Image

സ്വപ്‌നഭൂമിക(നോവല്‍: 14 - മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 21 February, 2015
സ്വപ്‌നഭൂമിക(നോവല്‍: 14 - മുരളി ജെ. നായര്‍)

പതിനാല്
ഇക്കൊല്ലം വിന്ററിന്റെ കാഠിന്യം നേരത്തേ തന്നെ തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രി കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. നാലിഞ്ചു വരെ സ്‌നോ വീണിട്ടുണ്ട്.
 രാവിലെ മുതലുള്ള തണുത്ത കാറ്റികാരണം വീണ സ്‌നോയുടെ ഉപരിതലം ഐസായി മാറിയിരിക്കയാണ്.
ഡിസംബര്‍ 20 ആയിട്ടേയുള്ളെങ്കിലും ശൈത്യകാലത്തിന്റെ ആലസ്യം ഫിലഡല്‍ഫിയയേയും പ്രാന്തപ്രദേശങ്ങളെയും ബാധിച്ചു കഴിഞ്ഞു.
ഡ്രൈവ് വേയിലേയും സൈഡ് വാക്കിലേയും സ്‌നോയും ഐസും ഡാഡി ഷവല്‍ ചെയ്തു മാറ്റിയിട്ടുണ്ട്.
വീടിനു മുമ്പിലുള്ള സൈഡ് വാക്കിലെ ഐസും സ്‌നോയും മാറ്റി സഞ്ചാരയോഗ്യമാക്കേണ്ടത് വീട്ടുടമസ്ഥരുടെ കടമയാണ്. ആ സ്‌നോയില്‍ ആരെങ്കിലും തെന്നിവീണു പരിക്കു പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീട്ടുടമയ്‌ക്കെതിരെ കേസു കൊടുക്കാന്‍ വകുപ്പുണ്ട്. അങ്ങനെ 'സു' ചെയ്തു കാശുണ്ടാക്കിയിട്ടുള്ള പല മലയാളികളുടെയും കഥകള്‍ ആളുകള്‍ ആക്ഷേപഹാസ്യത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സന്ധ്യ വിന്റോ കര്‍ട്ടനിടയിലൂടെ പുറത്തേക്കു നോക്കി. റോഡിന് എതിരേ താമസിക്കുന്ന ഡേവിഡ് വാല്‍ഷ് സൈഡ് വാക്കിലുള്ള സ്‌നോ ഷവല്‍ ചെയ്തു മാറ്റുന്ന തിരിക്കിലാണ്.
തന്റെ അയല്‍ക്കാരായ ഷായുടെ കുടുംബത്തിനെതിരെ കഴിഞ്ഞ വര്‍ഷം ആരോ കേസുകൊടുത്തത് ഓര്‍ത്തു. നടപ്പാതയിലെ സ്‌നോയില്‍ വഴുതി വീണ് പരിക്കു പറ്റിയതിന് നഷ്ടപരിഹാരക്കേസ്.
കഴിഞ്ഞ വിന്ററില്‍ ഷായും കുടുംബവും ന്യൂയോര്‍ക്കിനു പോയിരുന്ന ഒരു വീക്കെന്റിലായിരുന്നു സംഭവം. സ്‌നോ ഷവല്‍ ചെയ്തു മാറ്റാന്‍ ആരെയോ ഏര്‍പ്പെടുത്തിയിരുന്നെന്ന് അവര്‍ പറയുന്നു. അത് തക്കസമത്ത് ചെയ്യാഞ്ഞകാരണം ആരോ കാല്‍വഴുതി വീണു. അയാള്‍ കുറെക്കാലം തെറാപ്പി ചെയ്തത്രേ. പതിനയ്യായിരം ഡോളറിനാണ് കേസ് സെറ്റില്‍ ചെയ്തത്. ഹോം ഓണേഴ്‌സ് ഇന്‍ഷുറന്‍സ് കമ്പനി കൊടുത്തു കൊള്ളും. വീട്ടുടമസ്ഥന്റെ ഇന്‍ഷൂറസ് പ്രീമിയം കൂടുമെന്നു മാത്രം. അലംഭാവത്തിനുള്ള ശിക്ഷ!
മമ്മി മൂന്നര മണിക്കെത്തും. ക്രിസ്മസ് ഷോപ്പിങ്ങിനു പോകണമെന്നു പറഞ്ഞിരുന്നു. കൂടെ ചെല്ലണമത്രെ. തന്റെ കൂട്ടുകാര്‍ക്കു സമ്മാനിക്കാനുള്ള ഗിഫ്റ്റുകളും വാങ്ങാമെന്ന് മമ്മി പറഞ്ഞിരുന്നു.
ക്രിസ്മസിന്റെ ഒരു പ്രധാന ചടങ്ങ് സമ്മാനങ്ങള്‍ കൈമാറ്റം ചെയ്യുക എന്നതാണ്. അതിനു വേണ്ടി ആളുകള്‍ വന്‍ തോതിലാണ് പണം ചെലവഴിക്കുന്നത്. ഉപഭോക്താക്കളെക്കൊണ്ട് പണം ചെലവഴിപ്പിക്കുന്നതിനായി വന്‍തോതില്‍ അഡ് വെര്‍ട്ടൈസിങ് കാമ്പയിനും നടക്കുന്നു.
ഒരു കണക്കിന്, അമേരിക്കയിലെ അവധി ദിവസങ്ങളെല്ലാം മാര്‍ക്കറ്റിങ്-ഷോപ്പിങ് അവസരങ്ങളാണെന്നു തോന്നിപ്പോകും. മിക്ക അവധികളും വരുന്നത് തിങ്കളാഴ്ച ദിവസമായിരിക്കും. അപ്പോള്‍ മൂന്നു ദിവസത്തെ അവധി അടുപ്പിച്ച് കിട്ടുമെന്ന സൗകര്യമുണ്ടാകും. മെമ്മോറിയല്‍ ഡേ, ലേബര്‍ ഡേ, എന്നീ അവധി ദിവസങ്ങള്‍ അതില്‍പ്പെടുന്നു.
ഏറ്റവും വലിയ ബിസിനസ് സാദ്ധ്യതയുള്ള അവസരമാണ് ക്രിസ്മസ്.
ഡ്രൈവ് വേയില്‍ മമ്മിയുടെ കാറുവന്നു നില്‍ക്കുന്ന ശബ്ദം.
വാതില്‍ തുറന്ന് അകത്തേക്കു കയറി വന്ന മമ്മി തന്നെ കണ്ടുചിരിച്ചു.
'ഡാഡിയില്ലേ?'
'ഇല്ല. കടയിലാണ്.'
'എപ്പോ വരുമെന്നു പറഞ്ഞോ?' മമ്മി കോട്ട് ഊരി സോഫയിലിട്ടു കൊണ്ടു ചോദിച്ചു.
'ഇല്ല.'
'ഷോപ്പിങ്ങിനു പോകുന്ന കാര്യം പറഞ്ഞിരുന്നു.'
'വിളിച്ചു നോക്കണോ?'
'വേണ്ട.' 'മമ്മി മുകളിലേക്കുള്ള സ്‌റ്റെപ്പുകള്‍ കയറിക്കൊണ്ടു പറഞ്ഞു. നീ വരുന്നുണ്ടല്ലോ, അതുമതി.'
'എപ്പഴാ പോകുന്നെ?'
'ഉടനെ, ഞാനൊന്നു ഡ്രസ്മാറി വരട്ടെ.' മമ്മി പറഞ്ഞു.
'നേരത്തെ തിരിച്ചെത്തണം. ഇന്നു സ്‌നോസ്‌റ്റോം ഉണ്ടാവുമെന്നാ കേട്ടത്.'
കാലാവസ്ഥാ റിപ്പോര്‍ട്ട് മിനിറ്റു കണക്കിനാണ് റേഡിയോയില്‍. ടിവിയിലാണെങ്കില്‍ വെതര്‍ ചാനല്‍ തന്നെയുണ്ട്.
കാലാവസ്ഥയുടെ റിപ്പോര്‍ട്ടു തരാന്‍ മാത്രം.
മമ്മിയോടൊപ്പം പൊയ്ക്കളയാം.
എഴുന്നേറ്റ്. ഡ്രസ് ചെയ്ഞ്ചു ചെയ്യാനായി മുകളിലേക്കു കയറി.
വീടു പൂട്ടി പുറത്തിറങ്ങവേ മമ്മിയോട് ചോദിച്ചു.
'വണ്ടി ഞാനോടിക്കണോ?'
'വേണ്ട മോളേ, ഞാനോടിച്ചു കൊള്ളാം.'
പുറത്ത് നല്ല കാറ്റ്. കൈകള്‍ രണ്ടും കോട്ടിന്റെ പോക്കറ്റില്‍ തിരുകി കാറിനടുത്തേക്കു നടന്നു.
'ഇറ്റ്‌സ് സോ കോള്‍ഡ്.' അസഹ്യത നടിച്ചുകൊണ്ടു പറഞ്ഞു.
മമ്മി കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്നതിനു മുമ്പ് ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.
'വലിയ പ്രയാസം പിടിച്ച ഡ്രൈവ് ആയിരുന്നു ഇന്ന്.'
കാര്‍ റോഡിലേക്കിറക്കിക്കൊണ്ട് മമ്മി പറഞ്ഞു. 'എത്ര ആക്‌സിഡന്റ് കേസുകളാ ഉണ്ടായേന്നറിയാമോ?'
അല്പ നേരത്തേക്ക് മമ്മി ഒന്നു മിണ്ടിയില്ല.
'ഡാഡി ഇന്നു വക്കീലിനെ കാണാന്‍ പോയിരുന്നോ?'
മമ്മിയുടെ പെട്ടെന്നുള്ള ചോദ്യം.
രാവിലെ പോയിരുന്നു. പേപ്പേഴ്‌സെല്ലാം ഓക്കെയാണെന്ന് പറഞ്ഞു. ഇന്നുതന്നെ എല്ലാം ഫയല്‍ ചെയ്തുവത്രെ!
'ഗുഡ്.'
വിനോദിന് വരാന്‍ വേണ്ട പേപ്പറിന്റെ കാര്യമാണ്. ഇത്രയും ദിവസമെടുത്തു എല്ലാം ശരിയാക്കി ഫയല്‍ ചെയ്യാന്‍.
നാട്ടില്‍നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതാണു കാരണം.
നാലു മാസത്തിനകം വിനോദിനു വരാനൊക്കുമെന്നു വക്കീല്‍ പറഞ്ഞതായി ഡാഡി പറഞ്ഞു.
തന്റെ തെറാപ്പിയുടെ അവസാനത്തെ സ്റ്റേജ് കഴിഞ്ഞയാഴ്ചയാണ് സ്റ്റാര്‍ട്ടു ചെയ്തത്. മമ്മി പല തവണ നിര്‍ബന്ധിച്ചെങ്കിലും താന്‍ മടിപിടിച്ചിരിപ്പായിരുന്നു.
അടുത്ത സെമസ്റ്റര്‍  മുതല്‍ പഠിത്തം പുനരാരംഭിക്കണമെന്ന് തെറാപ്പിയുടെ സൂപ്പര്‍വൈസര്‍ നിര്‍ബന്ധിക്കുകയാണ്. ഫാര്‍മസി കോഴ്‌സിന്റെ വിഷയങ്ങള്‍ എടുക്കാന്‍ തല്‍ക്കാലം എന്തായാലും വയ്യ. പിന്നെ പബഌക് സ്പീക്കിങ്ങില്‍ കുറേ ക്രെഡിറ്റുകള്‍ എടുക്കാം. അതും ഈ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ കണക്കാക്കപ്പെടുമല്ലോ.
'കാലാവസ്ഥ മോശമായിട്ടും എന്തൊരു റഷാണിത്.'
മമ്മിയുടെ വാക്കുകള്‍ വര്‍ത്തമാനകാലത്തേക്കു തിരിച്ചുകൊണ്ടുവന്നു.
ഷോപ്പിങ്മാളിന്റെ പാര്‍ക്കിങ് ലോട്ടിലാണ് തങ്ങളിപ്പോള്‍. പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടുപിടിക്കാന്‍ നന്നെ ബുദ്ധിമുട്ട്.
ക്ലോവര്‍, ജേയിംസ് വേ, കെ-മാര്‍ട്ട് തുടങ്ങിയ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഫ്രാഞ്ചൈസ് ശാഖയുള്ള ഷോപ്പിങ്മാള്‍. കഴിഞ്ഞ രണ്ടു ദശകങ്ങളിലാണത്രെ ഷോപ്പിങ്മാള്‍ എന്ന ആശയം ഇത്ര വിപുലമായ രീതിയില്‍ വ്യവ്സ്ഥാപിതമായത്. വലിയ ഒരു ഏരിയായില്‍ എല്ലാ കടകളും. മില്യണ്‍ കണക്കിനു ഡോളറിന്റെ ബിസിനസ് നടക്കുന്ന സ്ഥാപനങ്ങള്‍.
ഉത്സവ പ്രഹര്‍ഷം പച്ചനോട്ടുകളായി മാറ്റാനുളള ശ്രമത്തിലാണ് എല്ലാ വ്യാപാര സ്ഥാപനങ്ങളും. ഡിസ്‌ക്കൗണ്ട് സെയിലുകളുടെ പരസ്യങ്ങള്‍ റേഡിയോയിലും റ്റി.വിയിലും വര്‍ത്തമാനപത്രത്തിലും കടകളുടെ വിന്‍ഡോകളിലും.
പരസ്യങ്ങളില്‍ കുടുങ്ങി തങ്ങളുടെ ഷോപ്പിങ് ബഡ്ജറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നു ഉപഭോക്താക്കള്‍.
ക്രെഡിറ്റ്കാര്‍ഡ് പ്രസ്ഥാനത്തിന്റെ പ്രചാരണത്തോടുകൂടി ഇത്തരം ഉത്സവവേളകളില്‍ ചെലവു ചെയ്യപ്പെടുന്ന തുകയുടെ  വലിപ്പവും കൂടി.
അമേരിക്കന്‍ ബിസിനസിന്റെ ഈ പ്രത്യേകതയെപ്പറ്റി വിനോദിന് ഒരു സ്റ്റഡിക്ലാസുകൊടുത്തതിനെപ്പറ്റി ഓര്‍ത്തു.
'ഓ രക്ഷപ്പെട്ടു.' പാര്‍ക്കു ചെയ്യാന്‍ സ്ഥലം കിട്ടിയതിന്റെ ആശ്വാസം മമ്മിയുടെ വാക്കുകളില്‍.
വണ്ടി പാര്‍ക്കു ചെയ്ത് ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറിലേക്കു നടന്നു.
ക്രിസ്മസ് ഷോപ്പിങിന്റെ കടം തീര്‍ക്കാന്‍ മാസങ്ങളോളം വേണ്ടി വരും. ഭൂരിപക്ഷം പേരും ക്രഡിറ്റ് കാര്‍ഡില്‍ ചാര്‍ജ് ചെയ്യുകയാവും ചെയ്യുന്നത്. അത് വ്യാപാരശാലകള്‍ക്ക് ഒരു തരം അനുഗ്രഹമായാണ് കരുതപ്പെടുന്നത്. പണം എണ്ണിക്കൊടുക്കുമ്പോള്‍ ഉണ്ടാകാറുള്ള 'കുത്തല്‍' ഉപഭോക്താവിന് അനുഭവപ്പെടുന്നില്ല. അപ്പോള്‍ കൂടുതല്‍ പണം ചെലവാക്കാന്‍ ഉപഭോക്താവു തയ്യാറാവുന്നു.
വ്യാപാരിക്ക് പണം, ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്തിരിക്കുന്ന കമ്പനി അഥവാ ബാങ്ക് നല്‍കുന്നു. ഇരുപതു മുതല്‍ ഇരുപത്തഞ്ചു ദിവസത്തെ വരെ 'ട്രെയ്‌സ് പിര്യേഡുണ്ട്'  ക്രെഡിറ്റ് കാര്‍ഡ് ബില്ല് പേ ചെയ്യാന്‍ . എന്നാല്‍ മിക്കവര്‍ക്കും മുഴുവന്‍ പേ ചെയ്യാന്‍ കഴിയാറില്ല. ഫലം ഭീമമായ പലിശ. ഇരുപതു ശതമാനം വരെ.
പലിശയും മുതലും തിരിച്ചടയ്ക്കാന്‍  മിക്ക ഉപഭോക്താക്കള്‍ക്കും മാസങ്ങളോളം ജോലി ചെയ്യേണ്ടിവരും.
'എന്തൊക്കെയാ വേണ്ടതെന്ന് ആലോചിച്ചോ?'
മമ്മിയുടെ ചോദ്യം.
'ഇല്ല, ഇന്ന് മമ്മിയുടെ ഷോപ്പിങ്. എനിക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടില്ല.'
മമ്മിയുടെ കൈയില്‍ നീണ്ട ഒരു ലിസ്റ്റുണ്ടാകുമെന്നറിയാം. കൂടെ ജോലിചെയ്യുന്ന ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കുള്ള ഗിഫ്റ്റുകള്‍. പിന്നെ അടുത്ത പരിചയക്കാരായ മലയാളികളുടെ മക്കള്‍ക്കുള്ള ഗിഫ്റ്റുകള്‍.
തനിക്ക് ഗിഫ്റ്റ് തരാനും കൊടുക്കാനും ആരാണുള്ളത്?
സില്‍വിയാ, ട്രിഷാ, കെല്ലി....
വളരെ ചുരുക്കം പേര്‍ മാത്രം.
കിച്ചന്‍ അപ്ലയന്‍സിന്റെ സെക്ഷനിലേക്ക് മമ്മിയെ അനുഗമിക്കവേ, ഓര്‍ത്തു, കീത്തിനെപ്പറ്റി.
ഒരിക്കല്‍ കീത്തുമായി ക്രിസ്മസ് ഷോപ്പിങ്ങിനു പോകാന്‍ അവസരമുണ്ടായിട്ടുണ്ട്. കീത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗിഫ്റ്റ് ഐറ്റം പുസ്തകമായിരുന്നു. ബന്ധുമിത്രാദികള്‍ക്ക് ആര്‍ക്കൊക്കെ പുസ്തകങ്ങള്‍ സമ്മാനിക്കണം, ആര്‍ക്കൊക്കെ മറ്റ് ഐറ്റങ്ങള്‍ സമ്മാനിക്കണം എന്നൊക്കെ വളരെ നേരത്തേ തന്നെ അയാള്‍ കണക്കു കൂട്ടിവയ്ക്കും.
ആ ക്രിസ്മസിന് കീത്ത് തനിക്ക് സമ്മാനിച്ചത് ഒരു ഡയമണ്ട് മോതിരം.
എന്‍ഗേജ്‌മെന്റ് മോതിരമായി കണക്കാക്കരുതെന്ന് പറഞ്ഞാണ് ആ മോതിരം അണിയിച്ചത്.
'ഒരു ഫുഡ്‌പ്രോസസ്സര്‍ വാങ്ങണം.'
മമ്മി പറഞ്ഞു.
'ആര്‍ക്കാ മമ്മി?'
'സൂസന്.'
മമ്മിയുടെ സഹപ്രവര്‍ത്തകയ്ക്ക്.
ചില സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ തമ്മില്‍ തമ്മില്‍ ആലോചിച്ച് നേരത്തേ തന്നെ ആര്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്നു തീരുമാനിക്കുന്നു. എല്ലാവര്‍ക്കും സൗകര്യം.
ഫുഡ്‌പ്രോസസ്സറുകള്‍ വച്ചിരിക്കുന്ന ഷെല്‍ഫുകളിലേക്ക് കണ്ണോടിച്ചു.
'ഹാമില്‍ട്ടന്‍ ബീച്ചിന്റേതു വാങ്ങാം. അതാണു നല്ലത്.' മമ്മി പറഞ്ഞു.
'വില അല്‍പം കൂടുതലായാലെന്താ. ലാസ്റ്റ് ചെയ്യും.'
'ആഹാ, മമ്മിയും മോളും കൂടി ഷോപ്പിങ്ങിനിറങ്ങിയതാണോ?'
ഞെട്ടിത്തിരിഞ്ഞു നോക്കി. തങ്കമ്മയാന്റിയും രാജനങ്കിളും.
മമ്മി അവരെ നോക്കി ചിരിച്ചു.
തങ്കമ്മയാന്റി തന്റെ തോളില്‍ കൈവച്ചു ചോദിച്ചു. 'ഹൗ ആര്‍ യു സന്ധ്യാ?'
'ഫൈന്‍, താങ്ക് യൂ ആന്റി.'
'കല്യാണമൊക്കെ കഴിഞ്ഞ് കുറെ തടിവച്ച മട്ടുണ്ടല്ലോ.'
ആന്റി ചിരിച്ചു. 'വിനോദ് എന്നത്തേക്കു വരും?'
മമ്മിയാണു മറുപടി പറഞ്ഞത്. 'നാലുമാസമെങ്കിലും എടുക്കുമെന്നാ വക്കീല്‍ പറഞ്ഞത്. പേപ്പറൊക്കെ ഇന്നാണ് ഫയല്‍ ചെയ്തത്.'
രാജനങ്കിള്‍ ഒന്നു ചിരിച്ച് ഷെല്‍ഫിലെ സാധനങ്ങളിലൂടെ കണ്ണോടിക്കാന്‍ തുടങ്ങി.
'ഹൗ ഈസ് അനിത?'
'ഷീ ഈസ് ഓക്കേ.' തങ്കമ്മയാന്റി പറഞ്ഞു.
തന്റെ സമപ്രായക്കാരിയാണ് അനിത. മിഡില്‍ സ്‌ക്കൂളില്‍ ഒരേ ക്ലാസിലായിരുന്നു.
ഇപ്പോള്‍ ഫാര്‍മസിസ്റ്റ് കോഴ്‌സിനു പഠിക്കുകയാണ്. അനിതയെപ്പറ്റി  മമ്മി എപ്പോഴും പറയുമായിരുന്നു. എത്ര നല്ല കുട്ടി. എന്ത് അടക്കവും ഒതുക്കവും!
പക്ഷേ ഈ മമ്മിമാര്‍ക്ക് അറിയാത്ത പല കഥകളും അനിതയെപ്പറ്റി പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ താന്‍ അതേപ്പറ്റി മമ്മിയോടു സൂചിപ്പിച്ചു. മമ്മി അവളെ പുകഴ്ത്തുന്നതു കേട്ട് സഹികെട്ടാണ് അങ്ങനെ ചെയ്തത്.
'അതൊക്കെ അസൂയക്കാര്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ മോളേ.'
മമ്മിയുടെ മറുപടി അതായിരുന്നു. അവനവന്റെ മക്കള്‍ നല്ലതാണെന്നു കാണിക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുന്നതു നമ്മുടെ ആള്‍ക്കാരുടെ സ്വഭാവമാണെന്ന് നിനക്കറിയില്ലേ?'
എന്തുകൊണ്ടാണ് മമ്മിക്ക് അങ്ങനെയൊരു സ്വഭാവമില്ലാതെയായത് എന്നു ചോദിക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്.
തങ്കമ്മയാന്റി മമ്മിയോടു  ചേര്‍ന്നു നിന്ന് എന്തോ അടക്കം പറയുന്നു. ഇടയ്ക്ക് തലതിരിച്ച് തന്നെനോക്കി. തന്റെ കാര്യമായിരിക്കും പറയുന്നത്, തീര്‍ച്ച.
മമ്മിയെ നോക്കി ചിരിച്ച് ഷോപ്പിങ് കാര്‍ട്ട് തള്ളി അവര്‍ അകന്നു പോകുന്നതു നോക്കി നിന്നു. മമ്മിക്ക് ഇന്നത്തെ ദിവസം ദുഃഖിക്കാനുള്ള വക അവര്‍ നല്‍കിയിരിക്കും.

സ്വപ്‌നഭൂമിക(നോവല്‍: 14 - മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക