Image

ഹണ്‍ടിങ്ഡന്‍ താഴ്‌വരയിലെ സന്യാസിക്കിളികള്‍ (കഥ: മുരളി ജെ­. നായര്‍)

Published on 18 January, 2015
ഹണ്‍ടിങ്ഡന്‍ താഴ്‌വരയിലെ സന്യാസിക്കിളികള്‍ (കഥ: മുരളി ജെ­. നായര്‍)
സാവിത്രി പതുക്കെ കണ്ണുതുറന്നു. പാതിമാത്രം മറച്ച ജനലിലൂടെ പ്രകാശം ബെഡ്‌റൂമിലാകെ പരന്നിരിക്കുന്നു. ക്ലോക്കിലേക്ക് നോക്കി. മണി അഞ്ചേമുക്കാലേ ആയിട്ടുള്ളൂ.

പുറത്തുനിന്നു നല്ല പക്ഷിസംഗീതം. എന്നും തന്നെ ഉണര്‍ത്താറുള്ള വൈതാളിക സംഗീതം. പക്ഷേ കഴിഞ്ഞരാത്രി വളരെ താമസിച്ചാണ് താന്‍ ഉറങ്ങിയതെന്ന് കിളികള്‍ക്കറിയില്ലെന്ന് തോന്നുന്നു.

ഇന്നാണ് വീട് വില്‍ക്കുന്നതിനുള്ള കോണ്‍ട്രാക്റ്റ് ഒപ്പിടേണ്ടത്. ഇന്നലെ വളരെനേരം അതെപ്പറ്റി ആലോചിച്ചു കിടന്നതാണ്. എത്ര ദിവസമായി ഇതേപ്പറ്റി ആലോചിക്കുന്നു. ഈ വീടുമായി തനിക്കുള്ളത് എന്തെല്ലാം തരം ബന്ധനങ്ങളാണ്! ഈ കിളികളുമായിട്ടുള്ള ചങ്ങാത്തം അവയിലൊന്ന് മാത്രം.

ഒരു തീരുമാനം എടുക്കാന് എന്തേ ഇത്ര പ്രയാസമെന്ന് റിയല്‍ എസ്‌റ്റേറ്റ് ഏജെന്‍റും ചോദിച്ചിരുന്നു, ഇത്ര കണ്‍ഫ്യൂഷന്‍ ആണെങ്കില്‍ എന്തിനാണ് പിന്നെ വീടു വില്‍ക്കാന്‍ ലിസ്റ്റ് ചെയ്തത്? എത്രപേരെ ഞാനീ വീട് കാണിച്ചു? എത്ര സമയം ഇതിനുവേണ്ടി ചെലവാക്കി? കുറെക്കാലം താമസിച്ച ഒരു വീട് വില്‍ക്കുമ്പോള്‍ എല്ലാവര്ക്കും കുറെ മന:പ്രയാസമൊക്കെ ഉണ്ടാകും. പക്ഷേ ഇനിയും വൈകാതെ ഒരു തീരുമാനം എടുത്തില്ലെങ്കില്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ നല്ല ഓഫറും പോകും. ഇപ്പോഴത്തെ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിനെപ്പറ്റി നിങ്ങള്ക്ക് നല്ലതുപോലെ അറിയാമല്ലോ? ഏജെന്‍റിന്‍റെ അസഹിഷ്ണുതയിലും കാര്യമുണ്ട്. ഒരു വര്‍ഷത്തോളം കാത്തിരുന്നിട്ടാണ് ഇത്തരം ഒരു ഓഫര്‍ വന്നത്. എന്നിട്ടും അഞ്ചുകൊല്ലംമുമ്പ് കൊടുത്ത വിലയുടെ അത്രയും കിട്ടുന്നുമില്ല. ഇനി കാത്തിരുന്നിട്ടു കാര്യമില്ല എന്നു തോന്നിയതുകൊണ്ടാണ് ഈ ഓഫര്‍ സ്വീകരിക്കാമെന്ന് വെച്ചത്. എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ താന്‍ അനുഭവിക്കുന്ന അന്ത:സംഘര്‍ഷം അയാളറിയുന്നുണ്ടോ?

എഴുന്നേറ്റ് ബാത്തുറൂമിലേക്ക് നടക്കവേ ആലോചിച്ചു, എന്തെല്ലാം ഓര്‍മ്മകളുറങ്ങുന്ന വീടാണിത്. തനിക്കിതു അത്ര പെട്ടെന്നു വിട്ടു പോകാന്‍ പറ്റുമോ?

സ്വിമ്മിംഗ്പൂളടക്കം മനോഹരമായൊരു ബാക്ക് യാര്‍ഡുള്ള, ആരും കൊതിക്കുന്ന വീട്. സ്വിമ്മിംഗ്പൂളിനും പിറകിലത്തെ ഫെന്‍സിനുമിടയില്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന, നല്ല െ്രെപവസി തരുന്ന ഒരു ചെറിയ കാട്, ഒരു സൈഡില്‍ ആപ്പിള്‍മരം. വേനല്‍ക്കാലമായാല്‍ ബാക്ക് യാര്‍ഡില്‍ എന്നും കിളികളുടെ ഗാനമേള. കിളികളായിരുന്നു തന്‍റെയും ദേവിന്റെയും ഏറ്റവും വലിയ ലഹരി.

ദേവ് എന്നു ചെല്ലപ്പെരിട്ടു വിളിച്ചോട്ടെ എന്നു തങ്ങളുടെ പ്രണയത്തിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ ഡേവവിഡിനോട് താന്‍ ചോദിച്ചിരുന്നു. ദേവ് എന്നാല്‍ ദൈവം എന്നാണെന്നും ഭാരതീയപാരമ്പര്യത്തില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ തന്റെ പ്രിയപ്പെട്ടവന്‍ ദേവനാണെന്നുമൊക്കെ തനിക്ക് വിശദീകരിക്കേണ്ടിയും വന്നിരുന്നു.

എന്തെല്ലാം മോഹങ്ങളോടെയാണ് താനും ദേവും കൂടി ഈ വീട് വാങ്ങിയത്. ഫിലഡെല്ഫിയ നഗരത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞു, ഹണ്‍ടിങ്ഡന്‍ വാലിയെന്ന ശാന്തസുന്ദരമായ നഗരപ്രാന്തത്തിലെ സുന്ദരമായ ഈ വീട്!

ദേവിനും ഈ വീട് വളരെ ഇഷ്ടമായിരുന്നു. ജീവിതത്തിലെ രണ്ടാമത്തെ വലിയ ആഗ്രഹമാണ് ഈ വീട് സ്വന്തമാക്കിയതിലൂടെ സാധിച്ചതെന്ന് പറയുമായിരുന്നു. ആദ്യമായി അങ്ങനെ പറയുന്നതു കേട്ടപ്പോള്‍ താന്‍ ചോദിച്ചു, അപ്പോള്‍ ആദ്യത്തെ ആഗ്രഹമോ? ഗാഢമായ ഒരു കെട്ടിപ്പിടുത്തവും അതിന്റെ തുടര്‍ച്ചയായ ഒരു ഉമ്മയുമായിരുന്നു മറുപടി. ദേവിനുമാത്രമേ തന്റെ ഇംഗിതമറിഞ്ഞു അങ്ങനെ ഉമ്മ വെയ്ക്കാന്‍ പറ്റൂ എന്നു തനിക്ക് തോന്നിയിരുന്നു. അതൊരിക്കല്‍ പറഞ്ഞപ്പോള്‍ അവന്‍റെ കൂസൃതി നിറഞ്ഞ ചോഡ്യം, നിന്നെ എത്രപേര്‍ ഇതുവരെ ഉമ്മവെച്ചിട്ടുണ്ട്?

നീ എന്ത്ര പെണ്ണുങ്ങളെ ഉമ്മ വെച്ചിട്ടുണ്ടോ, അതില്‍കൂടുതല്‍ ആണുങ്ങള്‍ എന്നെ ഉമ്മവെച്ചിട്ടുണ്ട്, അവനെ ചൊടിപ്പിക്കാന്‍ താന്‍ പറഞ്ഞു. നേരത്തേതിനെക്കാള്‍ ഗാഢമായ ഒരാലിംഗനവും തുടര്‍ന്ന് അതിനെക്കാള്‍ ഗാഢമായ ഒരുമ്മയുമായിരുന്നു മറുപടി.

പല പ്രാവശ്യമായി തന്നോടു പറഞ്ഞിട്ടുള്ള ഡേറ്റിങ് കഥകളിലെ നായികമാരുടെ പേര് പറഞ്ഞു താന്‍ എപ്പോഴും ദേവിനെ കളിയാക്കുമായിരുന്നു.

ബാത്ത്‌റൂമില്‍നിന്നിറങ്ങി ബെഡ്‌റൂം മുറിച്ചുകടന്ന്! സാവിത്രി താഴത്തെ നിലയിലേക്കുള്ള പടികളിറങ്ങി. പടികളിറങ്ങിവരുമ്പോള്‍ നേരെ കാണത്തക്കതുപോലെയാണ് ദേവും താനും കൂടിയുള്ള ഫോട്ടോ വെച്ചിരിക്കുന്നത്. താഴെയെത്തി ആ ഫോട്ടോയില്‍ കുറെനേരം വെറുതെ നോക്കിനിന്നു.

ഇനി ഇതുപോലെ എത്രയെത്ര പോര്‍ട്രയിറ്റുകള്‍ എടുക്കും നമ്മള്‍, ദേവ് പറയുമായിരുന്നു. നമ്മുടെ ഓരോ മക്കളുടെയും ജീവിതത്തിലെ ഓരോ സ്‌റ്റെപ്പുകളും ഓരോ പോര്‍ട്രയിറ്റുകളായി ഈ ഭിത്തികളില്‍ തൂങ്ങണം

ആ സ്വപ്നം ബാക്കിവെച്ചാണ് അവന്‍ പോയത്. വിധി ഒരു ട്രാഫിക് ആക്‌സിഡെന്‍റിന്‍റെ രൂപത്തില്‍.വന്നു ദേവിനെ തന്നില്‍നിന്നു തട്ടിയെടുത്തതോടെ തന്റെ ജീവിതവും ശൂന്യമായി, ഈ ഭിത്തികളെപ്പോലെ. ഇപ്പോള്‍ വര്‍ഷം രണ്ടായി താന്‍ ഒറ്റപ്പെട്ടിട്ട്. ആദ്യമൊക്കെ ഈ വീട് വില്‍ക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല.

പപ്പയും മമ്മിയും വളരെ നാളുകള്‍കൊണ്ട് പറയുന്നതാണ് ഈ വീട് വില്‍ക്കാന്‍. ഈ വീട് വിറ്റാല്‍ താന്‍ വീണ്ടും കല്യാണം കഴിക്കുമെന്ന് അവര്‍ക്ക് ഒരു തോന്നലുള്ളതുപോലെ.

അടുക്കളയിലേക്ക് നടന്നു കോഫീമേക്കര്‍ സെറ്റ് ചെയ്യുമ്പോള്‍ അതാ ജനല്‍പ്പടിയില്‍ ഒരു സന്‍സ്യാസിക്കിളി തന്നെനോക്കി പരിചയഭാവത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നു. അതോ പാടുകയാണോ, തനിക്കായി ഒരു പ്രഭാതഗീതം?

റെസിഡെന്‍സിയ്ക്കയുള്ള ഇന്‍റര്‍വ്യുവിന് ചെന്നപ്പോഴാണ് ദേവിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പലേടത്തും ഇന്‍റര്‍വ്യു അറ്റെന്‍ഡ് ചെയ്‌തെങ്കിലും രണ്ടുപേരും ഒരേ ഹോസ്പിറ്റല്‍ തന്നെ റെസിഡെ ന്‍സിയ്ക്കു തെരഞ്ഞെടുത്തത് ഒരു ദൈവനിശ്ചയംപോലെ തോന്നിയിരുന്നു. മിക്കവാറും ഡ്യൂട്ടി സമയമെല്ലാം ദേവും താനും ഒരുമിച്ചായിരുന്നു. രോഗികളോടുള്ള ദേവിന്റെ അനുകമ്പാര്‍ദ്രമായ സമീപനവും പ്രോജക്റ്റ് പ്രസന്‍റേഷനിലുള്ള പാടവവും സബ്‌ജെക്!റ്റിലുള്ള അറിവും അമ്പരപ്പിക്കുന്നതായിരുന്നു. അങ്ങനെ കൂടുതല്‍ അറിയുന്തോറും അവനില്‍ കൂടുതല്‍ ആകൃഷ്ടയാകുകയായിരുന്നു. താന്‍ ഇന്ത്യക്കാരിയും അവന്‍ വെള്ളക്കാരനുമാണെന്ന ചിന്തപോലും തീരെ തോന്നതെയായി. അധികം താമസിയാതെതന്നെ താനും ദേവും തമ്മിലുള്ള പ്രണയം ആശുപത്രിയില്‍ പരസ്യമായി.

കൂടെ ജോലിചെയ്തിരുന്ന ഇന്ത്യക്കാര്‍ പലരും വിലക്കാന്‍ നോക്കിയതാണിത്. നമ്മുടെ സംസ്കാരത്തില്‍നിന്നുള്ള ഒരു പയ്യനെ നിനക്കു കണ്ടുപിടിച്ചുകൂടെ എന്നവര്‍ ചോദിച്ചിരുന്നു.

എടീ നീ അമേരിക്കയിലെത്തി ഡോക്ടറായെന്നു കരുതി ഇത്ര അഹങ്കരിയ്ക്കരുത്, മകളെ വെള്ളക്കാരനില്‍നിന്ന് 'രക്ഷിക്കാനുള്ള' സകല അടവുകളും പൊളിഞ്ഞു എന്നു കണ്ടപ്പോള്‍ മമ്മി പറഞ്ഞു. തന്റെ പ്രിയപ്പെട്ടവരില്‍ മമ്മിയ്ക്കായിരുന്നു ഏറ്റവും വലിയ എതിര്‍പ്പ്.

താന്‍ ദേവിനെ കല്യാണം കഴിക്കുന്നതിന് പിന്തുണ നല്‍കിയതു തന്റെ പപ്പ മാത്രം. നിന്റെ ജീവിതം നിനക്കുവേണ്ടി ജീവിക്കാന്‍ എനിക്കു പറ്റില്ല മോളെ, അതുപോലെ നിനക്കുവേണ്ടി തീരുമാനങ്ങളെടുക്കാനും എനിക്കു കഴിയില്ല. ആകെ കഴിയുമായിരുന്നത് നിന്നെ സ്വയം തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തയാക്കുകയായിരുന്നു. അത് ഞാന്‍ ചെയ്തു എന്നാണ് എന്റെ വിശ്വാസം. പപ്പായ്ക്കു അത്രയേ പറയാനുണ്ടായിരുന്നുള്ളൂ. അഥവാ, അത്രയുമേ പപ്പയില്‍നിന്ന് തനിക്ക് കേള്‍ക്കേണ്ടിയിരുന്നുമുള്ളൂ.

ദേവിന്റെ കുടുംബത്തില്‍നിന്ന് ഒരെതിര്‍പ്പും ഉണ്ടാകാഞ്ഞത് തന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. അവന്റെ അച്ഛനും അമ്മയ്ക്കും ഏക സഹോദരിക്കും തന്നോട് വളരെ സ്‌നേഹമാണ് ഇപ്പൊഴും.

സാവിത്രി കാപ്പി കപ്പിലേക്ക് പകര്‍ന്നു. അതാ ജനല്‍പ്പടിയിലിരുന്ന സന്യാസിക്കിളി ജനല്ഗ്ലാസ്സില്‍ ചൂണ്ടുകൊണ്ട് ഉരസി തന്‍റെ ശ്രദ്ധ ക്ഷണിക്കുന്നു. താന്‍ നോക്കുന്നു എന്നുറപ്പായപ്പോള്‍ വീണ്ടും പാട്ട്. ഇത്തവണ അവന്റെ വിസിലടിയ്ക്ക് കൂടുതല്‍ ശക്തിയുള്ളതുപോലെ.

ഈ വീട് വാങ്ങിയതില്‍പ്പിന്നെയാണ് ഈ പക്ഷികളെപ്പറ്റിയുള്ള ദേവിന്റെ അറിവ് തന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയത്. റോമന്‍ തിരുസഭയിലെ കര്‍ദിനാള്‍മാരുടെ ചുവന്ന വസ്ത്രത്തെ ഇവ സൂചിപ്പിക്കുന്നതുകൊണ്ടാണത്രേ ഇവയ്ക്ക് കാര്‍ഡിനല്‍ ബേഡ്‌സ് എന്ന പേര് വന്നത്. എന്നാല്‍ സന്യാസിമാരുടെ വേഷത്തെ ഓര്‍മ്മിപ്പിക്കുന്നതുകൊണ്ടു സന്യാസിക്കിളി എന്നു വിളിക്കാനാണ് തനിക്കിഷ്ടം. ഡേവിഡിനെക്കൊണ്ടും മലയാളത്തില്‍ സന്യാസിക്കിളി എന്നു വിളിപ്പിക്കുമായിരുന്നു. അമേരിക്കന്‍ ആക്‌സെന്‍റില്‍ 'സന്യാസിക്കിലി' എന്നു പറയുന്നതു കേള്‍ക്കാന്‍ ഒരു പ്രത്യേക കൌതുകമായിരുന്നു.

സന്യാസിക്കിളികളില്‍ ആണിന്‍റെ നിറം കടുംചുവപ്പാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് പെട്ടെന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്നു. എന്നാല്‍ തവിട്ടുനിറമായ പെണ്‍കിളികള്‍ അത്ര പെട്ടെന്നു കണ്ണില്‍പ്പെടുകയില്ല,, വേറൊരു സവിശേഷത, ഇവ മഞ്ഞുകാലത്ത് മറ്റ് കിളികളെ പ്പോലെ തെക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറുന്നില്ല എന്നുള്ളതാണ്. ദേവ് പറയുമായിരുന്നു, കിളികളായാല്‍ ഇങ്ങനെ വേണം, സ്വന്തം മണ്ണിനോട് കൂറുള്ളവരായിരിക്കണം.

അപ്പോള്‍ താന്‍ ദേഷ്യം നടിച്ച് ചോദിക്കും, നീ എനിക്കിട്ടു വെച്ചതല്ലേമോനേ അതെന്ന്. അപ്പോള്‍ അവന്‍ പറയും, നിന്റെ പേരെന്‍റ്‌സ് ഇന്ത്യയില്‍ നിന്നു വന്നു, എന്റെ പൂര്‍വികര്‍ അയര്‍ലന്‍റില്‍നിന്ന് വന്നു, നമ്മളെല്ലാം കുടിയേറ്റക്കാര്‍ തന്നെ ഈ നാട്ടില്‍. എന്നാല്‍ ഇനി കൂറ് ഈ മണ്ണിനോടായിരിക്കണം, ഈ സന്യാസിക്കിലികളെപ്പോലെ. ഇത്തരം കാര്യങ്ങളിലായിരുന്നു ദേവിന്റെ സ്വരം കടുത്തു കണ്ടിട്ടുള്ളത്.

മരങ്ങളെല്ലാം മഞ്ഞണിഞ്ഞു നില്‍കുന്ന ശൈത്യകാലദിവസങ്ങളുടെ അലസതയില്‍ താനും ദേവും ഫാമിലി റൂമിലെ ബേ വിന്‍ഡോയില്‍ക്കൂടി പുറത്തേക്ക് നോക്കി സീഡര്‍ മരച്ചില്ലകളിലെ ഈ കിളികളുടെ കളി നോക്കിയിരിക്കാറുണ്ടായിരുന്നു. മഞ്ഞുകാലത്ത് വെളുപ്പിന്റെ കോണ്‍ട്രാസ്റ്റില്‍ ഈ കിളികള്‍ പെട്ടെന്നു കണ്ണില്‍പ്പെടുമായിരുന്നു. പെണ്‍കിളികള്‍ പാടുന്നത് വളരെ കുറച്ചു പക്ഷിവര്‍ഗങ്ങളിലേയുള്ളൂ, സന്യാസിക്കിളി അതിലൊന്നാണ്, ദേവ് പറഞ്ഞിട്ടുണ്ട്. ആഹാരവുമായി വരാന്‍ തന്റെ ഇണയ്ക്കുള്ള അടയാളമാണത്രേ ആ പാട്ട്. തങ്ങളുടെ 'ടെറിറ്ററി' സംരക്ഷിക്കുന്നതില്‍ ആണ്‍കിളികള്‍ വളരെ ശ്രദ്ധാലുക്കളാണ്. ഒരു കണ്ണാടിയില്‍ തന്റെ പ്രതിഫലനം കണ്ടാല്‍പ്പോലും അത് ഒരു എതിരാളിയാണെന്ന് കരുതി ആണ്‍കിളി ആ പ്രതിഫലനത്തോട് മല്ലടിക്കുമത്രെ.

ഉറക്കെ വിസിലടിക്കുന്ന രീതിയിലാണ് ഈ കിളികള്‍ പാടുന്നത്. അവര്‍ക്ക് പറയാനുള്ളത് എല്ലാവരും കേട്ടേതീരൂ എന്നൊരു വാശിയുള്ളതുപോലെ. ഈ വിസിലടിയില്‍ ആണും പെണ്ണും ഒരുപോലെ പങ്കുചേരുന്നു. ആനിന്റെ ഊര്‍ജവും പെണ്ണിന്റെ ഊര്‍ജവും സമന്വയിപ്പിക്കേണ്ടത്തിന്റെ പ്രാധാന്യമാണ് ഇത് പ്രകടമാക്കുന്നതെന്ന് ദേവ് വിശദീകരിക്കുമായിരുന്നു.

ആണ്‍കിളിയും പെണ്‍കിളിയും ഒരേ രീതിയില്‍ ശ്രുതി മീട്ടുമ്പോഴും പെണ്ണിന്റെ ശബ്ദമാണത്രേ കൂടുതല്‍ ഇമ്പമുള്ളതും കൂടുതല്‍ നേരം നിലനില്‍ക്കുന്നതും. ഇതും പ്രകൃതിയുടെ ഒരു കളി, അഥവാ സന്ദേശം, പെണ്ണിനാണ് ആണിനേക്കാള്‍ നിലനില്‍പ്പുശേഷിയുള്ളത്. പ്രകൃതിയുടെ െ്രെപമല്‍ എനര്‍ജി എന്നു പറയുന്നതു ഫീമെയില്‍ എനര്‍ജി ആണ്. അതിലൂടെയാണ് ഈ പ്രപഞ്ചംതന്നെ നിലനില്‍ക്കുന്നത്. ദേവിന് എവിടെനിന്നാണ് പക്ഷികളെപ്പറ്റി ഇത്ര അറിവ് ലഭിച്ചതെന്ന് താന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്

മരണത്തെയും മരണാനന്തരജീവിതത്തെയും ഈ കിളികള്‍ പ്രതിനിധാനം ചെയ്യുന്നുണ്ടത്രേ. മരണത്തിന് തൊട്ടുമുമ്പ് ഇത്തരം കിളികളെ കണ്ട പലരുടേയും കാര്യം വൃദ്ധസദനങ്ങളില്‍ ജോലിചെയ്യുന്നവര്‍ പറഞ്ഞിട്ടുണ്ടുപോലും. അതുപോലെതന്നെ പ്രിയപ്പെട്ടവരുടെ മരണശേഷം സന്യാസിക്കിളികള്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നതായി അനുഭവസാക്ഷ്യവും ഉണ്ടത്രേ. സന്യാസിക്കിളികളെപ്പറ്റിയുള്ള ദേവിന്‍റെ വിശദീകരണങ്ങള്‍ തന്നെ ചിലപ്പോള്‍ പേടിപ്പിച്ചിരുന്നതായും മറ്റ് ചിലപ്പോള്‍ അത്ഭുതപ്പെടുത്തിയിരുന്നതായും സാവിത്രി ഓര്‍ത്തു.

സാവിത്രി കാപ്പിക്കപ്പുമെടുത്ത് ബാക്ക് യാര്‍ഡിലേക്കിറങ്ങി. സ്വിമ്മിംഗ്പൂളിനരികേയുള്ള കുടയുടെകീഴിലെ കസേരയിലിരുന്നു. അത്ഭുതപ്പെടുത്തിക്കൊണ്ട് കുറെ സന്യാസിക്കിളികള്‍ ചുറ്റും വന്നു നിരന്നു. എന്നിട്ട് തങ്ങളുടേതായ ശബ്ദത്തില്‍ ഉറക്കെ പാടാന്‍ തുടങ്ങി. ഒരു നായകനാല്‍ നയിക്കപ്പെടുന്ന ഓര്‍ക്കസ്ട്ര പോലെ.

എന്താണ് നിങ്ങള്‍ എന്നോടു പറയാന്‍ ശ്രമിക്കുന്നത്, സാവിത്രി തെല്ലുറക്കെത്തന്നെ കിളികളോട് ചോദിച്ചു.

ചോദ്യം കേട്ടു മനസ്സിലായതുപോലെ കിളികള്‍ തങ്ങളുടെ ശബ്ദത്തിന്‍റെ മൂര്‍ച്ച കൂട്ടി.

സാവീ, ഈ വീട് വില്‍ക്കരുത്!

എന്താണ് താനീ കേള്‍ക്കുന്നത്? കാല്‍പ്പാദങ്ങള്‍ക്കടിയില്‍ ഒരു ഇടിവെട്ടിയതുപോലെ സാവിത്രിക്ക് തോന്നി. എന്നിട്ട് ആ ഞെട്ടല്‍ കാലുകളിലെ അസ്ഥികളിലൂടെ മുകളിലേക്ക് കയറി, നട്ടെല്ലിലൂടെ മസ്തിഷ്കല്‍ത്തില്‍ എത്തി. അവിടെ അതൊരു ഊര്‍ജതാണ്ഡവം സൃഷ്ടിച്ചു.. ആ താണ്ഡവത്തില്‍ മൂന്നുകാലങ്ങളും മൂന്നുലോകങ്ങളും ചിന്നിച്ചിതറി.

ഈ കിളികള്‍ തന്നോടു മനുഷ്യഭാഷയില്‍ സംസാരിക്കുന്നോ? അതും ദേവ് തന്നെ വിളിക്കുന്ന സാവീ എന്ന പേരില്‍ ഇവരും എന്നെ വിളിക്കുന്നോ?

സാവിത്രി ഒരു സ്വപ്നത്തിലെന്നപോലെ കിളികളെ നോക്കിയിരുന്നു. കിളികള്‍ കുറെക്കൂടി അടുത്തു വരാന്‍ തുടങ്ങി. സാവീ, ഈ വീട് വിട്ടു പോകരുതു!

ങ്‌ഹേ! വീണ്ടും സാവിത്രി നടുങ്ങി.

ദേവ് പറയാറുള്ളത് വാസ്തവമായിരുന്നോ? ഈ കിളികള്‍ മരണാനാന്തരജീവിതത്തെ പ്രതിനിധാനം ചെയ്യുന്നവരാണോ? സാവിത്രിയ്ക്ക് വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു.

ഒരു ചുവന്ന ആണ്‍കിളി ഒറ്റച്ചാട്ടത്തിന് മടിയില്‍ കയറിയിരുന്നു. എന്നിട്ട് മുഖത്തേക്കുറ്റുനോക്കികൊണ്ട് നീട്ടി ചോദിച്ചു: എന്താ, പറഞ്ഞത് കേട്ടില്ലേ? ഇവിടം വിട്ടു എങ്ങോട്ടും പോകരുത്.

കേട്ടു. നീ ആരാണ്? വാക്കുകള്‍ തിരികെക്കിട്ടിയപ്പോള്‍ മടിയിലിരുന്ന കിളിയെനോക്കി സാവിത്രി തൊണ്ടയിടറി.

നിനക്കെന്നെ അറിയില്ലേ? ഞാന്‍ നിന്റെ ഭാഷ പറയുന്നതുകൊണ്ടായിരിക്കും, കിളി ചിരിക്കുന്നതുപോലെ ഒരു ശബ്ദമുണ്ടാക്കി. ഞങ്ങളുടെ ഈ പ്രിയപ്പെട്ട സ്ഥലവും നിന്നെയും വിട്ടു ഞങ്ങള്‍ എങ്ങും പോകില്ലെന്ന് നിനക്കറിയില്ലേ സാവീ?

കിളി പറഞ്ഞതിന്‍റെ തുടര്‍ച്ചയെന്നോണം ദേവിന്റെ വാക്കുകള്‍ തലച്ചോറില്‍ ഒരു തരംഗമായി പ്രതിധ്വനിച്ചു: കിളികളായാല്‍ ഇങ്ങനെ വേണം, സ്വന്തം മണ്ണിനോട് കൂറുള്ളവരായിരിക്കണം!

പതുക്കെ ബോധം വീണ്ടെടുത്ത് മടിയിലിരുന്ന സന്യാസിക്കിളിയെ സാവിത്രി തടവി. ആ സുഖത്തിലും ശാന്തിയിലും കിളി അവളോടോട്ടിയിരുന്നു. വളരെക്കാലത്തിനുശേഷം ആസ്വദിക്കുന്ന ഒരു ആനന്ദമായി ആ സാമീപ്യം സാവിത്രി ആത്മാവില്‍ ആഘോഷിച്ചു.

ഇല്ല കിളിയേ, ഞാനീ വീട് വില്‍കില്ല. ഇവിടം വിട്ടു പോകില്ല.

മടിയിലിരുന്ന സന്യാസിക്കിളി തലനീട്ടി കവിളത്തൊരുമ്മ തരുന്നതറിഞ്ഞു. അതോ താന്‍ കവിള്‍ കിളിയുടെ അടുത്തേയ്ക്ക് നീട്ടുകയായിരുന്നോ? സവിത്രി പതുക്കെ കണ്ണടച്ചു..


മുരളി ജെ­. നായര്‍
mjnair@aol.com
ഹണ്‍ടിങ്ഡന്‍ താഴ്‌വരയിലെ സന്യാസിക്കിളികള്‍ (കഥ: മുരളി ജെ­. നായര്‍)
Join WhatsApp News
വായനക്കാരൻ 2015-01-18 18:21:44
മനസ്സിൻ മണിച്ചിമിഴിൽ ഒരു പനിനീർ തുള്ളിപോൽ 
വെറുതേ പെയ്തു നിറയും രാത്രിമഴയായ് ഓർമ്മകൾ......

കൺ‌തുറക്കുമീ ദിനവും കൈവിട്ടുപോകുമീ വീടും 
അരികൊരു സന്യാസിക്കിളിതൻ പരിഭവവും 
ഈ വീടുവിട്ടു ഞാൻ ഇനിയെങ്ങിനെ പോവും  
ചാരാത്ത വാതിലിൽ വന്നെത്തിയെന്നോട് നീയെന്നും മിണ്ടുകില്ലെ?......  
(അവലം‌ബം: അരയന്നങ്ങളുടെ വീട്, ഗിരീഷ് പുത്തഞ്ചേരി)
Joseph Nampimadam 2015-01-18 21:37:03
അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതിയ ഒരു നല്ല കഥ. അഭിനന്ദനങ്ങൾ
മുരളി ജെ. നായര്‍ 2015-01-19 06:43:56
വായനക്കാരന്‍ & ജോസഫ്:  നന്ദി, സന്തോഷം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക