Image

ഒരു പട്ടിക്കഥ (പുനര്‍വായന-1: രാജു മൈലപ്ര)

Published on 20 January, 2015
ഒരു പട്ടിക്കഥ (പുനര്‍വായന-1: രാജു മൈലപ്ര)
റോയിച്ചന് മക്കള്‍ രണ്ടാണ്. നല്ല രണ്ട് കുഞ്ഞുങ്ങള്‍. വളരെ മര്യാദക്കാര്‍. വളരണമെന്നല്ലാതെ മറ്റ് വലിയ ആഗ്രഹമൊന്നുമില്ലാത്ത കുട്ടികള്‍! അമേരിക്കയിലാണ് ജനിച്ചതെങ്കിലും, ഇപ്പോഴും ചോറും കറിയുമാണ് അവര്‍ക്കിഷ്ടം. അല്ലാതെ മറ്റ് പിള്ളേരെപ്പോലെ "ബലോണി' പരിപാടിയൊന്നുമവര്‍ക്കില്ല. റോയിച്ചന്‍ പുറത്തുപോയി എന്തെങ്കിലും വങ്ങിച്ചുകൊടുത്തിട്ടുവേണ്ടേ, ഇവിടെ മറ്റ് ആഹാരസാധനങ്ങള്‍ ലഭിക്കുമെന്നും, അവയ്ക്ക് നല്ല രുചിയുണ്ടെന്നും അവര്‍ക്കു മനസിലാക്കാന്‍!

കാര്യമായ കളിപ്പാട്ടങ്ങളൊന്നും പിള്ളേര്‍ക്കില്ല. വയറുകീറിയ ഒരു "ടെഡിബെയറും' തലമുടിയില്ലാത്ത ഒരു "ബാര്‍ബിഡോളു'മാണ് ആവകയില്‍ അവരുടെ ആകെ സമ്പാദ്യം. പിള്ളേരുടെ പ്രധാന വിനോദം ടിവി കാണലായിരുന്നു. ടിവി കണ്ടുകണ്ട് അറിവുകൂടിയപ്പോള്‍ പിള്ളേര്‍ക്ക് ഒരാഗ്രഹം; ഒരു പട്ടിയെ വേണമെന്ന്. പട്ടിയെ വളര്‍ത്തുന്നതിന്റെ ബദ്ധപ്പാടുകളെപ്പറ്റിയൊന്നും അവര്‍ക്കറിയില്ലല്ലോ! വിഷയം മമ്മിയോടവതരിപ്പിച്ചു. "ഡാഡിയുള്ളപ്പോള്‍ എന്തിനാ മക്കളെ പട്ടി'? എന്ന ഭാവത്തില്‍ മമ്മി അവരെ ഒന്നു നോക്കി.

ഏതായാലും വിഷയം റോയിച്ചന്റെ മുന്നില്‍ എത്തി. റോയിച്ചനും പട്ടികളെ ഇഷ്ടമാണ്. നാട്ടില്‍ റോയിച്ചന്റെ ഏറ്റവും വിശ്വസ്ത സ്‌നേഹിതന്‍ "ബ്രൂട്ടസ്' എന്നു പേരുള്ള ഒരു പട്ടിയായിരുന്നു. പിള്ളേരു കഴിച്ചിട്ടു കളയുന്ന മീന്‍മുള്ളും ചിക്കന്റെ എല്ലും മറ്റും കാണുമ്പോള്‍ "ബ്രൂട്ടസ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍!'' എന്നോര്‍ത്ത് അയാള്‍ നെടുവീര്‍പ്പെടും. ഒന്നും വേസ്റ്റ് ചെയ്യുന്നന് പുള്ളിക്കിഷ്ടമല്ല. പണ്ടൊരു എല്ല് തൊണ്ടയില്‍ തടഞ്ഞതിനുശേഷം എല്ലുകടി അയാള്‍നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഏതായാലും യോഗമുള്ളവന് തേടിവെയ്ക്കണ്ട എന്നു പറഞ്ഞതുപോലെ, റോയിച്ചന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സായിപ്പിന്റെ പട്ടി ആയിടെ പ്രസവിച്ചു. അതിലൊരു കുട്ടിയെ അയാള്‍ ചുളുവില്‍ സ്വന്തമാക്കി. ബ്രൂട്ടസ് എന്ന പേര് കൊടുത്തു. പട്ടിക്കുട്ടിയെ കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷം! അവരുടെ സന്തോഷം കണ്ടപ്പോള്‍ മമ്മിക്കു സന്തോഷം! മമ്മിയുടെ സന്തോഷം കണ്ടപ്പോള്‍ ഡാഡിക്ക് ബഹുസന്തോഷം! ഇതെല്ലാംകൂടി കണ്ടപ്പോള്‍ പട്ടിക്ക് ബഹുബഹു സന്തോഷം!! അന്നു മുതല്‍ റോയിച്ചന്റെ വീട്ടിലെ മീന്‍മുള്ളും എല്ലിന്‍ കഷണവും കടിച്ച് കഴിച്ച് അവന്‍ ജീവിച്ചുപോന്നു. പിള്ളേരോടൊപ്പം ടിവി കണ്ട് സന്തോഷിച്ച് സമയം ചെലവഴിച്ചു.

കുറെ നാള്‍ ടിവി കണ്ടു കഴിഞ്ഞപ്പോള്‍ ബ്രൂട്ടസിനൊരു കാര്യം വ്യക്തമായി. ഇവിടെ പട്ടികള്‍ക്കു കഴിക്കാന്‍ നല്ല ആഹാരമുണ്ട്. മനോഹരമായ ടിന്നുകളില്‍ വരുന്ന, വായില്‍ കൊതിവെള്ളമൂറുന്ന ആഹാരസാധനങ്ങള്‍! അമേരിക്കയില്‍ മറ്റ് പട്ടികള്‍ അതും കഴിച്ച് അന്തസായി ജീവിക്കുന്നു. താനിവിടെ രണ്ട് ഒണക്കപ്പിള്ളേര് ചവച്ചുതുപ്പുന്ന ഉച്ഛിഷ്ടം ഭക്ഷിച്ച് ജീവിക്കുന്നു. ഒരുപക്ഷെ പട്ടി ഫുഡിന്റെ കാര്യം റോയിച്ചന് അറിയാന്‍ വയ്യാത്തതാകുമോ? പട്ടിപ്പരസ്യം വരുമ്പോള്‍ ബ്രൂട്ടസ് കുരയ്ക്കും. റോയിച്ചനെ നക്കും. കാര്യം ഏതാണ്ട് പിടികിട്ടിയ റോയിച്ചന്‍ പട്ടിപ്പരസ്യം വരുമ്പോള്‍ ഒന്നും മനസിലാകാത്ത പൊട്ടനെപ്പോലെ ഇരിക്കും. പിന്നീട് "ഇവിടെ ഉള്ളതുകൊണ്ടൊക്കെ ജീവിച്ചാല്‍ മതി' എന്ന ഭാവത്തില്‍ പട്ടിയെ നോക്കും. അയാളുടെ അടുത്ത് വേല നടക്കില്ല എന്നു മനസിലായ പട്ടി ഒരു കാര്യം ചിന്തിച്ചുറച്ചു.

ഒരു ദിവസം എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ ഒരു ചെറിയ കുറിപ്പ് എഴുതിവെച്ചിട്ട് പട്ടി സ്ഥലം വിട്ടു. പിറ്റേന്നു രാവിലെ ടിവിയില്‍ ഒട്ടിച്ചുവെച്ചിരുന്ന കുറിപ്പ് കണ്ട് റോയിച്ചന്‍ അന്തംവിട്ടു.

"റോയിച്ചാ!'
താനൊരു പട്ടിയാണ്. പട്ടികളെ അന്തസായി വളര്‍ത്താന്‍ അറിയാന്‍വയ്യാത്ത ഒരു പട്ടി, അമേരിക്കന്‍ പട്ടികളെ അറിയാന്‍ വയ്യാത്ത ഒരു പട്ടി. അമേരിക്കന്‍ പട്ടികളെ ചുളുവില്‍ വളര്‍ത്താന്‍ പറ്റുമെന്നുള്ള തന്റെ വ്യാമോഹം കളഞ്ഞിട്ട് വല്ല ഇന്‍ഡ്യന്‍ പട്ടികളേയും വളര്‍ത്താന്‍ നോക്ക്. - എന്ന് സ്വന്തം ബ്രൂട്ടസ്.

P.S: താനെന്നെ തിരക്കി വരരുത്. തന്നെ ഇനി കണ്ടാല്‍ ഞാന്‍ കടിക്കും.

കുറിപ്പു വായിച്ച റോയിച്ചന്‍ അന്തംവിട്ടു. ഭാര്യയും കുട്ടികളും കാണാതെ അതു വലിച്ചുകീറി കളഞ്ഞതിനുശേഷം ഒരു പട്ടിയെപ്പോലെ മുറുമുറുത്തുകൊണ്ട് അയാള്‍ നടന്നു.

(നവംബര്‍ 1985)
ഒരു പട്ടിക്കഥ (പുനര്‍വായന-1: രാജു മൈലപ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക