Image

റിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥി

Published on 24 January, 2015
റിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥി
ടീനെക് ന്യൂജേഴ്‌സിയിലെ ചെറിയ നഗരമാണെങ്കിലും ജോണ്‍ ഏബ്രഹാം അവിടെ മേയറായി 1992-ല്‍ സ്ഥാനമേറ്റപ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ അത് വലിയ വാര്‍ത്തയായിരുന്നു. അതിനു മുമ്പ് മിഡ്‌വെസ്റ്റിലെ ഏതോ ചെറിയൊരു ടൗണ്‍ഷിപ്പില്‍ ഒരു ഇന്ത്യക്കാരന്‍ മേയറായി എങ്കിലും ആദ്യ മേയര്‍ എന്ന ഖ്യാതി കിട്ടിയത് ജോണ്‍ ഏബ്രഹാമിനാണ്. മലയാളി സമൂഹത്തില്‍ അന്ന് സൃഷ്ടിച്ച റെക്കോര്‍ഡ് ഇപ്പോഴും തിരുത്തപ്പെടാതെ കിടക്കുന്നു. മലയാളികള്‍ ഡപ്യൂട്ടി മേയര്‍ പദംവരെ എത്തിയെങ്കിലും പിന്നീട് മേയറായിട്ടില്ല.

അന്ന് ഇന്ത്യന്‍ സമൂഹം അംഗബലത്തില്‍ കുറവ്. രാഷ്ട്രീയ സ്വാധീനം പേരാ. അതിനു മുമ്പ് ഡോ. ജോയ് ചെറിയാന്‍ ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മീഷന്‍ അംഗമായതാണ് എടുത്തുപറയത്തക്ക രാഷ്ട്രീയ നേട്ടം. ഇലക്ഷനിലൂടെ മേയര്‍ പദവിയിലെത്തിയപ്പോള്‍ അത് പെട്ടെന്ന് ഇന്ത്യന്‍ സമൂഹത്തിനാകെ ആവേശം പകര്‍ന്നു. രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് തുടക്കമിടുകയും ചെയ്തു.

ഈ രാഷ്ട്രീയ നേട്ടം മനസിലാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് 1993-ലെ റിപ്പബ്ലിക് ദിന പരേഡില്‍ അതിഥികളിലൊരാളായി ജോണ്‍ ഏബ്രഹാമിനെ ക്ഷണിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ ആയിരുന്നു മുഖ്യാതിഥി. അമേരിക്കയില്‍ നിന്ന് ജോണ്‍ ഏബ്രഹാം മാത്രം.

അന്നത്തെ ഗംഭീര സ്വീകരണം തന്നെയും ഞെട്ടിച്ചുവെന്ന് ഇപ്പോള്‍ ടെക്‌സാസിലെ സ്റ്റാഫോര്‍ഡില്‍ താമസിക്കുന്ന ജോണ്‍ ഏബ്രഹാം പറയുന്നു. രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹെപ്തുള്ള (ഇപ്പോള്‍ കേന്ദ്രമന്ത്രി), അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് എന്നിവര്‍ സ്വീകരിക്കാനെത്തി! ഡല്‍ഹി പോലീസ് കമ്മീഷണറും ഉണ്ടായിരുന്നു. പാലക്കാട്ടുകാരനായ മലയാളി ആയിരുന്നു കമ്മീഷണര്‍.

ടാജ് മാന്‍സിംഗ് ഹോട്ടലിലെ ഒരു ഭാഗം തന്നെ താമിസിക്കാന്‍ നല്‍കി. പുറത്തും വെളിയിലും സൈനീക കാവല്‍. സൈന്യത്തിന്റെ ഏതാനും ജീപ്പും ട്രക്കും പുറത്ത് കാത്തുകിടക്കുന്നു. വിശിഷ്ടാതിഥിയും നേതാവുമൊക്കെയാകുന്നത് തരക്കേടില്ലാത്ത കാര്യമാണെന്ന് അപ്പോഴാണ് മനസിലായത്! ഡല്‍ഹി രാജ്ഭവനില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ദേവിനൊപ്പം പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. ദേശീയ- അന്തര്‍ദേശീയ നേതാക്കള്‍ പലരും ചടങ്ങിനെത്തി.

റിപ്പബ്ലിക് ദിന പരേഡിലും പ്രധാന സ്ഥാനങ്ങളിലൊന്ന് ലഭിച്ചു. വൈകിട്ട് രാഷ്ട്രപതി ഭവനില്‍ ഡിന്നര്‍. പ്രധാനമന്ത്രി നരസിംഹറാവു അടക്കമുള്ളവര്‍ പങ്കെടുത്തവരില്‍പ്പെടുന്നു. അടുത്ത ദിവസം ലഫ്റ്റനന്റ് ഗവര്‍ണറുടെ വക ഡിന്നര്‍. കനേഡിയന്‍ അംബാസഡറും ഏതാനും മന്ത്രിമാരും പങ്കെടുത്തു.

പിറ്റേന്ന് രാവിലെ അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ തോമസ് പിക്കറിംഗ് ക്ഷേമമന്വേഷിച്ച് ഹോട്ടലില്‍ വന്നു. ഉപരാഷ്ട്രപതിയും ഏതാനും മന്ത്രിമാരുമായും ചര്‍ച്ച നടത്തി. വൈകിട്ട് നജ്മ ഹെപ്തുള്ള അവരുടെ വീട്ടില്‍ അത്താഴവിരുന്നൊരുക്കി.

അവിടെ നിന്ന് ബാംഗ്ലൂരിലേക്ക്. അവിടെയും സര്‍ക്കാരിന്റെ അതിഥി. മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയും മന്ത്രിമാരും സ്വീകരിക്കാനെത്തി.

എന്തായാലും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല! പക്ഷെ ചില പത്രക്കാര്‍ വന്നു. വാര്‍ത്ത കണ്ടപ്പോള്‍ പിറ്റേന്ന് മന്ത്രിമാരും നേതാക്കളുമെത്തി. വീടിന് പോലീസ് കാവല്‍. സ്റ്റേറ്റ് കാര്‍. അയല്‍പക്കത്തുള്ളവര്‍ക്ക് അതിശയം.

അന്ന് പത്രം ഓഫീസുകള്‍, തിരുവല്ല മാര്‍ത്തോമാ സെന്റര്‍, ചിങ്ങവനത്ത് കാലംചെയ്ത മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത, മുഖ്യമന്ത്രി കരുണാകരന്‍, ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം എന്നിവരെയൊക്കെ സന്ദര്‍ശിച്ചു. തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലിലും, തിരുവനന്തപുരം കോര്‍പ്പറേഷനിലും സ്വീകരണവും നല്‍കി. ഇരു നഗരങ്ങളും ടീനെക്കുമായി ഒരു സിസ്റ്റര്‍ സിറ്റി ബന്ധത്തിനു ശ്രമിച്ചെങ്കിലും അതു ഫലവത്തായില്ല.

മടക്കം ബോംബെ വഴി. അവിടെ ഗവര്‍ണറായിരുന്ന പി.സി അലക്‌സാണ്ടര്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരെ അയച്ചു.

പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി ഇന്ത്യയില്‍ എത്തുമ്പോള്‍ താനും പണ്ടൊരു അതിഥിയായിരുന്നുവെന്നത് ഓര്‍മ്മിക്കാന്‍ സന്തോഷം.
മേയര്‍ പദമൊഴിഞ്ഞ ശേഷം ന്യു ജെഴ്‌സി അസംബ്ലിയിലേക്കു മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. ക്രമേണരാഷ്ട്രീയ രംഗത്തോട് വിട പറയുകയും ചെയ്തു.
എഞ്ചിനിയറായ ജോണ്‍ ഏബ്രഹം 1970കളുടേ തുടക്കത്തിലാണു അമേരിക്കയിലെത്തിയത്.
ഓര്‍മ്മ ചിത്രങ്ങള്‍
റിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥിറിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥിറിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥിറിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥിറിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥിറിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥിറിപ്പബ്ലിക് ദിനത്തിലെ മലയാളി അതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക