Image

രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു

Published on 26 January, 2015
രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു
ന്യൂഡല്‍ഹി:  രാജ്യം അറുപത്തിയാറാമത് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക സാമൂഹിക പാരമ്പര്യവും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടവും വിളിച്ചോതുന്ന പരേഡിനാണ് രാജ്പഥ് ഇന്ന് സാക്ഷ്യം വഹിച്ചത് .ഒരു അമേരിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡായിരുന്നു ഇന്നത്തേത്.

ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് റിപ്പബ്ളിക് ദിന പരേഡിന് തുടക്കമായത്. രാജ്പഥിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരി സ്വീകരിച്ചു. ഒൗദ്യോഗിക അകമ്പടികളോടെ രാജ്പഥിലത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി. പതാകയെ അഭിവാദ്യം ചെയ്ത് 21 ആചാരവെടി മുഴക്കി ചടങ്ങുകള്‍ക്ക് തുടക്കമായി.

പരമോന്നത സൈനിക ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്ര പുരസ്കാരം രാഷ്ട്രീയ റൈഫിള്‍സിലെ നായിക് നീരജ്കുമാറിനും മേജര്‍ മുകുന്ദ് വരദരാജനും വേണ്ടി ഭാര്യമാര്‍ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടന്നു. പരേഡിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം അര്‍പ്പിച്ചു. പരേഡിന്‍്റെ തുടക്കത്തില്‍ വ്യോമസേന ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തി.

രാഷ്ട്രപതി ഭവനില്‍ നിന്നും ആരംഭിച്ച സൈനിക പരേഡ് രാജ്പഥില്‍ കൂടി കടന്നുപോയി ചെങ്കോട്ടയിലാണ് അവസാനിച്ചത്. പരേഡ് നീങ്ങുന്ന രാജ്പഥ് മുതല്‍ ചെങ്കോട്ട വരെയുള്ള ഭാഗവും ഡല്‍ഹി ആകമാനവും കനത്ത സുരക്ഷാവലയത്തിലായിരുന്നു. ധീരതക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച 20 പേര്‍ പ്രത്യേക വാഹനങ്ങളില്‍ പരേഡില്‍ പങ്കെടുത്തു. 13 സൈനിക ബാന്‍ഡുകളാണ് ചടങ്ങിന് കൊഴുപ്പേകിയത്. കര, നാവിക, വ്യോമ സേനകളുടെ ഓരോ ബാന്‍ഡ് വീതവും അര്‍ധസൈനിക വിഭാഗങ്ങളുടെ എട്ടു ബാന്‍ഡുകളും എന്‍.സി.സി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ബാന്‍ഡും അണി നിരന്നിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈല്‍, വെപ്പണ്‍ ലൊക്കേറ്റിങ് റഡാര്‍, ഈയിടെ വാങ്ങിയ ആന്‍ഡി സബ്മറൈന്‍ എയര്‍ക്രാഫ്റ്റ്, അത്യാധുനിക യുദ്ധവിമാനമായ മിഗ്-29 എന്നിവ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക