Image

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം (ജെയ്ന്‍ ജോസഫ്)

ജെയ്ന്‍ ജോസഫ് Published on 20 January, 2015
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം (ജെയ്ന്‍ ജോസഫ്)
ചാക്കോസ്- ഒരു അമേരിക്കന്‍ മലയാളി കുടുംബം
ഭര്‍ത്താവ്- അനില്‍ ചാക്കോ, സോഫ്റ്റ വെയര്‍ എന്‍ജിനീയര്‍
ഭാര്യ- നീന ചാക്കോ, ഹൗസ് വൈഫ്
മകള്‍- ലിയ, പതിനൊന്നു വയസ്,
മകന്‍- റോഷന്‍, നാലുവയസ്.


December 6, Saturday, morning
ഡിസംബറിലെ ആദ്യ ശനിയാഴ്ച പൊടിപൊടിയായി മഞ്ഞുപെയ്തുകൊണ്ടിരിക്കുന്നു. നല്ല തണുപ്പ് നിലത്തുവീണു കിടക്കുന്ന മഞ്ഞുകണങ്ങള്‍ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നു. ചുറ്റും പൈന്‍മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്നു. എവര്‍ഗ്രീന്‍ വാലി ക്രിസ്മസ് ട്രീ ഫാം, ക്രിസ്മസ് ട്രീകള്‍ നട്ടുവളര്‍ത്തി വില്‍ക്കുന്ന സ്ഥാപനം. സ്ഥാപനം എന്നു പറഞ്ഞാല്‍ ഒരേക്കര്‍ മരങ്ങള്‍. ക്രിസ്മസ് ട്രീക്കുവേണ്ടി പലതരം എവര്‍ഗ്രീന്‍ മരങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തുന്നു.ഏതാണ്ട് നവംബര്‍ പകുതിയാവുമ്പോഴേക്കും മരങ്ങള്‍ മുറിക്കാന്‍ പാകത്തിനാകും. നമുക്ക് ഇഷ്ടമുള്ള മരം നോക്കി മുറിച്ചു വാങ്ങിക്കാം. കുറച്ചുവര്‍ഷങ്ങളായി ഞങ്ങളുടെ ക്രിസ്മസ് ആരംഭിക്കുന്നത് ഈ ട്രീ ഫാമില്‍ നിന്നാണ്.
നീനയും കുട്ടികളും നല്ല ഉത്സാഹത്തിലാണ്. തണുപ്പൊന്നും കൂട്ടാക്കുന്നതേയില്ല. ലിയറും റോഷനു ഏറ്റവും നല്ല മരം കണ്ടുപിടിക്കാനുള്ള മത്സരത്തിലാണ്. നീന ഓരോ മരത്തിനേയും തൊട്ടും മണത്തും സൂക്ഷ്മപരിശോധന നടത്തുന്നു. നാല്‍പ്പുതു ഡോളറിനുള്ളില്‍ നില്‍ക്കുന്ന ഒരു മരം, അതു മാത്രമാണ് എന്റെ മാനദണ്ഡം.
'അനീ, ഈ 'ബാള്‍സം ഫിര്‍' എങ്ങനെയുണ്ട്? നല്ല മണമല്ലേ? കഴിഞ്ഞ വര്‍ഷം 'ഫ്രേസറല്ലേ' വാങ്ങിച്ചത്? അതോ, ഈ 'ഡഗ്ലസ്' വേണോ? ഇതിന്റെ ഇല ഒന്നു മണത്തുനോക്കിക്കേ'.
'എനിക്ക് ഇതിന്റെ എല്ലാം മണം ഒരു പോലെയാണ് തോന്നുന്നത്.' നീന മണം പിടിച്ച് ഓരോ മരത്തിന്റെയും കുടുംബപേരും മഹിമയും വര്‍ണ്ണിച്ചു.
'കഴിഞ്ഞ വര്‍ഷം ജോണിന്റെ വീട്ടിലെ ട്രീ ഓര്‍ക്കുന്നില്ലേ? എന്തുമണമായിരുന്നു. ഞാന്‍ പ്രീതിയോട് ചോദിച്ചിരുന്നു. 'ഡഗ്ലസ്' ആണെന്നാണ് പറഞ്ഞത്.'
നീനാ എന്റെ കൈയും മൂക്കുമൊക്കെ മരവിക്കുന്നു. നീയെന്താണെന്നു വച്ചാല്‍ ഒരെണ്ണം തീരുമാനിക്ക്.
കഴിഞ്ഞ ക്രിസ്തുമസിന് ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ല. പിന്നെയാണ് ജോണിന്റെ ക്രിസ്തുമസ് ട്രീ. ആകെ ഓര്‍ക്കുന്നത് ലാസ്റ്റ് മിനിറ്റില്‍ ഗിഫ്റ്റ് വാങ്ങിക്കാന്‍ ഓടിനടക്കുന്നത് മാത്രമാണ്. നീന എന്തിനാണ് ഈ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്ത് വച്ച് ബ്രയിനിനെ ഓവര്‍ലോഡ് ചെയ്യുന്നത്.
നീനയും കുട്ടികളും കൂടി ഈ വര്‍ഷത്തെ ഞങ്ങളുടെ ട്രീ തെരഞ്ഞെടുത്തു. എട്ടടി പൊക്കമുള്ള 'ബാള്‍സം ഫിര്‍' ലിയയ്ക്കാണ് നറുക്ക് വീണത്.
അറുപത്തിയഞ്ച് ഡോളര്‍! ക്രിസ്തുമസ് ലിസ്റ്റിലെ ആദ്യത്തെ ഐറ്റം തന്നെ എന്റെ ബഡ്ജറ്റ് പൊളിച്ചു.
പതിനഞ്ചുമിനിറ്റിനുള്ളില്‍ ഫാമിലെ ജോലിക്കാര്‍ മരം മുറിച്ച് ശിഖിരങ്ങള്‍ ചുറ്റിക്കെട്ടി, ഞങ്ങളുടെ മിനി വാനിന്റെ മുകളില്‍ കെട്ടിവച്ചു തന്നു. പുറത്ത് മഞ്ഞുവീഴ്ച കൂടിയിരിക്കുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. വാനിന്റെ വൈപ്പര്‍ വിശ്രമമില്ലാതെ മഞ്ഞുകണങ്ങളെ തൂത്തുമാറ്റുന്നു.
Let it snow, Let it snow.... കുട്ടികള്‍ ക്രിസ്മസ് സ്പിരിറ്റിലായികഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തി, ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ട്രീ ഞങ്ങളുടെ ഫാമിലി റൂമില്‍ നാട്ടിയുറപ്പിക്കപ്പെട്ടു. ട്രീയുടെ ബേസ് ഒരു പാത്രമാണ്. അതില്‍ വെള്ളവും 'ട്രീ പ്രിസര്‍വേറ്റീവും' ഒഴിച്ചു. ഒരു മാസം ഉണങ്ങാതെ ഫ്രഷ് ആയി ഇരിക്കണമെങ്കില്‍ ഇടയ്ക്ക് വെള്ളവും ഭക്ഷണവും കൊടുത്ത്‌കൊണ്ടിരിക്കണം. ബാള്‍സം ട്രീയുടെ ഇലകളിലൂടെ മണം മുറിയിലാകെ വ്യാപിച്ചു; ക്രിസ്മസിന്റെ മണം.
Dec 6 Saturday, afternoon
ലഞ്ച് കഴിച്ച് കഴിഞ്ഞു ലിയയും റോഷനും ട്രീ ഡക്കറേറ്റ് ചെയ്യാന്‍ റെഡിയായി ഫാമിലി റൂമിലെത്തി.
'നീനാ, എനിക്കൊന്നു മയങ്ങണം. നീ റോഷനെ കുറച്ചു നേരത്തേക്ക് എന്തെങ്കിലും പറഞ്ഞ് ഒന്നു ഡിസ്ട്രാക്ട് ചെയ്യ്.'
എനിക്ക് മറുപടി പറയേണ്ടി വന്നില്ല, അതിനു മുമ്പ് ലിയ കിച്ചണിലെത്തി.
'Dad, please get the decorations'
ഡക്കറേഷന്‍സ് ഒക്കെ പല പെട്ടികളിലായി ഗരാജിലാണ്. എടുക്കണമെങ്കില്‍ അപ്പന്‍ തന്നെ വേണം. അനി ദയനീയമായി എന്നെ നോക്കി.
'വാ ഞാനും കൂടെ ഹെല്‍പ്പ് ചെയ്യാം'. അനി മനസ്സില്ലാ മനസ്സോടെ എന്റെ പുറകെ ഗരാജിലേക്ക് വന്നു.
കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ക്രിസ്തുമസ് എന്ന് ലേബല്‍ ചെയ്ത ഏഴു പെട്ടികള്‍ ഫാമിലി റൂമില്‍ എത്തി. അനിയും ലിയയും കൂടി പെട്ടികള്‍ ഓരോന്നായി തുറന്നു തുടങ്ങി. റോഷന്‍ നേറ്റിവിറ്റി സെറ്റ് വച്ചിരിക്കുന്ന പെട്ടിയില്‍ കൈയിട്ട് ഓരോന്നായി പുറത്തെടുത്ത് തുടങ്ങി.
'Roshy, be very careful, ok' എല്ലാം വേഗം പൊട്ടുന്നതാണ്. കഴിഞ്ഞ വര്‍ഷം റോഷന്റെ ഇതേ ഉത്സാഹം കൊണ്ട് യൗസേപ്പിതാവിന് നഷ്ടപ്പെട്ടത് സ്വന്തം തലയാണ്. ഗ്ലൂഗണ്‍ കൊണ്ട് ഒട്ടിച്ച് വളരെ കഷ്ടപ്പെട്ടാണ് മാതാവ് പോലും അറിയാതെ യൗസേപ്പുപിതാവിനെ രക്ഷിച്ചെടുത്തത്. അതുപോലെ തന്നെ, മുമ്പ് പല വര്‍ഷങ്ങളിലായി വാലും കാലുമൊക്കെ നഷ്ടപ്പെട്ട പല അംഗങ്ങളുണ്ട്. ഈ നേറ്റിവിറ്റി സെറ്റില്‍!
ലിയ വളരെ ശ്രദ്ധയോടെ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞിരിക്കുന്ന ഓര്‍ണമെന്റ്‌സ് ഓരോന്നായി പുറത്തെടുക്കുന്നു. ഓരോ ഓര്‍ണമെന്റിനും ഓരോ കഥ പറയാനുണ്ട്. ജീവതത്തിലെ ഓരോ കാലഘട്ടത്തിന്റെ കഥ, 'മെറി ക്രിസ്തുമസ്'. സൈന്‍ ജീവിത്തിലെ ഓരോ കാലഘട്ടത്തിന്റെ കഥ. മെറിക്രിസ്തുമസ് സൈന്‍ പിടിച്ചു നില്‍ക്കുന്ന സാന്റകോസിന്റെ ചെറിയ ആള്‍രൂപം; ലിയയുടെ ആദ്യത്തെ ക്രിസ്തുമസിന് കുഞ്ഞിക്കൈയില്‍ കൊടുത്ത് ട്രയില്‍ ഇടുവിച്ചതാണ്.
അതുപോലെ റോഷി ആദ്യമായി ട്രീയിലിട്ട ചെറിയ റെയിന്‍ ഡിയര്‍, മമ്മിയുടെ കളക്ഷന്‍സില്‍ നിന്നും കൊണ്ടുവന്ന മമ്മി തന്നെ ഹാന്‍ഡ് പെയിന്റ് ചെയ്ത ഗ്ലാസ് ബോള്‍ അങ്ങനെ വിലപ്പെട്ട ഓര്‍മ്മകളുണര്‍ത്തുന്നതാണ് ഓരോ പീസും.
അനീ ട്രീലൈറ്റ്‌സ് മുകളില്‍ നിന്ന് താഴേക്ക് ചുറ്റി. ഇനി ഓര്‍ണമെന്റ്‌സ് ഇട്ടുതുടങ്ങാം.
'Mummy, Look, Spiderman is saving Baby Jesus From bad guays'
കോഫി ടോബിളില്‍ തിരൂക്കൂടുംബാംഗങ്ങളെ ഒക്കെ നിരത്തിവച്ച് കളിക്കുകയാണ്. റോഷന്‍, പറഞ്ഞത് ശരിയാണ്, ടേബിളിന്റെ ഒരു വശത്ത് ഉണ്ണീശോയെ വളഞ്ഞ് കുറച്ച് ബാഡ്‌ഗൈസ്! ഒരു തട്ടകം, രണ്ട് രാജാക്കന്‍മാര്‍, പിന്നെ ആട്ടിന്‍കുട്ടികളും. സ്‌പൈഡര്‍മാന്‍ ബാഡ്‌ഗൈസിന്റെ ഇടയിലേക്ക് ചാടുന്നു.
'Roshy, Noo..'
എനിക്കിടപെടാന്‍ പറ്റുന്നതിന് മുമ്പ് സ്‌പൈഡര്‍മാന്‍ ബാഡ്‌ഗൈസിനെ ഇടിച്ച് നിരത്തി, ജീസസിനെയും കൊണ്ട് കാലിത്തൊഴുത്തില്‍ എത്തി.
'Baby Jesus with mom and dad now'. ഉണ്ണീശോയെ കെട്ടിപ്പിടിക്കുന്ന മാതാവും ആട്ടിടയനും, ങേ, ആട്ടിടയനോ?
'Roshy, that's not Jesus's dad, that's a Shepherd. Here is Jesus's dad Joseph.'
കാലിത്തൊഴുത്തിന്റെ ഒരു തൂണില്‍ ചാരിനിന്ന യേസേപ്പുപിതാവിനെ ഞാന്‍ മാതാവിന്റെയടുക്കലേക്ക് നടത്തി.
'Guys, are you ready? അനീ ട്രീയിലെ ലൈറ്റ് ഓണാക്കി. എട്ടുകണ്ണുകളില്‍ നക്ഷത്ര തിളക്കം. ഫാമിലി റൂമിന്റെ ഡെക്കോറിനനുസരിച്ചോ, പ്രത്യേക കളര്‍ തീമിലോ അല്ല ഞങ്ങളുടെ ട്രീ. എല്ലാ വര്‍ണ്ണങ്ങളും ഒന്നിക്കുന്ന ഈ കൊച്ചു ട്രീ ഞങ്ങളുടെ തിളക്കമുള്ള ഓര്‍മ്മകളുടെ, കൊച്ചുകൊച്ചു സന്തോഷങ്ങളുടെ, വലിയ വലിയ പ്രതീക്ഷകളുടെ ഒക്കെ പ്രതിഫലനമാണ്.
December 20, Saturday
ക്രിസ്മസിന് ഇനി വെറും അഞ്ചു ദിവസങ്ങള്‍ മാത്രം. ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അടുത്ത നാലു ദിവസത്തെ ക്രിസ്തുമസ് പാച്ചിലിന് ഇന്ന് തുടക്കം കുറിക്കുന്നു. റീന കഴിഞ്ഞ രണ്ടു മണിക്കൂറായി കിച്ചണിലാണ്. ഓവനില്‍ ബേക്ക് ചെയ്തുകൊണ്ടിരിക്കുന്നു. ഫ്രൂട്ട് കേക്കിന്റെ മണം വീടു മുഴുവന്‍, ക്രിസ്തുമസ് അടുത്തെത്തി എന്ന് ഓര്‍മ്മിപ്പിക്കുന്ന മണം...
പള്ളിയില്‍ നിന്നുള്ള കരോള്‍ സംഘം വീടു കയറി പാടാന്‍ എത്തുന്നത് ഇന്നാണ്. അതിന് മുന്നോടിയായുള്ള വീടു ക്ലീനിംഗാണ് എന്റെ മുഖ്യജോലി. ഇടയ്ക്ക് എപ്പോഴെങ്കിലും പുറത്ത് പോയി ഓഫീസിലുള്ളവര്‍ക്കുള്ള ഗിഫ്റ്റ് വാങ്ങണം. ബാക്കി ഗിഫ്റ്റ് ഷോപ്പിംഗ് മുഴുവന്‍ നീനയാണ് ചെയ്തത്. പോസ്റ്റുമാനു വരെ ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട്.., നീന.
നീനയ്ക്കുള്ള ഗിഫ്റ്റ് ഇപ്രാവശ്യം നേരത്തെ ഓര്‍ത്തുവാങ്ങി. സാധാരണ തലേദിവസമാണ് അതിനുവേണ്ടി ഓടാറ്.
കിച്ചണ്‍ ഐംില്‍ നിരത്തിയിരിക്കുന്ന ഫ്രൂട്ട് കേക്കുകള്‍, വട്ടത്തില്‍, നീളത്തില്‍ ഒക്കെ, നീന അടുപ്പിലെ തിളയ്ക്കുന്ന എണ്ണയിലേക്ക് മാവില്‍ മുക്കിയ ഏത്തക്കാ കഷ്ണങ്ങള്‍ ഓരോന്നായി ഇടുന്നു.
'ഈ കേക്കൊക്കെ പോരായിരുന്നോ വൈകുന്നേരത്തിന്? നീന എന്നെ സൂക്ഷിച്ചൊന്ന് നോക്കി.'
നീന സത്യം പറ, ഇങ്ങനെയാണോ നിനക്ക് ക്രിസ്തുമസ് ആഘോഷിക്കേണ്ടത്, ദേ നിന്റെയീ ലിസ്റ്റ് നോക്കിക്കേ. ക്രിസ്മസിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട ഇരുപത്തിയാറു കാര്യങ്ങള്‍. നമ്മുടെയൊക്കെ കൊച്ചിലെ അപ്പനും അമ്മയ്ക്കും ഈ ഓട്ടം വല്ലതുമുണ്ടായിരുന്നോ? ക്രിസ്തുമസ് വല്ലാണ്ട് കൊമേഴ്‌സലൈസ്ഡ് ആയിപ്പോയില്ലേ എന്നൊരു സംശയം.
'സംഭവം ശരിയാ. ഞാനും ഓടി മടുത്തു. ഒരു വശതത്, ഏറ്റവും ഇഷ്ടപ്പെട്ട സീസണ്‍. മറുവശത്ത് ഏറ്റവും ഭ്രാന്തുപിടിക്കുന്നതും. എന്തുചെയ്യാന്‍ പറ്റും'?
എല്ലാം അടച്ചുപൂട്ടി ഒരു ക്രൂയിസിനു വിടുക. എന്നിട്ട് ക്രിസ്തുമസ് കഴിയുമ്പോള്‍ തിരിച്ചുവരാം.'
അയ്യോ എന്റെ ഏത്തക്കാ ബോളി. കരിഞ്ഞ ഏത്തക്കാ ബോളിയുടെ മണം ഞങ്ങളെ ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.
വൈകീട്ട് ആറരയായപ്പോഴേക്കും കരോള്‍ സംഘത്തിന്റെ ഗാനങ്ങളാല്‍ ഞങ്ങളുടെ വീട് ഭക്തി നിര്‍ഭരമായി. അയല്‍വക്കക്കാര്‍ അസ്വസ്ഥരും!
ഏഴുമണിയായപ്പോഴേക്കും സന്തോഷസൂചകമായി കൊടുത്തതിനെ സ്വീകരിച്ച് കരോള്‍ സംഘം യാത്രയായി.
December 24, Christmas Eve
ലിയ പിയാനോയില്‍ ജിംഗിള്‍ബെല്‍സ് പ്ലേ ചെയ്യുന്നു. അനിയും റോഷനും ഫയര്‍ പ്ലേസിനടുത്തുള്ള  കൗച്ചില്‍ ബ്ലാങ്കറ്റില്‍ പുതച്ചിരുന്ന് ലീയയുടെ കൂടെ പാടുന്നു.
'നീന കഴിഞ്ഞില്ലേ പണി'
നാളെ ബ്രേക്ക്ഫാസ്റ്റിനുള്ള അപ്പത്തിന്റെ മാവ് ശരിക്കും പുളിച്ചുതുടങ്ങിയിട്ടില്ല. വീടിന്റെയകത്തു തണുപ്പ് കൂടിയതാണ് പ്രശ്‌നം. ഓവന്‍ ടൈമറില്‍ ഇട്ട് ഓണാക്കി, മാവ് അകത്ത് എടുത്തു വച്ചു. ചെറുചൂടില്‍ കുറച്ചുനേരം ഇരിക്കട്ടെ. അപ്പോള്‍ പുളിച്ചോളും.
കൗച്ചില്‍ അനിയുടെയും റോഷന്റെയും കൂടെ ബ്ലാങ്കറ്റിനുള്ളിലേക്ക് കയറി നടുനിവര്‍ത്തിയപ്പോള്‍ എന്തൊരു സുഖം.
കോഫീ ടേബിളില്‍ സാന്റായ്ക്കുള്ള പാലും കുക്കിയും. കുക്കിയുടെ എണ്ണം കുറഞ്ഞിരിക്കുന്നു.! മേഞ്ചറില്‍ ഉണ്ണീശോയുടെ അടുത്ത് ബോഡീഗാര്‍ഡായി സ്‌പൈഡര്‍മാന്‍ അടുക്കളയില്‍ നിന്ന് മാവു പുളിക്കുന്ന മണം! ക്രിസ്തുമസ് ട്രീയുടെ അടിയില്‍ ഭംഗിയായി പൊതിഞ്ഞുവച്ചിരിക്കുന്ന ഗിഫ്റ്റുകള്‍. ദൂരെ ആകാശത്ത് നിന്ന് ഒരു മണികിലുക്കും. കുളമ്പടി ശബ്ദം.
December 25, Christmas Day
മഞ്ഞുകൊണ്ട് വെള്ള പരവാതി വിരിച്ച ചെസ്റ്റ്‌നട്ട് അവന്യൂ മഞ്ഞുമൂടി നില്‍ക്കുന്ന മരങ്ങള്‍, മഞ്ഞുപൊതിഞ്ഞ മേല്‍ക്കൂരകള്‍, വൈറ്റ് ക്രിസ്തുമസ് 5018 ചെസ്റ്റ് അവന്യൂവിലെ കുടുംബാംഗങ്ങളെല്ലാം ക്രിസ്തുമസ് ട്രീയുടെ ചുവട്ടില്‍ കുട്ടികള്‍ ഗിഫ്റ്റുകള്‍ തുറന്നുകഴിഞ്ഞു. അനില്‍ നീത കൊടുത്ത സ്വറ്റര്‍ ഇട്ട് നോക്കുന്നു.
'Here is dad's gift for you mom.' ലിയ മനോഹരമായി പൊതിഞ്ഞ ഒരു ഗിഫ്റ്റ് നീനയ്ക്കു നേരെ നീട്ടി.
'It looks so pretty' നീനയുടെ കണ്ണുകളില്‍ സന്തോഷം. അനിലിന്റെ മുഖത്ത് അഭിമാനം. നീന ശ്രദ്ധയോടെ നീലനിറത്തിലുളള റാപ്പിംഗ് അഴിച്ചു. അകത്ത് സില്‍വര്‍ നിറമുള്ള ഒരു ബോക്‌സ്. ഒന്നും കാണുന്നില്ല. 'Hold on', അനില്‍ മുകളിലേക്ക് ഓടി. തിരിച്ചുവന്നപ്പോള്‍ കൈയില്‍ സില്‍വര്‍ ചെയിനുള്ള ഭംഗിയുള്ള ഒരു ലൈഡീസ് വാച്ച്. ഭംഗിയായി റാപ്പ് ചെയ്യുന്നതിന്റെ തിരക്കില്‍ വാച്ച് ബോക്‌സിന്റെ അകത്ത് വയ്ക്കാന്‍ മറന്നു.
ലിയയും റോഷനും തലകുത്തി കിടന്നു ചിരിക്കുന്നു.
'It's ok dad, it happens' നീന അനിലിനെ ആശ്വസിപ്പിച്ചു. Guys there's one more gift. It is in the garage.'
കുട്ടികളുടെ കണ്ണുകളില്‍ ആകാംക്ഷ. എല്ലാവരും അനിലിന്റെ പുറകെ ഗരാജിലേക്ക് നടന്നു. ഗരാജിന്റെ  ഒരു മൂലയ്ക്ക് ഒരു പെട്ടി. പുറത്ത് വലിയ അക്ഷരത്തില്‍ ഒരു കുറിപ്പ്. To Chackos, From Santa, അനില്‍ മെല്ലെ ഷീറ്റ് മാറ്റി. ഒരു വലിയ ക്രേറ്റ്. അതിനകത്ത്, വെളുത്ത നിറവും തിളങ്ങുന്ന കണ്ണുകളും. നനുനനുത്ത രോമങ്ങളുമുള്ള ഒരു പട്ടിക്കുട്ടി.
'Doggie' റോഷന്‍ വിളിച്ചുകൂവി.
'I truly belive in santa now. Thanks you santa. Thanks you mom, thank you dad' ലിയ അനിലിനെയും നീനയേയും കെട്ടിപ്പിടിച്ചു.
5018 Chestnut Avenue പുതിയ കുടുംബാംഗം. ഏഴാഴ്ച പ്രായമുള്ള വെള്ള ലാബ്രഡോര്‍ പട്ടിക്കുട്ടി! ഇവന്‍ ഇവരുടെ ഹൃദയം കവരുമോ? ഈ വീട്ടിലെ ഷൂസുകള്‍ തിന്നു തീര്‍ക്കുമോ? കാത്തിരുന്ന് കാണുക.

കടപ്പാട് : മലയാളി മാഗസിന്‍
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം (ജെയ്ന്‍ ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക