Image

അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക 500

ജയമോഹന്‍ എം Published on 21 January, 2015
അഷ്ടിക്ക് വകയില്ലാത്ത  മാണി സാറിന് എന്റെ വക 500
'അഷ്ടിക്ക് വകയില്ലാത്ത സാറിന് എന്റെ വക 500...' ആഷിക് അബു.
സംവിധായകന്‍ ആഷിക് അബു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസാണിത്. 'സാറ് 'എന്ന് ഉദ്ദേശിച്ചത് മന്ത്രി മാണിസാറിനെ തന്നെ. പേരെടുത്ത് പറയാതെയാണ് ആഷിക് അബു ഈ കളിയാക്കല്‍ ഉദ്ദേശിച്ചതെങ്കിലും സംഗതി ആളിക്കത്തി കഴിഞ്ഞു. ഇന്റര്‍നെറ്റ് ലോകത്തെ മലയാളികള്‍ അഴിമതി ആരോപണം നേരിടുന്ന കെ.എം മാണി എന്ന രാഷ്ട്രീയ നേതാവിനെതിരെ പുതിയൊരു സമര രീതി തന്നെ കൊണ്ടു വന്നു കഴിഞ്ഞു. പത്തും നൂറുമായി മാണിസാറിന് നേരിട്ട് മണിയോഡര്‍ അയച്ചു കൊടുക്കുകയാണ് പ്രതിഷേധിക്കുന്ന യുവത്വം.

അയച്ചുകൊടുക്കുന്ന മണിയോഡറുകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ സംഭവം വൈറലായി. അയച്ചു കൊടുക്കുന്ന മണിഓഡറുകള്‍ പത്തും നൂറുമാണെങ്കിലും കുറെയാകുമ്പോള്‍ ഒരു തുകയാകുമല്ലോ. അത് മാണിസാര്‍ എന്ത് ചെയ്യുമെന്നാണ് മറ്റൊരു ചോദ്യം. കൂട്ടമായി വരുന്ന ഈ മണിഓഡറുകള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് എന്ത് തോന്നുമെന്നതും കൗതുകം തോന്നിപ്പിക്കുന്ന കാര്യമാണ്. കേരള രാഷ്ട്രീയത്തില്‍ അഴിമതി ആരോപണം നേരിട്ടവരും അഴിമതി നടത്തിയതായി തെളിഞ്ഞവരും ഇത്തമൊരു നാണം കെടുത്തുന്ന പ്രതിഷേധം ഇതിന് മുമ്പ് നേരിട്ടിട്ടില്ല.

ഇപ്പോഴിതാ മാണിസാറിനായി ഓണ്‍ലൈന്‍ ഭീക്ഷയെടുക്കലും ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഒരു ഫേയ്‌സ്ബുക്ക് പേജും ഗ്രൂപ്പും തുടങ്ങിയിട്ട്. ദിവസവും ആയിരങ്ങളാണ് ഈ പേജിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മാണിസാറിനായുള്ള ഫേയ്‌സ്ബുക്ക് പേജ് കുട്ടായ്മ പുതിയൊരു സമര രീതി ആവിഷ്‌കരിക്കുന്നു. തെരുവില്‍ മാണിസാറിനായി ഭീക്ഷയെടുക്കല്‍ നടത്തുമെന്നാണ് അവരുടെ പ്രഖ്യാപനം. കിട്ടുന്ന പിച്ചക്കാശ് എത്രയാണെങ്കിലും മാണിസാറിന് അയച്ചു കൊടുക്കും. ഈ തരത്തിലാണ് പുതിയൊരു സോഷ്യല്‍ മീഡിയ സമര മുറ അരങ്ങേറി വരുന്നത്.

സോളാര്‍ കേസിന് തുല്യമായ ആരോപണമായി ബാര്‍ കോഴക്കേസ് കേരള രാഷ്ട്രീയത്തില്‍ മാറുമ്പോഴും രാജിവെക്കില്ല എന്ന നിലപാടിലാണ് കെ.എം മാണി. മാണിക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടിയുമുണ്ട്. എന്നാല്‍ രാജിവെച്ച് അന്വേഷണത്തെ നേരിടുക എന്ന രാഷ്ട്രീയ ധാര്‍മ്മികത കാണിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പക്ഷെ ഇതിനൊന്നും തയാറാകാതെ ആരോപണങ്ങളെ നിഷേധിക്കുക മത്രമാണ് മാണിയും കേരളാ കോണ്‍ഗ്രസും ചെയ്യുന്നത്.

സ്വാഭാവികമായും അഡ്ജസ്റ്റമെന്റ് രാഷ്ട്രീയവും വഴിപട് സമരവും നടക്കുന്ന കേരളത്തില്‍ പ്രതിപക്ഷം സമരമുറ കൊണ്ട് മാണിയെ രാജിവെപ്പിക്കാനൊന്നും പോകുന്നില്ല. അടുത്ത വലിയ വാര്‍ത്തയെത്തുമ്പോള്‍ ബാര്‍ കോഴയും വിസ്മൃതിയിലാവും. അങ്ങനെയാണ് പതിവ്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് പതിവുകള്‍ തെറ്റുകയാണ് അല്ലെങ്കില്‍ പതിവുകളൊക്കെ മാറി തുടങ്ങി എന്നു തന്നെ പറയാം. എല്ലാ പ്രായത്തിലുള്ളവരും എത്തുന്ന സോഷ്യല്‍ മീഡിയയില്‍ മാണിക്കെതിരെ തുടങ്ങിയിരിക്കുന്ന 'മാണിസാറിന് എന്റെ വക' എന്ന ക്യാംപ്‌യിന്‍ ഏറെ ശ്രദ്ധ നേടുന്നതും ഈ സാഹചര്യത്തിലാണ്.

ഇതിന് മുമ്പ് ഒരു അഴിമതിയാരോപണ സംഭവത്തിലും സോഷ്യല്‍ മീഡിയ ഈ രീതിയിലേക്ക് വന്നിരുന്നില്ല. എന്തിന് സോളാര്‍ കേസില്‍ പോലും ആക്ഷേപഹാസ്യങ്ങളും വാര്‍ത്തകളുമൊക്കെയായി സോഷ്യല്‍ മീഡിയ സജീവമായിരുന്നുവെങ്കിലും ഒരു സറ്റയര്‍ സമരമുറയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ ബാര്‍ കോഴക്കേസില്‍ സോഷ്യല്‍ മീഡിയയിലേക്ക് ഒരു പുത്തന്‍ ആശയമെന്ന നിലയില്‍ മാണിസാറിനായുള്ള ഭീക്ഷപ്പിരിവ് തുടങ്ങിയിരിക്കുന്നു.

കെ.എം മാണി ലജ്ജിക്കാന്‍ അറിയുന്നവനാണെങ്കില്‍ രാജിവെച്ച് അന്വേഷണം നേരിടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുക എന്നാണ് മാണിസാറിന് എന്റെ വക എന്ന ക്യാംപയിനിലൂടെ നെറ്റിസണ്‍സ് ലക്ഷ്യമിടുന്നത്.

അറേബ്യന്‍ രാജ്യങ്ങളില്‍ മുല്ലപ്പു സമരങ്ങള്‍ക്ക് വഴിയൊരുക്കി എന്നിടത്താണ് സോഷ്യല്‍ മീഡിയ ആദ്യമായി വലിയൊരു സമരപശ്ചാത്തലമാകുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അണ്ണാ ഹസാരെയും അരവിന്ദ് കേജരിവാളുമൊക്കെ അഴിമതി വിരുദ്ധ സമരത്തിന് സോഷ്യല്‍ മീഡിയയെ ആയുധമാക്കിയിരുന്നുവെങ്കിലും അത് തികച്ചും സ്വാഭാവികമായിരുന്നില്ല. പക്ഷെ ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സോഷ്യല്‍മീഡിയ സ്വാഭാവിക സമര രൂപം പ്രാപിച്ചു. രാഷ്ട്രപതി ഭവനിലേക്ക് പതിനായിരങ്ങള്‍ തള്ളിക്കയറുന്ന സമരത്തിലേക്ക് ജനരോഷത്തെ എത്തിക്കുവാന്‍ ഒരു നേതൃത്വത്തിന്റെയും സഹായമില്ലാതെ സോഷ്യല്‍ മീഡിയക്ക് സാധിച്ചു.

ഡല്‍ഹി റേപ്പ് കേസിന് ശേഷം പ്രമുഖമായി മാറിയ ഒരു സോഷ്യല്‍ മീഡിയ സമരമായിരുന്നു ചുംബന സമരം. കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ സദാചാര പ്രശ്‌നം ഉയര്‍ത്തി യുവമോര്‍ച്ച അടിച്ചു തകര്‍ത്തതിന് എതിരെ ഉയര്‍ന്ന നെറ്റിസണ്‍ രോഷം ചുബന സമരമായി മാറി. രാഹുല്‍ പശുപാലന്‍, രശ്മി നായര്‍, ഹാര്‍മിസ് മുഹമ്മദ് തുടങ്ങിയവരായിരുന്നു അതിന്റെ തുടക്കക്കാര്‍. ഹോട്ടല്‍ അടിച്ചു തകര്‍ത്തതിനെതിരെ ഒരാള്‍ ഇതിനെതിരെ ഒരു ചുബനസമരം നടത്തി പ്രതിഷേധിച്ചാലോ എന്ന ചോദ്യം ഉന്നയിച്ചിടത്ത് നിന്നാണ് കിസ് ഓഫ് ലവ് എന്ന കൂട്ടായ്മ ഉണ്ടാകുന്നതും കൊച്ചിയിലും കോഴിക്കോടും ചുംബന സമരം നടന്നതും.
ഇത് പിന്നീട് കാലഘട്ടത്തിന്റെ ആവശ്യമായി മനസിലാക്കിക്കൊണ്ട് ഹൈദ്രബാദിലും, ചെന്നൈയിലും ഡല്‍ഹിയുമെല്ലാം കിസ് ഓഫ് ലവിന് ആഭിമുഖ്യം പ്രകടിപ്പിച്ച് ഫാസിസത്തിനെതിരെ ചുംബന സമരം നടന്നു. ഒരു ചെറിയ പോസ്റ്റ് എത്രയോ വലിയ സമരത്തിന് കാരണമാകുന്നു എന്നതിന് ചുംബന സമരം ഉദാഹരണം.

സോഷ്യല്‍ മീഡിയയിലെ യുവത്വത്തിന്റെ രാഷ്ട്രീയ ആഭിമുഖ്യം സദാചാര പ്രശ്‌നത്തില്‍ തീരുന്നില്ല എന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാകുന്നത്. കെ.എം മാണിക്കെതിരെ ഉയര്‍ന്നു വന്നരിക്കുന്ന ക്യാംപയിന്റെ തുടക്കം സംവിധായകന്‍ ആഷിക് അബുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണെന്ന് വേണം മനസിലാക്കാന്‍. എന്തായാലും സംഭവം ചെറുപ്പക്കാര്‍ ഏറ്റെടുത്ത് മുമ്പോട്ടുപോയി കഴിഞ്ഞു. കൊച്ചിയിലെ തെരുവുകളില്‍ ഇനി എന്നാണ് ചുംബന സമരം പോലെ മാണിസാറിന് വേണ്ടിയുള്ള ഭീക്ഷയെടുക്കല്‍ സമരം നടക്കുക എന്ന് മാത്രമേ അറിയാനുള്ളു. അതിനെ തല്ലിയോടിക്കുവാന്‍ പോലീസ് എത്തുമോ എന്നും കാത്തിരുന്ന് കാണാം.

എന്തായാലും ഭരണത്തിലിരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് നേരെ, നേതാവിന് നേരെ, ആദ്യമായാണ് കേരളത്തില്‍ സോഷ്യല്‍ മീഡിയ ചലിക്കുന്നത്. നേരം പോക്കുകളില്‍ നിന്നും പുതിയ രാഷ്ട്രീയ, സമര രൂപങ്ങള്‍ കണ്ടെത്തുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ എന്ന് തന്നെയാണ് ഇവിടെ മനസിലാക്കേണ്ടത്. അതിന്റെ വിജയം എന്താകുമെന്ന് കാത്തിരുന്ന് കാണുക തന്നെ ചെയ്യണം. വിജയിക്കേണ്ടത് നവകാലഘട്ടത്തിന്റെ ആവിശ്യമാണ് എന്നതില്‍ തര്‍ക്കവുമില്ല.

എന്തായാലും കെ.എം മാണിക്ക് ഫേയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടോ എന്ന് ലേഖകന് അറിയില്ല. ഇനി ഇല്ലെങ്കില്‍ തന്നെയും ഫേയ്‌സ്ബുക്കില്‍ തനിക്കെതിരെ നടക്കുന്ന ക്യാംപെയിന്‍ മാണി അറിഞ്ഞു കാണും. ഏതെങ്കിലും കേരളാ കോണ്‍ഗ്രസ്‌കാരന്‍ അത് അദ്ദേഹത്തെ കാണിച്ചിട്ടുണ്ടാകും. എന്ത് പ്രതികരണമാവും അപ്പോള്‍ മാണിസാറിന്റേത് എന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. പക്ഷെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന സമരം കെ.എം മാണിയെ രാജിവെപ്പിക്കുന്നതില്‍ കൊണ്ടു ചെന്ന് എത്തിക്കുമോ. എങ്കില്‍ കേരളത്തിലെ രാഷ്ട്രീയ ലോകത്ത് അതൊരു പുതിയ തുടക്കമാകും. പ്രതിപക്ഷത്തെയും മുഖ്യധാര മാധ്യമങ്ങളെയും പേടിക്കാതെ അഴിമതിയും കെടുകാര്യസ്ഥതയും നടമാടുമ്പോള്‍ സോഷ്യല്‍ മീഡിയയെ പേടിച്ചേ മതിയാകു, അല്ലെങ്കില്‍ അവര്‍ ആകെമൊത്തം നാറ്റിച്ചു കളയും എന്ന സ്ഥിതി വരുന്നത് ഗുണകരം തന്നെയാണ്. അല്ലെങ്കിലും സാറുമാര്‍ക്ക് ആരെയെങ്കിലുമൊക്കെയൊരു പേടി വരുന്നത് തീര്‍ച്ചയായും നല്ലതാണ്.
അഷ്ടിക്ക് വകയില്ലാത്ത  മാണി സാറിന് എന്റെ വക 500അഷ്ടിക്ക് വകയില്ലാത്ത  മാണി സാറിന് എന്റെ വക 500അഷ്ടിക്ക് വകയില്ലാത്ത  മാണി സാറിന് എന്റെ വക 500അഷ്ടിക്ക് വകയില്ലാത്ത  മാണി സാറിന് എന്റെ വക 500
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക