്നെ ഗ്യാന്ററില്‍ ഇറങ്ങാനുള്ള നിര്‍ദ്ദേശം മുപ്പത്തെട്ടു വിമാനങ്ങള്‍ക്കു നല്‍കേണ്ടി വന്നു. രാത്രി തങ്ങളോടൊപ്പം തങ്ങാന്‍ വേണ്ടി അപരിചിതരെ കൊണ്ടുവരുമെന്ന്‌ ഭാര്യയെ വിളിച്ചറിയിയ്‌ക്കാനുള്ള സാവകാശം പോലും അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേയ്‌ക്ക്‌ കിംഗിനു കിട്ടിയില്ല. ആ തിരക്കിനിടയില്‍ എയര്‍പോര്‍ട്ട്‌ ടെര്‍മിനലിനേക്കാള്‍ വലിപ്പമുള്ളൊരു എയര്‍ ഫ്രാന്‍സ്‌ ബോയിംഗ്‌ 747 വിമാനത്തെ കണ്ടത്‌ കിംഗ്‌ ഓര്‍ക്കുന്നുണ്ട്‌.

ആകെ പതിനായിരം പേരും 550 ഹോട്ടല്‍ മുറികളും മാത്രമുള്ള ഗ്യാന്റര്‍ പട്ടണത്തിന്‌ 6579 യാത്രികര്‍ക്കും വിമാനോദ്യോഗസ്ഥര്‍ക്കും വേണ്ടി കിടക്കകളും ഭക്ഷണവും കണ്ടെത്തേണ്ടി വന്നു. ന്യൂഫൌണ്ട്‌ലന്റ്‌ ആന്റ്‌ ലാബ്രഡോര്‍ പ്രവിശ്യയിലെ മറ്റ്‌ വിമാനത്താവളങ്ങളിലും അപ്രതീക്ഷിതമായി വന്നിറങ്ങിയ യാത്രികരുണ്ടായിരുന്നെങ്കിലും, ഗ്യാന്ററിലെപ്പോലുള്ള ഗുരുതരാവസ്ഥ അവിടങ്ങളിലുണ്ടായില്ല.

`വിമാനയാത്രയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല,' ഗ്യാന്റര്‍ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിയുടെ ചെയര്‍മാന്‍ ടെറി പാഴ്‌സണ്‍സ്‌ പറഞ്ഞു. ഭാഗ്യവശാല്‍ ഗ്യാന്ററിലെ റണ്‍വേ നീളമുള്ളതാണ്‌. മാത്രമല്ല, ഗ്യാന്റര്‍ എയര്‍പോര്‍ട്ടിന്‌ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനവുമുണ്ട്‌. ഗ്യാന്ററില്‍ ദേവാലയങ്ങളും സേവനക്ലബ്ബുകളും ഡോക്ടര്‍മാരും കടയുടമകളുമുണ്ട്‌. ഇവയേക്കാളെല്ലാമുപരി, നല്ല അയല്‍ക്കാര്‍ക്കുണ്ടാവേണ്ട മൂല്യങ്ങള്‍ ക്യാനഡയുടെ ഇതരഭാഗങ്ങളില്‍ വിരളമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും ഗ്യാന്ററിലെ ജനതയില്‍ അവ ഇപ്പോഴുമുണ്ട്‌.'

`ഞങ്ങള്‍ക്ക്‌ ജനങ്ങളെ സഹായിച്ച്‌ ഏറെ പരിചയമുണ്ട്‌,' മേയര്‍ ക്ലോഡ്‌ എലിയട്ട്‌ പറഞ്ഞു. പ്രക്ഷുബ്ധമായ കടലും കാഠിന്യമുള്ള കാലാവസ്ഥയും അസ്ഥിരമായ സാമ്പത്തികനിലയുമുള്ള ആ പ്രദേശത്തെ ജീവിതപരിതസ്ഥിതികളെക്കുറിച്ചു സംസാരിയ്‌ക്കുകയായിരുന്നു, അവര്‍. `യാത്രികര്‍ എവിടെയാണ്‌ എത്തിച്ചേര്‍ന്നിരിയ്‌ക്കുന്നതെന്ന്‌ അവരെ പറഞ്ഞു മനസ്സിലാക്കുന്നതായിരുന്നു ഞങ്ങള്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം.'

വിമാനങ്ങള്‍ നിലത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ടൌണ്‍ മാനേജരായ ജേയ്‌ക്ക്‌ ടേണര്‍ പ്രവര്‍ത്തനം തുടങ്ങി. സാല്‍വേഷന്‍ ആര്‍മിയിലെ മേജര്‍ റോണ്‍ സ്റ്റക്‌ള്‍ലെസ്സുമായിച്ചേര്‍ന്ന്‌ കിടക്കകള്‍ ശേഖരിയ്‌ക്കാന്‍ കനേഡിയന്‍ റെഡ്‌ ക്രോസ്സിലെ ഡെസ്‌ ഡില്ലനോട്‌ ടേണര്‍ ആവശ്യപ്പെട്ടു. വന്‍തോതിലുള്ള ആഹാരശേഖരണത്തിന്റെ ഏകോപകനുമായിരുന്നു മേജര്‍ സ്റ്റക്‌ള്‍ലെസ്സ്‌. ആ ശേഖരണം മൈലുകളോളം അകലത്തിലുള്ള റെഫ്രിജറേറ്ററുകളെ കാലിയാക്കി. സ്ഥലത്തെ സഹകരണ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ശീതീകരിച്ച ഒരു ട്രക്കു നിറയെ മാംസവും മറ്റ്‌ ഭക്ഷണപദാര്‍ത്ഥങ്ങളുമായെത്തി. സെന്റ്‌ മാര്‍ട്ടിന്‍സ്‌ ആംഗ്ലിക്കന്‍ ചര്‍ച്ചിലെ കുശിനിയില്‍ ഹില്‍ഡ ഗുഡ്ഡിയര്‍ ഒരു ലുഫ്‌താന്‍സാ വിമാനത്തിലെ യാത്രികര്‍ക്കുള്ള ആഹാരം തയ്യാറാക്കാന്‍ വേണ്ടി നാല്‌പത്തെട്ടു മണിക്കൂര്‍ ഉറക്കമൊഴിച്ചു പ്രവര്‍ത്തിച്ചു.

ന്യൂഫൌണ്ട്‌ലന്റിന്റെ കിറ്റിവേക്ക്‌ തീരത്തുള്ളൊരു ദ്വീപായ ട്വില്ലിംഗേയ്‌റ്റ്‌ ഗ്യാന്ററില്‍ നിന്ന്‌ വളരെയകലെയാണ്‌. അവിടുത്തെ ജനങ്ങള്‍ ഇരുനൂറു പേര്‍ക്കുള്ള സാന്റ്‌വിച്ചും സൂപ്പും കൊണ്ട്‌ ഒന്നര മണിക്കൂര്‍ വാഹനമോടിച്ച്‌ ഗ്യാന്ററിലെത്തി അവ യാത്രികര്‍ക്കു നല്‍കി. അവിചാരിതമായ സംഭവവികാസങ്ങള്‍ നടുക്കിക്കളഞ്ഞ, ക്ഷീണിതരായ യാത്രികര്‍, ലഗ്ഗേജൊന്നുമെടുക്കാനാകാതെ വിമാനങ്ങളില്‍ നിന്നു പുറത്തിറങ്ങി, കര്‍ക്കശമായ നിരീക്ഷണത്തിന്‍ കീഴില്‍ ടെര്‍മിനലിലെത്തിയപ്പോള്‍ അവരെ എതിരേറ്റത്‌ സ്‌നേഹസമ്പന്നരായ ജനതയാണ്‌.

ചില പ്രത്യേക ആ!വശ്യങ്ങളും ചില യാത്രികര്‍ക്കുണ്ടായിരുന്നു. യാഥാസ്ഥിതികരായ ഒരു യഹൂദക്കുടുംബത്തിന്‌ വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലക്കാരന്‍ വഴി യഹൂദരുടെ ഭക്ഷണനിയമമായ `കാഷ്‌റുത്‌' അനുസരിച്ചുള്ള `കോഷര്‍' ഭക്ഷണവും, അതു വിളമ്പാനുള്ള പാത്രങ്ങളും അത്യാ!വശ്യമായിരുന്നു. കാള്‍ സ്‌മിത്തും പത്‌നി എത്‌നയും അവ സംഘടിപ്പിച്ചു കൊടുത്തു. ഗ്യാന്റര്‍ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ മോള്‍ഡോവയില്‍ നിന്നുള്ള നാല്‌ അഭയാര്‍ത്ഥിക്കുടുംബങ്ങളുണ്ടായിരുന്നു. അവര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയാമായിരുന്നില്ല. അവര്‍ പരിഭ്രാന്തരുമായിരുന്നു. ഗ്യാരി ഹൌസും പത്‌നി ഡോണയും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുകയും അവരെ ആശ്വസിപ്പിയ്‌ക്കുകയും ചെയ്‌തു.

കടല്‍ത്തീരപട്ടണമായ ല്യൂവിസ്‌പോര്‍ട്ടിലെ ആകെ ജനസംഖ്യ 4000 മാത്രമായിരുന്നു. അപ്രതീക്ഷിതമായി വന്നിറങ്ങിയ 773 യാത്രികര്‍ക്കാണ്‌ അവര്‍ അഭയമരുളിയിരുന്നത്‌. കണ്ണുനീരോടെയാണ്‌ യാത്രികര്‍ ഒടുവില്‍ യാത്രപറഞ്ഞു പോയത്‌. സ്‌നേഹപൂര്‍വ്വം ആശ്ലേഷിയ്‌ക്കുകയും ചെയ്‌തിരുന്നു. മടങ്ങിപ്പോയതിനു ശേഷം അവര്‍ അത്ഭുതകരമായ രീതിയില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ പുതിയ ലൈറ്റിംഗ്‌ സംവിധാനം യാത്രികരുടെ സംഭാവനകളിലൊന്നായിരുന്നു. 19000 ഡോളറിന്റെ ഒരു സ്‌കോളര്‍ഷിപ്പ്‌ ഫണ്ടും യാത്രികര്‍ ഏര്‍പ്പെടുത്തി. ആ ഫണ്ട്‌ വളര്‍ന്നുകൊണ്ടേയിരിയ്‌ക്കുന്നെന്ന്‌ മേയര്‍ ബില്‍ ഹൂപ്പര്‍ പറഞ്ഞു.

ആകെ 51000 ഡോളറിലേറെ ഗ്യാന്ററിലേയ്‌ക്ക്‌ സംഭാവന ചെയ്യപ്പെട്ടിട്ടുണ്ട്‌. യാത്രികര്‍ക്കു നല്‍കിയ ആതിഥ്യത്തിന്‌ യാതൊരു പ്രതിഫലവും ആരും ആവശ്യപ്പെട്ടിരുന്നില്ല.

2001 സെപ്‌റ്റംബറിലെ ആ അഞ്ചു ദിവസങ്ങളോടെ തുടങ്ങിയ ഈമെയില്‍ സന്ദേശങ്ങളുടേയും സമ്മാനങ്ങളുടേയും ഫോട്ടോകളുടേയും ക്ഷണങ്ങളുടേയും പ്രവാഹം ഇന്നും നിലച്ചിട്ടില്ല. അവയെല്ലാം ന്യൂഫൌണ്ട്‌ലന്റുകാരെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്‌. അതിനു മുമ്പ്‌ `ന്യൂഫികള്‍' ക്യാനഡയുടെ മറ്റു ഭാഗങ്ങളിലുള്ളവരുടെ പരിഹാസപാത്രങ്ങളാകുകയായിരുന്നു പതിവ്‌. `ന്യൂഫൌണ്ട്‌ലന്റുകാര്‍ നിരാശരായിരുന്നു. അവരുടെ സംസാരഭാഷയിലുള്ള വ്യത്യാസം മൂലം അവര്‍ പരിഹസിയ്‌ക്കപ്പെട്ടിരുന്നു. `ഗൂഫി ന്യൂഫീ' എന്ന പേരില്‍ ന്യൂഫൌണ്ട്‌ലന്റുകാരെ പരിഹസിച്ചുകൊണ്ട്‌ നിരവധി ഫലിതങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.' ഹൌസ്‌ ആവേശത്തോടെ തുടര്‍ന്നു. `എന്നാലിന്ന്‌, ഞങ്ങളെ എല്ലാവരും ആദരിയ്‌ക്കുന്നു. എല്ലാവര്‍ക്കും ഞങ്ങളിന്നു നല്ലവരാണ്‌.'

`സ്വന്തം മൂല്യത്തെപ്പറ്റിയുള്ള ചെറിയൊരു ബോധം ആ സംഭവം ന്യൂഫൌണ്ട്‌ലന്റുകാരിലുണ്ടാക്കി,' പെന്‍ഷന്‍ പറ്റിയ സ്‌കൂളദ്ധ്യാപകനും ലൈബ്രേറിയനുമായ ഹൌസ്‌ പറഞ്ഞു. ബാര്‍ബറ ക്രോസെറ്റിന്റെ ലേഖനം ഇവിടെ അവസാനിയ്‌ക്കുന്നു.

2001 സെപ്‌റ്റംബര്‍ പതിനൊന്നാം തീയതിയിലെ ചില സംഭവങ്ങള്‍

7:59 AM അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 11 (ബോയിംഗ്‌ 767 ജെറ്റ്‌ലൈനര്‍) ലോസാഞ്ചലസ്സിലേയ്‌ക്കുള്ള യാത്രയ്‌ക്കായി ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു പുറപ്പെടുന്നു.

8:15 AM അമേരിക്കന്‍ ആകാശത്ത്‌ ആകെ 3624 വിമാനങ്ങള്‍

8:23 AM `വി ഹാവ്‌ സം പ്ലെയിന്‍സ്‌...' അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 11 ഹൈജാക്കു ചെയ്‌തയാള്‍ പറയുന്നത്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ കേള്‍ക്കുന്നു.

8:46 AM ലോസാഞ്ചലസ്സിലേയ്‌ക്കുള്ള യാത്രയ്‌ക്കായി ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു പറന്നുയര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 11 (ബോയിംഗ്‌ 767 ജെറ്റ്‌ലൈനര്‍) ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ വടക്കേ ടവറില്‍ (`1 വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍'), 93, 99 എന്നീ നിലകള്‍ക്കിടയില്‍ ഇടിയ്‌ക്കുന്നു. സ്‌പീഡ്‌ ഏകദേശം 710 കി.മീറ്റര്‍.

9:03 AM ലോസാഞ്ചലസ്സിലേയ്‌ക്കുള്ള യാത്രയ്‌ക്കായി ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു പറന്നുയര്‍ന്ന യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 175 (ബോയിംഗ്‌ 767 ജെറ്റ്‌ലൈനര്‍) വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തെക്കേ ടവറില്‍ (`2 വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍'), 77, 85 എന്നീ നിലകള്‍ക്കിടയില്‍ ഇടിയ്‌ക്കുന്നു. സ്‌പീഡ്‌ ഏകദേശം 870 കി.മീറ്റര്‍.

ആകെ പതിനൊന്നു ഫ്‌ളൈറ്റുകള്‍ ഹൈജാക്കു ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ സംശയിയ്‌ക്കുന്നു. ആകാശം വഴിയുള്ള ആക്രമണം തടയാന്‍ വേണ്ടി ആകാശം ശൂന്യമാക്കാന്‍ അമേരിക്ക തീരുമാനിച്ചു.

9:03 -9:07 AM ന്യൂയോര്‍ക്ക്‌ & ബോസ്റ്റണ്‍ മേഖലയിലെ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ ഫ്‌ലൈറ്റുകള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും തടഞ്ഞു.

9:08 -9:11 AM രാഷ്ട്രത്തിലെ എല്ലായിടങ്ങളില്‍ നിന്നും ന്യൂയോര്‍ക്ക്‌ & ബോസ്റ്റണ്‍ മേഖലയിലേയ്‌ക്കോ മേഖലയിലൂടെയോ ഉള്ള എല്ലാ ഫ്‌ലൈറ്റുകളുടേയും പുറപ്പെടല്‍ തടഞ്ഞു.

9:25 AM ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ പറന്നുയരല്‍, രാഷ്ട്രമൊട്ടാകെ, തടഞ്ഞു.

9:35 AM യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 93 അനധികൃതമായി പറന്നുയരുന്നു. അത്‌ ഹൈജാക്കു ചെയ്യപ്പെട്ടിരിയ്‌ക്കുന്നതായി സംശയമുയരുന്നു.

9:38 AM അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 77 പെന്റഗണില്‍ ഇടിയ്‌ക്കുന്നു.

9:45 AM എല്ലാ വിമാനങ്ങളും ഉടന്‍ നിലത്തിറങ്ങണമെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഉത്തരവിടുന്നു.

9:59 AM തെക്കേ ടവര്‍ തകരുന്നു.

10:06 AM യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ ഫ്‌ലൈറ്റ്‌ 93 പെന്‍സില്‍വേനിയയിലെ ഷാങ്ക്‌സ്‌വില്ലില്‍ തകര്‍ന്നു വീഴുന്നു.

10:29 AM വടക്കേ ടവര്‍ തകരുന്നു.

പ്രസക്തമായ ചില വിവരങ്ങള്‍

ഭീകരാക്രമണം നടന്നുകൊണ്ടിരിയ്‌ക്കുമ്പോള്‍ തിരിച്ചു വിട്ട വിമാനങ്ങള്‍ മിനിറ്റില്‍ രണ്ടു വീതം കനേഡിയന്‍ ആകാശത്ത്‌ പ്രവേശിച്ചുകൊണ്ടിരുന്നു. ട്രാന്‍സ്‌ അറ്റ്‌ലാന്റിക്ക്‌ റൂട്ടില്‍ ക്യാനഡയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു, ഗ്യാന്റര്‍. അവിടെ വീതിയേറിയ 39 വിമാനങ്ങള്‍ വന്നിറങ്ങി. ക്യാനഡയിലെ ഹാലിഫാക്‌സ്‌ അന്താരാഷ്ട്ര വിമാനത്താവളം 40 വിമാനങ്ങളെ സ്വീകരിച്ചു. ക്യാനഡയിലെ നോര്‍ത്ത്‌ അറ്റ്‌ലാന്റിക്ക്‌ തീരത്തെ മറ്റ്‌ നാല്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നോര്‍ത്ത്‌ അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ശേഷിച്ച വിമാനങ്ങളെ സ്വീകരിച്ചു. മറുഭാഗത്ത്‌, അതായത്‌ ശാന്തസമുദ്രത്തിന്റെ ഭാഗത്ത്‌, നിന്നുള്ള വലിപ്പമേറിയ വിമാനങ്ങള്‍ക്ക്‌ ഇറങ്ങാവുന്നതായി ക്യാനഡയുടെ പടിഞ്ഞാറന്‍ തീരത്ത്‌ ഒരേയൊരു വിമാനത്താവളം മാത്രമേ ഉണ്ടായിരുന്നുള്ളു. അത്‌ വാങ്കൂവറിലായിരുന്നു. അവിടെ 34 ഫ്‌ലൈറ്റുകള്‍ ഇറങ്ങി. അവയില്‍ 8500 യാത്രികരുണ്ടായിരുന്നു.

എന്തുകൊണ്ട്‌ തിരിച്ചു വിട്ടു

`വി ഹാവ്‌ സം പ്ലെയിന്‍സ്‌' എന്ന്‌ ഭീകരിലൊരാള്‍ പറയുന്നത്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ കേട്ടിരുന്നെന്ന്‌ പറഞ്ഞുവല്ലോ. ആ സമയത്ത്‌ മൂവായിരത്തറുനൂറോളം വിമാനങ്ങള്‍ അമേരിക്കന്‍ ആകാശത്തുണ്ടായിരുന്നു. ആകെ പതിനൊന്നു വിമാനങ്ങള്‍ ഹൈജാക്കു ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ സംശയിച്ചു. അതിനു പുറമെ, അഞ്ഞൂറോളം വിമാനങ്ങള്‍ അമേരിക്കയിലേയ്‌ക്ക്‌ വന്നുകൊണ്ടിരിയ്‌ക്കുകയുമായിരുന്നു. ഇവയില്‍ അപകടം പതിയിരിയ്‌ക്കുന്നത്‌ ഏതിലെല്ലാമെന്ന്‌ അറിയാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. ആകാശം വഴിയുള്ള ആക്രമണം തടയാന്‍ വേണ്ടി `ആകാശം ശൂന്യമാക്കുക' എന്ന നിര്‍ദ്ദേശം നല്‍കി. വിമാനങ്ങള്‍ക്ക്‌ പറന്നുയരാനുള്ള അനുവാദം നിഷേധിയ്‌ക്കുകയും, എല്ലാ വിമാനങ്ങളേയും നിലത്തിറക്കുകയും, പുറത്തുനിന്നു വരുന്നവയെ തിരിച്ചുവിടുകയും ചെയ്‌തത്‌ ആ തീരുമാനമനുസരിച്ചായിരുന്നു.

ഗ്യാന്റര്‍ ജനതയുടെ വൈശിഷ്ട്യം

എഫ്‌ ഏ ഏയുടെ തീരുമാനത്തിന്റെ ഭാഗമായി ക്യാനഡയില്‍ ഇറങ്ങിയ വിമാനങ്ങളില്‍ ഭീകരര്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ക്യാനഡയില്‍ ഇറങ്ങേണ്ടിവന്ന യാത്രികരില്‍ ഓരോരുത്തരും അവിടെ സംശയദൃഷ്ടിയോടെ വീക്ഷിയ്‌ക്കപ്പെട്ടിരുന്നെങ്കില്‍ അത്‌ തികച്ചും സ്വാഭാ!വികമായേനേ. ഗ്യാന്ററിലെ ജനതയുടെ വൈശിഷ്ട്യം ഇവിടെയാണ്‌ വെളിപ്പെടുന്നത്‌. അവര്‍ സംശയമേതുമില്ലാതെ, യാത്രികരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിച്ച്‌, അവരെ സല്‍ക്കരിയ്‌ക്കാനും ആശ്വസിപ്പിയ്‌ക്കാനും സന്തോഷിപ്പിയ്‌ക്കാനും തീവ്രയത്‌നം നടത്തി. ആ ശ്രമത്തില്‍ അവര്‍ വിജയം കൈവരിയ്‌ക്കുകയും ചെയ്‌തു. ഗ്യാന്ററില്‍ മാത്രമല്ല, യാത്രികരിറങ്ങിയ ക്യാനഡയിലെ മറ്റിടങ്ങളിലും ജനത സ്‌നേഹസമ്പന്നരായിരുന്നു. ചുരുക്കത്തില്‍ ഒരു രാഷ്ട്രത്തിലെ ജനത ആപത്തു നേരിട്ടപ്പോള്‍ അയല്‍രാഷ്ട്രജനത രണ്ടു കൈയ്യും നീട്ടി അവരെ സ്വീകരിച്ച്‌, ആഹാരവും കിടപ്പിടവും പരിചരണവും നല്‍കി സഹായിച്ചു, ആശ്വസിപ്പിച്ചു, സന്തോഷിപ്പിച്ചു.

ഈ ലേഖകന്റെ ചില ചിന്തകള്‍

കൊളംബസ്‌ അമേരിക്ക കണ്ടെത്തിയത്‌ 1492ലായിരുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടനു വേണ്ടി ജിയോവന്നി കാബോട്ടൊ (ജോണ്‍ കാബട്ട്‌) ഇപ്പോള്‍ ക്യാനഡയുടെ ഭാഗമായ ന്യൂഫൌണ്ട്‌ലന്റ്‌ സന്ദര്‍ശിച്ചു. അമേരിക്കയില്‍ യൂറോപ്യന്‍ കോളണികള്‍ സ്ഥാപിയ്‌ക്കപ്പെട്ട കാലഘട്ടത്തില്‍ത്തന്നെ, അതായത്‌ പതിനാറാം നൂറ്റാണ്ടില്‍, ക്യാനഡയിലും അവ സ്ഥാപിയ്‌ക്കപ്പെട്ടു. അങ്ങനെ അമേരിക്കയും ക്യാനഡയും കുടിയേറ്റത്തിലൂടെ സൃഷ്ടിയ്‌ക്കപ്പെട്ട രാഷ്ട്രങ്ങളാണ്‌, സമവയസ്‌കരുമാണ്‌. എങ്കിലും രണ്ടു രാഷ്ട്രങ്ങളിലേയും ജനതകള്‍ സാംസ്‌കാരികമായി വ്യത്യസ്‌തരാണ്‌.

2001 സെപ്‌റ്റംബറിനു ശേഷം ലോകത്ത്‌ ഏറ്റവുമധികം സ്‌നേഹിയ്‌ക്കപ്പെടുന്നൊരു ജനതയായിത്തീര്‍ന്നിരിയ്‌ക്കണം, ക്യാനഡക്കാര്‍. ലോകസമ്പത്തിന്റെ നാലിലൊന്ന്‌ സ്വന്തമാക്കിയിരിയ്‌ക്കുന്ന അമേരിക്കയ്‌ക്കാകട്ടെ, `സെപ്‌റ്റംബര്‍ 11' എന്ന ദുരന്തത്തിനു ശേഷവും സഹതാപത്തേക്കാളേറെ ശത്രുതയാണ്‌ നേടാന്‍ കഴിഞ്ഞിരിയ്‌ക്കുന്നത്‌. ക്യാനഡയില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ട്‌ നാലു പതിറ്റാണ്ടോളമായി. അമേരിക്കയില്‍ അതിപ്പോഴും നിലവിലിരിയ്‌ക്കുന്നു. ഇനിയുമേറെപ്പേരെ വധിയ്‌ക്കേണ്ടിവരും എന്ന തോന്നലുള്ളതു കൊണ്ടായിരിയ്‌ക്കണം, അമേരിക്ക വധശിക്ഷയ്‌ക്ക്‌ പൂര്‍ണ്ണനിരോധം ഏര്‍പ്പെടുത്താത്തത്‌. ഏറ്റവുമധികം തടവുപുള്ളികളുള്ള രാജ്യവും അമേരിക്കയാണ്‌; തടവുപുള്ളികളുടെ അനുപാതം ക്യാനഡയുടേതിന്റെ ഏഴിരട്ടി. പരസ്‌പരനിഗ്രഹത്തിനായി രാഷ്ട്രങ്ങള്‍ക്ക്‌ ഏറ്റവുമധികം ആയുധങ്ങള്‍ വില്‍ക്കുന്നതും അമേരിക്ക തന്നെ: ക്യാനഡ വില്‍ക്കുന്നതിന്റെ മുപ്പത്തൊന്നിരട്ടി. ഏറ്റവും വലിയ അണ്വായുധശേഖരവും ആയുധശേഖരവും അമേരിക്കയുടെ പക്കല്‍ തന്നെ.

ഗ്യാന്റര്‍ജനത സ്‌നേഹസൌഹൃദങ്ങളിലൂടെ കൈമാറിയ സമാധാനസന്ദേശം മനസ്സിലാക്കാന്‍ മിനക്കെടാതെയാണ്‌, ഒമ്പതു ദിവസം മാത്രം കഴിഞ്ഞ്‌, സെപ്‌റ്റംബര്‍ 20ന്‌ അമേരിക്കയും കൂട്ടരും`വാര്‍ ഓണ്‍ ടെറര്‍' പ്രഖ്യാപിച്ചത്‌. അമേരിക്ക `വാര്‍ ഓണ്‍ ടെറര്‍' പ്രഖ്യാപിയ്‌ക്കാതിരിയ്‌ക്കുകയും, പകരം പ്രതിരോധത്തിന്‌ ഊന്നല്‍ നല്‍കുകയും ചെയ്‌തിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്‌. കൊല്ലിനും കൊലയ്‌ക്കും വേണ്ടി നശിപ്പിച്ചുകളഞ്ഞ 2,75,22,000 കോടി രൂപ ലോകനന്മയ്‌ക്കായി ഉപയോഗിച്ചിരുന്നെങ്കില്‍ ലോകത്തു നിന്ന്‌ ദാരിദ്ര്യം തുടച്ചു നീക്കാനും ശാശ്വതസമാധാനം നിലവില്‍ വരുത്താനും ആകുമായിരുന്നു. സെപ്‌റ്റംബര്‍ 11നു പൊലിഞ്ഞുപോയ 2977 ജീവനുകള്‍ക്കുള്ള പ്രതികാരം വീട്ടലില്‍ 66,077 അമേരിക്കക്കാരുള്‍പ്പെടെ 12,49,011 ജീവനുകള്‍ കൂടി പൊലിഞ്ഞു. 419 ഇരട്ടി! മഹാത്മജിയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു:

"An eye for an eye makes the whole world blind'.

കുറിപ്പ്‌: ക്യാനഡയിലെ ഗ്യാന്ററിലും മറ്റിടങ്ങളിലും ഇറങ്ങിയ വിമാനങ്ങളുടേയും യാത്രികരുടേയും തദ്ദേശവാസികളുടേയും എണ്ണത്തില്‍ വ്യത്യാസങ്ങളുണ്ടാകാം.
ഡെല്‍റ്റ ഫ്‌ളൈറ്റ്‌ നമ്പര്‍ പതിനഞ്ച്‌ (ലേഖനം: സുനില്‍ എം.എസ്‌)
Join WhatsApp News
Saji Philip 2015-02-21 21:04:46
What a great article. Proud to be an American!
തരകൻ® ‎ 2015-02-22 07:38:14

ലേഖകന്റെ  ചിന്തകളെ  വിമർശികുന്നില്ല. അമേരിക്കൻ ഐക്യ നാടുകൾ എല്ലാം തികഞ്ഞ  ഒരു രാജ്യമാനന്ന് അവകാശപെടുന്നില. എല്ലാം തികഞ്ഞ വേറൊരു രാജ്ജ്യവും ഉണ്ടന്നും തോന്നുനില്ല. എന്നെ പോലെ ലക്ഷകണക്കിന് കുടിയേറിയ കുടിയേറ്റക്കാരുടെ സോപന സാക്ഷാൽ കാരമാണ് അമേരിക്ക..20 അമേരിക്കൻ ഡോളറും പോക്കെറ്റിൽ വച്ച് വിധ്യഭ്യസത്തിനായി വന്നിരിങ്ങിയ ഒരു കുടിയേറ്റക്കാരൻ ഇന്നെന്തെല്ലാം ആയോ, അതെല്ലാം ഈ രാഷ്ടം തന്ന ദാനമാണ്. എന്റെ ജീവൻ തന്നെ ഈ രാജ്ജ്യത്തിനു സമര്പ്പിക്കുന്നു. ഒന്ന് ചോദിച്ചോട്ടെ? ഒന്നും രണ്ടും ലോകമഹായുദ്ദത്തിന്റെ കാരണം എന്തായിരുന്നു? അതിനും അമേരിക്ക ആണോ കുറ്റക്കാർ? ഇന്നും United Nations -ടെ 22 ശതമാനം ചിലവുകൾ അമേരിക്ക ആണ് വഹിക്കുനത്. ജപ്പാൻ ഒഴികെ മറ്റൊരു സമ്പന്ന രാജ്ജ്യവും  ഈ ഉത്തരവാധിത്യം ഏറ്റെടുക്കാൻ തയാറായിട്ടില്ല. ലോകത്തിന്റെ മറ്റേതൊരു ഭാഗത്തും ദുരിതാശ്വാസം നല്കുന്നത് വേരെ. അമേരിക്കൻ ഐക്ക്യ നാടുകളോട് തുലനം ചെയ്യാൻ മറ്റൊരു രാജ്യവും ഇല്ല-എല്ലാ അർത്ഥത്തിലും.

Kim 2015-02-22 09:55:37
I am a nurse who came here in 70s. When we nurses were in
my country,we were looked upon lowly and treated like slaves.
Needless to say how many families came to enjoy better life
In this country just because they are a nurse\\\'s extended family.
Many of us are not going back and I am proud to be an American.
Amen
Parichithan 2015-02-23 06:42:16
സായിപ്പ് എഴുതിക്കൊടുത്ത - പതിനാലു വർഷങ്ങൾ കഴിഞ്ഞിട്ടും പാടി സുഖിക്കുന്ന - അമ്മൂമ്മക്കഥകൾ! അതു മറ്റുള്ളവരുടെ (സ്വൈരം കളയാൻ) ചെവിയിൽ മൂളി കേൾപ്പിക്കാനും കുറെ കേരളീയർ. സായിപ്പുകൊടുത്ത ബോണ്ടാ തിന്നിട്ടു എഴുതിയ അമ്മൂമ്മക്കഥയിലോന്നാണ് ഇവിടെ വിളംബിയിരിക്കുന്നത് (ഇങ്ങനെ എഴുതിയാൽ ഇ-മലയാളി സാറ് പ്രസിദ്ധീകരിക്കത്തും ഇല്ല. എന്നാലും എഴുതാതെ പറ്റില്ല). ഇത് അരോചകമാണ്, ഫാക്ടുകൾ അറിയാതെ അത്ഭുതങ്ങളുടെ  വർണ്ണന മാത്രമാണ് ചെയ്തിരിക്കുന്നത്. അങ്ങനെ യാത്രക്കാരെ കഴുകിത്തുടയ്ക്കുന്ന നാട്ടുകാരോന്നും ഒരിടത്തും ഇല്ല ഒരു വിമാനം താഴെ ഇറക്കിയാൽ, പ്രത്യേകിച്ചു പട്ടണങ്ങൾ അല്ലെങ്കിൽ. എന്തെങ്കിലും കിട്ടപ്പോരില്ലായെങ്കിൽ ഒരുത്തനും ഒരു -യും ഇവിടെ ചെയ്യില്ല. അതു പോകട്ടെ, (ആമേൻ...) അച്ചായന്മാരെല്ലാം ഈ കഥ വായിച്ചിട്ടോ എന്തോ, ആകെ 'തംശയം' ഉണ്ടായി ഒന്നും പറയാതെ കിട്ടിയ ബോണ്ടായും അടിച്ചു പതുങ്ങിപ്പതുങ്ങി അങ്ങോട്ടും ഇങ്ങോട്ടും നോക്കി കള്ളന്മാരെപ്പോലെ നടക്കുന്നു ഇ-മലയാളിയിൽ ഇതു വന്നപ്പോൾ മുതൽ.

അമേരിക്കയും കാനഡായും കൊടുത്ത സഹായങ്ങളുടെ കഥയും ആഗ്രഹിക്കുന്ന 'ഇല്ലാത്ത സ്പെഷ്യൽ ട്രീറ്റ്മെന്റുകളും'  എഴുതിപ്പാടാൻ എന്തോ ഇപ്പോൾ കിട്ടിയിട്ടുണ്ട്. പക്ഷെ ഇനി എന്താണ് ചെയ്യേണ്ടെതെന്ന് അറിയത്തും ഇല്ല. രണ്ടുപേർ ചേർന്ന് 40-ഉം, പിന്നെ ഓവർ റ്റൈം 40-ഉം-മായി 80 മണിക്കൂറുകൾ വിയർത്തു പണിഞ്ഞു (മണിക്കൂറിനു പതിനഞ്ഞും ഇരുപതും ഡോളർ കമ്പനികൾ പലതും കറമ്പനും പോർട്ടറിക്കനും കൊടുക്കുമ്പോൾ) മണിക്കൂറിനു നാല് ഡോളർ വെച്ചു ഉണ്ടാക്കിയതാ ബോണ്ടാ കഴിച്ചു ബാങ്കിലിട്ടു സൂക്ഷിച്ചത്. അതു മുഴുവനും തന്നെ സ്റ്റേറ്റ്-ലോക്കൽ ടാക്സ്, പ്രീമിയം, സർവീസ്, കണ്‍സൽട്ടിംഗ്, കോച്ചിംഗ് ഫീ, ഡിപ്രിസിയേഷൻ, ഇൻഷുറൻസ്, ലീഗൽ, അറ്റോർണി, പാർക്കിംഗ്, ഷിപ്പിംഗ് ആൻഡ്‌ ഹാൻഡിലിംങ്ങു, സ്റ്റാർട്ടപ്പ് എന്നെല്ലാം പറഞ്ഞും, ആ-ചാർജ്ജ്, ഇ-ഫീസ്, ഈ-പെനാൽടി, ആ-കമ്മീഷൻ ആയി കൊടുത്ത്, ചെറുക്കനു പഠിക്കാൻ കോളേജു ഫണ്ട് ഉണ്ടാക്കിയതു വരെ തിരിച്ചു പിടിച്ചു, ബോണ്ടായും പിന്നെ കഷ്ടി ഉറക്കവും മാത്രം മിച്ചം. നാട്ടിലോട്ടു പോയാൽക്കൊള്ളാമെന്നുണ്ട്, പക്ഷെ ഇത്രേം നല്ല ബോണ്ടാ...കിട്ടില്ല. മാസ്റ്റേഴ്സും, ഫസ്റ്റ് ക്ലാസ്സും, ഒക്കെ സെന്റ്‌ തോമസ് കോളേജിൽ നിന്നും പാലങ്ങാടു യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയതുണ്ട്. എന്നിട്ടും മിനിമം കൂലി തരണം എന്നു ഒരിക്കൽ പറഞ്ഞപ്പോൾ അവിടന്ന് പിരിച്ചു വിട്ടു. പിന്നെ ഒത്തിരി കറങ്ങി നടന്നാണ് ഒരു ജോലി ഒത്തതു. ഒരിക്കലും പിന്നെ കൂലി കൂടുതൽ ചോദിച്ചിട്ടില്ല. ഇപ്പോൾ തിന്നാനും ഇല്ലാന്നു വന്നിരിക്കുന്നു. ചുറ്റും നോക്കുമ്പോൾ സായിപ്പ് വന്നപ്പോൾ മുതൽ അമേരിക്കയിൽ കഴിഞ്ഞു പോരുന്നവനാ അടുത്ത വീട്ടിലെ കറംബൻ റിച്ചാർഡ്‌ എന്ന 'റിച്ചി'. ഇപ്പോഴും കിടന്നു വട്ടം കറങ്ങുന്നു. ഇവിടം മുഴുവൻ കറുത്തവർ. അടിപിടി, മഗ്ഗിംഗ് ഒക്കെ നിത്യവുമുണ്ട്. പക്ഷെ ജോലിക്ക് പോവാൻ സബ്‌വെ അടുത്ത്‌. വെള്ളയുടെ ഭാഗത്ത് മൂന്നിരട്ടി റെന്റ്. രണ്ടുമാസം സെക്ക്യൂരിറ്റിയും മാസം അഡ്വാന്സു പേമെന്റും നല്കണം. എന്നാലും ഇന്ത്യാക്കാരാന്നു പറഞ്ഞാൽ കിട്ടത്തുമില്ല. പിള്ളാരും കറംബരുടെ കൂടെ കളിക്കാനിഷ്ടപ്പെടുന്നു. വെള്ളപ്പിള്ലെർ കൂട്ടിനു ചേർക്കില്ല. ഒന്നും ഗുണം പിടിച്ചു കാണുന്നുമില്ല. ഹൈസ്കൂൾ കഴിയുന്നതോടെ തല തിരിച്ചിലാണ്. പഠിത്തം വേണ്ടാ. ടീവി കാണണം, ബേസു്ബോൾ കളിക്കണം. മുറിയൻ നിക്കറും കാബേജു പാന്റും ഇട്ടു നടന്നു കറങ്ങണം. നാട് വിടാമെന്നു വെച്ചാൽ വിമാനക്കൂലി എത്രാവുമെന്നാ? കയ്യിൽ ഒന്നുമില്ലാതെ എങ്ങനാ ജീവിക്കുക? അല്ല, മില്ല്യനേർസു എത്ര പെരുണ്ടിപ്പോൾ മലയാളികൾ അമേരിക്കയിൽ? പിള്ളാരൊക്കെ എങ്ങനെ കേറി വരുന്നു? നാട്ടിൽ കൊണ്ടു പോയി ഡോക്ടർ ആക്കിയെടുക്കാമായിരുന്നു. ജോലി കിട്ടുമായിരുന്നു പണ്ട്. ഇപ്പോൾ അതും പാടാന്നു കേള്ക്കുന്നു. എന്താ ചെയ്ക? അപ്പോഴാ ഡൽറ്റായുടെ കഥകൾ! വായിച്ചിട്ട് തെറിയാ വായിൽ വരുന്നേ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക