Image

ബേത്‌ലഹേമിലേക്ക്‌ ഒരു തീര്‍ത്ഥാടനം (റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ )

Published on 17 December, 2014
ബേത്‌ലഹേമിലേക്ക്‌ ഒരു തീര്‍ത്ഥാടനം (റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ )
ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രനെ തേടി പൗരസ്‌ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ നല്‌കുന്ന ഉള്‍ക്കാഴ്‌ചകള്‍ വിലപ്പെട്ടതാണ്‌. ആംഗലയ കവിയായ ഏലിയട്ടിന്റെ ഭാവനയില്‍ ദിവ്യനക്ഷത്രത്തിന്റെ ശോഭ കണ്ട്‌ ബേത്‌ലഹേമിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചവര്‍ മൂന്നുപേര്‍ ആയിരുന്നില്ല; മറിച്ച്‌ സാമാന്യം ഭേദപ്പട്ട വലിയ ഒരു കൂട്ടമായിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന യാത്രയുടെ ക്ലേശങ്ങളും ദുരിതങ്ങളും അന്വേഷകരെ വല്ലാതെ തളര്‍ത്തി. അന്വേഷണം ഓരോ ദിവസവും പിന്നിട്ടപ്പോഴും യാത്രികരുടെ കൊഴിഞ്ഞുപോക്ക്‌ വലുതായിരുന്നു. പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും അതിജീവിച്ച്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിവര്‍ മൂന്നുപേര്‍ മാത്രം.

വലിയ ആവേശത്തോടെയും അഭിനിവേശത്തോടെയും ആരംഭംകുറിക്കുന്ന പല സംരംഭങ്ങളും ലക്ഷ്യത്തിലെത്താതെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്നത്‌ നമ്മിലെ ഉദ്ദേശശുദ്ധിയ്‌ക്കും, അര്‍പ്പണ മനോഭാവത്തിനും ത്യാഗസന്നദ്ധതയ്‌ക്കും അപജയം സംഭവിക്കുന്നതുകൊണ്ടാണ്‌. ഇത്തരത്തിലുള്ള അപജയങ്ങള്‍ ആത്മീയ ജീവിതത്തിലും വലിയ തകര്‍ച്ചകളിലേക്കും ഇടര്‍ച്ചകളിലേക്കും മനുഷ്യനെ എത്തിക്കും. വലിയ പ്രതീക്ഷയോടും, ആഗ്രഹത്തോടും കൂടി ആരംഭം കുറിക്കുന്ന വ്യത്യസ്‌തങ്ങളായ ജീവിതാവസ്ഥകള്‍ ഇടര്‍ച്ചകളിലേക്കും തകര്‍ച്ചകളിലേക്കും വഴുതി വീഴുന്നെങ്കില്‍, ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങള്‍ നല്‍കുന്ന സഹനങ്ങളേയും വേദനകളേയും, ഏറ്റെടുക്കാനോ ഉള്‍ക്കൊള്ളാനോ ശ്രമിക്കാതെ സുരക്ഷിതപാതകള്‍ തേടി പോകാനുള്ള ആഗ്രഹം നമ്മില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന്‌ തിരിച്ചറിയണം.

ദൈവാന്വേഷണത്തിന്റെ യാത്രയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളുടേയും വേദനകളുടേയും അനുഭവങ്ങളില്‍ നിന്ന്‌ വഴുതിമാറി, ആത്മീയ വെളിച്ചം നല്‍കുന്ന നക്ഷത്രത്തിന്റെ ശോഭയെ മറച്ചുവെച്ച്‌, ലൗകീകതയുടെ മോഹഭംഗങ്ങളില്‍ മതിമറക്കുന്നവര്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരും, ദിവ്യനക്ഷത്രം തെളിച്ച സത്യപാതയില്‍ നിന്നും വ്യതിചലിച്ച്‌ ഹെറോദേശിന്റെ കൊട്ടാരത്തിലെത്തിയ ജ്ഞാനികളുടെ സഹയാത്രികരാണ്‌ ഇക്കൂട്ടര്‍. ദൈവത്തെ തേടിയുള്ള ജീവിതയാത്രയില്‍ വഴിതെറ്റിക്കുന്ന `ഹെറോദോസിന്റെ കൊട്ടാരങ്ങള്‍' നമുക്കു ചുറ്റും പ്രബലമാണ്‌. ലൗകീക ജീവിതത്തിന്റെ സുഖഭോഗങ്ങളിലും സന്തോഷങ്ങളിലും ജീവിതം അടിയറവെച്ച്‌ ദൈവാന്വേഷണത്തിന്‌ അന്ത്യം കുറിക്കുന്നവര്‍ ഏറെയാണ്‌. അങ്ങനെയുള്ളവര്‍ ആത്മീയ വെളിച്ചത്തിന്റെ ഉറവിടമായ വിശ്വാസത്തിന്റെ കണ്ണുകള്‍ക്ക്‌ തിമിരം ബാധിച്ചവരും ആത്മീയമായ അന്ധതയില്‍ ജീവിക്കുന്നവരുമാണ്‌. ഭൗതീക ജീവിതത്തേയും സുഖസന്തോഷങ്ങളേയും കുറിച്ചുള്ള അമിതമായ താത്‌പര്യങ്ങള്‍ ദൈവത്തില്‍ നിന്ന്‌ അകറ്റുന്നതോടൊപ്പം അരാജകത്വത്തിലേക്കും കൊടും ക്രൂരതകളിലേക്കും മനുഷ്യനെ എത്തിക്കുമെന്ന്‌ ഹെറോദേസിന്റെ കൊട്ടാരവും ചുറ്റുവട്ടങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ശരീരത്തിന്റെ പ്രവണതകളേയും അഭിനിവേശങ്ങളേയും തൃപ്‌തിപ്പെടുത്തുന്ന ലൗകീക ജീവിതത്തിന്റെ അധിനിവേശത്തില്‍ നിന്ന്‌ മുക്തിനേടുന്നവര്‍ക്ക്‌ മാത്രമേ ആത്മീയവിജയമുള്ളൂ. ഹെറോദേസിന്റെ കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി, അന്വേഷണം തുടരാന്‍ ധൈര്യം കാണിക്കുന്നവര്‍ക്ക്‌ നക്ഷത്രം വീണ്ടും വഴികാട്ടിയായി പ്രത്യക്ഷപ്പെടും. ബേത്‌ലേഹേമിലെ പുല്‍ക്കൂടിനു മുന്നില്‍ അടയാളമായി അത്‌ നിലയുറപ്പിക്കും, മറിയത്തോടുകൂടി ദിവ്യപൈതലിനെ കണ്ടെത്തുന്നതിനു സഹായിക്കും.

ദൈവത്തെ തേടിയുള്ള യാത്രയില്‍ വിശ്വാസമാകുന്ന ദിവ്യനക്ഷത്രത്തിന്റെ പ്രകാശം നമ്മെ ആത്മീയ ജീവിതത്തിന്റെ ലക്ഷ്യസ്ഥാനമായ ബേത്‌ലഹേമില്‍ എത്തിക്കണം. ബേത്‌ലഹേം എന്നാല്‍ അപ്പത്തിന്റെ നാട്‌ എന്നാണ്‌ അര്‍ത്ഥം. മനുഷ്യകുലത്തിന്‌ ജീവന്റെ അപ്പമായി മാറാന്‍ വന്ന ദൈവപുത്രന്‍ ജനിച്ചത്‌ അപ്പത്തിന്റെ നാടായ ബേത്‌ലഹേമിലാണ്‌. സര്‍വ്വത്തിന്റേയും ഉടയവന്‍ ചെറുതായി ശിശുവിന്റെ രൂപം സ്വീകരിച്ചതിന്റെ ഓര്‍മ്മയാണ്‌ ബേത്‌ലഹേം നല്‍കുന്നത്‌. ഈ ചെറുതാകലിന്റേയും ശൂന്യവത്‌കരണത്തിന്റേയും അനുഭവമാണ്‌ ഓരോ വിശുദ്ധകുര്‍ബാനയര്‍പ്പണവും. അപ്പത്തിന്റെ രൂപത്തിലേക്ക്‌ ചുരുങ്ങുന്ന ദൈവത്തെ കാണാന്‍ വിശ്വാസത്തിന്റെ കണ്ണുകള്‍ക്ക്‌ വലിപ്പവും തിളക്കവും വേണം.

`ജ്ഞാനികള്‍ ബേത്‌ലഹേമില്‍ മറിയത്തോടുകൂടി ശിശുവിനെ കണ്ടു' (ലൂക്ക 2,11) എന്ന്‌ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവാന്വേഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിലേക്ക്‌ ഈ തിരുവചനം നമ്മെ എത്തിക്കുന്നു. മറിയം സഭയുടെ പ്രതീകമായിട്ടാണ്‌ ഇവിടെ നിലകൊള്ളുന്നത്‌. ദൈവപുത്രനെ ഉദരത്തില്‍ വഹിച്ച ആദ്യത്തെ സക്രാരിയായ പരിശുദ്ധ മറിയത്തപ്പോലെ, ഈ ലോകത്തില്‍ ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുന്ന സാക്ഷ്യപേടകമാണ്‌ (പുറപ്പാട്‌ 25, 10-30) സഭ. മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍ സഭയാകുന്ന ബേത്‌ലേഹോമില്‍ ഓരോ ദിവസവും അപ്പമായി ജനിക്കുന്നു. ചുരുക്കത്തില്‍, ദൈവത്തെ തേടിയുള്ള അന്വേഷണം സഭയാകുന്ന ബേത്‌ലഹേമിലേക്ക്‌- വിശുദ്ധ കുര്‍ബാനയിലേക്ക്‌- നമ്മെ എത്തിക്കുന്നു. ജീവന്റെ അപ്പത്തെ തിരിച്ചറിയാനും, ക്രൈസ്‌തവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും സഭയിലെ എല്ലാ ശുശ്രൂഷകളും സഹായകമാകണം. കാരണം, വിശുദ്ധ കുര്‍ബാനയാകുന്ന മഹാ രഹസ്യത്തിനു മേലാണ്‌ സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്‌. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അജ്ഞത ക്രിസ്‌തുവിനെ കുറിച്ചും അവിടുത്തെ തുടര്‍ച്ചയായ സഭയെക്കുറിച്ചുമുള്ള അജ്ഞതയാണ്‌. ഈ അജ്ഞത വിശുദ്ധ കുര്‍ബാനയില്‍ നിന്നുള്ള തുടര്‍ച്ചയിലേക്കും സഭയില്‍ നിന്നുള്ള അകല്‍ച്ചയിലേക്കും ഒരുവനെ എത്തിക്കും.

സഭയില്‍ നിന്ന്‌, വിശുദ്ധ കുര്‍ബാനയില്‍ നിന്ന്‌ നമ്മെ അകറ്റുന്ന, വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നാം അകലം പാലിക്കണം. കാരണം സഭയില്‍ നിന്ന്‌ നമ്മെ വ്യതിചലിപ്പിക്കാനായി മാര്‍ഗ്ഗഭ്രംശം സംഭവിച്ച വ്യക്തികളുടെ രൂപത്തില്‍ തിന്മയുടെ ശക്തി നമുക്ക്‌ ചുറ്റും എപ്പോവും പ്രവര്‍ത്തനനിരതമാണ്‌. ദൈവാന്വേഷണത്തിന്റെ സത്യപാതയില്‍ നിന്നും നമ്മെ വഴിതെറ്റിക്കുന്ന കപടവ്യക്തിത്വങ്ങളും തെറ്റിദ്ധാരണ പുലര്‍ത്തുന്ന ദുഷ്‌പ്രചാരണങ്ങളും നമുക്കു ചുറ്റും ഉയരുമ്പോഴും, സഭയെക്കുറിച്ചും സഭാ ശുശ്രൂഷകരെക്കുറിച്ചും നിഷേധാത്മകമായ ചിന്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുമ്പോഴും നാം സത്യത്തിന്റെ വഴിയില്‍ നിന്നും ഇടറി വീഴാന്‍ സാധ്യതയുണ്ട്‌. ഇവിടെ നാം കരുതലുള്ളവരും ജാഗരൂകരുമായിരിക്കണം.

ദൈവപുത്രനെ അമ്മയോടൊപ്പം കണ്ട്‌, ആരാധിച്ച്‌ തിരുമുല്‍ക്കാഴ്‌ചകളും ജീവിതവും അവിടുത്തേക്ക്‌ സമര്‍പ്പിച്ച്‌, ജ്ഞാനികള്‍ തിരിച്ചുപോയത്‌ മറ്റൊരു വഴിക്കാണ്‌. ദൈവത്തെ കണ്ടെത്തുന്നവര്‍ക്ക്‌ പാപത്തിന്റെ പഴയ വഴികളൂടെ വീണ്ടും സഞ്ചരിക്കാന്‍ കഴിയില്ല. ദൈവ- മനുഷ്യബന്ധങ്ങള്‍ക്ക്‌ ഊഷ്‌മളതയും ധന്യതയും പകരുന്ന നവജീവിതശൈലിയുടെ പുത്തന്‍പാതയിലൂടെ മാത്രമേ അവര്‍ക്ക്‌ മുന്നേറാന്‍ കഴിയൂ. തിരുപ്പിറവിക്കായ്‌ ഒരുങ്ങുന്ന ഈ പുണ്യദിനങ്ങളില്‍ ജ്ഞാനികളുടെ മഹനീയ മാതൃക ദൈവത്തെ തേടിയുള്ള നമ്മുടെ ആത്മീയ യാത്രയ്‌ക്ക്‌ പുതു ചൈതന്യവും ശക്തിയും പകരട്ടെ.

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌
ചാന്‍സിലര്‍, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത, ഷിക്കാഗോ
ബേത്‌ലഹേമിലേക്ക്‌ ഒരു തീര്‍ത്ഥാടനം (റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക