Image

യുവജനങ്ങള്‍ക്കായി പൃഥ്വിയും ഫഹദും അമല പോളും; ഫഹദ് ഫാസിലിനെതിരേ ആരോപണവുമായി അരോമ മണി

Published on 23 January, 2015
യുവജനങ്ങള്‍ക്കായി പൃഥ്വിയും ഫഹദും അമല പോളും; ഫഹദ് ഫാസിലിനെതിരേ ആരോപണവുമായി അരോമ മണി
യുവജനങ്ങള്‍ക്ക് ആവേശത്തോടെ കാത്തിരുന്ന നാല് സിനിമകള്‍ കൂടി തിയേറ്ററുകളിലേക്ക്. വെളളിയാഴ്ച നാല് ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി, മേജര്‍ രവി ചിത്രം പിക്കറ്റ് 43, ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയം മുക്ക്, രാജീവ് നാഥ് ഒരുക്കുന്ന രസം എന്നീ ചിത്രങ്ങളാണ് നാളെ തിയറ്ററുകളിലെത്തുന്നത്. ഇതോടെ ചെറിയ ഒരിടവേള്കകു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്.

ട്രാഫിക് എന്ന സിനിമയില്‍ വ്യത്യസ്തമായ ട്രീറ്റ്‌മെന്റിലൂടെ മലയാള സിനിമക്ക് പുതിയൊരു ദൃശ്യഭാഷ്യം നല്‍കിയ സംവിധായകനാണ് രാജേഷ് പിള്ള. മലയാള സിനിമക്ക് പുതുമയാര്‍ന്ന ദൃശ്യാനുഭവം നല്‍കിയ ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ചിത്രമാണ് മിലി. അമല പോള്‍ കേന്ദ്രകഥാപാത്രമായ മിലിയെ അവതരിപ്പിക്കുമ്പോള്‍ നിവിന്‍ പോളി ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നു. ഗോപി സുന്ദറര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതാണ്. കൂടാതെ ഷാന്‍ റഹ്മാന്‍ ഒരുക്കിയ പ്രമോ ഗാനവും ശ്രദ്ധനേടി.

സായ്കുമാര്‍, സനൂഷ, പ്രവീണ, അംബിക, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഷംന കാസിം, സിജ റോസ്, ദേവി അജിത്, ബേബി നന്ദന, ബേബി അമ്മു, റിയാ സെറ, അഞ്ജു അരവിന്ദ്, വനിത കൃഷ്ണചന്ദ്രന്‍, സ്വപ്ന മേനോന്‍, സൗമ്യ, കാര്‍ത്തിക, സംഗീതാ മോഹന്‍, ഷംസീ, പൂജപ്പുര രാധാകൃഷ്ണന്‍ അങ്ങനെ വളരെ നീണ്ട താരനിരയാണ് ചിത്രത്തിന്റേത്.

രാജീവ് നാഥ് ചിത്രമായ രസത്തില്‍ ഇന്ദ്രജിത്ത് ആണ് നായകന്‍. മോഹന്‍ലാല്‍ മോഹന്‍ലാലായിത്തന്നെ മുഴുനീള വേഷത്തില്‍ എത്തുന്ന രസത്തില്‍ ഇന്ദ്രജിത്തും നെടുമുടി വേണുവും പ്രാധാനകഥാപാത്രങ്ങളാവുന്നു. മിസ് ദുബായ് വരുണ ഷെട്ടിയാണു നായിക.

മേജര്‍ രവിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പിക്കറ്റ് 43. യുദ്ധമല്ലാതെ സമാധാനം മാത്രം ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെയും പാകിസ്ഥാനി പട്ടാളക്കാരന്റേയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ക്ലാസ്‌മേറ്റ്‌സ് മുതല്‍ ഏഴു സുന്ദര രാത്രികള്‍ വരെ ആറു തിരക്കഥകളൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ട് സംവിധായകനാകുന്ന ചിത്രമാണ് മറിയം മുക്ക്. ഫഹദ് ഫാസില്‍ ആദ്യമായി മല്‍സ്യത്തൊഴിലാളിയുടെ വേഷമണിയിക്കുന്ന ചിത്രമാണിത്.

സാം ബിഗ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ജയിംസിന്റെ നാടായ കൊല്ലത്തെ തങ്കശ്ശേരി കടപ്പുറമാണ്. പുതുമുഖം സന അല്‍ത്താഫ് ആണ് നായിക. സമുദ്രക്കനി, നെടുമുടി വേണു, അജുവര്‍ഗീസ്, ശ്രീനിവാസന്‍, ടിനി ടോം, ഇര്‍ഷാദ്, സാദിഖ് സുബീഷ്, സുജ മേനോന്‍, സീമ ജി. നായര്‍, ദേവി അജിത്ത്, നീന കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ചിത്രത്തിലെ നാലു ഗാനങ്ങള്‍ എഴുതിയിരിക്കുന്നതു വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ, ഫാ. സിയോണ്‍ എന്നിവരാണ്. വിദ്യാസാഗറിന്റേതാണു സംഗീതം.

ഫഹദ് ഫാസിലിനെതിരേ ആരോപണവുമായി നിര്‍മാതാവ് അരോമ മണി

അഭിനയിക്കാമെന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ 4 ലക്ഷം വാങ്ങുകയും പിന്നീട് അഭിനയിക്കാന്‍ വിസമ്മതിച്ച് പറ്റിക്കുകയും ചെയ്‌തെന്ന ആരോപണവുമായി ചലച്ചിത്ര നിര്‍മാതാവ് രംഗത്ത്. സുനിത പ്രൊഡക്ഷന്‍സ് ഉടമയായ നിര്‍മാതാവ് അരോമ മണിയാണ് പ്രശസ്ത യുവനടന്‍ ഫഹദ് ഫാസിലിനെതിരേ ശക്തമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

തങ്ങളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം പിന്നീട് ഫഹദ് ഫാസില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പറഞ്ഞ സമയത്ത് സിനിമ തുടങ്ങാന്‍ കഴിയാതിരുന്നതിലൂടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചെന്നാണ് അരോമ മണിയുടെ ആരോപണം. അഡ്വാന്‍സ് വാങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ഫഹദ് തങ്ങളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

ഫഹദ് ഫാസില്‍ തന്നെ ചതിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അമ്മ സംഘടനയ്ക്കും പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. ഇതിനെല്ലാം തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും അരോമ മണി പറയുന്നു.

ഫഹദിനോട് കഥ പറഞ്ഞ് ഇഷ്ടപ്പെട്ട് രണ്ട് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍ അഡ്വാന്‍സായി നല്‍കി. കൂടാതെ പല തവണ സിനിമയുടെ ഡയറക്ടര്‍ ഫഹദിനോട് വണ്‍ലൈന്‍ പറയുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ ചിത്രത്തില്‍ സഹകരിക്കാമെന്നാണ് ഫഹദ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പല സിനിമകളുടെ തിരക്കു കാരണം ഫഹദ് ഫാസില്‍ ഈ ചിത്രം മാറ്റിവക്കുകയായിരുന്നു. ഇതിനിടയിലും ചിത്രം തുടരാമെന്നും ഷൂട്ടിങ് തിയതി മാറ്റണമെന്നും പറഞ്ഞ് ഫഹദ് ഫ്‌ളാറ്റില്‍ വരുകയും അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം തിയതി വീണ്ടും മാറ്റുകയുണ്ടായി.

തങ്ങളുടെ ചിത്രത്തിന് കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദും പങ്കെടുത്തിട്ടുണ്ട്. ഇതിനെല്ലാം ശേഷം 20-3-2013ല്‍ ഫഹദിന്റെ മാനേജര്‍ തന്റെ മാനേജറെ വിളിച്ച് ഫഹദിന് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു എന്ന് മണി പറഞ്ഞു.
ഫഹദിനെ തന്നെ നായകനാക്കി ചിത്രം തുടങ്ങാന്‍ ഒരു വര്‍ഷത്തോളം പ്രയത്‌നിച്ചു. ചിത്രത്തിനായി ബാക്കിയുളള പരിശ്രമങ്ങള്‍ വേറെ. ചിത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തതൊക്കെ തനിക്ക് നഷ്ടമായെന്നും 2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി മൂന്നര വര്‍ഷമായി ഞാന്‍ അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടും പ്രയോജനം ലഭിച്ചിട്ടില്ല എന്ന് മണി ആരോപിക്കുന്നു.

യുവജനങ്ങള്‍ക്കായി പൃഥ്വിയും ഫഹദും അമല പോളും; ഫഹദ് ഫാസിലിനെതിരേ ആരോപണവുമായി അരോമ മണിയുവജനങ്ങള്‍ക്കായി പൃഥ്വിയും ഫഹദും അമല പോളും; ഫഹദ് ഫാസിലിനെതിരേ ആരോപണവുമായി അരോമ മണിയുവജനങ്ങള്‍ക്കായി പൃഥ്വിയും ഫഹദും അമല പോളും; ഫഹദ് ഫാസിലിനെതിരേ ആരോപണവുമായി അരോമ മണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക