Image

ഒബാമ മടങ്ങി; പ്രസംഗത്തില്‍ കേരളവും മത സ്വാതന്ത്ര്യവും

Published on 27 January, 2015
ഒബാമ മടങ്ങി; പ്രസംഗത്തില്‍ കേരളവും മത സ്വാതന്ത്ര്യവും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ  ഇന്ത്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രസിഡന്‍റ് ബറാക് ഒബാമ മടങ്ങി. അബ്ദുല രാജാവിന്‍െറ വിയോഗത്തില്‍ നേരിട്ട് അനുശോചനം അറിയിക്കാന്‍ അദ്ദേഹം സൗദി അറേബ്യയിലേക്കാണ് പോയത്. അബ്ദുല്ല രാജാവിന്‍െറ പിന്‍ഗാമി  സല്‍മാന്‍ രാജാവുമായും ഒബാമ കൂടിക്കാഴ്ച നടത്തും.

അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാണെന്നു ഒബാമ പറഞ്ഞു. ന്യഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറയത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ.

റിപ്പബ്ളിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ് എന്നത് വലിയ അംഗീകാരമാണ്. കഴിഞ്ഞ തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ദീപാവലി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തങ്ങളുടെ പ്രതിരൂപമായാണ് ഇന്ത്യയെ കാണുന്നത്. ഇരു രാജ്യങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണം നടത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് സ്വാമി വിവേകാനന്ദനെ അമേരിക്ക സ്വാഗതം ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹം ഏറ്റവും കൂടുതലുള്ള രാജ്യമാണ് അമേരിക്ക. അവരാണ് അമേിക്കയെ ശക്തിപ്പെടുത്തുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും ഒരുമിച്ചു നിന്നാല്‍ ലോകം കൂടുതല്‍ സുരക്ഷിതമാവും. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന സംരംഭത്തില്‍ അമേരിക്ക ഇന്ത്യയെ സഹായിക്കും.

യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയുന്ന കാര്‍ബണ്‍ ഫ്രീ സംവിധാനമാണ് ആണവ കരാറിലൂടെ ഇന്ത്യക്ക് നല്‍കാന്‍ പോകുന്നത്. പട്ടിണിയില്‍ നിന്ന് ഏറ്റവും അധികം ആളുകളെ മോചിപ്പിച്ച രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.

പ്രസംഗത്തില്‍ അദ്ദേഹം കേരളത്തെ പ്രശംസിച്ചതും ശ്രദ്ധേയമായി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ അതിമനോഹരമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീശാക്തീകരണമാണ് ഒരു രാജ്യത്തിന്റെ ശക്തി. വര്‍ഗ്ഗരഹിത സമൂഹമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം- ഒബാമ പറഞ്ഞു.

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വമാണ്. വിവേകാനന്ദന്‍ അമേരിക്കയിലെത്തി നടത്തിയ പ്രസംഗത്തെയും ഒബാമ സ്മരിച്ചു. തന്റെ കൂടി നാടായ ഷിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം സഹോദരി സഹോദരന്‍മാരെ എന്നു അഭിസംബോധന ചെയ്താണ് തുടങ്ങിയത്. ഇവിടെ തനിക്കും അങ്ങനെ അഭിസംബോധന ചെയ്യാനാണ് തോന്നുന്നത്.

ഭയമോ വേര്‍തിരിവോ കൂടാതെ സ്വന്തം മതവിശ്വാസം പരിശീലിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടാത്തിടത്തോളം കാലം ഇന്ത്യ ഒരു സമുന്നത രാഷ്ട്രമായിരിക്കും. ഷാരൂഖ് ഖാന്‍, മേരി കോം, മില്‍ഖാ സിങ് മുതലായവരുടെ വിജയം വര്‍ണത്തിനും മതവിശ്വാസങ്ങള്‍ക്കുമപ്പുറം ഒരുപോലെ ആഘോഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും സാധിക്കണം.

ഒരു രാജ്യം കൂടുതല്‍ വിജയം നേടുന്നത് അവിടുത്തെ സ്ത്രീകള്‍ വിജയം നേടുമ്പോഴാണ്. പെണ്‍മക്കളെല്ലാം ആണ്‍മക്കളെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ സൈന്യം നടത്തിയ റിപ്പബ്ലിക് ദിന പരേഡില്‍ എല്ലാ വിഭാഗങ്ങളിലും തന്നെ സ്ത്രീകളും പങ്കെടുത്തത് അവിശ്വസനീയമായിരുന്നു.

ചെറുകിട തൊഴില്‍ ചെയ്യുന്നവരുടെയും ജോലി നമ്മുടേതിന് സമാനമാണ്. ഭാഗ്യവശാല്‍, സ്വപ്നങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിക്കുന്ന രണ്ടു രാജ്യങ്ങളിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലും യുഎസിലും, ഒരു പാചകക്കാരന്റെ മകനും, ദലിതന്റെ മകനും പ്രസിഡന്റാവാം. ചായവില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാം.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായി യുഎസിലേക്ക് വരുന്നതിനേക്കാള്‍ യുഎസില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠിക്കാനെത്തുന്നതാണ് എനിക്കിഷ്ടം.
മിഷേലും ഞാനും സമ്പന്നമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നില്ല. വിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇവിടെ എത്തുമായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക