Image

മാണിക്ക് മണി കിട്ടി.... പിന്നെ പണി കിട്ടി- രാജു മൈലപ്രാ

പി. പി. ചെറിയാന്‍ Published on 22 January, 2015
മാണിക്ക് മണി കിട്ടി.... പിന്നെ പണി കിട്ടി- രാജു മൈലപ്രാ
പാലായിലെ റബറുപാലുപോലെ
'ഉജ്വാല'യില്‍ മുക്കിയ ജുബ്ബ പോല
നാലുനേരം സ്‌നാനം കഴിക്കുന്നൊരു മാണി-
മാണി ചിരിച്ചു പോയാല്‍ വെളുത്തവാവ്
മാണി പിണങ്ങിയെന്നാല്‍ കറുത്ത വാവ്
(മായ എന്ന മലയാള സിനിമയിലെ 'ചെന്തങ്ങു കുലച്ച പോലെ' എന്ന ഗാനത്തിനോട് കടപ്പാട്)
എങ്ങിനെ നടന്നോരു മനുഷ്യനായിരുന്നു-കളിച്ചും, ചിരിച്ചും, കരഞ്ഞും- കല്യാണ വീടുകളിലേയും, മരണവീടുകളിലേയും സജീവ സാന്നിദ്ധ്യം-നവരസങ്ങള്‍ കഴിഞ്ഞ് പച്ചാളം ഭാസിയേപ്പോലെ പത്താമതൊരു ഭാവം കൂടി സ്വായത്തമാക്കിയവന്‍. എവിടെപ്പോയാലും ഭാര്യ കുട്ടിയമ്മയും മകന്‍ കൊച്ചുമാണിയും സന്തത സഹചാരികള്‍- 'സ്വപ്‌നങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നു. എന്നും സ്വര്‍ഗ്ഗം നാണിക്കുന്നു....' എന്ന ഗാനം അവര്‍ക്കു വേണ്ടിയാണോ 'ഡെഡിക്കേറ്റ്' ചെയ്തിരിക്കുന്നത്.

എത്ര പെട്ടെന്നാണ് എല്ലാം 'ടപ്പോ' എന്നു പൊട്ടിയത്. കേരള ജനത ഒന്നടങ്കം ആദരിച്ചിരുന്ന ആ രാഷ്ട്രീയ നേതാവിനേ, ഇന്ന് പ്രത്യക്ഷത്തിലങ്കില്‍തന്നെയും, പരോക്ഷമായി പലരും സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.

ബിജു രമേശ് എന്ന ബാറുഭൂതത്തിനെ കുടത്തില്‍ നിന്നും പുറത്തു വിട്ടത് ആരാണ്? ചാണ്ടിയെ താഴെയിറക്കി, പിണറായി സഖാവിന്റെ തോളില്‍ കയറി, അവസാനകാലത്തു മുഖ്യമന്ത്രി കസേരയിലിരുന്നൊന്നു ഞെളിയാമെന്നുള്ള പൂതി പുറത്തു വന്നപ്പോള്‍ തുടങ്ങി കഷ്ടകാലം- എന്തിനാണോ സ്ഥാനത്തും അസ്ഥാനത്തും പതിവില്‍ക്കവിഞ്ഞ ഉശിരോടെ ഉമ്മന്‍ചാണ്ടി മാണിയെ പിന്തുണയ്ക്കുന്നത്- കൊലപാതകി പോലീസുകാരോടൊപ്പം കേസ് അന്വേഷിക്കുവാന്‍ അത്യത്സാഹം കാണിക്കുമെന്നാണ് മനഃശാസ്ത്രം. 

ആരോപണങ്ങള്‍ക്കു നാഥനുണ്ടാകട്ടെ, അപ്പോള്‍ അന്വേഷിക്കാം എന്നാണ് ഉമ്മന്‍ചാണ്ടി ചിരിച്ചുകൊണ്ടു പറയുന്നത്. മന്ത്രി കെ.എം.മാണി ഇരുപത്തിയൊന്നു കോടി രൂപാ കൈകൂലി വാങ്ങിയെന്നു പറയുന്നത് യു.ഡി.എഫിന്റെ സ്ഥാപകനേതാവ് കൊട്ടാരക്കര പിള്ളേച്ചനാണ്. ബിജു രമേശ് എന്ന ബാറുടമ പുറത്തുവിട്ട സംഭാഷണം തന്റേതുതന്നെയാണെന്നു പിള്ള തുറന്നു സമ്മതിക്കുന്നു. കുഞ്ഞൂഞ്ഞിനേക്കാള്‍ കുറഞ്ഞത് ഒരു പത്ത് ഓണമെങ്കിലും കൂടുതലുണ്ടയാളാണ് ബാലകൃഷ്ണപിള്ള. പിള്ള മനസ്സില്‍ കള്ളമില്ല. ആ പിള്ളയുന്നയിച്ച ആരോപണം 'നാഥനില്ലാത്തത്' എന്നു പറയുവാന്‍ ഓ.സി.ക്ക് ഒരു ഉളുപ്പുമില്ലേ?

സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍, സരിതാനായര്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും ആ തട്ടിപ്പില്‍ പങ്കാളിയാണെന്ന് കോടതിയിലും പരസ്യമായും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരനായ ശ്രീധരന്‍നായര്‍ ഉന്നയിച്ച ആരോപണം നാഥത്തില്ലാത്തതു കൊണ്ടാണ്ടോ ഉമ്മന്‍ചാണ്ടി പുശ്ചിച്ചു തള്ളിയത്?
മാണിക്കൊരു പണി കൊടുക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ബിജുവിനോടു പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ അതു മിമിക്രിക്കാരെക്കൊണ്ടു പറയിച്ചതാണെന്നാണ്- എന്നാല്‍ ഇപ്പോള്‍ അതു മിമിക്രിക്കാരെക്കൊണ്ടു പറയിച്ചതാണെന്നാണ് പൂഞ്ഞാറുകാരന്റെ പുതിയ വെളിപ്പെടുത്തല്‍. 'എന്റെ കൈയില്‍ തെളിവുണ്ട്- സമയമാകുമ്പോള്‍ പുറത്തുവിടും' എന്നു കൂടെകൂടെ വീമ്പിളക്കുന്ന ജോര്‍ജ്ജച്ചായന്‍, ഈ മിമിക്രിക്കാരേ മറ്റുള്ളവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുവാന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നു ന്യായമായും സംശയിക്കാം.

കോഴക്കേസ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍, മാണിയെ പ്രതിസ്ഥാനത്തു ചേര്‍ക്കണമെന്നു നിര്‍ബന്ധം പിടിച്ച എഡിജിപി ജേക്കബ് പുന്നൂസിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി, അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയാണ് നമ്മുടെ മുഖ്യന്‍.

ബിജു രമേശ് മുതലാളി പറയുന്നത് പാലയിലെ പാലസ്സില്‍ കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുവാനുള്ള യന്ത്രമുണ്ടെന്നാണ്- അതുപോലെ, സംഗതി ഒന്നു ഉഷാറാക്കുവാന്‍ വേണ്ടി പി.സി. ജോര്‍ജ്, ബിന്ദ്യാസ് തോമസ് എന്ന നീലച്ചിത്ര ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതിയേയും രംഗത്തിറക്കിയിട്ടുണ്ടെന്നു രമേശ് ആരോപിക്കുന്നു. മാധ്യമ കണ്ണുകളുടെ നടുവിലൂടെ രമേശിന്റെ വസതിയിലേക്കു നടന്നു കയറിയതും, തിരിച്ച് മന്ദസ്മിതം വാരി വിതറി സ്‌ളോമോഷനിലൂടെ പട്ടണനടുവിലൂടെ നടന്നകന്നതും ഈ കോഴക്കേസില്‍ അല്പം ലഹരി പകരുവാനായിരിക്കാം.

ഫോര്‍ട്ടു കൊച്ചി പട്ടണത്തില്‍
അതിമധുരം വിതറിയോളോ
കൊതിപ്പിച്ചു കടന്നതെന്തേ കൊച്ചീക്കാരി?
'കഷ്ടകാലത്തു കുഞ്ഞുമാണിയും പാമ്പായി തിരിഞ്ഞു കടിക്കും' എന്ന പഴഞ്ചൊല്ലു പോലെ ഇപ്പോള്‍ പാലായിലെ അച്ചായന് എതിരായി സോഷ്യല്‍ മീഡിയായും പത്തിവിരിച്ചാടുന്നു. ഇന്റര്‍നെറ്റ് പ്രപഞ്ചത്തിലെ മലയാളികള്‍, അഴിമതി ആരോപണം നേരിടുന്ന മാണി സാറിനെതിരെ പുതിയൊരു സമരരീതി പരീക്ഷിക്കുന്നു. പത്തും നൂറുമായി സാറിന് നേരിട്ട് മണിയോര്‍ഡര്‍ അയച്ചുകൊടുക്കുകയാണ് പ്രതിഷേധക്കാര്‍! മാണി സാറിനു വേണ്ടി ഓണ്‍ലൈന്‍ ഭക്ഷ എടുക്കലും ആരംഭിച്ചു കഴിഞ്ഞു. കിട്ടുന്ന പിച്ചക്കാശ് എത്രയാണെങ്കിലും മാണിസാറിന് അയച്ചുകൊടുക്കും.
പാലയുടെ പൊന്നോമന മകന് ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല. ഇടതു-വലതു വ്യത്യാസമില്ലാതെ എല്ലാ മന്ത്രിമാരും അവരുടെ ആജ്ഞാനുവര്‍ത്തികളും കൈക്കൂലി എന്ന ചക്കരക്കുടത്തില്‍ കൈയിട്ടു നക്കിയിട്ടുള്ളവരാണ്. അപരന് എതിരായ തെളിവുകള്‍ എല്ലാവരുടെ കൈയിലുമുണ്ട്, മാണിയുടെ മുഖ്യമന്ത്രി പദം എന്ന സ്വപ്നം, കുഞ്ഞു മാണിയുടെ കേന്ദ്രമന്ത്രിയെന്ന അതിമോഹം, അതെല്ലാം എത്ര പെട്ടെന്നാണ് പൊലിഞ്ഞു പോയത്?

ഭരണതലപ്പത്തിരിക്കുന്ന ഉമ്മന്‍ചാണ്ടിയും, കെ.എം.മാണിയുമെല്ലാം ഇന്ന് സരിതാ നായരുടേയും, ബിന്ദ്യ തോമസിന്റേയും താളത്തിനൊത്തു തുള്ളുന്ന മരപ്പാവകള്‍ മാത്രമാണ്. അടുത്ത ഒരു ബോംബു പൊട്ടുന്നതുവരെ തല്‍ക്കാലം താരം ബിന്ദ്യാ തോമസാണ്.

മാണിക്ക് മണി കിട്ടി.... പിന്നെ പണി കിട്ടി- രാജു മൈലപ്രാ
Join WhatsApp News
Aniyankunju 2015-01-22 11:50:02
ADGP in-charge of criminal investigation is Jacob Thomas [not Jacob Punnoose]
Aniyankunju 2015-01-22 14:48:21
വിജിലന്‍സ് ADGP ജേക്കബ് തോമസിന് DGP പദവി നല്‍കി നിലവിലെ സ്ഥാനത്തുനിന്ന് നീക്കുന്നത് കേസ് അട്ടിമറിക്കാനാണ്. അര്‍ഹതപ്പെട്ടതിനും 6 മാസംമുമ്പേ ഉദ്യോഗക്കയറ്റം നല്‍കുന്നു. ഇതേ ഉദ്യോഗസ്ഥന് ADGP റാങ്ക് നല്‍കുന്നതിന് 6 മാസം വൈകിപ്പിച്ചതും യുഡിഎഫ് സര്‍ക്കാരാണ്. ഉദ്യോഗസ്ഥനോടുള്ള താല്‍പ്പര്യം കൊണ്ടല്ല മുന്‍കൂട്ടിയുള്ള സ്ഥാനക്കയറ്റം നല്‍കല്‍ എന്നത് വ്യക്തം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക