Image

കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍: പ്രതികള്‍ 22ന് കീഴടങ്ങണം

Published on 19 December, 2014
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍: പ്രതികള്‍ 22ന് കീഴടങ്ങണം

ആലപ്പുഴ:  മുഹമ്മ കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തീയിട്ട് പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികളായ അഞ്ച്  സി.പി.എം  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് ഈ മാസം 22ന് കീഴടങ്ങാന്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചു.  വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ്.ബി.ചന്ദ്രന്‍, സി.പി.എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ അംഗവുമായ പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, സി.പി.എം പ്രവര്‍ത്തകനായ പ്രമോദ് എന്നിവരോടാണ് തൃശൂരിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം അന്നു തന്നെ കോടതിയില്‍ ഹാജരാക്കണം. 

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുവെയാണ് കോടതി,? കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. 

കീഴടങ്ങാന്‍ സമയം അനുവദിച്ച സാഹചര്യത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമിക്കില്ല. നവംബര്‍ 27നാണ് ഇവരെ പ്രതികളാക്കി െ്രെകംബ്രാഞ്ച് എസ്.പി ആര്‍.കെ.ജയരാജ് ആലപ്പുഴ ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് മുഹമ്മ കണ്ണര്‍കാട്ടുള്ള പി.കൃഷ്ണപിള്ള സ്മാരകം തീയിടുകയും പ്രതിമയ്ക്ക് കേട് വരുത്തുകയും ചെയ്തത്. ഒളിവില്‍ താമസിക്കവേ നാല്‍പത്തിരണ്ടാമത്തെ വയസില്‍ പി.കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച കണ്ണര്‍കാടുള്ള വീടാണ് സ്മാരകമായി സംരക്ഷിച്ചു പോരുന്നത്. ഓലമേഞ്ഞ വീടിന്റെ പിന്‍ഭാഗമാണ് കത്തിച്ചത്. വീടിന് മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന കൃഷ്ണപിള്ളയുടെ പ്രതിമയുടെ കണ്ണിന്റെ ഭാഗം തകര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക