Image

ശരീരം തളര്‍ന്ന തിയേറ്റര്‍ ജീവനക്കാരന് സുരേഷ് ഗോപിയുടെ സഹായം

Published on 29 January, 2015
ശരീരം തളര്‍ന്ന തിയേറ്റര്‍ ജീവനക്കാരന് സുരേഷ് ഗോപിയുടെ സഹായം
തമിഴ് സംവിധായകന്‍ ശങ്കറിന്റെ ബ്രഹമാണ്ഡ ചിത്രം ഐ കാണാനുള്ള ആരാധകരുടെ ആവേശത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് സഹായവുമായി നടന്‍ സുരേഷ് ഗോപി എത്തി. വിക്രം നായകനായ സിനിമ ഐയുടെ റിലീസിംഗ് ദിവസം സിനിമാ പ്രേമികളുടെ ആവേശം തിയറ്റര്‍ ജീവനക്കാരനായ ശ്രീകുമാറിന് ദുരന്തമായി മാറിയിരുന്നു.

ഒരുലക്ഷം രൂപയാണ് തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രീകുമാറിന് സുരേഷ് ഗോപി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ് . ശ്രീകുമാറിന് സംഭവിച്ച ദുരന്തം നടന്‍ വിക്രമിനെയും സംവിധായകന്‍ ശങ്കറിനെയും അറിയിച്ചിട്ടുണ്ടെന്നും അവരും സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായും സുരേഷ് ഗോപി പറഞ്ഞു.

ഐയുടെ റിലീസിങ് ദിവസം സിനിമാ പ്രേമികളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ അത് നിയന്ത്രിക്കാനെത്തിയതായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ ശ്രീകുമാര്‍. ഗേറ്റ് തുറന്നതോടെ തിക്കിനും തിരക്കിനുമിടയില്‍ ഏതോ ഒരു യുവാവ് മതിലു ചാടിക്കടന്നപ്പോള്‍ ശ്രീകുമാറിന്റെ കഴുത്തിലേത്താണ് ശക്തിയോടെ വന്നു പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ നിലത്തു വീണ ശ്രീകുമാറിന്റെ കഴുത്തിന് താഴേക്ക് തളര്‍ന്നു പോവുകയായിരുന്നു. തിയേറ്റര്‍ അധികൃതര്‍ ഉടന്‍ തന്നെ ശ്രീകുമാറിനെ കൊല്ലത്തെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിലും എത്തിച്ചു. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഈ യുവാവ്. ശ്രീകുമാറിന്റെ കഴുത്തിലെ എല്ലിന് പൊട്ടലും സുഷുമ്‌നയ്ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ടെന്നും ദീര്‍ഘകാലത്തെ ചികിത്സ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

സ്വന്തമായി വീടുപോലും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന ശ്രീകുമാറിനും കുടുംബത്തിനും ആശുപത്രി ചെലവുകള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയുന്നില്ല. തിയറ്റര്‍ ഉടമകള്‍ ചികിത്സക്കായി കുറച്ച് പണം നല്‍കിയെങ്കിലും അത് ഒന്നിനും തികയാത്ത അവസ്ഥയാണ്. ശ്രീകുമാരിനെ പരിചരിക്കാന്‍ ആശുപത്രിയില്‍ നില്‍ക്കുന്നത് ഭാര്യ ലതികയാണ്. അതിനാല്‍ ഇവര്‍ക്കും ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ചികിത്സാ ചെലവിന് പോലും പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ഐ.സി.യുവിന്റെ വരാന്തയിലാണ് ഇവര്‍ ഇരിക്കുന്നത്. സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ദ്ധന കുടുംബം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക