Image

ഒബാമക്ക് പൂജ താക്കൂര്‍ നല്‍കിയ സല്യൂട്ട് ചരിത്രമായി.

Published on 26 January, 2015
ഒബാമക്ക് പൂജ താക്കൂര്‍ നല്‍കിയ സല്യൂട്ട് ചരിത്രമായി.
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്‍ മുറ്റത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് പൂജ താക്കൂര്‍ നല്‍കിയ സല്യൂട്ട് ചരിത്രമായി. രാഷ്ട്രത്തലവന് നല്‍കുന്ന ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണറിന് ഒരു വനിതാ ഓഫിസര്‍ ഇത്തരത്തില്‍ നേതൃത്വം നല്‍കുന്നത് ആദ്യമായാണ്. വായുസേനയിലെ വിങ് കമാന്‍ഡറാണ് പൂജ താക്കൂര്‍. ‘സ്ത്രീ ശക്തി’ എന്നതാണ് ഇത്തവണത്തെ റിപ്പബ്ളിക്ദിന പരേഡിന്‍െറ പ്രമേയം. ഒബാമക്ക് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ നയിക്കാന്‍ വനിതയെ നിയോഗിച്ചതും അതുകൊണ്ടുതന്നെ. റിപ്പബ്ളിക്ദിന പരേഡില്‍ കര, വ്യോമ, വായുസേനാ വിഭാഗങ്ങളുടെ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നതും വനിതാ ഓഫിസര്‍മാര്‍തന്നെ.
രാഷ്ട്രപതിഭവന്‍ മുറ്റത്ത് അമേരിക്കന്‍ പ്രസിഡന്‍റിനെയും സംഘത്തെയും 21 ആചാരവെടി മുഴക്കി ‘ഗണ്‍ സല്യൂട്ട്’ നല്‍കി പൂജ താക്കൂറും സംഘവും വരവേറ്റു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കാന്‍ ഒബാമ നടന്നുനീങ്ങിയപ്പോള്‍ തൊട്ടുപിന്നിലായി അനുഗമിച്ചതും പൂജതന്നെ. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധിക്ക് മുന്നില്‍ ഭാരത സ്ത്രീശക്തിയുടെ പ്രതിനിധിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായി പൂജ താക്കൂര്‍ പറഞ്ഞു. 2000ല്‍ വായുസേനയില്‍ ചേര്‍ന്ന പൂജ നിലവില്‍ ന്യൂഡല്‍ഹി വായുസേന ആസ്ഥാനത്ത് സേനയുടെ പബ്ളിസിറ്റി വിഭാഗത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിനിയായ പൂജയുടെ പിതാവ് ആര്‍മിയില്‍നിന്ന് കേണലായി വിരമിച്ചയാളാണ്. പാര ജംപിങ് ഉള്‍പ്പെടെയുള്ള സാഹസിക കായിക വിനോദങ്ങളിലും സജീവമാണ് അവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക