Image

ദന്തവിചാരം (പുനര്‍വായന: രാജു മൈലപ്ര)

Published on 24 January, 2015
ദന്തവിചാരം (പുനര്‍വായന: രാജു മൈലപ്ര)
മനുഷ്യജീവിതത്തില്‍ പല്ലിനുള്ള സ്ഥാനം മുന്‍നിരയിലാണ്‌. `ഒറ്റയടിക്ക്‌ നിന്റെ അണപ്പല്ല്‌ ഞാന്‍ തെറിപ്പിക്കും', `എല്ലു മുറിയെ പണിചെയ്‌താല്‍ പല്ലുമുറിയെ തിന്നാം' തുടങ്ങിയ പ്രയോഗങ്ങള്‍ പണ്ടു മുതലേ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. ഒരാളുടെ പേഴ്‌സണാലിറ്റി നിര്‍ണ്ണയത്തില്‍ പരമപ്രധാനമാണല്ലോ ചിരിക്കുള്ള സ്ഥാനം. `അവള്‍ ചിരിച്ചാല്‍ മുത്തുചിതറും, ആ മുത്തോ നക്ഷത്രമാകും' എന്നാണല്ലോ `അവളുടെ പല്ലുകള്‍' എന്ന ചിത്രത്തില്‍ നസീറിക്ക പാടിയിട്ടുള്ളത്‌.

സിനിമയിലെ യക്ഷികള്‍ സുന്ദരികളാണ്‌. അവര്‍ എപ്പോഴും ചിരിച്ചുകൊണ്ടാണ്‌ നടക്കുന്നത്‌. `ഡെന്റല്‍ ലാമിനേഷന്‍' വന്നതില്‍പ്പിന്നെ സീരിയല്‍ നടികള്‍ വായ തുറന്നാല്‍ തലയോട്ടിയില്‍ നോക്കുന്നതുപോലിരിക്കും.

ചിലര്‌ ചിരിക്കുന്നതുകണ്ടാല്‍ നമ്മളും അറിയാതെ ചിരിച്ചുപോകും. മുയല്‍പ്പല്ലുകൊണ്ട്‌ പണവും പ്രശസ്‌തിയുമുണ്ടാക്കിയ ആളാണ്‌ മലയാള സിനിമയുടെ പ്രിയപ്പെട്ട മാമുക്കോയ.. ഡ്രാക്കുളയുടെ കൂര്‍ത്ത പല്ലുകണ്ടാല്‍ ഏതു സുന്ദരിയും അറിയാതെ കഴുത്ത്‌ നീട്ടിക്കൊടുക്കും. ആനപ്പല്ല്‌ ഔഷധമാണെന്ന്‌ പറയപ്പെടുന്നു. രാജഭരണകാലത്ത്‌ യുദ്ധത്തില്‍ അമ്പേറ്റ്‌ മരിക്കുന്നവരുടെ പല്ലുകൊണ്ട്‌ ദന്തഗോപുരങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ചെറുപ്പത്തില്‍ തന്നെ അഭ്യസിക്കുന്ന ഒരു അഭ്യാസമാണല്ലോ ദന്തസംരക്ഷണം. പണ്ടുകാലത്ത്‌ മലയാളികള്‍ മാവിലയും ഈര്‍ക്കിലും ഇതിനായി ഉപയോഗിച്ചിരുന്നു. സയന്‍സ്‌ പുരോഗമിച്ചതോടുകൂടി ഉമിക്കരിയും ഉപ്പും രംഗത്തെത്തി. ഒരു വീട്ടില്‍ കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പാത്രത്തിലാണ്‌ ഉമിക്കരി ശേഖരിച്ചുവെച്ചിരുന്നത്‌.

ഗ്രാമ്പൂ, ഏലയ്‌ക്ക, പെരുംജീരകം എന്നിവ പൊടിച്ച്‌ അതില്‍ ചുണ്ണാമ്പ്‌ ചേര്‍ത്ത്‌ പനിനീരില്‍ ചാലിച്ച ഒരു മിശ്രിതത്തിലായിരുന്നത്രേ ആറ്റിന്‍മണമ്മേലേ ഉണ്ണിയാര്‍ച്ച അവളുടെ അഴകാര്‍ന്ന ദന്തനിരകള്‍ സംരക്ഷിച്ചിരുന്നതെന്ന്‌ താളിയോല ഗ്രന്ധങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പല്ലു പറയുമ്പോള്‍ അമേരിക്കയിലെ കുട്ടികള്‍ക്ക്‌ ഉറങ്ങിക്കിടക്കുമ്പോള്‍ `ടൂത്ത്‌ ഫെയറി' വന്ന്‌ തലയിണക്കീഴില്‍ ഡോളര്‍ നോട്ടുവെച്ചിട്ട്‌ പോകാറുണ്ടത്രേ!

ടൂത്ത്‌ പേസ്റ്റിന്റെ ആവിര്‍ഭാവത്തോടെ, ദന്തസംരക്ഷണ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. തുടക്കത്തില്‍ കോള്‍ഗേറ്റിന്റെ സാദാ പേസ്റ്റ്‌ മാത്രമേ കമ്പോളത്തിലുണ്ടായിരുന്നുള്ളൂ. പിന്നീട്‌ എന്തെല്ലാം തരത്തിലും നിറത്തിലും തരത്തിലുമുള്ള പേസ്റ്റുകളാണ്‌ അങ്ങാടി പിടിച്ചടക്കിയത്‌. വെള്ള, പച്ച, നീല, ചുവപ്പ്‌ - ഇവയെല്ലാം ഇടകലര്‍ന്ന്‌, കൂടാതെ മന്തോള്‍, ബേക്കിംഗ്‌ സോഡ, വൈറ്റ്‌നിംഗ്‌, എക്‌സ്‌ട്രോ ക്ലീന്‍ തുടങ്ങിയവ.

പ്രാകൃത മനുഷ്യന്‍ വിരല്‍കൊണ്ടാണ്‌ പല്ലു തേച്ചിരുന്നത്‌.ഇപ്പോള്‍ ടൂത്ത്‌ ബ്രഷുകളുടെ പ്രളയമാണ്‌. സോഫ്‌റ്റ്‌, മീഡിയം, ഹാര്‍ഡ്‌, ആംഗിള്‍, നാവിഗേറ്റര്‍, സ്‌പിന്നിംഗ്‌ ഇങ്ങനെ നീളുന്നു ബ്രഷുകളുടെ നിര. ഇതുകൂടാതെ സ്‌കോപ്‌ മൗത്ത്‌ വാഷ്‌, ബിനാക്കാ സ്‌പ്രേ, ഡെന്റീന്‍ ച്യൂയിംഗം തുടങ്ങിയ മേമ്പൊടികള്‍!

പണ്ടൊക്കെ പല്ലുപറിക്ക്‌ പ്രത്യേക പഠിത്തം ഒന്നും വേണ്ടായിരുന്നു. ഒരു ഞവണയും, കുറച്ചു ചരടും അല്‍പം ആത്മധൈര്യവുമുണ്ടെങ്കില്‍ ആര്‍ക്കും പല്ലു പറിക്കാമായിരുന്നു. ചന്തസ്ഥലങ്ങളില്‍ ഒരു ഷീറ്റ്‌ വിരിക്കുക, കുറച്ചു വെള്ളവും, പഞ്ഞിക്കഷണങ്ങളും, മരുന്ന്‌ എന്നു തോന്നിക്കത്തക്കതുപോലെ കളര്‍വെള്ളം നിറച്ച കുപ്പികളും അതില്‍ നിരത്തിവെച്ചിട്ട്‌ അനൗണ്‍സ്‌മെന്റ്‌ തുടങ്ങുക. `എത്ര പഴകിയ പല്ലുവേദനയും മാറ്റിത്തരും. കടന്നുവരുവീന്‍. ഒരു പല്ലു പറിക്കുന്നതിന്‌ ഒരു രൂപാ മാത്രം. അഞ്ച്‌ പല്ല്‌ ഒരുമിച്ച്‌ പറിക്കുന്നവര്‍ക്ക്‌ ഒരു പറി സൗജന്യം.'

പത്തു പുത്തനുണ്ടാക്കുവാന്‍ പറ്റിയ പണിയാണിതെന്നു മനസിലാക്കിയതോടുകൂടി പലരും തപാല്‍ മാര്‍ഗ്ഗം ദന്തശാസ്‌ത്രം പഠിച്ച്‌ പല്ലു പറയിയന്മാരായി കാര്‍ഡിയോളജിസ്റ്റിനേക്കാള്‍ ഡിമാന്റ്‌ ഇന്ന്‌ ഡെന്റിസ്റ്റുകള്‍ക്കാണ്‌. കാരണം, മനുഷ്യന്‌ ഹൃദയമൊന്നേയുള്ളൂ. പക്ഷെ പല്ലിന്റെ എണ്ണം 32- ആണ്‌.

ദന്തസംബന്ധമായ എല്ലാ കാര്യങ്ങളും ഒരാള്‍ തന്നെയാണ്‌ ചെയ്‌തുപോന്നത്‌. കുഴി നികത്തുക (Cavity), പാലം പണിയുക (Bridge), പെയിന്റടിക്കുക (Bleach), കിരീടം വെയ്‌ക്കുക (Crown). ഇതിനെല്ലാം പ്രത്യേകം പ്രത്യേകം പരിശീലനം നേടിയ ദന്തഡോക്‌ടര്‍മാര്‍ ഇന്ന്‌ മാര്‍ക്കറ്റിലുണ്ട്‌. Endodontist, Orthodontist, Peridonist, Prosthodontist, Oral surgen, Pediatric dentist, geriatric dentist ഇങ്ങനെ പല മേഖലകളില്‍ സ്‌പെഷലൈസ്‌ ചെയ്‌ത വിദഗ്‌ധന്മാര്‍ ഈ രംഗത്ത്‌ പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്നു. അടുത്തകാലത്ത്‌ നടത്തിയ ഒരു ഡെന്റല്‍ സന്ദര്‍ശനമാണ്‌ ഇതൊക്കെ ചിന്തിക്കുവാന്‍ പ്രേരകമായത്‌.

പല്ലിന്റെ പടംവരച്ച ഒരു കടാലാസില്‍ റിസപ്‌ഷനിസ്റ്റ്‌ രണ്ടുമൂന്നു സ്ഥലങ്ങളില്‍ എന്നെക്കൊണ്ട്‌ ഒപ്പിടുവിച്ചു. സുന്ദരിയായ ഒരു മദാമ്മക്കൊച്ചായിരുന്നു ഡെന്റിസ്റ്റ്‌. കൂട്ടത്തില്‍ അസിസ്റ്റന്റുമുണ്ട്‌. ബാങ്കുകവര്‍ച്ചക്കാരെപ്പോലെ മുഖംമൂടിയും, ഗ്ലൗസുമണിഞ്ഞാണ്‌ അവര്‍ വന്നത്‌. ഞാനിരുന്ന കസേരയുടെ താഴെ, ഏതോ ഒരു ബട്ടണില്‍ കാലുകൊണ്ടമര്‍ത്തിയപ്പോള്‍, കസേര കട്ടിലുപോലെ മലര്‍ന്നു. പ്രതികളെക്കൊണ്ട്‌ സത്യം പറയിക്കുവാന്‍ പോലീസ്‌ സ്റ്റേഷനില്‍ ഉപയോഗിക്കുന്നതുപോലെ, ആയിരം വോള്‍ട്ട്‌ പ്രകാശമുള്ള എന്റെ മുഖത്തിനു മുകളില്‍ തെളിഞ്ഞു. അവരാവശ്യപ്പെട്ടതുപോലെ ഞാന്‍ വായ്‌ തുറന്നു. തുറന്നിരിക്കുന്ന എന്റെ വായ കണ്ടപ്പോള്‍ ഡോക്‌ടറും അസിസ്റ്റന്റും കുടഞ്ഞിട്ട്‌ ചിരിച്ചു. സത്യം പറയണമല്ലോ എന്റെ വായ്‌ ഏതൊരു ഡെന്റിസ്റ്റിന്റേയും സ്വപ്‌നമാണ്‌. പല ആംഗിളില്‍ അവര്‍ എന്റെ പല്ലുകളുടെ എക്‌സ്‌റേ എടുത്തു. എടുത്ത പടമെല്ലാം അവര്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വലുതാക്കി പ്രദര്‍ശിപ്പിച്ചു. എന്റെ പല്ലിന്റെ അവസ്ഥ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ നാണിച്ചുപോയി. ഈ പല്ലുകാട്ടിയാണല്ലോ, ഞാനിത്രയും കാലം മറ്റുള്ളവരെ നോക്കി ചിരിച്ചതെന്നോര്‍ക്കുമ്പോള്‍ എനിക്ക്‌ വല്ലാത്ത വൈക്ലബ്യം തോന്നി.

`ഡോണ്ട്‌ വറി, വി ഹാവ്‌ സീന്‍ മച്ച്‌ വേഴ്‌സ്‌ ദാന്‍ ദിസ്‌' മദാമ്മക്കൊച്ചിന്റെ ആശംസാ വചനങ്ങള്‍ എന്റെ ചങ്കിലാണ്‌ തറച്ചത്‌. എന്റെ സകല പല്ലും പ്രശ്‌നക്കാരാണ്‌. ക്യാവിറ്റി, ക്യാപ്‌, ക്രൗണ്‍, റൂട്ട്‌ കനാല്‍ തുടങ്ങിയ ദന്തപദങ്ങള്‍ ദന്തഡോക്‌ടര്‍ എനിക്കു ചുറ്റുമിട്ട്‌ കറക്കി.

ഒരു തുടക്കമെന്ന നിലയില്‍ ആദ്യമൊരു ക്ലീനിംഗ്‌ ആകട്ടെ എന്നു കാച്ചി. ആനയ്‌ക്ക്‌ ഇന്‍ജെക്ഷന്‍ കൊടുക്കുന്ന ഒരു സൂചി കൊണ്ട്‌ എന്റെ മോണ മരവിപ്പിച്ചു. പിന്നീട്‌ പലതരത്തിലുള്ള സാമിഗ്രികള്‍ വായില്‍ കുത്തിക്കയറ്റി. ഒന്ന്‌ വെള്ളം സ്‌പ്രേ ചെയ്യുവാനുള്ളത്‌, മറ്റൊന്ന്‌ വെള്ളം വലിച്ചെടുക്കാന്‍, വായ്‌ അടഞ്ഞുപോകാതിരിക്കാന്‍ ഒരു താങ്ങ്‌. എനിക്കാണെങ്കില്‍ വല്ലാത്ത ഒരു ഗാഗ്‌ റിഫ്‌ളക്‌സ്‌. ചൂണ്ടപോലെ വളഞ്ഞിരിക്കുന്ന ഒരു സൂചികൊണ്ട്‌ അവര്‍ എന്റെ പല്ലിന്റെ ഇടയാകെ മാന്തിപ്പറിച്ചു. ഇടയ്‌ക്കിടെ ഡോക്‌ടറുടെ തോഴിയും കൂടി എന്റെ പല്ലിന്റെ പുവര്‍ കണ്ടീഷനെപ്പറ്റി തരംതാണ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്‌. എന്നോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ `ങാ...ങ്യു' എന്ന്‌ പൊട്ടന്മാരെപ്പോലെ മറുപടി പറഞ്ഞു.

ഇരുമ്പും സിമന്റും കൂട്ടിക്കുഴച്ചതുപോലുള്ള ഒരു പേസ്റ്റ്‌ വെച്ച്‌ അവര്‍ എന്റെ പല്ലിന്റെ പോടെല്ലാം അടച്ചു. ഒരു ബ്രിഡ്‌ജ്‌ കെട്ടി. ക്രൗണും വെച്ച്‌, ഒന്നു ബ്ലീച്ച്‌ ചെയ്‌തല്‍ എന്റെ വായ്‌ `പ്രസന്റബിള്‍' ആയിരിക്കുമെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. എല്ലാം കഴിഞ്ഞ്‌ പോരാന്‍ നേരത്ത്‌ ഒരു മിക്കിമൗസ്‌ ബ്രഷും ഒരു ലോലിപ്പോപ്പും അവര്‍ പോക്കറ്റിലിട്ടുതന്നു.

ഇനി മേലാല്‍ ഞാന്‍ പ്രശാന്തിനെപ്പോലെ ഇക്കിളിട്ടായിരിക്കില്ല, മറിച്ച്‌ കണ്ണനെപ്പോലെ വായ തുറന്നായിരിക്കും ചിരിക്കാന്‍ പോകുന്നത്‌.
(ഫെബ്രുവരി 2005)
ദന്തവിചാരം (പുനര്‍വായന: രാജു മൈലപ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക