Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-23: സാം നിലമ്പള്ളില്‍)

Published on 01 February, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-23: സാം നിലമ്പള്ളില്‍)
അദ്ധ്യായം 23

റഷ്യയെ അക്രമിക്കുന്നതിന്‌ മുന്‍പ്‌ ഒറ്റരാത്രികൊണ്ട്‌ നാസിപ്പട്ടാളം ഡെന്‍മാര്‍ക്ക്‌ പിടിച്ചെടുത്തു. നേരംവെളുത്തുണര്‍ന്ന ഡെന്‍മാര്‍ക്കുകാര്‍ ജര്‍മന്‍പട്ടാളക്കാരെയാണ്‌ കണികണ്ടത്‌. യഹൂദരെ തിരഞ്ഞുപിടിക്കുക എന്ന മുഖ്യപരിപാടിയാണ്‌ നാസികള്‍ ആദ്യം നടപ്പിലാക്കിയത്‌.

എന്തുചെയ്യണമെന്ന്‌ അറിയാതെ ജൊസേക്ക്‌ പരിഭ്രാന്തനായി. ആരുടെ പിടിയില്‍നിന്ന്‌ രക്ഷപെട്ടുവന്നോ അവരുടെ വലയില്‍തന്നെ അകപ്പെട്ടു. സീമോണും ഭാര്യയും ഒന്നും അറിഞ്ഞിട്ടില്ല, രണ്ടുപേരും നല്ല ഉറക്കത്തിലാണ്‌. അവന്‍ സൈക്കിളുമെടുത്ത്‌ ജ്യൂതകമ്മ്യൂണിറ്റിയുടെ ഓഫീസിലേക്ക്‌ വിട്ടു. അവിടെച്ചെന്ന്‌ ആരെങ്കിലുമായി സംസാരിച്ച്‌ എന്തുചെയ്യണമെന്ന്‌ തീരുമാനിക്കാം. ജര്‍മന്‍ പട്ടാളക്കാരെ ഒഴിവാക്കാന്‍ അവന്‍ മെയിന്‍റോഡുവിട്ട്‌ ഇടവഴികളില്‍കൂടിയാണ്‌ പോയത്‌. ജൂതകമ്മ്യൂണിറ്റിയുടെ ഓഫീസ്‌ ദൂരെനിന്ന്‌ കണ്ടപ്പോഴേ അവന്‍ സൈക്കിളിന്‌ ബ്രേക്കിട്ടു. അവിടെമൊത്തം ജര്‍മന്‍ പട്ടാളക്കാരാണ്‌. ചിലരെയൊക്കെ അറസ്റ്റുചെയ്‌തുകൊണ്ട്‌ പോകുന്നുണ്ട്‌. അവന്‍ സൈക്കിള്‍ തിരികെ ചവിട്ടി. മിഖൈലിനേം, പീറ്ററിനേം പാര്‍പ്പിച്ചിരുന്ന റഫ്യൂജിക്യാമ്പും ഒഴിഞ്ഞുകിടക്കുന്നു. അവരേം നാസികള്‍ അറസ്റ്റ്‌ ചെയ്‌തുകാണും. അല്ലെങ്കില്‍ അവര്‍ എവിടെങ്കിലും ഒളിവില്‍ പോയതായിരിക്കും. സ്‌ത്രീകളും കുട്ടികളുമായി എങ്ങനെ ഒളിവില്‍പോകും? ആരെയെങ്കിലും കണ്ടിരുന്നെങ്കില്‍ എന്തുവേണമെന്ന്‌ ആലോചിക്കാമായിരുന്നു. അപരിചിതമായ രാജ്യത്ത്‌ സഹായത്തിന്‌ ആരുമില്ലതെ എന്തുചെയ്യാനാണ്‌?

തിരികെ വീട്ടില്‍വന്നപ്പോള്‍ സീമോണ്‍ ഉണര്‍ന്നിരിക്കുന്നു.

`നീ എവിടെപ്പോയതാണ്‌ ജൊസേക്ക്‌; നടന്ന സംഭവങ്ങളൊന്നും നീ അറിഞ്ഞില്ലേ?' അയാളും ആകെ ഭയന്നിരിക്കയാണ്‌..

`ഞാന്‍ ജൂതക്കമ്മറ്റിയുടെ ഓഫീസില്‍ പോയതാണ്‌. അവിടം നാസികള്‍ വളഞ്ഞിരിക്കുന്നു. ചിലരെയൊക്കെ അറസ്റ്റുചെയ്‌തുകൊണ്ടുപോകുന്നത്‌ കണ്ടു; റെഫ്യൂജിക്യാമ്പും ഒഴിഞ്ഞുകിടക്കുന്നു.'

`വലിയ താമസമില്ലാതെ ഇവിടെയും എത്തും. നീയും കടുംബവും എത്രയും പെട്ടന്ന്‌ രക്ഷപെടാന്‍ നോക്കിക്കോ.'

`എങ്ങോട്ടാണ്‌ പോകേണ്ടതെന്ന്‌ എനിക്ക്‌ ഒരുപിടിയും ഇല്ല. ഈ രാജ്യത്ത്‌ എനിക്ക്‌ അങ്കിളല്ലാതെ വേറെപരിചയക്കാര്‍ ആരുമില്ല.'

സീമോണ്‍ പെട്ടന്ന്‌ ആലോചനയില്‍ മുഴുകി. അവസാനം എന്തോ പരിഹാരം കണ്ടെത്തിയതുപോലെ പറഞ്ഞു.

`ഒരു മാര്‍ഗമേ ഞാന്‍ കാണുന്നുള്ളു. ഞാന്‍ നിനക്ക്‌ ഒരു കത്ത്‌ തരാം. അതുംകൊണ്ട്‌ നീ എന്റെ സുഹൃത്ത്‌ സൊറാബിനെ പോയിക്കാണണം. അയാള്‍ യഹൂദനല്ല, ക്രിസ്‌ത്യാനിയാണ്‌. ഒളിവില്‍ കഴിയാനോ, രാജ്യംവിട്ടുപോകാനോ അവന്‍ നിന്നെ സഹായിക്കും.'

`അപ്പോള്‍ അങ്കിളും ആന്റിയും എന്തുചെയ്യും?'

`ഞങ്ങളുടെ കാര്യം വിട്ടേക്ക്‌. നാസികള്‍ വയസുചെന്ന ഞങ്ങളെ ഒന്നുംചെയ്യില്ല. അഥവാ എന്തെങ്കിലും ചെയ്‌താലും ഞങ്ങളുടെ ജീവിതം കഴിയാറായതല്ലേ. അതുപോലെ അല്ലല്ലോ നിന്റെയും കുടുംബത്തിന്റേയും കാര്യം.'

സീമോണ്‍ കൊടുത്ത കത്തുമായി ജൊസേക്ക്‌ സൊറാബിനെ കാണാന്‍പോയി. കത്ത്‌ വായിച്ചിട്ട്‌ അയാള്‍ ആലോചനയില്‍മുഴുകി. അയാളും സീമോണെപ്പോലെ ഒരുപടുകിഴവനായിരുന്നു. ഇയാള്‍ വിചാരിച്ചാല്‍ എങ്ങനെ തന്നെയും കുടുംബത്തേയും രക്ഷിക്കാന്‍ സാധിക്കുമെന്ന്‌ അവന്‍ സംശയിച്ചു.

`ഞാനും സീമോണും ഒന്നിച്ച്‌ ജോലിചെയ്‌തിരുന്നവരാണ്‌, ഡാനീഷ്‌ പോലീസില്‍.' അയാള്‍ കഥപറയാന്‍ തുടങ്ങി. സീമോണങ്കിള്‍ എന്തിനാണ്‌ ഇയാളുടെ അടുത്തേക്ക്‌ തന്നെ പറഞ്ഞുവിട്ടതെന്ന്‌ അവന്‍ വിചാരിച്ചു; വിലപിടിച്ച സമയം നഷ്‌ടപ്പെടുത്താന്‍. എത്രയുംവേഗം അവിടെനിന്ന്‌ രക്ഷപെടാന്‍ അവന്‍ ആഗ്രഹിച്ചു.

`റിട്ടയര്‍ ചെയ്‌തതിന്‌ ശേഷമാണ്‌ ഞാന്‍ വ്യവസായത്തിലേക്ക്‌ കടന്നത്‌.' അയാള്‍ കഥ തുടര്‍ന്നു.

ഇയാള്‍ വ്യവസായത്തിലേക്ക്‌ കടന്നതുകൊണ്ട്‌ തനിക്കെന്തുനേട്ടം?.

`അതാ ആ കാണുന്ന ഫാക്‌ട്ടറി എന്റെ സ്വന്തമാണ്‌.' അയാള്‍ കൈചൂണ്ടികാണിച്ചു.

സൊറാബ്‌ കൈചൂണ്ടിയയിടത്തേക്ക്‌ ജൊസേക്ക്‌ നോക്കി. അവിടെ വലിയൊരു വ്യവസായശാല. ആള്‌ വിചാരിച്ചതുപോലെ അല്ലല്ലോ; വലിയൊരു ധനവാനാണോ ഒരു പഴഞ്ചന്‍ കോട്ടുമിട്ടുകൊണ്ട്‌ തന്റെ മുമ്പില്‍ ഇരിക്കുന്നത്‌?

`ഇപ്പോള്‍ എന്റെ മക്കളാണ്‌ കാര്യങ്ങള്‍ നോക്കിനടത്തുന്നത്‌.' അയാള്‍ തുടര്‍ന്നു. `നിനക്കും കുടുംബത്തിനും ഞാന്‍ ആഭയംതരാം. ഒരുനായയും എന്റെ ഗേറ്റുതുറന്ന്‌ കയറിവരത്തില്ല.'


സൊറാബ്‌ തന്നെ കാറോടിച്ച്‌ സീമോണിന്റെ വീട്ടില്‍ചെന്ന്‌ സെല്‍മയേയും മക്കളേയും കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറുവയസുകാരന്‍ കാറോടിക്കുന്നത്‌ ജൊസേക്ക്‌ അത്ഭുതത്തോടെ നോക്കിയിരുന്നു.

`താനും പോരെടോ എന്റെ വീട്ടിലേക്ക്‌,' സൊറാബ്‌ കൂട്ടുകാരനോട്‌ പറഞ്ഞു. `നമുക്കെല്ലാവര്‍ക്കുംകൂടി അവിടെക്കഴിയാം.'

`ഇത്രയുംനാള്‍ ഇവിടെ ജീവിച്ചു. ഇനി ഇവിടെക്കിടന്ന്‌ മരിക്കണമെന്നാ എന്റെയും ഓലായുടേയും ആഗ്രഹം. ജര്‍മന്‍ നാസികള്‍ ഞങ്ങളെ എന്തെങ്കിലും ചെയ്യുമെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല.' അയാള്‍ ജൊസേക്കിനേം കുടുംബത്തേയും സുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.

നാസികള്‍ വീടുകള്‍തോറും കയറിയിറങ്ങി യഹൂദരെ പിടികൂടുകയായിരുന്നു. അവരെ സഹായിക്കാനായി ഡെന്മാര്‍ക്കുകാരായ ചില വര്‍ഗീയവാദികളും കൂടെയുണ്ട്‌. ഓരോവീടുകളില്‍നിന്നും പിടിച്ചിറക്കിയ യഹൂദരെ കന്നുകാലികളെ തെളിക്കുന്നതുപോലെ റോഡേനയിച്ചുകൊണ്ടുപോയി. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും മക്കളും പേരക്കുട്ടികളും എല്ലാം നിസ്സഹായരായി നാസികളുടെ തോക്കിന്റെ മുന്‍പില്‍കൂടി മുന്നോട്ടുനീങ്ങി. കൈക്കുഞ്ഞിനെ വഹിക്കുന്ന അമ്മ, മൂന്നുവയസുകാരിയെ തോളിലേന്തിയിരിക്കുന്ന അച്ഛന്‍ നാലുവയസുകാരനെ കൈപിടിച്ചുനീങ്ങുന്ന അമ്മൂമ്മ, അത്യാവശ്യംവേണ്ട വസ്‌ത്രങ്ങള്‍ അടങ്ങിയ ബാഗുംതൂക്കി നടക്കുന്ന പതിന്നാലു?കാരി, എല്ലാവരും നടക്കുകയാണ്‌, എങ്ങോട്ടെന്നറിയാതെ. അതാ ആ പോകുന്നത്‌ സീമോണും ഓലായുമല്ലേ? അവരുടെ ശുഭാപ്‌തിവിശ്വാസവും തകര്‍ക്കപ്പെട്ടോ? ഇത്രനാളും ജീവിച്ചവീട്ടില്‍നിന്ന അവരും കുടിയിരക്കപ്പെട്ടോ? എന്തുകുറ്റമാണ്‌ അവരുടെമേല്‍ ആരോപിക്കാനുള്ളത്‌? ഉണ്ടല്ലോ; അവര്‍ യഹൂദരായ മാതാപിതാക്കള്‍ക്കല്ലേ ജനിച്ചില്ലേ, അതുതന്നെ കുറ്റം

പിടികൂടപ്പെട്ട യഹൂദരെ നേരെ റയില്‍സ്റ്റഷനിലേക്കാണ്‌ കൊണ്ടുപോയത്‌. എങ്ങോട്ടാണ്‌ തങ്ങളെ കൊണ്ടുപോകുന്നതെന്ന്‌ ചോദിച്ച ജിജ്ഞാസാഭരിതരോട്‌ നാസികള്‍ പറഞ്ഞു. സഖ്യകക്ഷികള്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്‌ നിങ്ങള്‍ കാണുന്നില്ലേ? ബോംബ്‌ വീഴാത്ത സുരക്ഷിതമായ സ്ഥലത്തേക്കാണ്‌ നിങ്ങളെ മാറ്റുന്നത്‌. ഫ്യൂരര്‍ക്ക്‌ നിങ്ങളെപ്പറ്റിയുള്ള താല്‍പര്യം ഓര്‍ത്തുനോക്കു. എന്നോടൊപ്പം പറയൂ ഭഹായ്‌ ഹിറ്റ്‌ലര്‍.?

പക്ഷേ, അവരാരും ഹിറ്റലറെ അഭിവാദ്യം ചെയ്‌തില്ല. ജര്‍മന്‍കാരോടും ഡെന്‍മാര്‍ക്കുകാരോടും ഇല്ലാത്ത സ്‌നേഹം അയാള്‍ക്ക്‌ യഹൂദരോടുമാത്രം തോന്നാനുള്ള കാരണത്തെപ്പറ്റി ആലോചിച്ചു.

അവരെകൊണ്ടുപോകാന്‍ കാറ്റില്‍കാറുകള്‍ റയില്‍സ്റ്റേഷനില്‍ നിരന്നുകിടപ്പുണ്ടായിരുന്നു. അന്‍പതുപേര്‍ക്ക്‌ കഷ്‌ടിച്ച്‌ കയറാവുന്ന വാഗണില്‍ ഇരുനൂറും മുന്നൂറും പേറെ കുത്തിനിറച്ചു. വാതില്‍ വലിച്ചടച്ച്‌ വെളിയില്‍നിന്നുപൂട്ടി. ഇനി നാല്‍പതോ അന്‍പതോ മണിക്കൂര്‍നേരത്തെ സുഖയാത്ര, കിഴക്കോട്ട്‌. അതായത്‌ കിഴക്കന്‍ പോളണ്ടിലേക്ക്‌. അവിടെ ട്രെംബ്‌ളിങ്ക, സോബിബോര്‍, ബെല്‍സേക്ക്‌ മുതലായ സുഖവാസകേന്ദ്രങ്ങളുണ്ട്‌. സ്വര്‍ഗത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുന്നതും അവിടെനിന്നാണ്‌.

(തുടരും....)

ഇരുപത്തിരണ്ടാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-23: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക