Image

ഒരു­തുള്ളി കണ്ണീര്‍ ക്യൂബ­യെന്ന നാടിന് (?) (ജോണ്‍ മാത്യു)

Published on 20 January, 2015
ഒരു­തുള്ളി കണ്ണീര്‍ ക്യൂബ­യെന്ന നാടിന് (?) (ജോണ്‍ മാത്യു)
ഏതാണ്ട് ഏഴ് പതി­റ്റാ­ണ്ടു­കാ­ലത്തെ സമ­ത്വ­ത്തി­ന്റേ­തായ നല്ല­നാ­ളെ­യെന്ന കാത്തി­രി­പ്പി­നു­ശേഷം അവ­സാനം ക്യൂബയും വീണു. അതേ "വീണു' എന്ന വാക്ക് ഇപ്പോള്‍ വിപ­രീ­ത­മായ അര്‍ത്ഥ­മാണ് സൃഷ്ടി­ക്കു­ക.

നാല്പ­തു­കളും അമ്പ­തു­കളും പിന്നെ അറുപ­തു­കള്‍വ­രെ­യുള്ള കാല­ഘട്ടം പ്രതീ­ക്ഷ­യു­ടേ­താ­യി­രു­ന്നു. ഫ്യൂഡ­ലി­സം, ഫാസിസം, മുത­ലാ­ളിത്തം കൊളോ­ണി­യ­ലിസം സമ്രാ­ജ്യത്വം തുട­ങ്ങി­യവ തക­രു­കയും സമാ­ധാ­ന­ത്തി­ന്റെയും സമ­ത്വ­ത്തി­ന്റെയും ഒരു നവ­യുഗം പിറ­ക്കു­കയും ചെയ്യു­മെന്ന് മൂന്നാം­ലോ­ക­ത്തിലെ സാധാ­ര­ണ­ക്കാര്‍ വിശ്വ­സി­ച്ചി­രുന്നു.

അതി­ങ്ങനെ:

"വേദ­ഗ്ര­ന്ഥ­ങ്ങ­ളിലെ പ്രത്യാ­ശ­യാ­യ, എന്നാല്‍ യഥാര്‍ത്ഥ ജീവി­ത­ത്തില്‍ മാനത്തെ അമ്പി­ളി­യാ­യ, നീതി­യുടെ ലോകം ഇതാ ഇപ്പോള്‍ നമ്മുടെ തൊട്ട­യല്‍പ­ക്കം­വരെ എത്തി­യി­രി­ക്കു­ന്നു. ഡോമി­നോ­തീ­യ­റി­പോലെ ചൈനയും കൊറി­യയും വീണു. ഇന്തോ­ചീ­ന­യിലെ രാജ്യ­ങ്ങള്‍ പഴുത്ത മാമ്പ­ഴം­പോ­ലെ, ഒരു "കുഞ്ഞി­ക്കാ­റ്റ­ങ്ങാനും' മതി അതെല്ലാം പട­പ­ടാന്ന് കൊഴി­യാന്‍. ഇതി­നിടെ സുതാ­ര്യ­ജ­നാ­ധി­പ­ത്യ­ത്തിന്റെ സുശക്ത കോട്ട­യായ ഇന്ത്യ­യിലെ കേര­ളവും വീണു. ഈജി­പ്തിലെ നാസറും ആ വഴി­ക്കു­തന്നെ ഞെട്ടറ്റ് വീഴാന്‍ ചിന്തി­ക്കുന്നു.

പഴ­മ­ക്കാര്‍ക്ക് ഓര്‍മ്മ­യിലേ കോംഗോ­യിലെ ലുമും­മ്പ­യെ അനു­വ­ദി­ച്ചി­ല്ല. സാമ്രാ­ജ്യത്വം തട്ടി­പ്പ­റി­ച്ചു. യു-2 സംഭ­വ­ത്തോടെ അമേ­രി­ക്ക­യിലെ പ്രസി­ഡന്റിന് മൊഴി­മു­ട്ടി. ഇന്തോ­ചീ­ന­യെന്ന വിയ­റ്റ്‌നാ­മില്‍ കാള­പ്പോര് തുട­ങ്ങി­ക്ക­ഴി­ഞ്ഞു. പഴയ കഥ!'

അമേ­രി­ക്ക­യിലെ ഏതെ­ങ്കി­ലു­മൊരു ബേസ്‌ബോള്‍ ടീമിന്റെ പിച്ചര്‍ ആകാ­മാ­യി­രുന്ന ഫിഡല്‍ കാസ്‌ട്രോ എന്ന ചെറു­പ്പ­ക്കാ­രന്‍ അര്‍ജന്റീ­ന­ക്കാ­രന്‍ ചെഗു­വാ­ര­യോ­ടൊപ്പം ഒളി­പ്പോ­രു­യു­ദ്ധ­ത്തിന്റെ സൂത്ര­ധാ­ര­നാ­യി. ക്യൂബ­യില്‍ അധി­കാരം പിടി­ച്ചെ­ടു­ത്തു. അത് അമ്പ­തു­ക­ളുടെ അവ­സാ­നം. തുടര്‍ന്നുള്ള അമേ­രി­ക്ക­യുടെ വിദേ­ശ­നയം ലാറ്റിന്‍ അമേ­രി­ക്ക­യിലെ കമ്മ്യൂ­ണിസ്റ്റ് സ്വാധീ­ന­വും­കൂടി തട­ഞ്ഞു­നിര്‍ത്താ­നാ­യി­രു­ന്നു.

ഇന്ന്, അവ­സാ­ന­വാക്ക് അമേ­രി­ക്ക­യു­ടേ­തായി മാറി­യെ­ങ്കി­ലും, സോവി­യറ്റ് യൂണി­യന്‍ തകര്‍ന്നെ­ങ്കി­ലും, ചൈന തങ്ങ­ളുടെ പ്രത്യ­യ­ശാസ്ത്രം നിശ­ബ്ദ­മായി തിരു­ത്തി­യെ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നെ­ങ്കി­ലും, എന്നിട്ടും ക്യൂബ പിടിച്ചുനിന്നി­രു­ന്നു.

കഴിഞ്ഞ ഒരു നൂറ്റാ­ണ്ടു­കാ­ലത്തെ കരു­ക്കള്‍നീ­ക്കി­യുള്ള ചതു­രം­ഗ­ക്ക­ളി­യി­ലേക്ക് ഒന്ന് എത്തി നോക്കു­മ്പോള്‍ തമാ­ശ­യാണ് തോന്നു­ക. ബനാ­ന­-­റി­പ്പ­ബ്ലി­ക്കു­ക­ളുടെ ഏകാ­ധി­പ­തി­കള്‍ക്ക് തരം­പോ­ലെ, തക്കം­പോ­ലെ, ഇടത്തോട്ടോ വല­ത്തോട്ടോ മാറാം. അതു­കൊ­ണ്ടാണ് ഹെന്‌റി കിസിന്‍ജര്‍ തനിക്ക് സ്വീകാ­ര്യ­നായ ഒരു പട്ടാ­ള­ഭ­ര­ണാ­ധി­കാ­രി­യെ­പ്പറ്റി പറ­ഞ്ഞ­ത്, അത് ഇവിടെ ആവര്‍ത്തി­ക്കട്ടെ: ""ഹി ഇസ് എ ബിച്ച്, ബട്ട് ഹി ഈസ് അവ്വര്‍ ഓവുണ്‍ ബിച്ച്.''

അല്പം ഇട­ത്തോട്ട് നിന്ന് വിപ്ല­വ­കാ­രി­ക­ളുടെ വേഷം­കെ­ട്ടുന്ന ഏകാ­ധി­പ­തി­ക­ളുടെ സ്വപ്ന­ങ്ങള്‍ പൊലി­ഞ്ഞു. സാമൂ­ഹിക വിപ്ല­വ­ത്തി­നു­പ­കരം സ്വന്തം­കാര്യം നോക്കുന്ന അവ­സ്ഥ­യി­ലേക്ക് ലോകം മാറി. ഏതാണ്ട് ഒന്ന­ര­നൂ­റ്റാണ്ടു മുന്‍പ് സംഭ­വിച്ച വ്യവ­സായ വിപ്ല­വം­പോലെ മറ്റൊ­ന്നാണ് ഇന്ന് സംഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്. എല്ലാ­വരും കൂടു­തല്‍ സുഖ­സൗ­ക­ര്യ­ങ്ങള്‍ക്ക് ആഗ്ര­ഹി­ക്കു­ന്നു. അതി­നുള്ള ഉല്പാ­ദ­ന­ത്തില്‍ ലോകം മുഴു­വന്‍ പങ്കാ­ളി­ക­ളാ­വു­ക­യാ­ണ്. ധനം കുന്നു­കൂ­ടു­മ്പോള്‍ അതിനു കാര­ണ­ക്കാ­രായ ദൈവ­ങ്ങള്‍ക്ക് നന്ദി പറ­ഞ്ഞേ­തീ­രൂ. അതിന് പാര­മ്പ­ര്യ­ങ്ങ­ളി­ലേക്ക് മട­ങ്ങി­പ്പോ­ക­ണം.

ഈ പറ­ഞ്ഞ­തിന്റെ ഭാഗ­മാണ് ഇന്ന് മത­യാ­ഥാ­സ്ഥി­തി­ക­യി­ലേ­ക്കുള്ള മട­ങ്ങി­പ്പോ­ക്ക്. എല്ലാ­വരും തങ്ങ­ളുടെ വേരു­കള്‍ തേടുന്നും നൂറു­ക­ണ­ക്കിനോ ആയി­ര­ക്ക­ണ­ക്കിനോ വര്‍ഷ­ങ്ങള്‍ക്കു­മുന്‍പ് ചെയ്ത­താ­യി­രുന്നു ശരി­യെന്ന് അവര്‍ വിശ്വ­സി­ക്കു­ന്ന­തും. അത് പുനഃ­പ്ര­തി­ഷ്ഠി­ക്കു­ന്ന­താണ് തങ്ങ­ളുടെ ദൗത്യ­മെന്നു കൂടി കരുതി ആ വിശ്വാ­സ­ങ്ങ­ളി­ലേക്ക് ജനം തിരി­ഞ്ഞു­നോ­ക്കു­ക­യാ­ണ്.

എന്നാല്‍ മുന്‍പ് ഏതു വ്യവ­സ്ഥി­തി­യു­ടെയും ഭാഗ­മാ­യി­രുന്ന സാമൂ­ഹി­ക­ചിന്ത മാറ്റ­പ്പെ­ടു­കയും സ്വന്തം നില­നി­ല്പിനു മാത്രം പ്രാമുഖ്യം കൊടു­ക്കു­കയും ചെയ്യുന്ന വ്യവ­സ്ഥി­തി­യി­ലേക്ക് എത്തി­ക്ക­ഴി­ഞ്ഞു. ഇതി­നോടു ചേര്‍ത്ത് വായി­ക്കേ­ണ്ട­താണ് ഇന്ന് നിക്ഷേ­പ­സ­ങ്ക­ല്പ­ങ്ങ­ളില്‍ വന്നു­കൊ­ണ്ടി­രി­ക്കുന്ന മാറ്റ­ങ്ങ­ളും.

ഇനിയും എന്തിന് വിപ്ല­വം. ഒരി­ക്കല്‍ യുവാ­ക്ക­ളുടെ സ്വപ്ന­മാ­യി­രുന്ന വിപ്ല­വ­വീര്യം അതേ യുവാ­ക്കള്‍ വൃദ്ധ­രാ­യി­ക്കൊ­ണ്ടി­രി­ക്കു­മ്പോള്‍ അസ്ത­മി­ക്കു­ക­യാണോ?

ക്യൂബ എന്ന നാടി­നെ­ക്കു­റിച്ച് പറ­ഞ്ഞു­കൊ­ണ്ടാ­ണല്ലോ ഈ ചെറു­ലേ­ഖനം തുട­ങ്ങി­യ­ത്. മദ്ധ്യ­വര്‍ഗ്ഗ­വി­ജ­യ­ത്തിന്റെ സാര്‍വ്വ­ത്രിക മാതൃ­ക­യാ­യി­രിക്കും ഇനിയും അവിടെ അര­ങ്ങേ­റു­ക, നിശാ­നൃ­ത്ത­ശാ­ല­കളും മയ­ക്കു­മ­രു­ന്നു­മൊ­ക്കെ­യാ­യി, അമേ­രി­ക്ക­യി­ലേ­ക്കുള്ള അതിന്റെ വന്‍ കയ­റ്റു­മതി സാദ്ധ്യ­ത­ക­ളു­മായി!

ചരി­ത്ര­കാ­ര­ന്മാര്‍ തിരി­ഞ്ഞു­നോ­ക്കി­യിട്ട് എന്താ­യി­രിക്കും എഴു­തു­ക. ഫാസി­സ­ത്തോട് പൊരു­തിയ അവ­സാ­നത്തെ പട­യാ­ളിയും വീണെ­ന്നോ, സമ­ത്വ­പ്ര­തീ­ക്ഷ­ക­ളുടെ അവ­സാ­ന­മെ­ന്നോ, സാമ്പ­ത്തിക വിജ­യ­മെ­ന്നോ...

... അതോ "ഉറ­ങ്ങാന്‍പോ­കുന്ന അടുത്ത നൂറു­വര്‍ഷ'മെന്നോ എന്താ­യി­രിക്കും അവര്‍ എഴു­തുക?

-0-
ഒരു­തുള്ളി കണ്ണീര്‍ ക്യൂബ­യെന്ന നാടിന് (?) (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക