Image

അസ്തമയം വരെ, ഒരാള്‍ പൊക്കം പുരസ്‌കാരങ്ങള്‍ നേടി; കാഴ്ചയുടെ പൂരത്തിന് തിരശ്ശീല (ആശാ എസ്. പണിക്കര്‍)

ആശാ എസ്. പണിക്കര്‍ Published on 19 December, 2014
അസ്തമയം വരെ, ഒരാള്‍ പൊക്കം പുരസ്‌കാരങ്ങള്‍ നേടി; കാഴ്ചയുടെ പൂരത്തിന് തിരശ്ശീല (ആശാ എസ്. പണിക്കര്‍)
തിരുവനന്തപുരം പത്തൊന്‍പതാമത് രാജ്യാന്തര ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അര്‍ജന്റീനന്‍ സിനിമ റെഫ്യൂജിയോഡയ്ക്ക്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ഹുസൈന്‍ ഷാബാബി (ദ ബ്രൈറ്റ് ഡേ) സ്വന്തമാക്കി.
മികച്ച ചിത്രത്തിനുള്ള പ്രേഷകരുടെ അവാര്‍ഡ് സജിന്‍ ബാബുവിന്റെ അസ്തമയം വരെ എന്ന ചിത്രത്തിന്.

മല്‍സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം മൊറോക്കന്‍ ചിത്രം ദേ ആര്‍ ദ ഡോഗ്‌സിനാണ്.
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റാപാക് പുരസ്‌കാരവും ഹിപ്രസ്‌കി പുരസ്‌കാരവും സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍ പൊക്കം നേടി.
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റാപാക് പുരസ്‌കാരം ജാപ്പനീസ് ചിത്രം സമ്മര്‍ ഇന്‍ ക്യോട്ടോയ്ക്കാണ്.


കാഴ്ചയുടെ പൂരത്തിന് തിരശ്ശീല
തിരുവനന്തപുരം: ലോകസിനിമയുടെ വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച് 19 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല.
പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരത്തിലധികം സിനിമാ പ്രേമികള്‍ മേളയെ സജീവമാക്കി. 140 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ വിരുന്നൊരുക്കിയത്. ലോകസിനിമാവിഭാഗത്തില്‍ 37 രാജ്യങ്ങളില്‍ നിന്നായി 61 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 12 എണ്ണം വനിതാ സംവിധായകരുടേതായിരുന്നുവെന്നത് ശ്രദ്ധേയമായി. ഇത്തവണ നാല് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍. ഇറാന്‍, ബംഗ്ലാദേശ്, മെക്‌സിക്കോ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ ചിത്രങ്ങള്‍വീതം പ്രദര്‍ശനത്തിനെത്തി. ഭാഷയിലും അവതരണത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി ഏഴ് ചിത്രങ്ങളാണ് മലയാളത്തിന്റെ സൗന്ദര്യം വിളിച്ചോതി മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ എത്തിയത്. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മേളയിലൂടെ ഏഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും ചെയ്തു.
സിനിമകള്‍ തീര്‍ത്ത ആരവങ്ങള്‍ക്കപ്പുറം മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളും മുഖാമുഖവും കാണികള്‍ക്ക് വ്യത്യസ്ത ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചത്. മേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ് പരിപാടിയും അരവിന്ദന്‍ അനുസ്മരണ പ്രഭാഷണവും പ്രേക്ഷകര്‍ക്ക് സിനിമയുടെ അനന്തമായ അറിവുകള്‍ സമ്മാനിച്ചു. രണ്‍ു വര്‍ഷത്തിനുശേഷം മേളയില്‍ തിരിച്ചെത്തിയ ഓപ്പണ്‍ ഫോറം സിനിമാ പ്രവര്‍ത്തകരുംപ്രേക്ഷകനും തമ്മിലുള്ള ഗൗരവമായ ചലച്ചിത്ര ചിന്തകള്‍ക്ക് വേദിയായി. മനുഷ്യജീവിതത്തിന്റെ സ്വപ്നങ്ങളും ഒറ്റപ്പെടലും പ്രണയുവം പ്രതികാരവും സമ്മേളിച്ച യുവസംവിധായകരുടെ ചിത്രങ്ങള്‍ കാണികള്‍ നെഞ്ചേറ്റി സ്വീകരിക്കുന്ന കാഴ്ചയ്ക്കും ഈ മേള സാക്ഷിയായി.

സിനിമയെ വികാരവിനിമയത്തിനുള്ള മാധ്യമമാക്കിമാറ്റിയ ഒരുകൂട്ടം വനിതാസംവിധായകരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. തന്റെരാഷ്ട്രീയിലപാട് പ്രഖ്യാപിക്കാനുള്ള മാധ്യമമായി സിനിമയെ കണ്‍ തലാഹദീദിന്റെ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' ഇറാനിയന്‍ സംവിധായികയും എഴുത്തികുരിയായ നര്‍ഗീസ് അബിയാറിന്റെ ട്രാക് 143 എന്നീ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. പ്രായഭേദമെന്യേ പതിനായിരത്തിലധികം പ്രതിനിധികള്‍ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ 11 തിയേറ്ററുകളില്‍ ആര്‍ത്തലച്ചെത്തിയപ്പോള്‍ അനന്തപുരിയുടെ ഓരോ ശ്വാസനിശ്വാസത്തിനും നല്ല സിനിമയുടെ ഗന്ധമായിരുന്നു.

ഡിസംബറിന്റെ ചൂടും തണുപ്പും വകവെക്കാതെ വ്യത്യസ്ത കാഴ്ചപ്പാടുകളുമായി പല നാട്ടില്‍ നിന്നെത്തിയ കാണികള്‍ ഒരാഴ്ചയ്ക്കിപ്പുറം തിയേറ്ററിന്റെ പടികളിറങ്ങുമ്പോള്‍ ഓരോ പ്രേക്ഷകനും നിസംശയം പറയുന്നു മികച്ച സിനിമകള്‍കൊണ്‍് സമ്പന്നമായിരുന്നു 19 ാമത് രാജ്യാന്തര ചലച്ചിത്രമേള.

                    മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് മേളയുടെ ആദരം


തിരുവനന്തപുരം: പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മണ്‍മറഞ്ഞു പോയ മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരം. പി.രാംദാസ്, അശോക് കുമാര്‍, ജെ.ശശികുമാര്‍, ബാലുമഹേന്ദ്ര എന്നിവരെയാണ് ആദരിച്ചത്.  ഹൈസെന്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരണച്ചടങ്ങ്  ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഛായാഗ്രഹണ ശൈലിയിലൂടെ  ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചയാളാണ് ബാലുമഹേന്ദ്രയെന്ന് ഛായാഗ്രാഹകന്‍ കെ.രാമചന്ദ്രബാബു പറഞ്ഞു. നിര്‍മ്മാതാക്കളുടെ പ്രിയങ്കരനായ സംവിധായകനായിരുന്നു ശശികുമാറെന്ന് അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു പറഞ്ഞു. നവറിയലിസവുമായി കടന്നു വന്ന അപൂര്‍വ്വ പ്രതിഭയായ പി.രാംദാസിനെയും അനുസ്മരിച്ചു. മലയാള സിനിമയുടെ സ്വത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രതിഭയായിരുന്നു അശോക് കുമാറെന്ന് നിരൂപകന്‍ സണ്ണിജോസഫ് പറഞ്ഞു.  തിലകന്‍, കുഞ്ചാക്കോ, വി. ദക്ഷിണാ മൂര്‍ത്തി എന്നിവരെക്കുറിച്ചുള്ള  ജീവചരിത്രപുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

                സാംസ്‌കാരിക വിപ്ലവം യൗവ്വനകാലത്ത്
              സിനിമയില്‍ നിന്ന് അകറ്റി:  ഷീഫെ



തിരുവനന്തപുരം: ചൈനയിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തിന്റെ ഫലമായി യൗവ്വനകാലത്ത് സിനിമാ ലോകവുമായി അകന്നു നില്‍ക്കേണ്‍ി വന്നിരുന്നുവെന്ന് ചലച്ചിത്രമേളയിലെ ജൂറി ചെയര്‍മാനും ചൈനീസ് സംവിധായകനുമായ ഷിഫെ പറഞ്ഞു. കൈരളിയില്‍ ചലച്ചിത്ര നിരൂപക ബര്‍നീസ് റെയ്‌നാഡുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക വിപ്ലവഘട്ടത്തില്‍ താനടക്കമുള്ളവര്‍ അതിവിദൂര ഗ്രാമ പ്രദേശങ്ങളില്‍ അഭയം പ്രാപിച്ചു. ഗ്രാമാന്തരീക്ഷത്തില്‍ നിന്നുലഭിച്ച ജീവിതാനുഭവങ്ങള്‍ തുടര്‍ന്നുള്ള സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ചു. 1980- കള്‍ ചൈനീസ് സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുകയും യാഥാര്‍ഥ്യത്തിനു നേരെ കണ്ണുതുറക്കുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ ചൈനീസ് ക്ലാസ്സിക്കല്‍ റിയലിസവും പാശ്ചാത്ത്യശൈലിയും സിനിമയില്‍ പരീക്ഷിച്ചു.
ചൈനീസ് സര്‍ക്കാരിന്റെ കര്‍ശനമായ സെന്‍സര്‍ നിയമങ്ങള്‍ യുവസിനിമാ പ്രവര്‍ത്തകരെ കലാമൂല്യമുള്ള ചിത്രങ്ങളെയുപേക്ഷിച്ച് കച്ചവട സിനിമയിലേക്ക് ചുവടു വയ്ക്കാന്‍ പ്രേരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സിനിമാ നിര്‍മ്മാണത്തിന്റെ ചിലവ് കുറഞ്ഞപ്പോഴും പരമാവധി പ്രയോജനപ്പെടുത്താന്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                  നാലാം വട്ടവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനത്തിലും

തിരുവനന്തപുരം: ദൃശ്യവിരുന്നൊരുക്കിയ 19 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍ എട്ട് മത്സര ചിത്രങ്ങളാണ് നാലാംവട്ട പ്രദര്‍ശനത്തിനെത്തിയത്. സഹീര്‍, ഒബ്ലീവന്‍ സീസണ്‍, ദി ബ്രൈറ്റ് ഡേ, റെഫ്യൂജിയാഡോ തുടങ്ങിയ ചിത്രങ്ങള്‍ നാലാംവട്ട പ്രദര്‍ശനത്തിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

ലോകസിനിമാവിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഫ്രഞ്ച് സംവിധായകന്‍ അബ്‌ദേ റഹ്മനെ സിസാകോ സംവിധാനം ചെയ്ത തിബുക്തു മികച്ച അഭിപ്രായം നേടി. 97 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മതമൗലികവാദികളുടെ ഭരണത്തിന്‍കീഴില്‍ ജീവിക്കേണ്‍ിവരുന്ന തിംബക്തു എന്ന നഗരത്തിന്റെ കഥപറയുന്നു. ഗ്രീക്ക് ചലച്ചിത്രമായ മിസ് വയലന്‍സ് കാണാന്‍ പ്രേക്ഷകരുടെ വലിയൊരു കൂട്ടംതന്നെയെത്തി. 11 കാരി ആഞ്ജലിക്കയുടെ ആത്മഹത്യയും തുടര്‍ന്നുണ്‍ാകുന്ന ദുരൂഹതകളും വിവരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സാണ്‍്രോസ് അവര്‍നാസാണ്. കിംകി ഡുക് ചിത്രം വണ്‍ ഓണ്‍ വണ്ണിന് ഇന്നും തിരക്കനുഭവപ്പെട്ടു. മൂന്നാംവട്ട പ്രദര്‍ശനത്തിനെത്തിയ കോണ്‍ ഐലന്റും ഹൃദ്യമായി.

മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ കാല്‍ട്ടണ്‍ ടവേഴ്‌സ്, ജലാംശം, വിദൂഷകന്‍, ആലിഫ് എന്നീ സിനിമകള്‍ മൂന്നാംവട്ട പ്രദര്‍ശനത്തിനെത്തി. വ്യത്യസ്തവും തീവ്രവുമായ പ്രമേയങ്ങളാല്‍ ശക്തമെന്ന് പ്രേക്ഷകാഭിപ്രായം നേടിയവയാണ് ഈ ചിത്രങ്ങള്‍. ടര്‍ക്കിഷ് സംവിധായകന്‍ കാന്‍ മുജ്ദസിയുടെ ആദ്യസിനിമയായ ശിവാസ് 11 വയസ്സുകാരന്‍ അസ്ലന്റെ കഥപറഞ്ഞ് പ്രേക്ഷകമനസ്സില്‍ ഇടംനേടി.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നാല് ചിത്രങ്ങളും കണ്‍ട്രി ഫോക്കസില്‍ രണ്‍ു ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന്, ഫ്രഞ്ച് കണക്ഷന്‍ എന്നിവയില്‍ ഓരോ ചിത്രങ്ങള്‍ വീതവും പ്രദര്‍ശിപ്പിച്ചു. 46 സിനിമകളാണ് മേളയുടെ ഏഴാം നാളിന് തിളക്കംകൂട്ടിയത്. മേളയില്‍ പ്രദര്‍ശിപ്പിച്ച ഗൗര്‍ഹരി ദസ്താന്റെ സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവനും ദി ആന്റ് സ്റ്റോറിയുടെ സംവിധായകന്‍ മൊസ്തഫ സര്‍വാര്‍ഫറൂക്കിയും പങ്കെടുത്ത പത്രസമ്മേളനം തിയേറ്ററിന് പുറത്ത് ശ്രദ്ധേയമായി.                  

 സമൂഹമനസിന്റെ കാഴ്ചയായി സിനിമയെ മാറ്റുന്നത് ഫെസ്റ്റിവലുകള്‍ : സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: സമൂഹത്തിന്റെ കാഴ്ചയായി സിനിമയെ മാറ്റുന്നത് ചലച്ചിത്രോത്സവങ്ങളാണെന്ന് ഒരാള്‍ പൊക്കത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സിനിമ ഒരു വ്യക്തിയുടെ മാത്രം കാഴ്ചയല്ല. ഒറ്റയ്ക്ക് സിനിമ കാണുമ്പോള്‍ ശരിയായ ചലച്ചിത്ര സംവേദനം സാധ്യമാകുന്നില്ല. പരസ്പരം തിരുത്താനും സ്വയം തിരുത്തപ്പെടാനും ഫിലിം ഫെസ്റ്റിവലുകള്‍ സഹായിക്കുന്നു. ആസ്വാദനം ആപേക്ഷികമാണ്. അത് ഓരോരുത്തരിലും വ്യത്യസ്തമാണ്. സമൂഹത്തിന്റെ മുഖമായ ഫിലിം ഫെസ്റ്റിവലുകള്‍ ബുദ്ധിജീവികളെയല്ല, സാധാരണ പ്രേക്ഷകരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഡിജിറ്റല്‍ യുഗത്തില്‍ ഫിലിം  ഫെസ്റ്റിവലുകള്‍’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സനല്‍കുമാര്‍.
    ഫെസ്റ്റിവലുകള്‍ സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണെന്ന് സംവിധായകന്‍ സുദേവന്‍ പറഞ്ഞു. നാം കണ്‍ുവളരുന്ന ചലച്ചിത്രശീലങ്ങളാണ് ശൈലികള്‍ സൃഷ്ടിക്കുന്നത്. തന്റെ ശൈലി രൂപപ്പെട്ടത് ഫെസ്റ്റിവലുകളിലൂടെയാണ്. വാണിജ്യസിനിമകള്‍ ശ്രദ്ധിക്കാതെപോയ ജീവിതത്തിലെ സത്യങ്ങളാണ് തന്റെ സിനിമകളുടെ പ്രമേയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നിലെ ചലച്ചിത്രപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞത് ഫെസ്റ്റിവല്‍ സിനിമകളിലൂടെയാണെന്ന് കെ.ആര്‍ മനോജ് പറഞ്ഞു. സംവിധാനത്തില്‍ മാത്രമല്ല മറ്റ് ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഊര്‍ജം ഫെസ്റ്റിവലുകളാണ്. ആസ്വാദകന്റെ നിലവാരം ഉയര്‍ത്താനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവലുകള്‍ക്ക് ബദല്‍ മാര്‍ഗം തിരയേണ്‍ കാലമായെന്ന് സജിന്‍ബാബു അഭിപ്രായപ്പെട്ടു. മറ്റ് കലകളെ കൂടി ഉപയോഗപ്പെടുത്തിയാകണം ബദല്‍സംവിധാനമൊരുക്കേണ്‍ത്. സിനിമ പതിവ് ശീലങ്ങളില്‍ നിന്നും മാറിനടക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംവാദങ്ങള്‍ക്കുള്ള അവസരം കൂടിയാണ് ഫെസ്റ്റിവലുകളെന്ന് സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു. ഈ ഡിജിററല്‍ യുഗത്തില്‍ ലോകമെമ്പാടുമുള്ള സിനിമകള്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ കൂടുതല്‍ അറിയാനും അറിയിക്കാനും കഴിയുന്നുവെന്നതാണ് ഫെസ്റ്റിവലുകളുടെ പെരുമ. നമുക്കപ്പുറം മറ്റൊരു ലോകമുണ്‍െന്ന് നാം നേരിട്ടറിയുന്നത് ഫിലിം ഫെസ്റ്റിവലുകളിലെ ലോകസിനിമ വിഭാഗത്തിലെ സിനിമകളിലൂടെയാണ്. നമുക്ക് തികച്ചും അപരിചിതമായ മറ്റൊരു ലോകത്തേയും സംസ്‌കാരത്തേയും ജീവിതത്തേയും ഫെസ്റ്റിവലുകള്‍ നമ്മില്‍ അനുഭവവേദ്യമാക്കുന്നു. സിനിമയില്‍ നിന്നും ഒരു ആസ്വാദകന് എന്ത് മനസ്സിലാകുന്നുവോ അതാണ് അതിലെ സന്ദേശം. സംവിധായകന്  ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ഒരു പൊതി അഴിച്ചു കാണിക്കുന്നത് പോലെ സന്ദേശം കാണിക്കാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചാല്‍ അത് സംവിധായകന്റെ പരാജയമാണെന്നും സിദ്ധാര്‍ത്ഥ് ശിവ കൂട്ടിച്ചേര്‍ത്തു. ചെറി ജേക്കബ്ബ് മോഡറേറ്റര്‍ ആയിരുന്നു.

              ചലച്ചിത്രമേളയ്ക്ക് ഇന്ന് (ഡിസം.19) തിരശ്ശീല വീഴും


പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് (ഡിസം.19) തിരശ്ശീലവീഴും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങ് വൈകിട്ട് നാല് മണിയോടെ ആരംഭിക്കും. കലാപീഠം ബേബി മാരാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെയാണ് വേദിയുണരുക.
4.30 ന് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും. വനം-പരിസ്ഥിതി-ഗതാഗത-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ടി. രാജീവ് നാഥ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സദസ്സിനെ അഭിസംബോധന ചെയ്യും. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്‌ലന്‍ മുഖ്യാതിഥിയായിരിക്കും.
മേളയിലെ മികച്ച ചിത്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിതരണം ചെയ്യും. മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരം അടക്കമുള്ള പുരസ്‌കാരങ്ങളാണ് നല്‍കുക. മികച്ച ചിത്രത്തിന് സുവര്‍ണ ചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും,  ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങളും ചടങ്ങില്‍ നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, തിയേറ്റര്‍ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ സമ്മാനിക്കും. അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ കൃതഞ്ജത രേഖപ്പെടുത്തും. ചലച്ചിത്ര സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 5.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം നടക്കും. ഇതിനെത്തുടര്‍ന്ന് സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടക്കും.

    ഇന്ത്യന്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല: മുസ്തഫ സര്‍വാര്‍ ഫറൂക്കി

തിരുവനന്തപുരം: ബോളിവുഡ് സിനിമകളെപ്പോലെ ഇന്ത്യന്‍ സിനിമകള്‍ രാജ്യത്തിന് പുറത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് 'ദി ആന്റ് സ്റ്റോറി'യുടെ സംവിധായകന്‍ മുസ്തഫ സര്‍വാര്‍ഫറൂക്കി പറഞ്ഞു.  ബംഗ്ലാദേശ് യുവത്വത്തിന്റെ പ്രതിനിധിയായ താന്‍  യുവത്വത്തിന്റെ കഥയാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് ബംഗ്ലാദേശില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നവ സിനിമാ പ്രസ്ഥാനങ്ങള്‍ക്കെതിരെയുണ്ട്. ഒട്ടേറെ രാജ്യാന്തരമേളകളില്‍ ലഭിച്ചതിലും വലിയ സ്വീകരണമാണ് ഇവിടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
  ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന്‍ അനന്തനാരായണന്‍ മഹാദേവന്‍ പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്കായി നമ്പിനാരായണന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ വിശകലനം ചെയ്യുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരം തന്നെയാകും പ്രധാനവേഷം അവതരിപ്പിക്കുക.  ഹിന്ദിയില്‍ സിനിമ ചെയ്യുന്നതിനൊപ്പം മലയാളത്തിലും തയ്യാറാക്കാന്‍ താല്‍പര്യമുണ്ട്. ഇതിനായി നിര്‍മ്മാതാക്കളെ തേടുകയാണെന്നും അനന്തനാരായണന്‍ മഹാദേവന്‍ പറഞ്ഞു. പ്രൊഫ. മീന ടി. പിള്ള  പങ്കെടുത്തു.

                'ദി പ്രസിഡന്റ്' ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും


തിരുവനന്തപുരം: ചലച്ചിത്രാസ്വാദകരുടെ നിരന്തര അഭ്യര്‍ഥനമാനിച്ച്  ലോകസിനിമാ വിഭാഗത്തിലെ ചിത്രമായ 'ദി പ്രസിഡന്റ്' ഇന്ന് (ഡിസം.19) ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും.

           പ്രാദേശികത ആവിഷ്‌കാര ശീലങ്ങളെയും ബാധിക്കും:
                   മുസ്തഫ സര്‍വാര്‍ ഫാറൂക്കി


തിരുവനന്തപുരം: ഒരു പ്രദേശത്തിന്റെ പ്രാദേശീക ഘടകങ്ങള്‍ പ്രേക്ഷകന്റെ കാഴ്ചാശീലത്തെയും ചലച്ചിത്ര ആസ്വാദന നിലവാരത്തെയും സ്വാധീനിക്കുമെന്ന് 'ദി ആന്റ് സ്റ്റോറി' സിനിമയുടെ സംവിധായകന്‍ മുസ്തഫ സര്‍വാര്‍ ഫറൂക്കി അഭിപ്രായപ്പെട്ടു. ന്യൂ തിയേറ്ററില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്വാദകര്‍ വൈകാരികമായും വിമര്‍ശനാത്മകമായും ചിത്രത്തെ കാണുമ്പോള്‍ മാത്രമേ സിനിമ പൂര്‍ണമാകുന്നുള്ളു. യാഥാര്‍ഥ്യത്തെ പുനരാവിഷ്‌കരിച്ചാല്‍ സിനിമയാകണമെന്നില്ല. സിനിമ സമൂഹത്തിന് സന്ദേശം നല്‍കുന്നവയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കൗശലപൂര്‍വം അവ പറയാന്‍ സാധിക്കുന്നിടത്താണ് സംവിധായകന്‍ വിജയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളാണ് ബംഗ്ലാദേശില്‍ സിനിമാ സംസ്‌കാരം വളര്‍ത്തിയത്. ഇന്ത്യന്‍ സിനിമകളുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അവിടുത്തെ ചലച്ചിത്രങ്ങള്‍ക്ക് പ്രത്യേക ഭാഷ്യം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. അവിടെ ഇപ്പോഴും സ്വതന്ത്ര സിനിമകള്‍ ശൈശവദശയിലാണെന്നും അദ്ദേഹം പറഞ്ഞു.

അനുഭവങ്ങളാണ് സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കുന്നതെന്ന് സംവിധായകന്‍ സലില്‍ ലാല്‍ അഹമ്മദ് പറഞ്ഞു.

അസ്തമയം വരെ, ഒരാള്‍ പൊക്കം പുരസ്‌കാരങ്ങള്‍ നേടി; കാഴ്ചയുടെ പൂരത്തിന് തിരശ്ശീല (ആശാ എസ്. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക