Image

ദൈവത്തിന്റെ കൈയ്യൊപ്പ് (കവിത: ഗീതാ രാജന്‍)

Published on 15 January, 2015
ദൈവത്തിന്റെ കൈയ്യൊപ്പ്  (കവിത:  ഗീതാ രാജന്‍)
മരണമോളമെത്തിയെന്ന ഭീതി
നെഞ്ചിന്‍ കൂടിലേക്ക് അരിച്ചിറങ്ങുമ്പോള്‍
ഒരുപൊട്ടു വെളിച്ചമായ് മുന്നില്‍ തെളിയും
രക്ഷയുടെ സ്‌നേഹ ദീപമായീ ....
കാണുന്നു ഞാന്‍ ദൈവത്തെ!

അനാഥത്വത്തിന്റെ വാരികുഴിയിലേക്ക്
തെന്നിവീഴാന്‍ തുടങ്ങുമ്പോള്‍
ഒരു കൈതാങ്ങിന്റെ സൗഹൃദമായ്
അദൃശ്യമായൊരു കരസ്പര്‍ശമായ്
അറിയുന്നു ഞാന്‍ ദൈവത്തെ !

നിസഹയതയോളമെത്തി
നിരാശ വന്നു പൊതിയുമ്പോള്‍
പ്രതീക്ഷയുടെ വാതിലുകള്‍
തുറന്നു തരുന്നൊരു രക്ഷകനായ്
വിശ്വസിക്കുന്നു ഞാന്‍ ദൈവത്തില്‍!

വേദനയുടെ പെരുമഴക്കാലത്തില്‍
തോര്‍ച്ചയുടെ ഇറയത്തിലേക്ക്
ഒതുക്കിപിടിക്കും ആശ്വാസമായ്
ദൈവത്തിന്‍ കൈയ്യൊപ്പ് ചാര്‍ത്തും
കാണാമറയത്തെ പുസ്തകമി ജീവിതം!
ദൈവത്തിന്റെ കൈയ്യൊപ്പ്  (കവിത:  ഗീതാ രാജന്‍)
Join WhatsApp News
വായനക്കാരൻ 2015-01-15 16:26:26
ഉള്ളം കൈയ്യിൽ ഒപ്പിട്ടു തന്ന 
ആയുർ‌രേഖയുടെ അന്ത്യമാവുമ്പോഴാണ് 
വെള്ളെഴുത്തിന്റെ തെളിമയിൽ 
ദൈവത്തിന്റെ കയ്യൊപ്പ് കണ്ട് നാം 
ഒരു സങ്കീർത്തനം പാടുന്നത്. 

ഗീതയുടെ പതിവ് തീഷ്ണതയില്ലാത്ത വ്യത്യസ്ത കവിത.
വിദ്യാധരൻ 2015-01-16 12:19:34
ചുട്ടുപൊള്ളുന്നു ഹൃദയം, നമ്മളെ 
തൊട്ടിടുമ്പോൾ സത്യം. 
നേരിടേണം ഒറ്റക്ക് തന്നെ നാം  എപ്പഴും 
ആരും വരില്ല  മനുഷ്യനും  മതവും
ആരായണം അകമേ  വിളങ്ങുന ദൈവത്തെ 
ക്രൂരമാം ഇരുട്ടിലും 
നേരായി നയിക്കും വെളിച്ചത്തെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക