Image

മാറുന്ന സമൂഹവും മാറാന്‍ മടിക്കുന്ന സാഹിത്യവും - ലേഖനം - പി.റ്റി.പൗലോസ്

പി.റ്റി.പൗലോസ് Published on 15 January, 2015
മാറുന്ന സമൂഹവും മാറാന്‍ മടിക്കുന്ന സാഹിത്യവും - ലേഖനം - പി.റ്റി.പൗലോസ്
തിരുവനന്തുപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഒരു പകല്‍ സമയം ഒരു സാധാരണ വഴിപോക്കന്‍ നടന്നു പോകുകയായിരുന്നു. സാമാന്യം നല്ല തിരക്കുള്ള സമയം. ബ്രിഡ്ജിന്റെ രണ്ടറ്റത്തും നടുക്കും പോലീസുകാര്‍. വഴിപോക്കന്റെ പുറകെ വന്ന മറ്റൊരാള്‍ അയാളെ പുറകില്‍ നിന്നും കത്തികൊണ്ട് കുത്തി. വഴിപോക്കന്‍ പിടഞ്ഞ്, ചലനമറ്റ് മരിച്ചു വീണു. 
വഴിപോക്കന്റെ പോക്കറ്റില്‍ നിന്നും കുത്തിയ ആള്‍ക്ക് കിട്ടിയത് 50 (അന്‍പത്) രൂപമാത്രം. കുത്തിയ ആളും കുത്ത് കൊണ്ട ആളും ഒരു ബന്ധവുമില്ല. പരിചയം പോലുമില്ല. പണം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. കുത്തിയ ആളെ പോലീസ് പിന്നീട് പിടിച്ചിട്ടുണ്ടാകാം. നമ്മുടെ കേരള പോലീസുകാര്‍ പിടിക്കാന്‍ മിടുക്കരും വിടാന്‍ മിടുമിടുക്കരുമാണല്ലൊ ? ചോദ്യമതല്ല, കിട്ടിയ  അമ്പതു രൂപ അവനൊന്നുമാകില്ല. ഒരു അമ്പതു രൂപ കൂടി വേണമെങ്കില്‍ അവന് മറ്റൊരാളെ കൂടി കൊല്ലണ്ടേ ? ജുഡീഷ്യറിയുടെ രക്ഷാകവചം 'തെളിവുകളുടെ അഭാവം' എന്ന പേരില്‍ അവനെപ്പോഴുമുണ്ട്. നമ്മുടെ മാറുന്ന സമൂഹം എത്തിയ ദാരുണമായ അവസ്ഥയുടെ നഗ്നമായ ഒരു ഉദാഹരണം മാത്രമാണിത്.

സ്‌നേഹത്തിന്റെ മഹത്വത്തെക്കുറിച്ച് കവികള്‍ പാടിയ മണ്ണില്‍, സ്‌നേഹത്തിന്റെ നനവുണങ്ങി വിണ്ടുകീറിയ വഴിചാലുകളിലൂടെയുള്ള യാത്രയിലാണ് നാമിന്ന്. ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും, നബിയും, ഉപനിഷത്തുകളും പറഞ്ഞു തന്ന മനുഷ്യസ്‌നേഹത്തെ മറയാക്കി മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന മാറുന്ന സമൂഹം. ഒരു കഥ ഓര്‍ത്തു പോകുന്നു. പണ്ടെവിടെയോ വായിച്ചതാണ്. ഒരു റഷ്യന്‍ കഥയാണെന്നാണ് എന്റെ ഓര്‍മ്മ. അന്നത്തെ ഏതോ ഒരു കഥാകൃത്തിന്റെ സര്‍ഗ്ഗഭാവന. പലരും കേട്ടിട്ടുള്ളതായിരിക്കാം. 

സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു മാതൃകാ കുടുംബം. കുടുംബനാഥന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ചത് ഇടവക പള്ളിയിലെ ആണ്ട് പെരുന്നാളിനേക്കാള്‍ കേമമായി. കുടുംബത്തില്‍ മക്കളും മരുമക്കളും കൊച്ചുമക്കളുമായി അനേകം പേര്‍. എല്ലാവര്‍ക്കും വേണ്ടത് വല്ല്യപ്പച്ചന്റെ സന്തോഷമാണ്. സമയത്തിന് മരുന്ന്, ഭക്ഷണം, കുളിക്കാന്‍ ചൂടുവെള്ളം, കുളി കഴിഞ്ഞാല്‍ തല ഉണങ്ങുന്നതിനും പ്രത്യേക ശ്രദ്ധയും കരുതലും. അപ്പച്ചന്‍ സ്‌നേഹമനുഭവിച്ച് വീര്‍പ്പുമുട്ടുകയാണ്. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ അപ്പച്ചന്‍. ആഘോഷത്തിന്റെ ഭാഗമായി പിറന്നാള്‍ പിറ്റേന്ന് കുടുംബാംഗങ്ങള്‍ എല്ലാവരുമൊത്ത് ഒരു ഉല്ലാസയാത്രയ്ക്ക് പരിപാടി ഇട്ടു. ഉല്ലാസ നൗകയില്‍ കടലിലൂടെ അകലെയുള്ള ഏതോ ഒരു മനോഹര ദ്വീപിലേക്കാണ് യാത്ര. യാത്രയുടെ തുടക്കം ആനന്ദകരമായിരുന്നു. 

കുറെ കഴിഞ്ഞപ്പോള്‍ കടല്‍ ക്ഷോഭിക്കുവാന്‍ തുടങ്ങി. ബോട്ടിന്റെ ലക്ഷ്യം തെറ്റി കടലിലൂടെ അലയാന്‍ തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടു. ഭക്ഷണത്തിന്റെ സ്റ്റോക്ക് തീരുന്നു. ഇന്ധനം തീരുന്നു. യാത്രക്കാര്‍ അവശരാകുന്നു. വിശക്കുമ്പോള്‍ കടല്‍ വെള്ളം കുടിച്ചും കടലിന്റെ തിരയിളക്കത്തില്‍ ബോട്ടിലേക്ക് തെറിച്ചു വീഴുന്ന മത്സ്യങ്ങളെ പച്ചയായി ഭക്ഷിച്ചും വിശപ്പടക്കിക്കൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് കടല്‍ ശാന്തമായിട്ടും ബോട്ട് കടലില്‍ കൂടി അലയുകയാണ്. കുടുംബനാഥനായ അപ്പച്ചന്‍ തീര്‍ത്തും അവശനായി ചാരി ഇരിക്കുന്നു. അവസാനം അപ്പച്ചനും അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മകളും അവളുടെ കുട്ടികളും അവശേഷിക്കുന്നു. മകള്‍ക്ക് വിശപ്പ് സഹിക്കുന്നില്ല. അപ്പച്ചനെ തുറിച്ച കണ്ണുകളോടെ പൈശാചികമായി അവള്‍ നോക്കിത്തുടങ്ങി. അപ്പച്ചന്‍ പേടിച്ചു വിറച്ചു. മകള്‍ വിട്ടില്ല. അപ്പച്ചന്റെ മാംസളമായ ശരീരം കടിച്ചു മുറിച്ച് പച്ചയായി തിന്നു തുടങ്ങി. കുറെ തന്റെ കുഞ്ഞുങ്ങള്‍ക്കും കൊടുത്തു. അപ്പച്ചന്റെ എല്ലിന്‍കൂട് എടുത്ത് കടിലിലേക്ക് എറിഞ്ഞു. വീണ്ടും അവളുടെ മക്കള്‍ക്ക് വിശപ്പ് തുടങ്ങി. മക്കളുടെ പൈശാചിക നോട്ടം അമ്മയിലേക്ക് . അമ്മയ്ക്ക് പേടി ആയി.  അപ്പോഴേക്കും ഏതോ ജനവാസമില്ലാത്ത ഒരു ദ്വീപില്‍ ബോട്ട് ഇടിച്ചു നിന്നു. അമ്മ ബോട്ടില്‍ നിന്നിറങ്ങി പ്രാണരക്ഷാര്‍ത്ഥം ദ്വീപിലെ വനാന്തരങ്ങളിലേക്ക് ഓടുന്നു. മക്കള്‍ ഇരയെത്തേടി പിറകെയും…. കഥ ഇവിടെ അവസാനിക്കുന്നു.

കഥയില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് വിശപ്പിനായിരുന്നെങ്കില്‍ കൂടി നിലനില്‍പിനാണ്. ഇവിടെയും മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് നിലനില്‍പിനു വേണ്ടി - വ്യക്തിപരമായ, രാഷ്ട്രീയമായ, മതപരമായ, സാമൂഹ്യമായ നിലനില്‍പിനുവേണ്ടി.

ഭാരതത്തില്‍ അമ്പത് കോടി ജനങ്ങള്‍ ദരിദ്രരും നിരക്ഷരരും ആണ്. നിരന്തരം അവരെ ചൂഷണം ചെയ്യുന്ന ജനാധിപത്യ ഭരണസംവിധാനമാണ് ഭാരതത്തിലുള്ളത്. ജനങ്ങളിവിടെ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് മനസ്സിലാക്കണം. അതിന് അവര്‍ അവരെത്തന്നെ മനസ്സിലാക്കണം. ഇവിടെയാണ് സാഹിത്യത്തിന്റെയും സാഹിത്യകാരന്മാരുടെയും പ്രസക്തി.

പച്ചമാംസം ഭക്ഷിച്ച് കാട്ടില്‍ കൂടെ അലഞ്ഞു നടന്ന മനുഷ്യന്‍ പരിണമിച്ച് ബഹിരാകാശ പേടകത്തില്‍ അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടെങ്കിലും, ഭയത്തോടെയാണ് അവന്‍ 21-ാം നൂറ്റാണ്ടിന്റെ വാതില്‍പ്പടികളില്‍ ചവിട്ടുന്നത്. അവന്റെ ആശങ്കകളകറ്റാന്‍ സ്വതന്ത്ര ചിന്തയോടെ മനുഷ്യനന്മയ്ക്ക് വേണ്ടി തൂലിക എടുക്കുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മയാണ് ഇവിടെ  ആവശ്യം. അത് ഒരു സാംസ്‌കാരിക വിപ്ലവത്തിന്റെ പടപ്പുറപ്പാടായിരിക്കും.

സമൂഹത്തില്‍ വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിച്ച, നിലവിലുള്ള വ്യവസ്ഥിതിയെ തന്നെ മാറ്റുവാന്‍ കെല്പ്പുള്ള സാഹിത്യ സൃഷ്ടികള്‍ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി ആകെ മാറി. വായനാശീലം നഷ്ടപ്പെട്ടു. സാഹിത്യകാരന്മാര്‍ക്ക് ജാഢയും പേടിയുമായി. അവര്‍ രാഷ്ട്രീയക്കാരുടെയും, മതനേതാക്കളുടെയും, കുഴലൂത്തുകാരാകേണ്ടി വന്നു. നിശബ്ദമായ ഒരു ഭാഷ തന്നെ അവര്‍ സ്വന്തമാക്കി. അപ്പോള്‍ അഭയമാര്‍ ഇവിടെ കിണറുകളില്‍ എറിയപ്പെടും, വേദപാഠക്ലാസിന് പോകുന്ന ശ്രേയമാര്‍ കുളങ്ങളില്‍ പൊങ്ങും, സത്‌നാംസിങ്ങുമാരുടെ പ്രേതങ്ങള്‍ വഴിയോരങ്ങളില്‍ നിത്യക്കാഴ്ചയാകും, വെള്ളാപ്പിള്ളിയുടെയും നാരായണഗുരുവിന്റെയും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ കൊണ്ട് വഴിയോരങ്ങല്‍ നിറയും. ആ നെറികേടിനെ സാംസ്‌കാരിക കേരളം നെഞ്ചിലേറ്റും. മസ്ജിദുകള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ പണിയും. ക്ഷേത്രങ്ങളുടച്ച് മസ്ജിദുകളുയരും. ക്ഷേത്രങ്ങളും മസ്ജിദുകളും ഭക്തരുടെ രക്തത്തില്‍ മുങ്ങും. ആ രക്തത്തില്‍ കൈമുക്കി മൗന ഭാഷാവിദഗ്ദ്ധര്‍ എഴുതും: “ഞങ്ങള്‍ സാംസ്‌കാരിക നായകന്മാര്‍.”

സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള കുറുക്കുവഴി കാണിക്കുന്ന ചൂണ്ടു പലകകള്‍ക്ക് നേരെ നിന്ന് സ്വര്‍ഗ്ഗവും നരകവും, അല്ലെങ്കില്‍ ദൈവവും പിശാചും നിങ്ങളുടെ ഉള്ളിലാണെന്ന് പറയാന്‍ മടിക്കുന്ന നിങ്ങള്‍ക്ക് വേണ്ടി ഞാനെഴുതുന്നു പ്രസിദ്ധമായ ചങ്ങമ്പുഴ വരികള്‍ :

“ കഷ്ടം മതങ്ങളെ 
  നിങ്ങള്‍ തന്‍ ദൈവങ്ങള്‍
  നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ .”

പി.റ്റി.പൗലോസ്


മാറുന്ന സമൂഹവും മാറാന്‍ മടിക്കുന്ന സാഹിത്യവും - ലേഖനം - പി.റ്റി.പൗലോസ്
Join WhatsApp News
A.C.George 2015-01-15 13:37:22

Mr. P.T.Paulose,

I like your timely article and message. I am sorry to say that many of our writers and publishers are little bit timid. Many of them think only about their easy existence and easy going.  They are just by standers looking at the injustice and exploitation committed by politicians and religious fundamentalists. Now here in USA the imported religious fundamentalists and the priests from India are damaging the religious tolerance and the unity of our people. They think they are serving the people. But they are really exploiting and damaging. The writers and literary people have to come out freely and fearlessly. Thank you for your excellent expression.

Indian 2015-01-15 17:06:33
ഒരു ബുദ്ധി ജീവി കളിക്കുന്ന സുരേഷ് ഗോപി പറഞ്ഞതു കണ്ടോ? വിഴിഞ്ഞം തുറമുഖം സഫലമാക്കാന്‍ ഹിന്ദുക്കള്‍ ഇറങ്ങണമെന്നു. ആ ഭാഷ ഇതിനു മുന്‍പ് വെള്ളാപ്പള്ളി മാത്രമെ ഉപയോഗിച്ചിട്ടുള്ളു.
ഒരു കലാകാരന്‍ ഈ നിലയിലേക്കു താണതില്‍ ലജ്ജിക്കുന്നു. മറ്റു സംസ്ഥനങ്ങള്‍ പോലെയല്ല കേരളം. ന്യുനപക്ഷം അത്ര ന്യൂന പക്ഷമല്ല അവിടെ. എന്നല്ല, മുസ്ലിമും ക്രിസ്ത്യാനിയും എന്തു ദ്രോഹമാണു സുരേഷ് ഗോപിയോടു ചെയതത്? അതോ ഇന്ത്യാക്കാര്‍ക്ക് സ്വന്തം കാര്യം തീരുമാനിക്കാള്ള സ്വാതന്ത്ര്യമൊന്നും വേണ്ടെ?
Aniyankunju 2015-01-15 20:58:05
......വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനംചെയ്ത് സുരേഷ്ഗോപി നടത്തിയ പ്രസ്താവന വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ക്കും പുരോഗമന കാഴ്ചപ്പാടിനും തുരങ്കംവയ്ക്കുന്ന പ്രസ്താവനകളാണ് അദ്ദേഹം നിരന്തരം നടത്തുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന നാള്‍മുതല്‍ മോഡി സ്തുതി നടത്തി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാണ് സുരേഷ്ഗോപി ശ്രമിക്കുന്നത്.സുരേഷ്ഗോപിയുടെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.
Moncy kodumon 2015-01-15 21:16:26
Totally I agreed with A.C George .
വിദ്യാധരൻ 2015-01-16 08:23:44
സത്യം തുറന്നു പറയുന്നു നിങ്ങൾ!
ഹത്യയിൽ ചെന്നവസാനിക്കുമതു. 
ബുദ്ധനും യേശുവും ലിങ്കനും ഗാന്ധിയും 
ബുദ്ധിമാനായ മാർട്ടിൻ ലൂതറും 
സത്യത്തിനായി ജീവനെ ഹോമിച്ചത് നീ 
ഇത്രയും വേഗം  മറന്നുവോ സ്നേഹിതാ?
മാറ്റണം ദയവായി 'തലക്കെട്ട്' നിങ്ങൾ
മാറ്റുക 'നാറുന്ന സാഹിത്യമെന്നും .
നാറ്റമടിക്കും സമൂഹമെന്നും'
നേരും നെറിവും ഇല്ലാതെ നിത്യവും 
പേരും പ്രശസ്തിയും തേടി അലയുന്ന 
നാറുന്ന, പൊങ്ങച്ച സാഹിത്യകീടങ്ങൾ 
കേറി കുത്തി പുളഞ്ഞു മറിയുന്നു 
നീറിപുകയുന്നു സാഹിത്യമണ്ഡലം 
സ്വന്ത പേരിനെ പൊക്കിപിടിക്കുവാൻ 
ഹന്ത! കഷ്ടം! വിടുവേല ചെയ്യുന്നു ചിലർ 
സത്യങ്ങൾ മുന്നിൽ പിടഞ്ഞു മരിക്കുമ്പോൾ 
വൃത്തികെട്ടോരിവർ മുഖം തിരിക്കുന്നു 
കാണാത്ത ഭാവത്തിൽ നിന്ന് കറങ്ങുന്നു 
നാണംമില്ലാതെ പിന്നെ നുണകൾ എഴുതുന്നു 
ഇല്ലില്ല സ്നേഹിതാ ഇത്തരം സാഹിത്യം 
തെല്ലൊരു മാറ്റവും വരുത്തില്ല തീർച്ച .
കള്ളത്തരവും ചതിയും പിന്നെ 
ഉള്ളിൽ തള്ളിക്കയറുന്ന പ്രൗഡിയും 
നാറ്റിക്കും നമ്മുടെ മൂല്യങ്ങൾ ഒക്കെയും 
നാറ്റിച്ചു നാടിനെ മുടിച്ച് തേച്ചിടും 
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 
കാര്യമായെഴുതുക നല്ല ലേഖനമിതുപോൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക