Image

ചിരി തൂകി, കളിയാടി ചിമ്മിനി (പ്രകൃതിയുടെ നിഴലുകള്‍ തേടി- 57: ജോര്‍ജ്‌ തുമ്പയില്‍)

Published on 15 February, 2015
ചിരി തൂകി, കളിയാടി ചിമ്മിനി (പ്രകൃതിയുടെ നിഴലുകള്‍ തേടി- 57: ജോര്‍ജ്‌ തുമ്പയില്‍)
തൃശൂര്‍ ജില്ലയിലെ സഞ്ചാരങ്ങള്‍ക്കിടയിലാണ്‌ ചിമ്മിനി ഡാം കാണാന്‍ പോയത്‌. ചിമ്മിനി അത്ര പേരു കേട്ട സ്ഥലമല്ലെങ്കിലും ചെന്നപ്പോള്‍ കഥയാകെ മാറി. ശരിക്കും കാണേണ്ടതായ ഒരു കാഴ്‌ചയാണിത്‌. പോകേണ്ടതായ ഒരു സ്ഥലമാണിത്‌. എന്നിട്ടും എന്തു കൊണ്ട്‌ ഇവിടം ടൂറിസം മാപ്പില്‍ ഇടം പിടിക്കുന്നില്ലെന്ന്‌ ഓര്‍ത്തു പോയി. വനം വകുപ്പും ടൂറിസം വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ്‌ പ്രധാന പ്രശ്‌നം. ഇത്തരം സ്ഥലങ്ങളില്‍ തപ്പിതടഞ്ഞ ്‌ചെല്ലേണ്ട അവസ്ഥയാണ്‌. കേരളം പൂര്‍ണ്ണമായും കണ്ടിരിക്കണമെന്നു നിര്‍ബന്ധബുദ്ധിയോടെ നടക്കുന്നവര്‍ക്ക്‌ മുന്നില്‍ ചിമ്മിനി ചിരി തൂകി, കളിയാടി നില്‍ക്കുന്നു. ചിമ്മിനി ജലാശയവും അതിനോടു ചേര്‍ന്നു കിടക്കുന്ന വന്യജീവി സങ്കേതവുമാണ്‌ ഇവിടുത്തെ കാഴ്‌ച. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം പ്രകടമായിരിക്കുന്ന വന്യജീവി സങ്കേതങ്ങളിലൊന്നാണിത്‌. അതിമനോഹരമായ കാഴ്‌ചഭംഗി നിറഞ്ഞ ജലാശയം. ശാന്തവും എന്നാല്‍ അത്ര തന്നെ ഗംഭീരവുമായ വന്യജീവി സങ്കേതം. പുഴ ഒഴുകാതെ നിശ്ചലമായി തന്നെ നിലകൊള്ളുന്നു. നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ചിമ്മിനി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണീ പുഴ.

തൃശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാല്‍പതു കിലോമീറ്ററോളം അകലെയായി എചിപ്പാറയിലാണ്‌ ഡാം ഉള്‍പ്പെടെയു ള്ള ചിമ്മിനി വന്യജീവി സംരക്ഷണകേന്ദ്രം ഉള്ളത്‌. വേനലിന്റെ കാഠിന്യം കൊണ്ട്‌ ഡാമിലെ ജലനിരപ്പ്‌ ഒരുപാട്‌ കുറവ്‌ ഉണ്ടെങ്കിലും മനോഹരമായ കാഴ്‌ച ആയിരുന്നു. നെല്ലിയാമ്പതി വനമേഖലയുടെ പടിഞ്ഞാറേ ചരിവിലാണ്‌ ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌. കാട്ടുപോത്ത്‌, ആന എന്നിവയെയും മറ്റ്‌ ചെറിയ വന്യജീവികളെയും ഇവിടെ സംരക്ഷിച്ചിരിക്കുന്നു. 1984ല്‍ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‌ 100 ച.കി.മീ വിസ്‌തീര്‍ണ്ണമുണ്ട്‌.

വന്യജീവി സംരക്ഷണകേന്ദ്രം കൂടി ആയതിനാല്‍ വഴി മദ്ധ്യേ ഉള്ള ചെക്ക്‌ പോസ്റ്റില്‍ നിന്ന്‌ അനുവാദം വാങ്ങി വേണം അകത്തു കയറാന്‍. നേരത്തെ എത്തിയിരുന്നുവെങ്കില്‍ ഒരു മലകയറ്റം കൂടി നടത്താമായിരുന്നു. ഇനി ഒരിക്കല്‍ കുറച്ചുകൂടി പ്ലാന്‍ ചെയ്‌തു വരണമെന്ന്‌ തീരുമാനിച്ചുറപ്പിച്ചു. അവിടെ ഫോറസ്റ്റ്‌ ഓഫീസില്‍ നില്‍ക്കുമ്പോള്‍ പടവുകള്‍ക്കപ്പുറത്ത്‌ ആഴത്തില്‍ ട്രഞ്ചുകള്‍ കണ്ടു. അതിന്റെ സുരക്ഷയില്‍, കുടപിടിച്ചു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കടിയില്‍, ചെറിയൊരു കൂടാരം. അവിടെ ഏതോ പരിസ്ഥിതി ക്യാമ്പ്‌ നടക്കാനുള്ള ഒരുക്കമാണ്‌. പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികര്‍ക്കും കാട്ടില്‍ താമസിക്കാനുളളതാണ്‌ കൂടാരം.

ഇവിടെ ഒരു സ്ഥിരം കൂടാരം ഉണ്ടായിരുന്നു. ആഴത്തിലുള്ള ട്രഞ്ചുകള്‍ വരും മുമ്പ്‌ ഒരു കൊമ്പന്റെ രോഷം അതിനെ ഇടിച്ചു നിരത്തിയതാണ്‌. കൂടാരത്തിന്റെ ചെറിയ ഭിത്തി തകര്‍ത്തു. അടുത്തുള്ള മരങ്ങളും പിഴുതെറിഞ്ഞു. കൊമ്പന്റെ കലിയുടെ അടയാളങ്ങള്‍ പലതും ഇപ്പോഴും ബാക്കി കിടക്കുന്നു. ട്രഞ്ചുകള്‍ക്ക്‌ ആഴം കൂട്ടി, കൂടാരം മോടി പിടിപ്പിക്കുന്ന തിരക്കിലാണ്‌ വനം വകുപ്പ്‌. പ്രകൃതിപ്രേമികള്‍ക്ക്‌ അവ ഉടന്‍ നല്‍കും. സുഖകരമായ ചുറ്റുപാട്‌. എപ്പോഴും തഴുകാനെത്തുന്ന തണുപ്പുള്ള തെന്നല്‍. ജലാശയത്തിനരികെ അങ്ങിങ്ങു കാണുന്ന വൃക്ഷങ്ങളില്‍ നീര്‍ക്കാക്കയും കൃഷ്‌ണപ്പരുന്തും.

ചിമ്മിനി ഡാമിലൂടെ ദീര്‍ഘമായ തോണി യാത്ര ചെയ്‌താലെത്തുന്ന സ്ഥലമാണ്‌ ആനപ്പോര്‌. ഇവിടം തീച്ചയായും കണ്ടിരിക്കണമെന്നു വനംവകുപ്പില ഒരു ഉദ്യോഗസ്ഥനായിരുന്ന ജോസഫ്‌ പറഞ്ഞു. അദ്ദേഹത്തെ അവിടെ വച്ചു പരിചയപ്പെട്ടതാണ്‌. പശ്ചിമഘട്ടത്തിലെ ധന്യമായ ജൈവവൈവിധ്യ മേഖലകളില്‍ ഒന്നാണത്രേ. ഇന്ത്യയില്‍ തന്നെ ഇത്രമാത്രം ജൈവവൈവിധ്യമുള്ള വേറൊരു സ്ഥലമില്ലെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ അതിശയിച്ചു പോയി. പ്രകൃതി സ്‌നേഹികളുടേയും സഞ്ചാരികളുടേയും പുതിയൊരു സങ്കേതമായി ചിമ്മിനി ഇക്കോ പ്രോജക്‌റ്റിനു കീഴിലെ ആനപ്പോര്‌ ടൂറിസം മാറുകയാണ്‌. അതോടെ ചിമ്മിനി പുതിയ ചിറകുകള്‍ വിരിക്കും. ട്രെക്കിങ്ങും രാത്രിവാസവും ഇക്കോ പഠനവും പക്ഷിനിരീക്ഷണവും വന്യമൃഗക്കാഴ്‌ചകളുമെല്ലാം ചേര്‍ന്ന വിപുലമായ ഇക്കോ ടൂറിസം പരിപാടികളാണ്‌ ഇവിടെ ഒരുങ്ങുന്നത്‌. ഗൈഡുകളെയും താമസിക്കാനുള്ള ടെന്റുകളും യാത്രാബോട്ടും എല്ലാം ഫോറസ്റ്റ്‌ വകുപ്പ്‌ നല്‍കും.

ചിമ്മിനി ജലസേചന പദ്ധതിയിലുള്ള അണക്കെട്ടിലൂടെയാണ്‌ ആനപ്പോരിലേക്കു പോകേണ്ടത്‌. മനോഹരമായ നീലജലാശയം. വനം വകുപ്പിന്റെ ഐ.ബിക്ക്‌ താഴെ നിന്ന്‌ ചെറിയൊരു ബോട്ടില്‍ കയറി ഇരുപതു മിനുട്ട്‌ സഞ്ചരിച്ചാല്‍ ആനപ്പോരില്‍ എത്താം. അതിനു മുമ്പ്‌ മറ്റൊരു താവളമുണ്ട്‌. മാങ്കുഴി. അവിടെ നിലാവും മഴയും കാറ്റും മാറിമാറിക്കളിക്കുന്ന ജലാശയത്തിന്റെ കരയില്‍, ഇരുപതടി ഉയരത്തില്‍ മരത്തില്‍ ഒരു കൂടാരം ഒരുങ്ങിക്കഴിഞ്ഞു. ഇവിടെയും പത്തു പേര്‍ക്കു സുഖമായി താമസിക്കാം.

ആനകളും കാട്ടുപോത്തുകളുമാണ്‌ ചിമ്മിനിയിലെ പ്രധാന കാഴ്‌ച്ചകള്‍. വേനലില്‍ തടാകത്തിലെ ജലനിരപ്പു താഴുമ്പോള്‍ വന്യമൃഗങ്ങളെ കൂടുതല്‍ കാണാം. കടുവയും പുള്ളിപ്പുലിയും, കാട്ടുനായ്‌ക്കളും മ്ലാവും കാട്ടുപന്നിയും പല ഭാഗങ്ങളില്‍ നിന്നും വന്ന്‌ വെള്ളം കുടിക്കും.

ചൂരത്തള വെള്ളച്ചാട്ടമാണ്‌ ബോട്ട്‌ യാത്രയിലെ അവസാന പോയിന്റെന്നു ജോസഫ്‌ പറഞ്ഞു. ചിമ്മിനിയുടെ ഹൃദയത്തുടിപ്പെന്ന്‌ ഈ വെള്ളച്ചാട്ടത്തെ പറയാം. ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ അകലെ എത്തി ഇടത്തോട്ട്‌ അല്‍പ്പം കുത്തനെയുള്ള കയറ്റം കയറിയാല്‍ മനസ്സിനെ ഭ്രമിപ്പിക്കുന്ന വെള്ളച്ചാട്ടം കാണാമത്രേ. കാട്ടിലൂടെ നടന്ന്‌ ഇവിടെയെത്താം. അതിനുള്ള സൗകര്യം വനംവകുപ്പ്‌ ഒരുക്കിക്കൊടുക്കുന്നുണ്ട്‌. കാടിന്റെ ഗഹനതയില്‍ നിന്ന്‌ ജലം പാറകളില്‍ തട്ടി താഴേക്ക്‌ കുത്തി ഒഴുകുന്നു. വര്‍ണ്ണങ്ങള്‍ വിരിയിച്ച്‌ പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍ ചൂരത്തളയെ അവിസ്‌മരണീയമാക്കുന്നു. പാറമേലേക്കുള്ള കയറ്റം അനായാസമാണ്‌. ചുറ്റുമുള്ള വൃക്ഷങ്ങളുടെ വേരുകള്‍ പടവുകള്‍ പോലെ ഉറച്ചു നില്‍ക്കുന്നു. വൃക്ഷങ്ങളെ പാറ ആലിംഗനം ചെയ്‌തിരിക്കുന്നു. കുടപിടിക്കുന്ന രീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. പാറക്കുടക്കു താഴെ വനംകുപ്പ്‌ ടെന്റുകള്‍ സ്ഥാപിച്ചിച്ചു കൊണ്ടിരിക്കുകയാണത്രേ. മഴയും വെയിലുമേല്‍ക്കാതെ ഒരാള്‍ക്കു ചുരുണ്ടു കിടക്കാന്‍ പോന്ന മനോഹരമായ കുഞ്ഞുടെന്റുകള്‍. അത്‌ യാത്രയില്‍ ഒപ്പം കരുതാമെന്നു ജോസഫ്‌ പറഞ്ഞു. സഞ്ചാരികളെത്തിയാല്‍ ഓണ്‍ ദ സ്‌പോട്ട്‌ നിര്‍മ്മിച്ചു നല്‍കും ഈ സ്വര്‍ഗീയ ഭവനങ്ങള്‍. പ്രകൃതിസ്‌നേഹികള്‍ക്ക്‌ രാത്രിയും പകലും അതില്‍ വിശ്രമിച്ച്‌ കാടിന്റെ സൗന്ദര്യം ആസ്വദിക്കാം.

ഇത്തരം അനര്‍ഘനിമിഷങ്ങള്‍ ഇവിടെയുണ്ടായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും പ്ലാന്‍ ചെയ്‌തു മാത്രമേ ഇവിടേക്ക്‌ വരുമായിരുന്നുള്ളു. ഇവിടെ വന്നപ്പോള്‍ മാത്രമാണ്‌ ബോട്ടിങ്‌ ഉണ്ടെന്ന്‌ തന്നെ അറിയുന്നത്‌. അതു കൊണ്ട്‌ ചിമ്മിനി ഡാമിലേക്കു വരുന്നവര്‍ മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുക. അതിനുള്ളവിവരങ്ങള്‍ ഒപ്പം കൊടുക്കുന്നു. പ്രയോജനപ്പെടുത്തുക. ഇവിടം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്നു മാത്രം പറയട്ടെ... ജോസഫിനോടു നന്ദി പറഞ്ഞ്‌ ഞാന്‍ തൃശൂരിലേക്ക്‌ മടങ്ങി.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌

How to reach

By Road: Reach Amballur junction, 10 kms south east to Thrissur towards Kochi in NH-47. Take diversion from here, and proceed to east. Chimmony is at a distance of 25kms. Buses are available upto Dam site.
By Rail: Thrissur, which is 36 kms from Sanctuary.
By Air: Cochin International Airport (60 KM)


Contact

Wildlife warden, Peechi Wildlife Division Office. )0487 2699017
Asst. Wildlife Warden)0480 2766972
Chairman/Ex-officio Secretary )0480 3209234.
visit www.chimmony.com

(തുടരും)
ചിരി തൂകി, കളിയാടി ചിമ്മിനി (പ്രകൃതിയുടെ നിഴലുകള്‍ തേടി- 57: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക