Image

10 ബാറുകള്‍ക്ക് അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി

Published on 19 December, 2014
10 ബാറുകള്‍ക്ക് അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറി ജനുവരി അഞ്ചിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നേരത്തെ, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചിരുന്നില്ല. 

ഈ മാസം 17നകം ഒമ്പത് ത്രീ സ്റ്റാര്‍ ബാറുകളും ഒരു ഫോര്‍ സ്റ്റാര്‍ ബാറും ഉള്‍പ്പെടെ പത്തു ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാനാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. കോടതി നിര്‍ദ്ദേശിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് നികുതി സെക്രട്ടറിയും എക്‌സൈസ് കമ്മിഷണറും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി.  കേസ് പരിഗണിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ എക്‌സൈസിന് തനിച്ച് തീരുമാനം എടുക്കാനാവില്ല. മന്ത്രിസഭയുടെ അനുമതി കൂടി വേണമെന്ന് എ.ജി വ്യക്തമാക്കി. എന്നാല്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും തങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച്  ബാറുടമകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക