Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-22: സാം നിലമ്പള്ളില്‍)

Published on 25 January, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-22: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്തിരണ്ട്‌

ടൊമേക്കും കൂട്ടുകാരനുംകൂടി വനത്തില്‍ ലക്ഷ്യമില്ലാതെ നടന്ന്‌ ക്ഷീണിച്ചു. ഗെട്ടോയില്‍നിന്ന്‌ പുറപ്പെട്ടിട്ട്‌ ഒരാഴ്‌ചയെങ്കിലും ആയിക്കാണും. വിശപ്പും ഉറക്കക്ഷീണവുംകാരണം എത്രദിവസങ്ങളാണ്‌ കഴിഞ്ഞുപോയതെന്ന്‌ ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. നാസികളുടെപിടിയില്‍നിന്ന്‌ രക്ഷപെട്ടെങ്കിലും വംശീയവെറിയരായ പോളണ്ടുകാരുടെ കയ്യില്‍പെടാതെയും നോക്കേണ്ടതുണ്ട്‌. കണ്ണില്‍പെട്ടാല്‍ അവര്‍ നാസികള്‍ക്ക്‌ ഒറ്റിക്കൊടുക്കും, പ്രതിഫലമായിട്ട്‌ അവര്‍ക്ക ഒരുറാത്തല്‍ പഞ്ചസാരയോ അരച്ചാക്ക്‌ ഉപ്പോ കിട്ടിയെന്നിരിക്കും. അരച്ചാക്ക്‌ ഉപ്പിന്റെ വിലയേയുള്ളോ ഒരു യഹൂദന്‌?

കാട്ടുപഴങ്ങളുംതിന്ന്‌ അരുവികളിലെ വെള്ളവും കുടിച്ചാണ്‌ ഇത്രദിവസവും കഴിച്ചുകൂട്ടിയത്‌. എന്തെങ്കിലും ഘരമായ ഭക്ഷണംകഴിച്ചെങ്കിലേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ലിഡര്‍മാന്‍ ഒരുമുയലിനെ കല്ലെറിഞ്ഞുകൊന്നു. പക്ഷേ അതിനെ എങ്ങനെതിന്നും? കീറിമുറിക്കാന്‍ കത്തിയും ചുട്ടെടുക്കാന്‍ തീയും വേണ്ടെ, പച്ചമാംസം എങ്ങനെ തിന്നും?

`എനിക്കറിയാം തീയുണ്ടാക്കാന്‍,' പാറക്കല്ലുകള്‍ കൂട്ടിയുരച്ച്‌ തീയുണ്ടാക്കാമെന്ന്‌ ടൊമേക്ക്‌ കേട്ടിട്ടുണ്ട്‌. അവന്‍ മണിക്കൂറുകളോളം ഉരച്ചിട്ടും തീപോയിട്ട്‌ തീപ്പൊരിപോലും ഉണ്ടായില്ല. അവസാനം തീയുണ്ടാക്കുന്ന പരിപാടി ഉപേക്ഷിച്ചു. ഇനിയെന്തുചെയ്യും?

`പണ്ട്‌ കാട്ടില്‍ജീവിച്ചിരുന്നവര്‍ പച്ചമാംസമല്ലേ തിന്നിരുന്നത്‌? മൃഗങ്ങള്‍ പച്ചക്കല്ലേ തിന്നുന്നത്‌?' ലിഡര്‍മാന്‍ പറഞ്ഞു. `നമുക്കിപ്പോള്‍ ജീവന്‍ നിലനിറുത്തുകയാണ്‌ വേണ്ടത്‌; പച്ചക്കെങ്കില്‍ പച്ചക്ക്‌.'

ടൊമേക്ക്‌ ഉരച്ച്‌ മൂര്‍ച്ചവരുത്തിയ ഒരുകല്ലുകൊണ്ട്‌ വളരെപണിപ്പെട്ട്‌ അവന്‍ അതിന്റെ തൊലി കീറിമാറ്റി. പച്ചമാംസം രണ്ടുപേരുംകൂടി കുറേശ്ശെ അകത്താക്കി. അല്‍പസമയംകഴിഞ്ഞപ്പോള്‍ അകത്തായത്‌ അതുപോലെ പുറത്തേക്കുപോന്നു. രണ്ടുപേരും മത്സരിച്ച്‌ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഛര്‍ദ്ദിച്ച്‌ ക്ഷീണിച്ച്‌ ഒരുമരത്തിന്റെ ചുവട്ടില്‍കിടന്ന്‌ മയങ്ങി. ആരോവന്ന്‌ തട്ടിയപ്പോളാണ്‌ ഉണര്‍ന്നത്‌. കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ യൂണിഫോം അണിഞ്ഞ തോക്കുധാരികളായ പട്ടാളക്കാര്‍. ഭയന്നുപോയ രണ്ടുപേരും പട്ടാളക്കാരുടെ മുമ്പില്‍ വിറച്ചുകൊണ്ട്‌ നിന്നു.

`നിങ്ങള്‍ യഹൂദരാണോ?' ഒരു പട്ടാളക്കാരന്‍ ചോദിച്ചു

അതെയെന്ന്‌ ടൊമേക്ക്‌ പറഞ്ഞപ്പോള്‍ അല്ലെന്ന്‌ ലിഡര്‍മാന്‍.

പട്ടാളക്കാര്‍ അതുകേട്ട്‌ ചിരിച്ചു. ഇവര്‍ എസ്സെസ്സുകാരും നാസികളും അല്ലെന്ന്‌ ലിഡര്‍മാന്‍ മനസിലാക്കി. പിന്നെ ആരാണ്‌ ഇവര്‍? പോളീഷ്‌ ഭാഷയാണ്‌ സംസാരിക്കുന്നത്‌. പരുഷമല്ലാത്ത പെരുമാറ്റംകൊണ്ട്‌ ജര്‍മന്‍കാരെപ്പോലെ ദുഷ്‌ടന്മാരല്ലെന്ന്‌ തോന്നുന്നു.

`നിങ്ങള്‍ യഹൂദരാണ്‌, കള്ളംപറഞ്ഞ്‌ രക്ഷപെടാന്‍ നോക്കേണ്ട.' രണ്ടാമത്തെ പട്ടാളക്കാരന്‍ പറഞ്ഞു.

`അറിയാന്‍ ഒരു മാര്‍ഗമുണ്ട്‌, വേറൊരാള്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരുടേയും പാന്റ്‌സ്‌ ഊരിനോക്ക്‌ അപ്പോള്‍ കാണാം യഹൂദരാണോ അല്ലയോയെന്ന്‌.'*

ഒരുപട്ടാളക്കാരന്‍ അവരടെ പാന്റ്‌സ്‌ ഊരാന്‍ മുമ്പോട്ടുവന്നു.

`ഞങ്ങള്‍ യഹൂദരാണ്‌,' അപരിചിതരുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിലെ വൈഷമ്യമോര്‍ത്ത്‌ ടൊമേക്ക്‌ സത്യം പറഞ്ഞു.

പട്ടാളക്കാര്‍ ചിരിക്കുകയാണ്‌. പക്ഷേ, ഇവര്‍ നാസികളെപ്പോലെയും ഉക്രേനിയന്മാരെപ്പോലെയും പരിഹസിക്കുകയല്ല. സൗഹൃദത്തോടെയുള്ള ചിരിയാണ്‌.

`നിങ്ങള്‍ പേടിക്കേണ്ട.' ആദ്യത്തെ പട്ടാളക്കാരന്‍ പറഞ്ഞു. `ഞങ്ങളും പോളണ്ടുകാരായ യഹൂദരാണ്‌. പോളണ്ടിനെ നാസികളില്‍നിന്ന്‌ മോചിപ്പിക്കാന്‍ രൂപീകരിച്ചിട്ടുള്ള പട്ടാളമാണ്‌, പോളീഷ്‌ ലിബറേഷന്‍ ആര്‍മി. നിങ്ങള്‍ക്കും ഞങ്ങളോടൊപ്പം ചേരാം; എന്താ സമ്മതമാണോ?'

`നൂറുശതമാനം സമ്മതം,' ലിഡര്‍മാന്‍ പറഞ്ഞു.

`ഇതാരാ മുയലിനെ കൊന്നിട്ടിരിക്കുന്നത്‌?'

ടൊമേക്ക്‌ ലിഡര്‍മാന്റെനേരെ വിരല്‍ചൂണ്ടി.

`എന്നിട്ട്‌?'

`പച്ചയിറച്ചി തിന്നു.'

`എന്നിട്ട്‌?'

`തിന്നതുമുഴുവന്‍ ഛര്‍ദ്ദിച്ചു.'

പട്ടാളക്കാര്‍ ചിരിച്ചു. അവരുടെ കയ്യിലുണ്ടായിരുന്ന റൊട്ടിയും ചീസും പച്ചയിറച്ചിതീറ്റിക്കാര്‍ക്ക്‌ കൊടുത്തു. ഒരാഴ്‌ചയായി ആഹാരമൊന്നും കഴിക്കാതിരുന്നവര്‍ ആര്‍ത്തിയോടെ തിന്നുന്നത്‌ കണ്ടുരസിച്ചു പട്ടാളക്കാര്‍ .

ടൊമേക്കും ലിഡര്‍മാനും അവരോടൊപ്പംകൂടി. പോളണ്ടിന്റെയും സോവ്യറ്റ്‌ റഷ്യയുടേയും അതിര്‍ത്തിയിലാണ്‌ അവരുടെ താവളം. നാസികള്‍ക്കെതിരെ യുദ്ധംചെയ്യാനുള്ള ആയുധങ്ങള്‍ റഷ്യയാണ്‌ നല്‍കുന്നത്‌. റഷ്യയും നിലനില്‍പ്പിനുവേണ്ടി ജര്‍മനിക്കെതിരെ പടപൊരുതുമ്പോള്‍ ഒരുചെറിയ സഹായം നല്‍കാനേ എണ്ണത്തില്‍ കുറവായ പോളീഷ്‌ ആര്‍മിക്ക്‌ സാധിക്കുന്നുള്ളു. സ്റ്റാലിന്‍ഗ്രാഡില്‍ ഉഗ്രയുദ്ധം നടക്കുകയാണ്‌. അങ്ങോട്ടുള്ള ജര്‍മന്‍ പടനീക്കം തടയാന്‍ റയില്‍ലൈനുകള്‍ അട്ടിമറിക്കുക റോഡുകളില്‍ മൈന്‍സ്ഥാപിക്കുക മുതലായ ചെറിയസഹായങ്ങളാണ്‌ പോളീഷ്‌ ആര്‍മി ചെയതുകൊണ്ടിരിക്കുന്നത്‌.

ചുറ്റുമുള്ള ചെറിയ രാജ്യങ്ങളെ ഒരുവെടിപോലും പൊട്ടിക്കാതെ കീഴ്‌പ്പെടുത്തിയതുപോലെ റഷ്യയെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്ന്‌ സ്റ്റാലിന്‍ഗ്രാഡില്‍ ഹിറ്റ്‌ലര്‍ക്ക്‌ മനസിലായി. സമാധാനുടമ്പടി ഒപ്പിട്ട ഹിറ്റ്‌ലര്‍ അപ്രതീക്ഷിതമായി തങ്ങളെ അക്രമിക്കുമെന്ന്‌ സ്റ്റാലിനും വിചാരിച്ചില്ല. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌ ആദ്യം പരാജയം രുചിക്കേണ്ടിവന്നു. സോവ്യറ്റ്‌പട പിന്നോട്ട്‌ ഓടിയപ്പോള്‍ അവിടെ ജീവിച്ചിരുന്ന യഹൂദരാണ്‌ നാസികളുടെ കൊലവെറിക്ക്‌ ഇരയായത്‌. ലക്ഷക്കണക്കിന്‌ റഷ്യന്‍ യഹൂദരെ പോളണ്ടിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊണ്ടുവന്ന്‌ ഗ്യാസ്‌ചേമ്പറുകളില്‍ കുരുതികഴിച്ചു.

ഹിറ്റ്‌ലറുടെ പടയോട്ടം സ്റ്റാലിന്‍ഗ്രാഡില്‍ റഷ്യാക്കാര്‍ തടഞ്ഞു. ഭ്രാന്തുപിടിച്ച യുദ്ധക്കൊതിയന്റെ പരാജയത്തിന്റെ തുടക്കമായിരുന്നു അവിടംമുതല്‍.

* യഹൂദരുടെ ആചാരത്തിലും പുരുഷന്മാര്‍ ലിംഗത്തിന്റെ അഗ്രചര്‍മം ഛേദിക്കാറുണ്ട്‌.


(തുടരും....)

ഇരുപത്തിയൊന്നാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-22: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക