Image

പ്രാഞ്ചിയേട്ടന്‍ വീണ്ടും (അഷ്‌ടമൂര്‍ത്തി)

Published on 19 February, 2015
പ്രാഞ്ചിയേട്ടന്‍ വീണ്ടും (അഷ്‌ടമൂര്‍ത്തി)
കിഴക്കുമ്പാട്ടുകര സ്റ്റോപ്പിലെത്തിയപ്പൊഴേ വളവു തിരിഞ്ഞ്‌ ഒരു ബസ്സ്‌ വരുന്നതു കണ്ടു. അടുത്തെത്തിയപ്പോള്‍ അറിഞ്ഞു, നിറയെ യാത്രക്കാരുണ്ട്‌. ഈ സമയത്ത്‌ സീറ്റുകിട്ടാന്‍ വിഷമമാണ്‌. അതുകൊണ്ട്‌ കയറുക തന്നെ എന്നു തീരുമാനിച്ചു.അകത്തേയ്‌ക്ക്‌ എത്തിയേയുള്ളു, പിന്നിലെ നീണ്ട സീറ്റില്‍ നിന്ന്‌ ഒരാള്‍ എഴുന്നേറ്റു.`ഗഡീ, ഇവടെയിരിയ്‌ക്കോ!'

നോക്കിയപ്പോള്‍ പ്രാഞ്ചിയേട്ടനാണ്‌. പെട്ടെന്നുണ്ടായ സംഭ്രമത്തില്‍ ഇരിയ്‌ക്കാന്‍ മറന്നുപോയി. ആ തക്കം നോക്കി ഒരാള്‍ അവിടെ ഇരിയ്‌ക്കാന്‍ ആഞ്ഞപ്പോള്‍ പ്രാഞ്ചിയേട്ടന്‍ തടഞ്ഞു. `അത്‌ ഈ ഗഡിയ്‌ക്ക്‌ ഇരിയ്‌ക്കാന്‍ വേണ്ടി ഞാന്‍ എണീറ്റു കൊടുത്തതാ.'പിന്നെ എന്നെ ബലമായി സീറ്റില്‍ പിടിച്ചിരുത്തി.

ഞാന്‍ പ്രാഞ്ചിയേട്ടനെ അന്തം വിട്ടു നോക്കുകയായിരുന്നു. എന്നാണ്‌ അവസാനം കണ്ടതെന്ന്‌ ഓര്‍മ്മയില്ല. രാവിലെ കിഴക്കുമ്പാട്ടുകരയില്‍ ബസ്സിറങ്ങുമ്പോള്‍ മണ്ണുത്തിയില്‍നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ വന്നിറങ്ങാറുള്ളതാണ്‌ ഫ്രാന്‍സിസ്‌. രഞ്‌ജിത്തിന്റെ അരിപ്രാഞ്ചി ഹിറ്റായ കാലമായതുകൊണ്ട്‌ ഞാന്‍ അയാളെ പ്രാഞ്ചിയേട്ടനാക്കിയതാണ്‌.കിഴക്കുമ്പാട്ടുകര സെന്ററില്‍നിന്ന്‌ എന്റെ സ്ഥാപനത്തിന്റെ പടി വരെയുള്ള നൂറുവാരയ്‌ക്കിടയ്‌ക്കുള്ള സഹയാത്രയ്‌ക്കിടയ്‌ക്കാണ്‌ ഞങ്ങള്‍ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു തീര്‍ക്കാറുള്ളത്‌.

അങ്ങനെയിരിയ്‌ക്കുമ്പോള്‍ മണ്ണുത്തിയില്‍നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ പ്രാഞ്ചിയേട്ടന്‍ വന്നിറങ്ങാതായി. എന്നും കാണാറുള്ള ഒരാളെ പിന്നീട്‌ കാണാതായപ്പോഴാണ്‌ `കണ്ടുകണ്ടങ്ങിരിയ്‌ക്കും' എന്ന കുറിപ്പ്‌ എഴുതിയത്‌. അത്‌ 06.06.2012-ലെ `ജനയുഗ'ത്തില്‍.

ഇനി പ്രാഞ്ചിയേട്ടനെ കാണുകയുണ്ടാവില്ല എന്ന്‌ ഉറപ്പിച്ചതാണ്‌. പതുക്കെപ്പതുക്കെ അയാളെ മറന്നും പോയിരുന്നു. അപ്പോഴാണ്‌ ബസ്സിന്റെ പിന്‍സീറ്റില്‍നിന്ന്‌ കഥാപുരുഷന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌. എന്തിനാണ്‌ അയാള്‍ എനിയ്‌ക്കു സീറ്റു തരാന്‍ വേണ്ടി എഴുന്നേറ്റത്‌ എന്ന്‌ എനിയ്‌ക്കു മനസ്സിലായില്ല.

`നേരെയിരുന്നോളോ ഗഡീ,' എന്റെ പകുതിയിരിപ്പു കണ്ട്‌ പ്രാഞ്ചിയേട്ടന്‍ പറഞ്ഞു.`മ്മള്‌ അടുത്ത സ്റ്റോപ്പിലിറങ്ങും.'

`എവിടെയായിരുന്നു പ്രാഞ്ചിയേട്ടാ?' അമ്പരപ്പ്‌ വിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ബസ്സ്‌ അപ്പോഴേയ്‌ക്കും ജൂബിലി മിഷന്‍ ഹോസ്‌പിറ്റല്‍ സ്റ്റോപ്പിലെത്തിയിരുന്നു. ഞാന്‍ ചോദിച്ചതു കേള്‍ക്കാതെ പ്രാഞ്ചിയേട്ടന്‍ ബസ്സില്‍നിന്നിറങ്ങി.

ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്‌തപ്പോള്‍ ബസ്സ്‌ വീണ്ടും നീങ്ങി. പിന്‍ഭാഗത്തെ ചില്ലുപാളിയിലൂടെ എത്തിച്ചു നോക്കിയപ്പോള്‍ പ്രാഞ്ചിയേട്ടന്‍ കാല്‌ വലിച്ചു വെച്ച്‌ നടക്കുന്നതു കണ്ടു. ഒരു കാലിന്‌ ലേശം നീളക്കുറവുള്ളതുകൊണ്ട്‌ മറ്റേ കാല്‍ വലിച്ചുവലിച്ചാണ്‌ നടക്കുക. ഈ നടത്തമാണല്ലോ എന്റെ ശ്രദ്ധ പ്രാഞ്ചിയേട്ടനിലേയ്‌ക്ക്‌ എത്തിച്ചത്‌.

കിഴക്കേകോട്ട എത്തുന്നതിനു മുമ്പ്‌ വാഹനത്തിരക്കില്‍പ്പെട്ട്‌ ബസ്സ്‌ നിരങ്ങാന്‍ തുടങ്ങി. ഞാന്‍ വീണ്ടും തിരിഞ്ഞു നോക്കി. ഇപ്പോള്‍ പ്രാഞ്ചിയേട്ടന്‍ കണ്ണില്‍നിന്നു മുഴുവനായി മറഞ്ഞുകഴിഞ്ഞിരിയ്‌ക്കുന്നു.

എനിയ്‌ക്കു കുണ്‌ഠിതം തോന്നി. ഇത്ര കാലത്തിനു ശേഷം കണ്ടുമുട്ടിയിട്ട്‌ പ്രാഞ്ചിയേട്ടനോട്‌ ഒന്നും സംസാരിയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇനി എന്നാണ്‌ കാണുക എന്നറിയില്ല. കാണുമോ എന്നു പോലും ഉറപ്പില്ല. തേടിപ്പോവാന്‍ പ്രാഞ്ചിയേട്ടന്റെ മേല്‍വിലാസമോ ഒന്നു വിളിച്ചുനോക്കാന്‍ മൊബൈല്‍ നമ്പറോ എന്റെ കയ്യിലില്ലല്ലോ.ബസ്സ്‌ ഇപ്പോള്‍ നില്‍ക്കുകയാണ്‌. പെട്ടെന്നെടുത്ത തീരുമാനത്തില്‍ ഞാന്‍ എഴുന്നേറ്റു. ബസ്സ്‌ നീങ്ങുന്നതിനു തൊട്ടുമുമ്പ്‌ ഞാന്‍ പുറത്തേയ്‌ക്ക്‌ ചാടിയിറങ്ങി.

തിരിച്ചു നടക്കുമ്പോള്‍ പ്രാഞ്ചിയേട്ടനെ കണ്ടുപിടിയ്‌ക്കാന്‍ പറ്റും എന്ന്‌ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. മിഷന്‍ ഹോസ്‌പിറ്റലിന്റെ മുന്നിലെ ആള്‍ക്കൂട്ടത്തിലേയ്‌ക്ക്‌ ഇറങ്ങിയഅയാള്‍ എവിടേയ്‌ക്കാണ്‌ പോയി മറയുക എന്നറിയില്ലല്ലോ. ഭാഗ്യം, സ്റ്റോപ്പിലെത്തുന്നതിനു മുമ്പു തന്നെ കുറച്ചകലെ കാലു വലിച്ചു വെച്ചു നടക്കുന്ന പ്രാഞ്ചിയേട്ടനെ കണ്ടുപിടിയ്‌ക്കാനായി.

`മാഷും ഇവടെയെറങ്ങ്യോ,' പുറത്ത്‌ തട്ടു കിട്ടിയപ്പോള്‍ പ്രാഞ്ചിയേട്ടന്‍ തിരിഞ്ഞു നോക്കി. `അപ്പൊ ടൗണിലേയ്‌ക്കാര്‍ന്നില്യേ?

`പ്രാഞ്ചിയേട്ടനു തിരക്കുണ്ടോ,' ഞാന്‍ ആരാഞ്ഞു. `നമുക്കോരോ ചായ കുടിച്ചാലോ?'

`മ്മക്കെന്തു തെരക്ക്‌!' പ്രാഞ്ചിയേട്ടന്‍ ചിരിച്ചു. `പ്രത്യേകിച്ച്‌ ഒരു പണീല്യലോ. അല്ലെങ്കിലും ഗഡി ഒരു ചായ കുടിയ്‌ക്കാന്‍ വിളിച്ചാ മ്മള്‌ പണ്യൊക്കെ മാറ്റിവെച്ച്‌ വരില്യേ കൂടെ!'

ഞങ്ങള്‍ ആശുപത്രിയുടെ മുന്നിലുള്ള ചെറിയൊരു ഹോട്ടലിന്റെ മുന്നിലെത്തിയിരുന്നു. ഒഴിഞ്ഞ ഒരിടം കണ്ടെത്തി ഞങ്ങള്‍ ഇരുന്നു.

`എവിടെയായിരുന്നു മൂന്നു കൊല്ലം?' ഞാന്‍ ചോദിച്ചു. `രാവിലെ കാണാറേയില്ലല്ലോ!' `എങ്ങനെയാ കാണ്‌ാ? നമുക്കിപ്പോ ആ വീട്ടിലെ ജോലില്യലോ!'

ഞങ്ങളുടെ സ്ഥാപനത്തിനടുത്തുള്ള ഒരു വീട്ടിലെ ജോലിയേപ്പറ്റി പ്രാഞ്ചിയേട്ടന്‍ അന്നൊക്കെ വാചാലനായിരുന്നു. ഒരു വക്കീലിന്റെ വീടാണ്‌. രണ്ടു വണ്ടികളുണ്ട്‌. എര്‍ട്ടിഗയും സ്വിഫ്‌റ്റും. എര്‍ട്ടിഗ സാറ്‌ എടുക്കും. സ്വിഫ്‌റ്റ്‌ ഭാര്യയ്‌ക്കുള്ളതാണ്‌. ഓടിയ്‌ക്കാന്‍ പഠിച്ചിട്ടുണ്ടെങ്കിലും അവര്‍ ഓടിയ്‌ക്കില്ല. അധികം പണിയൊന്നുമില്ല. രാവിലെ അവിടത്തെ കുട്ടിയെ കോളേജില്‍ കൊണ്ടുവിടണം. അതു കഴിഞ്ഞാല്‍ ചില ദിവസം ഭാര്യയ്‌ക്ക്‌ ടൗണില്‍ പോവാനുണ്ടെങ്കില്‍ വണ്ടി എടുക്കണം. അല്ലെങ്കില്‍ റെസ്റ്റ്‌. ഉച്ചയ്‌ക്ക്‌ നല്ല ഫുഡ്‌. ഒന്നു മയങ്ങി എണീയ്‌ക്കുമ്പോഴേയ്‌ക്കും കുട്ടിയെ കോളേജില്‍നിന്നു കൊണ്ടുവരാനുള്ള ടൈം ആവും. കൊണ്ടു വന്നു വിട്ടിട്ട്‌ ഒരു കിണ്ണന്‍കാച്ചി ചായ കൂടി കുടിച്ച്‌ കുടുമ്മത്തേയ്‌ക്കു മടങ്ങും. സുഖവഴി.

`ആ ജോലി എന്താ വേണ്ടെന്നു വെച്ചത്‌?'

`രണ്ടാമത്തെ മോളടെ പ്രസവത്തിന്‌ കുറച്ചു പണം ചോദിച്ചു,' മേശപ്പുറത്ത്‌ അപ്പോള്‍ കൊണ്ടു വെച്ച ചായ കുടിച്ചുകൊണ്ട്‌ പ്രാഞ്ചിയേട്ടന്‍ പറഞ്ഞു. `അത്‌ സാറിന്‌ ഇഷ്ടായില്യ. എന്തുറപ്പിലാ ഇത്രയധികം പണം കടം തര്‌ാ തനിയ്‌ക്ക്‌ എന്നാണ്‌ അയാള്‍ ചോദിച്ചത്‌. നോക്കണം, അയ്യായിരം രൂപയാണ്‌ മ്മള്‌ ചോദിച്ചത്‌. ഒരു മാസത്തെ ശമ്പളം. ആ ചോദ്യം എനിയ്‌ക്കിഷ്ടായില്യ. മ്മള്‌ പിന്നെ അങ്ങോട്ടു പോയില്യ.'

`മകളുടെ പ്രസവമൊക്കെ കഴിഞ്ഞില്യേ?'

`കഴിഞ്ഞു. രണ്ടു വയസ്സാവാറായി ക്ടാവിന്‌.' പ്രാഞ്ചിയേട്ടന്‍ ചിരിച്ചു. `അയാള്‍ പണം തന്നില്ലെങ്കിലും അതൊക്കെ അങ്ങനെ നടന്നു. പ്രത്യേകിച്ച്‌ ഒരു വെഷമോംണ്ടായില്യ.'

`അല്ലെങ്കിലെന്തിനാ പ്രാഞ്ചിയേട്ടന്‍ ഇങ്ങനെ പണിയെടുക്കണത്‌? വയസ്സ്‌ പത്തെഴു പതായില്യേ? ഇനി റെസ്റ്റെടുക്കരുതേ? പോരാത്തതിന്‌ പെന്‍ഷനൂല്യേ പ്രാഞ്ചിയേട്ടന്‌?'

`മാഷ്‌ പേപ്പറൊന്നും വായിയ്‌ക്കാറില്യേ?' പ്രാഞ്ചിയേട്ടന്റെ മുഖത്തെ ചിരി മാഞ്ഞു. `പെന്‍ഷനാത്രേ. കാശില്യാന്ന്‌ പറഞ്ഞിട്ട്‌ അത്‌ വെട്ടിക്കൊറച്ചു. എന്നാല്‍ത്തന്നെ അത്‌ മുഴോനായി തര്‌ണ്‌ണ്ടാ? മൂന്ന്‌ മാസായി കിട്ടീട്ട്‌. ആത്മഹത്യേടെ വാര്‍ത്തകളൊന്നും മാഷ്‌ കണ്ടിട്ടില്യേ? അതൊന്നും പറ്റാത്തോണ്ടാ മ്മള്‌ ഇങ്ങനെ വലിഞ്ഞ്‌ നടക്കണേ.'

കെ എസ്‌ ആര്‍ ടീസീലെ ഡ്രൈവറായിരുന്നു പ്രാഞ്ചിയേട്ടന്‍. പതിന്നാലു വര്‍ഷം മുമ്പ്‌ വിരമിച്ചു. പിന്നെ ഏതെങ്കിലും വീടുകളില്‍ പണിയ്‌ക്കു പോവുകയായിരുന്നു. വിരമിച്ചതിനു ശേഷവും വെറുതെയിരുന്നിട്ടില്ല.

`മോഹം ഇല്യാഞ്ഞിട്ടല്ല ഗഡീ, കുടുമ്മം ഓടണ്ടേ? രണ്ടാമത്തോളക്ക്‌ ഭര്‍ത്താവിന്റെ വീട്ടില്‍ കൊഴപ്പല്യ. രണ്ടു കുട്ട്യോളും ആയി. മൂത്തോള്‍ക്ക്‌ ഒന്നും ആയിട്ടില്യ. ഇപ്പോഴും ചികിത്സേലാണ്‌. അതിനു തന്നെ വേണം നല്ല സംഖ്യ. ഇവടെ അടുത്തുള്ള ഡോക്ടറുടെ ചികിത്സയായതുകൊണ്ട്‌ ഇപ്പോ ഞങ്ങടെ കൂടെയാണ്‌. മൂന്നാമത്തോള്‌ നഴ്‌സ്‌ ഭാഗം പടിയ്‌ക്കാണ്‌. ഫീസും മറ്റ്വായിട്ട്‌ നല്ല ചെലവാ. മാസം മൂന്നു കഴിഞ്ഞു പെന്‍ഷന്‍ എന്നുള്ള പേരില്‌ വല്ലതും കിട്ടീട്ട്‌.'

കോര്‍പ്പറേഷന്റെ കയ്യില്‌ കാശു വേണ്ടേ,ണ്ട ഞാന്‍ ചിരിച്ചു. `നിങ്ങള്‍ക്ക്‌ പെന്‍ഷന്‍ തന്നു മുടിഞ്ഞു എന്നാണല്ലോ സര്‍ക്കാര്‌ പറേണത്‌?'

കയ്യിലെ ഗ്ലാസ്സ്‌ ശബ്‌ദത്തോടെ മേശപ്പുറത്തു വെച്ചു പ്രാഞ്ചിയേട്ടന്‍. `മന്ത്രി അതും അതിലപ്പുറോം പറയും. എല്ലാവര്‍ക്കും അങ്ങനെ ഒരു ധാരണയുണ്ട്‌. മനസ്സിലാക്കിക്കോ ഗഡീ, തൊഴിലാളികള്‍ക്ക്‌ ശമ്പളം കൊടുത്തതിന്റെ പേരില്‌ ഒരു സ്ഥാപനോം ലോകത്തില്‌ മുടിഞ്ഞിട്ടില്ല. മ്മക്ക്‌ മുപ്പത്തിരണ്ടു കൊല്ലത്തെ സര്‍വ്വീസ്‌ണ്ട്‌.ഒരു ദിവസം പോലും അനാവശ്യായിട്ട്‌ ലീവെടുത്തിട്ടില്ല മ്മള്‌. മ്മടെ പേരില്‌ ഒരു നട പടിദുഷ്യം ഇണ്ടായിട്ടില്യ. എന്തിനാ, ഒരു മെമ്മോ പോലും കിട്ടീട്ടില്യ. മ്മള്‌ മാത്രല്ല, സ്ഥാപനത്തില്‌ അധികം പേരും അങ്ങനെയാണ്‌.'

പ്രാഞ്ചിയേട്ടന്‍ കിതച്ചു. എന്റെ മുഖത്തേയ്‌ക്ക്‌ തുറിച്ചു നോക്കിക്കൊണ്ട്‌ അയാള്‍തുടര്‍ന്നു.

`നിങ്ങടെ തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇപ്പോ പന്ത്രണ്ടു ബസ്സ്‌ ഉണ്ട്‌. നല്ല വണ്ട്യോള്‌. അത്‌ ഓടിത്തുടങ്ങീട്ട്‌ നാലു കൊല്ലായില്യേ? ആ റൂട്ട്‌ ഫുള്ളായിട്ടാ ഓടണത്‌. മിക്കവാറും എല്ലാ റൂട്ടും അങ്ങനെയാണ്‌. ലോങ്ങിന്റെ കാര്യം പറയേം വേണ്ട. എന്നിട്ടും എങ്ങനെയാണ്‌ കോര്‍പ്പറേഷന്‍ നഷ്ടത്തിലാവണേ?' കുറച്ചു നിര്‍ത്തി പ്രാഞ്ചിയേട്ടന്‍ തുടര്‍ന്നു: `ഇതിലൊക്കെ കളീണ്ട്‌ മാഷേ. അതൊക്കെ ഉന്നത ലെവലിലാ. കഴിഞ്ഞേന്റെ മുമ്പിലത്തെ സര്‍ക്കാരിന്റെ കാലത്ത്‌ രണ്ടായിരം മിനി ബസ്സാണ്‌ വാങ്ങീത്‌. അതിന്റെ സ്‌പെയര്‍ പാര്‍ട്‌സ്‌ പിന്നീടു കിട്ടില്യാന്ന്‌ പറഞ്ഞ്‌ അതും വാങ്ങിക്കൂട്ടി. പിന്നെയാണ്‌ ലോങ്ങ്‌ റൂട്ടിലേയ്‌ക്ക്‌ പറ്റീതല്ലാ ഈ ബസ്സെന്ന്‌ തീരുമാനായത്‌. ഇപ്പൊ എന്താ, ആ ബസ്സുകളൊക്കെ കട്ടപ്പൊറത്തായി. ആ സ്‌പെയര്‍ പാര്‍ട്‌സ്‌ സൂക്ഷിച്ചു വെയ്‌ക്കാന്‍ പോലും സ്ഥലല്യാണ്ടായി. ഇതിനൊക്കെ തൊഴിലാളികളെയാണോ കുറ്റം പറയണ്ടേ?'

പ്രാഞ്ചിയേട്ടന്‍ കുറച്ചു നേരത്തേയ്‌ക്ക്‌ ഒന്നും മിണ്ടിയില്ല.

`മാഷ്‌ അറിഞ്ഞില്യേ, ഈ മാസം മുതല്‍ കുട്ട്യോള്‍ക്ക്‌ യാത്ര ചെയ്യാന്‍ കാശു വേണ്ട. അതിന്റെ വക ഒന്നരക്കോട്യാണ്‌ കോര്‍പറേഷന്‌ നഷ്ടം. ഞങ്ങക്കു പെന്‍ഷന്‍ തരാന്‍ കാശില്ലാത്തോടത്താണ്‌ കുട്ട്യോള്‍ക്ക്‌ സൗജന്യയാത്ര! വോട്ടു കിട്ടാന്‍ള്ള ഇത്തരം തട്ടിപ്പോണ്ടും കൂട്യാണ്‌ സ്ഥാപനം നഷ്ടത്തിലായത്‌. അല്ലാതെ ഞങ്ങള്‌ പണിയെടുക്കാത്തോണ്ടല്ല.' ചായ ഒരിയ്‌ക്കല്‍ക്കൂടി മോന്തി പ്രാഞ്ചിയേട്ടന്‍ തുടര്‍ന്നു: `അല്ലെങ്കില്‍ മാഷ്‌ പറയ്‌. പതിനായിരം രൂപേടെ മൊബൈലും ഒരു ലക്ഷത്തിന്റെ ബൈക്കും ഒക്കെണ്ട്‌. രാവ്‌ലേം വൈന്നാരോം ഓരോ രൂപ കൊടുക്കാന്‍ മാത്രം പാങ്ങില്യ.'

`ആട്ടെ, പ്രാഞ്ചിയേട്ടന്‍ ഇപ്പൊ ഇവടെ ഇറങ്ങീത്‌ എന്തിനാ?' വിഷയം മാറ്റാമെന്ന്‌എനിയ്‌ക്കു തോന്നി. `ആശുപത്രീല്‌ വല്ലോരും കെടക്ക്‌ണ്‌ണ്ടോ?'

`അല്ല. ഇവടെ അട്‌ത്ത്‌ ഒരു ഡോക്ടറുടെ വീട്‌ണ്ട്‌. അവടെ ഒരു ഡ്രൈവറെ വേണംന്ന്‌ കേട്ടു. അപ്പൊ ഒന്ന്‌ അന്വേഷിയ്‌ക്കാംന്ന്‌ വെച്ചു.'ചായ കുടിച്ചു തീര്‍ത്ത്‌ ഞങ്ങള്‍ പുറത്തിറങ്ങി.

`ചെന്നാലേ അറിയൂ. ഇനി അവടെ ശര്യായില്ലെങ്കില്‌ വേറെ എവടേങ്കിലും,' പെട്ടെന്ന്‌ എന്നെ പിടിച്ചു നിര്‍ത്തി പ്രാഞ്ചിയേട്ടന്‍ എന്റെ മുഖത്തേയ്‌ക്കു നോക്കി. `ഒന്നുംശര്യായില്ലെങ്കില്‌ മ്മള്‌ നിങ്ങടെ കമ്പനീലിയ്‌ക്ക്‌ വരാം. ജോലി തര്വോ?'

`എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍, എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ'എന്ന്‌ അക്കിത്തത്തേപ്പോലെ വിലപിയ്‌ക്കാനാണ്‌ എനിയ്‌ക്കു തോന്നിയത്‌. പക്ഷേ അത്‌ പ്രാഞ്ചിയേട്ടനോടു വേണ്ടല്ലോ. ഞാന്‍ ഒരു വിഡ്‌ഢിയേപ്പോലെ ചിരിച്ചു.

`സ്ഥിരായിട്ടല്ല,' പ്രാഞ്ചിയേട്ടന്‍ വിടാനുള്ള ഭാവമല്ലായിരുന്നു. `മാസത്തില്‌ എന്തെങ്കിലും ഒരു സംഖ്യ തന്നാ മതി. കൊറേ വണ്ട്യോളില്യേ നിങ്ങക്ക്‌. മ്മള്‌ എല്ലാം ഓടിയ്‌ക്കും.ലൈറ്റും ഹെവീം എല്ലാം.'

പിന്നെ കാണാമെന്നു പറഞ്ഞ്‌ ഞാന്‍ പ്രാഞ്ചിയേട്ടനെ യാത്രയാക്കി ബസ്‌ സ്റ്റോപ്പിലേയ്‌ക്കു നടന്നു. മിഷന്‍ ആശുപത്രിയുടെ സ്റ്റോപ്പായതുകൊണ്ട്‌ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സുകളടക്കം എല്ലാം നിര്‍ത്തും. ആസമയം സ്റ്റോപ്പില്‍ വന്നുനിന്ന പാലക്കാട്ടുനിന്നുള്ള ഒരു കെ എസ്‌ ആര്‍ ടി സി ഫാസ്റ്റില്‍ ഞാന്‍ ചാടി ക്കയറി.
പ്രാഞ്ചിയേട്ടന്‍ വീണ്ടും (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക