Image

പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തില്‍ മലയാളികളും

Published on 27 January, 2015
പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തില്‍ മലയാളികളും
പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പങ്കാളികളായ മലയാളികളില്‍ പ്രമുഖന്‍ ഇന്റര്‍നാഷനല്‍ ട്രേഡ് അസോസിയേഷനില്‍ (ഐടിഎ) വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറിയും അമേരിക്കയുടെ വിദേശ വാണിജ്യ സര്‍വീസ് ഡയറക്ടറുമായ മലയാളിയായ അരുണ്‍ എം. കുമാര്‍ ആണു.
പ്രശസ്ത സാഹിത്യകാരി സരോജാ വര്‍ഗീസിന്റെ പുത്രന്‍ മജു വര്‍ഗീസ്,
പൗത്രി ജാക്ക് ലിന്‍ മാത്യു   എന്നിവരും സംഘത്തിലുണ്ടായിരുന്നു. വൈറ്റ് ഹൗസില്‍ ഉദ്യോഗസ്ഥനാണു മജു.
ഇന്ത്യന്‍ വ്യവസായ പ്രമുഖരുമായി ഒബാമ നടത്തിയ ചര്‍ച്ചകളില്‍ അരുണ്‍ കുമാര്‍ പ്രധാന പങ്കു വഹിക്കുകയുണ്ടായി.
വിദേശ മാര്‍ക്കറ്റുകളില്‍ അമേരിക്കന്‍ കമ്പനികളെ സഹായിക്കുകയും അവര്‍ക്കുവേണ്ടി നിലപാടുകളെടുക്കുകയുമെന്ന ഐടിഎയുടെ ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് അരുണിന്റെ ചുമതല.
അമേരിക്കയ്ക്കു പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപദേശങ്ങളും വിപണി സംബന്ധിച്ച വിവരങ്ങളും നല്‍കുക, വാണിജ്യ പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവയൊക്കെ വിദേശ വാണിജ്യ സര്‍വീസിന്റെ ചുമതലയാണ്. ആഗോള വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അമേരിക്കയിലെ നൂറിലേറെ നഗരങ്ങളിലും 72 രാജ്യങ്ങളിലുമുള്ള 1400ലേറെ വാണിജ്യ വിദഗ്ധരുടെ നേതൃത്വമാണ് അരുണിനുള്ളത്.
1995ല്‍ കെപിഎംജിയില്‍ ഫിനാന്‍സ് മാനേജ്‌മെന്റ് ലീഡറായി ചേര്‍ന്ന അരുണ്‍ 2005 മുതല്‍ 2013 സെപ്റ്റംബര്‍ വരെ കമ്പനിയുടെ വെസ്റ്റ്‌കോസ്റ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്‍സിയുടെ ചുമതല വഹിച്ചു. കേരള സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്തശേഷം മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉപരിപഠനം നടത്തി.
മാസച്യുസെറ്റ്‌സിലെ ആംഹഴ്‌സ്റ്റ്‌ യൂണിവേഴിസിറ്റിയില്‍ നിന്ന്‌ പൊളിറ്റിക്‌സില്‍ ബിരുദം കരസ്ഥമാക്കിയ മജു, മുന്‍ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറിന്റെ സ്റ്റാഫില്‍ അംഗമായാണ്‌ മജു  ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ഹൊഫ്‌സ്‌ട്രാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ നിയമ ബിരുദം കരസ്ഥമാക്കുകയും വൈറ്റ്‌ ഹൌസില്‍ ഒബാമയുടെ `അഡ്വാന്‍സ്‌ ടീമില്‍' അംഗമാകുകയും ചെയ്‌തു. തുടര്‍ന്ന്‌, അഡ്വാന്‍സ്‌ ടീമിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ സ്ഥാനക്കയറ്റം ലഭിക്കുകയും ഒബാമയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി നിയമനം ലഭിക്കുകയും ചെയ്‌തു.
ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‌ രണ്ടാഴ്‌ച മുന്‍പുതന്നെ മജു ഡല്‍ഹിയില്‍ എത്തിയിരുന്നു. പ്രസിഡന്റിന്റെ ആഗമനത്തിനു മുന്‍പായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു അത്‌.
2010-ല്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ആ ടീമില്‍ ഉണ്ടായിരുന്നു.
അമേരിക്കന്‍ വനിത ജൂലി ആണു ഭാര്യ. എട്ടു വയസുള്ള ഇവാന്‍ പുത്രന്‍.

മകന്‍ പ്രസിഡന്റിനോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തില്‍ പങ്കെടുക്കുന്നത്‌ ടെലിവിഷനിലൂടെ കണ്ട ശ്രീമതി സരോജാ വര്‍ഗീസ്‌ 'ഇത്‌ അഭിമാനത്തിന്റെ നിമിഷങ്ങളാ'ണെന്ന്‌ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തില്‍ മലയാളികളും പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തില്‍ മലയാളികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക