Image

മണിച്ചിത്രത്താഴിനു മുന്നില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 54: ജോര്‍ജ്‌ തുമ്പയില്‍)

Published on 25 January, 2015
മണിച്ചിത്രത്താഴിനു മുന്നില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 54: ജോര്‍ജ്‌ തുമ്പയില്‍)
ഈ ഹില്‍ പാലസിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അറിയാതെ, മുഴങ്ങി പോകുന്നു- ഗംഗയുടെ ആ ശബ്‌ദം. വിടമാട്ടേ... ഉന്നെ ഞാന്‍ വിടമാട്ടേ... അതെ, മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴ്‌ സംവിധാനം ചെയ്‌ത തൃപ്പൂണിത്തുറ ഹില്‍പ്പാലസിനു മുന്നിലാണ്‌ ഞാനിപ്പോള്‍. തൃപ്പൂണിത്തുറ വരെ വന്നപ്പോള്‍ സമയം ധാരാളം ഉണ്ടായിരുന്നതു കൊണ്ട്‌ ഇവിടം കാണാനായി ഇറങ്ങി പുറപ്പെട്ടെന്നു മാത്രം. വീട്ടില്‍ നിന്ന്‌ എയര്‍പോര്‍ട്ടിലേക്ക്‌ പോകുമ്പോള്‍ വഴിയരുകില്‍ പലപ്പോഴും വിസ്‌മയിപ്പിച്ചിട്ടുള്ള കൊട്ടാരത്തിലേക്ക്‌ ഇപ്പോള്‍ മാത്രമാണ്‌ വരാന്‍ കഴിഞ്ഞത്‌.

എറണാകുളം ടൗണില്‍ നിന്ന്‌ 10 കി. മീ ദൂരെയാണ്‌ ഈ കൊട്ടാരം. ഇന്നിപ്പോള്‍ ഇതൊരു മ്യൂസിയമാണ്‌. ഇവിടം സന്ദര്‍ശിക്കാന്‍ പാസ്‌ എടുക്കേണ്ടതുണ്ട്‌. പാസ്‌ കൗണ്ടറിനു മുകളില്‍ എഴുതി വച്ചിരിക്കുന്നതു വായിച്ചു. സന്ദര്‍ശന സമയം : 9 മണി മുതല്‍ 12.30 വരെ, 2 മണി മുതല്‍ 4.30 വരെ. തിങ്കളാഴ്‌ച അവധി.

കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയമാണിത്‌. ഒരു കാലത്ത്‌ കൊച്ചി മഹാരാജാക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരം ഇപ്പോള്‍ പുരാവസ്‌തു വകുപ്പിന്റെ അധീനതയിലാണ്‌. 52 ഏക്കര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കൊട്ടാര സമുച്ചയത്തില്‍ 49 കെട്ടിടങ്ങളുണ്ട്‌. കൊട്ടാര വളപ്പില്‍ ഒരു മാന്‍ പാര്‍ക്കുണ്ട്‌. കുതിര സവാരിയ്‌ക്കും ഇവിടെ സൗകര്യമുണ്ട്‌. കൊച്ചി രാജാക്കന്മാരുടെ സിംഹാസനം ഉള്‍പ്പെടെ രാജഭരണകാലത്ത്‌ ഉപയോഗിച്ചിരുന്ന നൂറുകണക്കിന്‌ വസ്‌തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 200 വര്‍ഷം പഴക്കമുള്ള ചൈനീസ്‌ പാത്രങ്ങള്‍, തൊപ്പിക്കല്ല്‌, കുടക്കല്ല്‌, ശിലായുഗകാലത്തെ ആയുധങ്ങള്‍, തടിയിലെ ക്ഷേത്രമാതൃകകള്‍, സിന്ധൂ നദീതടസംസ്‌കാര കാലത്തെ ഉപകരണ മാതൃകകള്‍ തുടങ്ങിയവയും ഇവിടെ പ്രദര്‍ശനത്തിനുണ്ട്‌.

ഞാന്‍ പ്രവേശനത്തിനു ടിക്കറ്റ്‌ എടുത്തു അകത്തേക്കു നടന്നു. ക്യാമറ ഉണ്ടായിരുന്നതു കൊണ്ട്‌ അതിനു പ്രത്യേകമായ പാസ്‌ വേണമായിരുന്നു. ഇതൊക്കെയും നിര്‍ത്തേണ്ട കാലം കഴിഞ്ഞു. കാഴ്‌ചകള്‍ കാണാന്‍ ഒരു പാസ്‌. അതു ക്യാമറയില്‍ പകര്‍ത്താന്‍ വേറൊരു പാസ്‌. ഇങ്ങനെ ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാണ്‌ കൂടുതല്‍ ആളുകളും ഇവിടേക്കു വരുന്നതെന്ന്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ അറിയുന്നില്ലെന്നു തോന്നുന്നു. അതോ, ആരും ഇവിടേക്ക്‌ വരേണ്ടെന്നാണോ ?

കയറി ചെല്ലുന്നതു ഒരു പൂന്തോട്ടത്തിലേക്കാണ്‌. അവിടെ നിന്നു നോക്കുമ്പോള്‍ കാണാം ആഢ്യത്വം വിളിച്ചോതുന്ന കൊട്ടാരവാതില്‍. ഉദ്യാനത്തിന്നു നടുവിലൂടെയുള്ള പടികള്‍ കയറിച്ചെല്ലുമ്പോള്‍ നില്‍ക്കുന്ന രണ്ടു സുന്ദരികളായ പ്രതിമകള്‍ കാണാം. ഇതാണ്‌ മണിച്ചിത്രത്താഴ്‌ സിനിമയില്‍ നമ്മുടെ ഇന്നസെന്റ്‌ കാലന്‍ കുട തൂക്കിയിട്ട്‌, `രാഘവോ.. രാഘവാ.. `എന്ന്‌ വിളിച്ചു കയറുന്ന സ്ഥലം. അവിടെ നിന്നൊരു ചിത്രമെടുത്തു. ഇവിടെ നിന്നും ചുറ്റും നോക്കിയാല്‍ കൊട്ടാരത്തിന്റെ ഒരു വിഹഗവീക്ഷണം കിട്ടും. 1991ലാണ്‌ മ്യൂസിയം തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്‌. നിലവിലിവിടെ 11 ഗാലറികളുണ്ട്‌. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍, പുരാതനമായ ശിലാഫലകങ്ങള്‍, ശില്‍പ്പങ്ങള്‍, നാണയങ്ങള്‍, തുടങ്ങീ നിരവധി വസ്‌തുക്കള്‍ മ്യൂസിയത്തിലുണ്ട്‌.

ചെരിപ്പ്‌ ഊരി വേണം അകത്തേക്ക്‌ കയറാന്‍. പുരാവസ്‌തു വകുപ്പിന്റെ പ്രത്യേകമായ നിര്‍ദ്ദേശം ഉള്ളതു കൊണ്ട്‌ എല്ലാം അനുസരിക്കേണ്ടതുണ്ട്‌. ഇവിടെ കൈയില്‍ ബാഗുകള്‍ വല്ലതുമുണ്ടെങ്കില്‍ വാങ്ങി സൂക്ഷിക്കും. അകത്തേക്ക്‌ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാറില്ല. ഉയര്‍ന്ന പടിയാണ്‌ മുന്നില്‍. ഇതു കയറി മുകളില്‍ എത്തിയാല്‍ കരവിരുതിന്റെ അത്ഭുത ലോകം കൊണ്ട്‌ മതിമറന്നു പോകും. കലാവസ്‌തുക്കളുടെ അപൂര്‍വമായ ശേഖരം. അതി ഗംഭീരം. ഓരോന്നും അമൂല്യം തന്നെ. ഓരോന്നിനെക്കുറിച്ചും ചെറിയൊരു വിശേഷണം അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കലാപരം. രാജസിംഹാസനം മരവും ലോഹവും മിക്‌സ്‌ ചെയ്‌തു പണിത പോലെ ഉണ്ട്‌. ചരിത്രമുറങ്ങുന്ന ചുമരുകള്‍. കൊച്ചിയിലെ രാജകുടുംബം ധരിച്ചിരുന്ന ആഭരണങ്ങള്‍ തൊട്ടടുത്തായി തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇവിടെ ശക്തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിലയേറിയ നിരവധി അമൂല്യമായ ആഭരണങ്ങള്‍ ഇവിടെ കാണാം. സ്വര്‍ണം കൊണ്ട്‌ നിര്‍മ്മിച്ച മാലകള്‍, കമ്മലുകള്‍, വളകള്‍ എന്നിവ മനോഹരമായി കാണാം. വലിയൊരു കിരീടം കണ്ടു. രത്‌നങ്ങള്‍ പതിപ്പിച്ചിട്ടുള്ളത്‌. അതിന്റെ മൂല്യം കൂടി അവിടെ കണക്കാക്കി പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നുവെന്നു തോന്നി. കൊട്ടാരക്കെട്ടില്‍ ഒട്ടേറെ ചിത്രങ്ങള്‍, ആയുധങ്ങള്‍, അക്കാലത്ത്‌ ഉപയോഗിച്ചു കൊണ്ടിരുന്ന നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിട്ടുണ്ട്‌. ഞാന്‍ ചിലത്‌ ചിത്രങ്ങളാക്കി പകര്‍ത്തിയെടുത്തു. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്‌തു മ്യൂസിയമാണിത്‌. കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു ഈ കൊട്ടാരം 1865-ലാണ്‌ തൃപ്പൂണിത്തുറയില്‍ പണികഴിപ്പിച്ചത്‌. ആകെ വിസ്‌തൃതി 54 ഏക്കര്‍ ഉണ്ട്‌. അവിടെ നാലുകെട്ടും ഒരു പുതിയ ഊട്ടുപുരയുമായി 1853 മുതല്‍1864 വരെ ഭരിച്ചിരുന്ന രവി വര്‍മ ഉണ്ടാക്കിയതാണെന്നും പറയപെടുന്നു. ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ട്‌ ആയിരുന്നു. പൂമുഖം, അകത്തളം, ഹോമപ്പുര, മടപ്പള്ളി, ഊട്ടുപുര, തേവാരപുര, കുളപ്പുര മാളിക, വിലംപുപുര, വലിയ ഊട്ടുപ്പുര, എല്ലാം ചേര്‍ന്ന കൊട്ടാരം ഇപ്പോള്‍ നാലുകെട്ട്‌ മാത്രമായി അവശേഷിച്ചു കഴിഞ്ഞു.

തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തില്‍ ഹില്‍ പാലസ്‌ പുരാവസ്‌തു മ്യൂസിയം, ഹെറിട്ടേജ്‌ മ്യൂസിയം, ഡിയര്‍ പാര്‍ക്ക്‌, ചരിത്രാതീത പാര്‍ക്ക്‌, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവ ഉള്‍ക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളടങ്ങിയ പൂന്തോട്ടവും കാണാം. കൊട്ടാരത്തിനകത്തു തന്നെ വലിയൊരു കുളമുണ്ട്‌. കുളം കാണാന്‍ വേണ്ടി വലിയൊരു ഇടനാഴി കടക്കണം. നിരവധി സിനിമകള്‍ ഇവിടെ ഷൂട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഇടനാഴി കടക്കുമ്പോള്‍ മണിച്ചിത്രത്താഴ്‌ സിനിമയിലെ പല സീനുകളും ഓര്‍മ്മ വന്നു. കുളം പച്ച നിറത്തില്‍ വിശാലമായി കിടക്കുന്നു. മേല്‍കൂര നന്നായി താഴേക്കു ഇറക്കി കെട്ടിയിരിക്കുന്നു.

കൊച്ചി മഹാരാജാവ്‌ തന്റെ സ്വന്തം സമ്പാദ്യമുപയോഗിച്ച്‌ 1പണികഴിപ്പിച്ച ഹില്‍ പാലസ്‌ 1980ല്‍ കൊച്ചി രാജകുടുംബം കേരള സര്‍ക്കാറിനു കൈമാറി. പിന്നീട്‌ പുരാവസ്‌തു വകുപ്പിന്റെ കീഴിലായ ഹില്‍ പാലസ്‌ 1986 മ്യൂസിയമാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മുന്‍പ്‌ ഇവിടെ വിശാലമായ ഒരു മാന്‍ പാര്‍ക്ക്‌ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴിത്‌ ഇല്ല. ഹില്‍ പാലസ്‌ പുരാവസ്‌തു മ്യൂസിയം വളപ്പിലെ മാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി കേന്ദ്ര മൃഗശാല അതോറിറ്റി റദ്ദ്‌ ചെയ്‌തു. പാര്‍ക്കിലെ മുഴുവന്‍ മ്ലാവുകളേയും പുള്ളിമാനുകളേയും കാട്ടിലേക്ക്‌ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 108 പുള്ളിമാനുകള്‍ക്കും 24 മ്ലാവുകള്‍ക്കും വസിക്കാന്‍ 35 ഏക്കറോളം സ്ഥലമെങ്കിലും വേണ്ടിടത്ത്‌ ഹില്‍ പാലസിലെ ഒരേക്കറോളം സ്ഥലത്താണിവ വസിച്ചിരുന്നത്‌. ഇവയെ പരിചരിക്കാന്‍ പ്രത്യേകം ജീവനക്കാരില്ലാത്തതും മൃഗഡോക്ടറില്ലാത്തതും പ്രവര്‍ത്തനാനുമതി റദ്ദ്‌ ചെയ്യാന്‍ ഇടയാക്കിയെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പുരാവസ്‌തു മ്യൂസിയം വളപ്പില്‍ മൃഗശാലകള്‍ അനുവദനീയമല്ലെന്ന്‌ മ്യൂസിയം അധികൃതരും വ്യക്തമാക്കിയതോടെ മൃഗങ്ങളെ കാട്ടിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഒട്ടേറെ സ്‌കൂള്‍ കുട്ടികള്‍ വന്നിറങ്ങുന്നതു കണ്ടു. ഇവിടം മധ്യ തിരുവിതാംകൂറിലെ സൂകൂളുകളിലെ വണ്‍ഡേ ടൂറിനു പറ്റിയ സ്ഥലമാണ്‌. എല്ലാവരും ഉത്സാഹത്തോടെ കൊട്ടാരം കാണാന്‍ ഉത്സാഹത്തോടെ ഓടിക്കയറുന്നു. അതു കണ്ടപ്പോള്‍ അറിയാതെ ഞാനുമെന്റെ ബാല്യകാലത്തെക്കുറിച്ചോര്‍ത്തു.

(തുടരും)
മണിച്ചിത്രത്താഴിനു മുന്നില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 54: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക