Image

മോഡിയും ഒരു ഘര്‍വാപ്പസി നടത്തുകയാണോ ? ദല്‍ഹി കത്ത് -പി.വി.തോമസ്

പി.വി.തോമസ് Published on 18 February, 2015
മോഡിയും ഒരു ഘര്‍വാപ്പസി നടത്തുകയാണോ ? ദല്‍ഹി കത്ത് -പി.വി.തോമസ്
ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഒരു 'ഘര്‍വാപ്പസി' നടത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ ഉത്കൃഷ്ട ആശയങ്ങള്‍ മറന്ന് സംഘപരിവാറിന്റെ നാഗ്പൂര്‍ ആശയങ്ങളെ പിന്‍തുടര്‍ന്ന് വന്ന അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഒരു നിലപാട് സൂചിപ്പിക്കുന്നത് (ഫെബ്രുവരി 16), സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കവേ, മെത്രാന്‍മാര്‍ സാക്ഷ്യപ്പെടുത്തി അദ്ദേഹം പ്രഖ്യാപിച്ചു, അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് പരിപൂര്‍ണ്ണമായ മതവിശ്വാസം ഉറപ്പു വരുത്തുമെന്ന്. ഇന്ത്യയിലെ ഓരോ പൗരനും അവന്‍ ആഗ്രഹിക്കുന്ന മതത്തില്‍ വിശ്വസിക്കുവാനുള്ള അവകാശം ഉണ്ട്. ആ വിശ്വാസം തുടരുവാനും അല്ലെങ്കില്‍ മറ്റൊന്ന് സ്വീകരിക്കുവാനും ഉളള അവകാശവും ഉണ്ട്. ഇതില്‍ ആര്‍ക്കും കൈകടത്തുവാന്‍ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ഭൂരിപക്ഷ മതത്തിന്റെയോ ന്യൂനപക്ഷ മതത്തിന്റെയോ മതവെറിയെ അനുവദിക്കുകയില്ല. 

ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ അതിനെ ഗവണ്‍മെന്റ് ശക്തമായി നേരിടും. ഇത് 2002 മുതല്‍ (ഗുജറാത്ത് വംശഹത്യ) ഈയിടെ സംഭവിച്ച വര്‍ഗീയ കലാപങ്ങള്‍ -ക്രിസ്തീയ ദേവാലയ ആക്രമങ്ങള്‍ വരെ ഇന്ത്യയും ലോകവും കേള്‍ക്കുവാന്‍ ആഗ്രഹിച്ചതാണ്. പക്ഷെ, മോഡി ഒരിക്കല്‍ പോലും അനുതാപത്തിന്റെ ഒരു കണികപോലും കാണിച്ചില്ല. അദ്ദേഹത്തിന്റെ മൗനം ജനാധിപത്യ ഭാരതത്തെയും വിശ്വത്തെ തന്നെയും ഞെട്ടിച്ചു. ദുഃഖിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് മോഡി ഇപ്പോള്‍ അദ്ദേഹത്തിന്റെ അപകടകരവും കുറ്റകരവുമായ മൗനം മുറിക്കുന്നത്. 

രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെ ഒരു മനം മാറ്റം ? ഇത് സത്യം ആണോ ? അതോ മിഥ്യയോ ? അതോ വെറുമൊരു പ്രഹസനമോ ? ഒരു നിഗമനത്തിലേക്ക് എത്തുവാന്‍ വരട്ടെ. ഏതായാലും 'ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍' എന്ന ഇംഗ്ലീഷ് ആപ്തവാക്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോഡി ദേവാലയ ആക്രമണങ്ങളേയും മത പുനഃപരിവര്‍ത്തനത്തെയും ആദ്യമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത് മോഡിയുടെ മനഃപരിവര്‍ത്തനത്തെയാണോ വെളിപ്പെടുത്തുന്നത് ? പക്ഷെ, അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നത് ഒരു പുലിക്ക് അതിന്റെ പുള്ളി മാറ്റുവാന്‍ സാധിക്കാത്തതുപോലെ മോഡിക്കും സംഘപരിവാറിനും അവരുടെ ന്യൂനപക്ഷ വിരുദ്ധ നിലപാട് മാറ്റുവാന്‍ സാധിക്കുകയില്ലെന്നാണ്. 

പക്ഷെ, നമുക്ക് നമ്മുടെ പ്രധാനമന്ത്രി ജനസമക്ഷം നല്‍കിയ ഉറപ്പ് വിശ്വസിച്ചേ പറ്റൂ. എന്തുകൊണ്ടാണ് അദ്ദേഹത്തെ അവിശ്വസിക്കാന്‍ കാരണം? ഗുജറാത്ത് വംശഹത്യ നടന്നു. ഇന്ത്യന്‍ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ഭൂരിപക്ഷം ജനങ്ങളും അമേരിക്കയും യൂറോപ്യന്‍ യൂണിയനും അതിനെ നിന്ദിക്കുകയും മോഡിക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒരിക്കലും രക്ഷപ്പെടുവാന്‍ ആവുകയില്ലെന്നും പറഞ്ഞുവെങ്കിലും മോഡി തെല്ലും കൂട്ടാക്കിയില്ല. അദ്ദേഹം ഒന്നുകില്‍ അവയെ അവഗണിക്കുകയോ അല്ലെങ്കില്‍ മറുചോദ്യങ്ങള്‍ കൊണ്ട് ഉപരോധിക്കുകയോ ആണ് ചെയ്തത്. ഉദാഹരണായി ന്യൂട്ടണെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഓരോ പ്രവൃത്തിക്കും അതിന്റെ വിപരീതവും തുല്യവുമായ മറുപ്രവൃത്തി ഉണ്ടായിരിക്കും. അദ്ദേഹം ഉദ്ദേശിച്ചത് ഗോത്രഹത്യകളുടെ പ്രത്യാഘാതമാണ് ഗുജറാത്ത് വംസഹത്യ എന്നാണ്. ഒരു ഭരണാധികാരിക്ക് പറയാവുന്ന ന്യായമാണോ ഇത് ?. അതുകൊണ്ടാണ് ഗുജറാത്ത് വംശഹത്യ സംഭവിക്കുമ്പോള്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി  മോഡിയോട് രാജധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ നിര്‍ദ്ദേശിച്ചത്. അതു തന്നെയാണ് അന്നത്തെ പ്രസിഡന്റ് ആയിരുന്ന കെ.ആര്‍. നാരായണന്‍ രേഖാമൂലം വാജ്‌പെയിയെ അറിയിച്ചതും. 

പക്ഷെ, മോഡി കൂട്ടാക്കിയില്ല. ഗുജറാത്തിലെ തെരുവീഥികളില്‍ മൂവായിരത്തിലേറെ മൂസ്ലീംങ്ങള്‍ ചത്തുവീണു. അതൊക്കെ പഴയ കഥ. പക്ഷെ, മറക്കുവാനാവില്ലല്ലോ മനുഷ്യരക്തം പുരണ്ട ചരിത്രത്തിന്റെ ആ ഏടുകളെ. അതിനുശേഷം ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ മോഡി ഇതിനെ കുറിച്ച് പ്രതികരിച്ചത് തികച്ചും പരിഹാസ്യം നിറഞ്ഞ വാക്കുകളില്‍ ആയിരുന്നു. ഒരു നായ്ക്കുട്ടി കാറിനടിയില്‍ പെട്ടു ചത്താല്‍ പോലും അത് ദുഃഖകരമാണ്. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും മോഡിയെ ബഹിഷ്‌കരിച്ചു എങ്കിലും അദ്ദേഹം തെല്ലും കൂസിയില്ല. കാരണം, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു അമേരിക്കയുമായിട്ടോ യൂറോപ്യന്‍ യൂണിയനുമായിട്ടോ വളരെ തുഛമായ വ്യാപാര നയതന്ത്ര ബന്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രി ആയപ്പോള്‍ വിഷയം അതല്ല. മോഡിക്ക് അമേരിക്കയും യൂറോപ്യന്‍ യൂണിയനേയും വേണം തിരിച്ചും തഥൈവ. അതായത,് തികച്ചും നയതന്ത്ര, കച്ചവട, രാഷ്ട്രീയ നിര്‍ബന്ധങ്ങള്‍.

എന്തുകൊണ്ടാണ് മോഡി പെട്ടെന്ന് ഒരു മനഃപരിവര്‍ത്തനത്തിന് (?) വിധേയനായത് ?  അതിനു മൂന്നോ നാലോ കാരണങ്ങള്‍ കണ്ടേക്കാം: 

ഒന്ന്, ആദ്യം സൂചിപ്പിച്ചതുപോലെ അദ്ദേഹം ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. വെറുമൊരു ആര്‍.എസ്.എസ് പ്രചാരകനോ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ അല്ല. 

രണ്ട്, വര്‍ഗീയ കലാപങ്ങള്‍ക്കും ഘര്‍വാപ്പസി പോലെയുള്ള സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങളോട് അദ്ദേഹം പാലിക്കുന്ന മൗനത്തോട് ദേശീയ അന്താരാഷ്ട്രീയ തലങ്ങളില്‍ പ്രതിഷേധം കുമിഞ്ഞു കൂടുകയായിരുന്നു. 

മൂന്ന്, അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ റിപ്പബ്ലിക്ക് ദിന സന്ദര്‍ശനം. സന്ദര്‍ശനം ബഹുകേമം ആയിരുന്നുവെങ്കിലും ഒബാമ സിരി ഫോര്‍ട്ടില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവേ ഇന്ത്യയില്‍ നിലവിലിരിക്കുന്ന മതാസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. അതും പോരാഞ്ഞിട്ട് അമേരിക്കയിലെത്തി അദ്ദേഹം ഇത് വീണ്ടും ആവര്‍ത്തിച്ചു. ഇത് മോഡിയെ വല്ലാതെ ഉലച്ചു. കാരണം, ഒബാമയിലൂടെയും അമേരിക്കയിലൂടെയും ഒരു സാമ്പത്തിക പുനരുദ്ധാരണവും, അന്താരാഷ്ട്രീയ മുഖം മിനക്കലും സ്വപ്നം കാണുകയായിരുന്നു മോഡി. അതിനേറ്റ ക്ഷതം ആയിരുന്നു ഒബാമയുടെ വിമര്‍ശനം. 

നാല്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയവും മോഡിയെ വല്ലാതെ ഉലക്കുകയുണ്ടായി. കാരണം, സമീപകാലത്തു നടന്ന ആറ് ക്രൈസ്തവ ദേവാലയ സ്ഥാപന വിരുദ്ധ ആക്രമണങ്ങളും നടന്നത് ഡല്‍ഹിയിലായിരുന്നു. ഡല്‍ഹി ഇന്ത്യയുടെ ഒരു പരിഛേദം ആണ്. ഇവിടെ എല്ലാവിധ മതവിശ്വാസികളും ജീവിക്കുന്നു. ഡല്‍ഹിയില്‍ ഒരു മതവിഭാഗം ക്രൂശിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ലോകം ശ്രദ്ധിക്കും. അത് വാഷിംഗ്ടണിലെ ഹിന്ദു അമ്പലം ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചതു പോലെ തന്നെയാണ്.
ജാതി-മത ഭേദമന്യേ ക്രിസ്തീയ മതവീഭാഗത്തെ വേട്ടയാടിയ സംഭവത്തെ ഡല്‍ഹിയിലെ ജനങ്ങള്‍ എതിര്‍ത്തു. അതിന്റെ പിറകിലുള്ള ശക്തി ആരു തന്നെയായാലും സംഖപരിവാറിനും മോഡി പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിനും അതില്‍ കൈയ്യുണ്ടെന്ന കാര്യത്തില്‍ ജനത്തിനു സംശയം ഉണ്ടായിരുന്നില്ല. അപ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോടെ തനിക്കെതിരെ ഒരു രാഷ്ട്രീയ വികാരം ഉയര്‍ന്നു വരുന്നുണ്ടെന്ന് മോഡിക്ക് തോന്നി. 

അഞ്ച്, ഇതിനിടെയാണ് ന്യൂയോര്‍ക്ക് ടൈംസില്‍ ഇന്ത്യയിലെ മതവെറിക്കെതിരായി മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. ഇത് ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ ഭാഷയും തീക്ഷ്ണതയും ജനങ്ങള്‍ ചര്‍ച്ച ചെയ്തു. മോഡിയുടെ ഉപദേശകരുടെ ശ്രദ്ധയിലും ഇത് നിശ്ചയമായും പെട്ടു. അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ മാധ്യമങ്ങള്‍ മോഡിക്കും മോഡി ഗവണ്‍മെന്റിനും എതിരെ ഒരു പ്രചാരണം നടത്തിയാല്‍ മോഡിയുടെ സാമ്പത്തിക വികസന മോഹങ്ങളും മറ്റും അവതാളത്തിലാകുമെന്ന് അവര്‍ക്കറിയാമായിരുന്നു. വികസനം എന്ന മോഡിയുടെ അജണ്ട വിജയിച്ചാല്‍ മാത്രമേ അദ്ദേഹത്തിന്റെ ഭരണം വിജയിക്കുകയുള്ളൂ. അങ്ങനെ അദ്ദേഹത്തിന്റെ ഭരണം വിജയിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു ആര്‍.എസ്.എസില്‍ നിന്നും വിശ്വഹിന്ദു പരിഷത്തില്‍ നിന്നും അതുപോലെയുള്ള തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നും മോചനമുള്ളൂ. 

ആറ്, മോഡി ഈ പ്രസ്താവന പുറപ്പെടുവിക്കുവാന്‍ തിരഞ്ഞെടുത്ത വേദിയും പ്രസക്തമാണ്. കത്തോലിക്കാ ബിഷപ്പുമാരുടെ പരമോന്നത പീഠമായ സി.ബി.സി.ഐ സംഘടിപ്പിച്ച ഒരു ചടങ്ങ്. അതായത്, ഇന്ത്യയില്‍ നിന്നും (കേരളം) ഈയിടെ വത്തിക്കാന്‍ വിശുദ്ധരായി പ്രഖ്യാപിച്ച  വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വി.എവുപ്രേസ്യാമ്മയുടെയും സ്മരണയോട് അനുബന്ധിച്ച് . ഇങ്ങനെയുള്ളൊരു വേദിയില്‍ അദ്ദേഹം മറ്റെന്തു പറയും? അതുകൊണ്ട് മതമേലധ്യക്ഷന്‍മാരുടെ സാന്നിദ്ധ്യം മോഡി, ഏറ്റവും ബുദ്ധിപൂര്‍വ്വമായി ഉപയോഗിച്ചുകൊണ്ട് ഭരണഘടനയിലേക്ക് ഒരു വലിയ 'ഘര്‍വാപ്പസി' നടത്തി. ഇത് ഏറ്റവും ശ്ലാഘനീയവുമാണ്. 

പക്ഷെ, അദ്ദേഹത്തിനു അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രാവര്‍ത്തികം ആക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ട്. അദ്ദേഹത്തിന്റെ മതസഹിഷ്ണപരമായ, മത വിശ്വാസപരമായ ഉറപ്പ് വെറുമൊരു രാഷ്ട്രീയ അഭ്യാസം ആകരുത്. ഇങ്ങനെയൊക്കെ വിശ്വസിച്ചു പോകുവാന്‍ കാരണം, അദ്ദേഹത്തിന്റെ സുദീര്‍ഘമായ, കുറ്റകരമായ, അര്‍ത്ഥവത്തായ മൗനമാണ്. 

എന്തുകൊണ്ടാണ് അദ്ദേഹം സക്ഷി മഹാരാജ(ബി.ജെ.പി. എംപി) പാര്‍ലമെന്റിന്റെ പരിപാവനമായ ഹാളില്‍ വെച്ച് മഹാത്മജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ 'ദേശസ്‌നേഹി' എന്നു പറഞ്ഞ് പ്രകീര്‍ത്തിച്ചപ്പോള്‍ മൗനം പാലിച്ചു? എന്തുകൊണ്ടാണ് സാധ്വി നിരഞ്ജന്‍ ജ്യോതി (കേന്ദ്രമന്ത്രി സഭാംഗം) ഹിന്ദുക്കളെ രാമന്റെ സന്തതികളെന്നും മറ്റുള്ളവരെ ജാരസന്തതികള്‍ എന്നും പറഞ്ഞ് ആദിത്യനാഥ് ( ബി.ജെ.പി. എംപി) മോഡിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാക്കിസ്ഥാനില്‍ ആണെന്ന് പറഞ്ഞപ്പോള്‍ മൗനം പാലിച്ചു? എന്തുകൊണ്ടാണ് മോഡി നിര്‍ബന്ധിത മത പുനഃപരിവര്‍ത്തനം നാടെമ്പാടും അരങ്ങേറിയപ്പോള്‍ മൗനം പാലിച്ചത് ? എന്തുകൊണ്ടാണ് മോഡി മതപരിവര്‍ത്തനത്തിന് എതിരെയുള്ള ബില്‍ ആണ് ഇതിനുള്ള പ്രതിവിധി എന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ നിര്‍ദ്ദേശിച്ചപ്പോള്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാതിരുന്നത്? എന്തുകൊണ്ടാണ് ആര്‍.എസ.്എസ് സര്‍സഘ്ചാലക് മോഹന്‍ ഭഗ് വത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് കൊല്‍ക്കട്ടയില്‍ വെച്ച് പ്രഖ്യാപിച്ചപ്പോള്‍ അതിനു മൗനസമ്മതം നല്‍കിയത്? എന്തുകൊണ്ടാണ് മോഡി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹത്തെ ഒരു ഹിന്ദു നാഷണലിസ്റ്റ് ആയി വിശേഷിപ്പിച്ചത്? എന്തുകൊണ്ട് അദ്ദേഹം ഇന്ത്യക്കാരെ ഹിന്ദു നാഷണലിസ്റ്റുകളായും മുസ്ലീം നാഷണലിസ്റ്റുകളായും ക്രിസ്ത്യന്‍ നാഷണലിസ്റ്റുകളായും സിക്ക് നാഷണലിസ്റ്റുകളായും തരംത തിരിക്കുവാന്‍ ശ്രമിച്ചു. ? എന്തുകൊണ്ട് മോഡി ഡല്‍ഹിയിലെ ആദ്യത്തെ ദേവാലയം കത്തിച്ചപ്പോള്‍ (ഡിസംബര്‍ 1, 2014, സെന്റ്.സെബാസ്റ്റ്യന്‍ ചര്‍ച്ച് ദില്‍ഷാദ് ഗാര്‍ഡന്‍) പ്രതികരിച്ചില്ല ? തുടര്‍ന്നുണ്ടായ സംഭവങ്ങളിലും അദ്ദേഹം മൗനം പാലിക്കുകയാണുണ്ടായത്. 

ഇതിനിടയില്‍ കേന്ദ്രഗൃഹമന്ത്രി രാജ് നാഥ് സിംഗിന്റെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം വളരെ വിചിത്രമായ ഒരു കണക്കുമായി രംഗത്തുവന്നത് (ഫെബ്രുവരി 16) എതിനെയെല്ലാം ന്യായീകരിക്കുന്ന രീതിയിലുള്ളതായിരുന്നു. ഈ കണക്കു പ്രകാരം ആറ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടെങ്കില്‍ ഇരുന്നൂറ്റിയാറു ഹൈന്ദവ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇത് എന്ത് ന്യായീകരണമാണ് ? വിശുദ്ധ സ്ഥാപനങ്ങള്‍ മനഃപൂര്‍വ്വം കളങ്കപ്പെടുത്തുന്നതും അവിടെ മോഷണം നടത്തുന്നതും രണ്ടും രണ്ടാണ്. ഒന്ന് ദൈവദൂഷണവും മറ്റൊന്ന് ചട്ടലംഘനവും. രണ്ടും അപലപനീയമാണ്. 

ഞാന്‍ മോഡിയുടെ വാക്കുകളെ ബഹുമാനിക്കുന്നു. വിശ്വസിക്കുന്നു. പക്ഷെ, ഞാന്‍ ശുദ്ധഗതിക്കാരനായ ഒരു ശ്രോതാവ് അല്ല. വിഢിയായ ഒരു ദൃക്‌സാക്ഷിയും അല്ല. ശുഭാപ്തി വിശ്വാസിയായ ഒരു വിമര്‍ശകനും നിരീക്ഷകനും ആണ് ഞാന്‍. 

അതുകൊണ്ട്, മോഡിജി….കാത്തിരുന്ന് കാണാം….!!!


മോഡിയും ഒരു ഘര്‍വാപ്പസി നടത്തുകയാണോ ? ദല്‍ഹി കത്ത് -പി.വി.തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക