Image

പൊട്ടിച്ചിരിപ്പിക്കാന്‍ `ഭാസ്‌കര്‍ ദ റാസ്‌കല്‍' വരുന്നു

ആശ പണിക്കര്‍ Published on 24 January, 2015
പൊട്ടിച്ചിരിപ്പിക്കാന്‍ `ഭാസ്‌കര്‍ ദ റാസ്‌കല്‍' വരുന്നു
മമ്മൂട്ടിയെ നായകനാക്കി ഹിറ്റ്‌ലര്‍, ക്രോണിക്‌ ബാച്ചിലര്‍ എന്നീ ഹിറ്റ്‌ ചിത്രങ്ങളൊരുക്കിയ സിദ്ധിഖ്‌ വീണ്ടും മറ്റൊരു മമ്മൂട്ടി ചിത്രവുമായി എത്തുന്നു. `ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം നര്‍മവും സ്‌നോഹബന്ധങ്ങളുടെ ഇഴയടുപ്പവും വികാര നിര്‍ഭരമായ രംഗങ്ങളും കൊണ്ടും സമ്പന്നമാണ്‌.

ഏറെ ക്കാലമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിദ്ദിഖ്‌ ചിത്രമാണ്‌ `ഭാസ്‌കര്‍ ദ റാസ്‌കല്‍'. മമ്മൂട്ടിയാണ്‌ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത്‌. നായികയാകുന്നത്‌ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ്‌. സിദ്ദിഖിന്റെ ബോര്‍ഡിഗാര്‍ഡില്‍ മികച്ച അഭിനയം കാഴ്‌ച വച്ച നയന്‍താര കമലിന്റെ രാപ്പകലില്‍ മമ്മൂട്ടിയുടെ നായികയായി വളരെ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്‌തിരുന്നു. തസ്‌കരവീരന്‍ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ നായികയായി നയന്‍താര അഭിനയിച്ചിരുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ വികാരതീവ്രവും സ്‌നേഹോഷ്‌മളവുമായ ബന്ധത്തിന്റെ കഥയാണ്‌ ഈ ചിത്രത്തിലൂടെ സിദ്ദിഖ്‌ പറയുന്നത്‌. തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നതില്‍ സംശയമില്ല. സിദ്ദിഖ്‌ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സാജു നവോദയാ, ചാലി പാല, മാസ്റ്റര്‍ സനൂപ്‌, ദേവി അജിത്‌, ബേബി അനഘ എന്നിവരും അഭിനയിക്കുന്നു.

പ്രേക്ഷകഹൃദയങ്ങളെ കീഴടക്കുന്ന വിധത്തില്‍ നര്‍മം ചാലിച്ചാണ്‌ കഥ പറയുന്നത്‌. നന്‍മ നിറഞ്ഞവനും മനുഷ്യസ്‌നേഹിയുമാണെങ്കിലും സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു പോയ ഒരു വ്യക്തിയാണ്‌ ഭാസ്‌കര്‍. എല്ലാവരാലും റാസ്‌കല്‍ എന്നു മുദ്ര കുത്തപ്പെട്ടവന്‍. സമ്പന്ന കുടുംബത്തില്‍ പിറന്നെങ്കിലും അച്ഛന്റെ കടബാധ്യതയില്‍ എല്ലാം ന.ഷ്‌ടപ്പെട്ട്‌ പത്താം ക്‌ളാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന ഹതഭാഗ്യനായിരുന്നു അയാള്‍. പിന്നീട്‌ സ്വന്തം അദ്ധ്വാനം കൊണ്ടാണ്‌ അയാള്‍ ജീവിതം പടുത്തുയര്‍ത്തിയത്‌. അതുകൊണ്ടു തന്നെ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്ത്‌ അയാള്‍ക്കുണ്ടായിരുന്നു. ഇന്ന്‌ ഭാസ്‌കര്‍ കോടീശ്വരനാണ്‌. എങ്കിലും അയാള്‍ വളരെ ലളിതമായ ജീവിതമാണ്‌ നയിക്കുന്നത്‌.

തന്റെ അച്ഛന്‍ ആര്‍ക്കു മുന്നിലും തോല്‍ക്കുന്നത്‌ ഭാസ്‌കറിനിഷ്‌ടമല്ല. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ശേലിയാണ്‌ ഭാസ്‌കറിന്റേത്‌. ഇതിന്റെ പേരില്‍ ആരോടും തല്ലുകൂടാനും അയാള്‍ക്ക്‌ മടിയില്ല. അച്ഛന്റെ പേരിലണ്‌ എല്ലാ ബിസിനസും നടത്തുന്നത്‌. എല്ലാ ബിസിനസുകളും ചെയ്യുന്നത്‌ ഭാസ്‌കറായതിനാല്‍ അതൊക്കെ നോക്കി നടത്തുന്നതിന്‌ നിന്റെ തന്നെ പേരിലാക്കുന്നതല്ലേ നല്ലതെന്ന്‌ അച്ഛന്‍ അയാളോട്‌ പലവട്ടം ചോദിക്കുന്നുണ്ട്‌. പക്‌ഷേ തനിക്ക്‌ എഴുതാനും വായിക്കാനും ബാങ്കില്‍ പോയി ചെക്ക്‌ ഒപ്പിടാനുമൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ അയാള്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറും.

മകന്‍ ആദിയും അച്ഛന്‍ ശങ്കരനാരായണനും അടങ്ങളുന്ന ഭാസ്‌കറിന്റെ ലോകത്തേക്കാണ്‌ ഹിമ കടന്നു വരുന്നത്‌. അതോടെ അയാളുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാവുന്നു. ഈ പ്രശ്‌നങ്ങളെ തികച്ചും നര്‍മത്തില്‍ ചാലിച്ചു പറയുകയാണ്‌ സിദ്ദിഖ്‌. മക്കള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങി നില്‍കുന്നത്‌ അവരോടുള്ള ഇഷ്‌ടം കൊണ്ടാണ്‌. എന്നാല്‍ അത്‌ അവരെ മനസിലാക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ചിലപ്പോള്‍ പരാജയപ്പെടാറുണ്ട്‌. അതുകൊണ്ടു തന്നെ മക്കള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുമ്പോള്‍ അതിനൊപ്പം സ്‌നേഹം നല്‍കാന്‍ മറക്കരുത്‌ എന്നോര്‍മ്മിപ്പിക്കുകയാണ്‌ ഈ ചിത്രം.

ചിരിയുടെ മാലപ്പടക്കം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെ ഭാസ്‌കറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി സിദ്ദിഖ്‌ ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുള്ളത്‌ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോമ്‌, സാജു നവോദയ എന്നിവരെയാണ്‌. ഭാസ്‌കറിന്റെ സന്തതസഹചാരിയായ ഡ്രൈവര്‍ സ്റ്റെന്‍സിലോവോസായി ഹരിശ്രീ അശോകനാണ്‌ വരുന്നത്‌. തല്ലാനും ഇടിക്കാനും തയ്യാറുള്ള അബ്‌ദുള്‍ റസാക്കായി ഷാജോണും കണക്കപ്പിള്ളയായി സാജു നവോദയായും എത്തുന്നതോടെ തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്തുമെന്ന്‌ ഉറപ്പാണ്‌.

നായകന്റെ വീരകൃത്യങ്ങള്‍ക്കാണ്‌ സിനിമയില്‍ മുന്‍തൂക്കമെങ്കിലും ഹിമ എന്ന വ്യക്തിത്വമുളള നായികയെയാണ്‌ നയന്‍താര ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. നായകന്‌ ഒപ്പം നില്‍ക്കാന്‍ കഴിവുള്ള കഥാപാത്രമായാണ്‌ ഹിമയെ സിദ്ദിഖ്‌ അവതരിപ്പിക്കുന്നത്‌. ചോക്‌ളേറ്റ്‌ ഉണ്ടാക്കി കടകളില്‍ സപ്‌ളൈ ചെയ്യുന്ന ജോലിയാണ്‌ ഹിമയുടേത്‌. ഭാസ്‌കറിന്റെ മകന്‍ ആദിയും ഹിമയും തമ്മില്‍ നല്ല ബന്ധമാണ്‌. ഹിറ്റ്‌ലര്‍ ക്രോണിക്‌ ബാച്ചിലര്‍ എന്നീ സിനിമകള്‍ പോലെ തന്നെ നര്‍മത്തിനു പ്രാധാന്യം നല്‍കിയാണ്‌ സിദ്ദിഖ്‌ ഈ ചിത്രവും ഒരുക്കിയിട്ടുളളത്‌.

എറണാകുളം പ്രധാന ലൊക്കേഷനായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍ മുംബൈയാണ്‌. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ തന്നെയാണ്‌ ചിത്രംനിര്‍മിക്കുന്നത്‌. റഫീക്ക്‌ അഹമ്മദ്‌, ഹരി നാരായണന്‍ എന്നവരുടെ വരികള്‍ക്ക്‌ ദീപക്‌ ദേവിന്റേതാണ്‌ സംഗീതം. വിജയ്‌ ഉലകനാഥാണ്‌ ഛായാഗ്രഹണം. കലാ സംവിധാനം മണി സുചിത്ര, ജോസഫ്‌ നെല്ലിക്കല്‍, വസ്‌ത്രാലങ്കാരം സമീറ സനീ,ഷ്‌,. വിഷു റിലീസിനായി ചിത്രം തിയേറ്ററുകളിലെത്തും.
പൊട്ടിച്ചിരിപ്പിക്കാന്‍ `ഭാസ്‌കര്‍ ദ റാസ്‌കല്‍' വരുന്നു പൊട്ടിച്ചിരിപ്പിക്കാന്‍ `ഭാസ്‌കര്‍ ദ റാസ്‌കല്‍' വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക