Image

മദ്യനയം അട്ടിമറിക്കപ്പെട്ടു -വി.എം സുധീരന്‍

Published on 19 December, 2014
മദ്യനയം അട്ടിമറിക്കപ്പെട്ടു -വി.എം സുധീരന്‍

തിരുവനന്തപുരം: യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ആഗസ്റ്റ് 21 ലെ യു.ഡി.എഫ് യോഗത്തില്‍ ഈ നയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോള്‍ത്തന്നെ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ അതിനെ സമ്പൂര്‍ണമായി അഭിമാനപൂര്‍വം സ്വീകരിക്കുകയാണ് ചെയ്തത്. ഈ നയം നടപ്പിലാക്കുന്നതിന് മന്ത്രിസഭ ഉല്‍സാഹപൂര്‍വ്വം നടപടികള്‍ സ്വീകരിച്ചു വരവേ, അതിന് ഉത്തേജനം നല്‍കുവാനും ജനപിന്തുണ വിപുലമാക്കുന്നതിനും വേണ്ടിയാണ് ലഹരിവിമുക്ത കേരളം, എന്നതുള്‍പ്പെടെയുള്ള ആശയങ്ങളുമായി ജനപക്ഷയാത്ര തുടങ്ങിയത്. ജനപക്ഷയാത്രയില്‍ ഉടനീളം ആവേശകരമായ ജനപങ്കാളിത്തവും, ജനപിന്തുണയുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ നശിപ്പിക്കുന്നതില്‍ ജനങ്ങളാകെ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഈ നയം നടപ്പിലാക്കി തുടങ്ങിയതും, ജനപക്ഷയാത്ര വിജയകരമായി മുന്നോട്ടുനീങ്ങിയതും. അതുകൊണ്ടുതന്നെ ജനങ്ങളില്‍ പുതിയൊരു പ്രത്യാശയും, പ്രതീക്ഷയും വളര്‍ന്നു വന്നു. ഈ ഘട്ടത്തിലാണ് പ്രഖ്യാപിത നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിക്കുന്നത്. ഇതു ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ജനതാല്‍പര്യത്തിന് മേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചല്‍േപ്പിക്കപ്പെട്ടു. അതുകൊണ്ട് ഈ നയം മാറ്റത്തോട് ശക്തിയായി വിയോജിക്കുന്നു. രണ്ടു വകുപ്പ് സെക്രട്ടറിമാര്‍ രണ്ടു ദിവസം കൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയ്യറാക്കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നതെന്നത് വിസ്മയകരമാണ്.

418 ബാറുകള്‍ അടച്ചതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും ഇത് വിലയിരുത്തുന്നതിന് അനുയോജ്യരും പൊതുസ്വീകാര്യതയുമുള്ള വിദഗ്ധന്മാരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്തിട്ടുള്ള റിപ്പോര്‍ട്ടിന് എന്ത് വിശ്വാസ്യതയാണുള്ളതെന്ന് സുധീരന്‍ ചോദിച്ചു.

വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പന ഗണ്യമായി കുറഞ്ഞതും ഗാര്‍ഹിക പീഡനങ്ങളിലും വാഹനാപകടങ്ങളില്‍ പ്രത്യകേിച്ച് ഇരുചക്രവാഹനാപകടങ്ങളില്‍ ഉണ്ടായിട്ടുള്ള വലിയതോതിലുള്ള കുറവും, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബജീവിതത്തില്‍ സമാധാന അന്തരീക്ഷവും സാമ്പത്തിക ഭദ്രതയും കൈവന്നതും മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളുടെ കുറവും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നാക്കം പോയത് നിര്‍ഭാഗ്യകരമാണ്.

മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടത് തികച്ചും ന്യായമാണ്. കെ.പി.സി.സി.യും ഈ ആവശ്യത്തെ നേരത്തെ തന്നെ പിന്തുണച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ഇതിന് പോംവഴികള്‍ കണ്ടത്തൊനും കഴിയും. ഇത്തരം കാര്യങ്ങള്‍ ആലോചിക്കാതെ അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള വ്യഗ്രതയാണ് ഇപ്പോള്‍ കാണുന്നത്. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്നു വച്ചാല്‍ മാത്രമേ വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് വരികയുള്ളൂ എന്നൊക്കെ പറയുന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല.

മദ്യത്തിന്റെ ലഭ്യത, ഉപയോഗം, മദ്യാസക്തി ഇതൊക്കെ കുറച്ചുകൊണ്ടുവരിക എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുന്നതിന് ഇടവരുത്തുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമായ സമ്പൂര്‍ണ മദ്യനിരോധം എന്ന ലക്ഷ്യം നേടിയെടുക്കാനായി ശക്തമായ പ്രവര്‍ത്തനങ്ങളുമായി കെ.പി.സി.സി. മുന്നോട്ടുപോകുമെന്നും സുധീരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക