Image

ഒരു തൂവെള്ളക്രിസ്തുമസിനെ ഞാന്‍ കിനാവു കാണുന്നു- കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്

കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 19 December, 2014
ഒരു തൂവെള്ളക്രിസ്തുമസിനെ ഞാന്‍ കിനാവു കാണുന്നു- കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്
"I am dreaming of a white Christmas, Just like the once I used to know…"  എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനം കാലത്തെ അതിജീവിച്ച്, ഗൃഹാതുരത്വമുണര്‍ത്തി, കോള്‍മയില്‍ കൊള്ളിക്കുന്ന അനശ്വര ഗാനമാണ്. “ഹൈമവദഭൂമിയില്‍ ഹിമവാഹത്തിന്റെ മണിനാദം ഉണര്‍ത്തുന്ന കുട്ടിക്കാലവും, വെട്ടിത്തിളങ്ങുന്ന വൃക്ഷാഗ്രവും വിമലമായ ഒരു ക്രിസ്മസ് കാലത്തെ ഞാന്‍ സ്വപ്നം കാണുകയാണ്. ഓരോ ക്രിസ്മസ് കാര്‍ഡുകളിലും നിങ്ങള്‍ക്ക് ഉല്ലാസവും പ്രകാശപൂരിതവുമായ തൂവെള്ള ക്രിസ്മസ് ഞാന്‍ ആശംസിക്കുന്നു.”

72 വര്‍ഷങ്ങള്‍ക്കു മുമ്പ്(1942), ഹോളിഡേ ഇന്‍ എന്ന ചിത്രത്തിനുവേണ്ടി ഒരു റഷ്യന്‍ യഹൂദനായിരുന്ന ഇര്‍വിംഗ് ബര്‍ലിന്‍ കേവലം 8 വരികളുള്ള ഈ ലളിതഗാനം രചിക്കുമ്പോള്‍, ഇവ കാലത്തെ അതിജീവിക്കുന്ന വരികളാണെന്നു ചിന്തിച്ചിരിക്കില്ല. കഴിഞ്ഞ കാലങ്ങളെപ്പറ്റിയുള്ള വികാര തീവ്രമായ സ്മരണകള്‍ വിളിച്ചു വരുത്തുന്ന, കുട്ടിക്കാലത്തെ നിഷ്‌കളങ്കമായ സ്വപ്നങ്ങളെ തട്ടിയുണര്‍ത്തുന്ന, വേരുകള്‍ തേടിയുള്ള അന്വേഷണങ്ങളെ അനര്‍ഘമാക്കുന്ന ഈ ഗാനം 100 മില്യണിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു, ഇന്നും അമേരിക്കയുടെ ഏറ്റവും പ്രിയംകരമായ ക്രിസ്മസ് ഗാനമായി തുടരുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കന്‍ സേന കുടുംബത്തില്‍ നിന്നും ഏറെ അകലെ, യുദ്ധക്കെടുതിക്കിടെ ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു. പ്രിയപ്പെട്ടവരെ വിട്ടുനിന്ന ആദ്യക്രിസ്മസ് പലര്‍ക്കും ചിന്തിക്കാവുന്നതിനപ്പുറം ഏകാന്തതയും ദുഃഖവും മാത്രം സമ്മാനിച്ചിരുന്ന നിമിഷങ്ങള്‍. അവര്‍ യുവത്വത്തിന്റെ നിഷ്‌കളങ്കതയോടെയും നിറമിഴികളോടെയും, അലങ്കാര ആശംസകളായല്ല, ഹൃദയത്തില്‍ നിന്നു വേവുന്ന തുടിപ്പുകളായി ഈ ഗാനം സൈനീക ക്യാമ്പുകളില്‍ ആലപിച്ചു. ഇര്‍വിംഗ് ബര്‍ലിന് ഈ ഗാനം ഓസ്‌കാര്‍ അവാര്‍ഡു സമ്മാനിച്ചു. ഓരോ ക്രിസ്മസ് കാലത്തും ഈ ഗാനം അമേരിക്കക്കാരുടെ ഹൃദയതടങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ വേദന ജനിപ്പിക്കുന്നു.

കവിതകള്‍ ബര്‍ലിന് ആന്തരീക പ്രേരണയായിരുന്നില്ല, ആത്മീയമായ ഒരു ഇടപെടലായിരുന്നു. രാത്രികളുടെ അന്ത്യയാമങ്ങളിലാണ് മിക്കപ്പോഴും ഗാനസൃഷ്ടി സംഭവിക്കുക. നിയതമായ വൃത്തങ്ങളോ, കവിതാരീതികളോ അദ്ദേഹം അവലംബിച്ചില്ല, സംഗീതത്തിനനുസരിച്ച് തന്റെ കവിതകളെ മയപ്പെടുത്താന്‍ അദ്ദേഹത്തിനു ഒരു മനസ്താപവും തോന്നിയിരുന്നില്ല. സംഗീതത്തെ എപ്പോഴും ഹൃദയത്തില്‍ താലോലിച്ചിരുന്നതിനാല്‍ വരികളെ തന്റെ മാന്ത്രിക ചെപ്പിലാക്കി അത്ഭുതം സൃഷ്ടിക്കാനായി.

റഷ്യയില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയില്‍ കുടിയേറി, അമേരിക്കയുടെ ഹൃദയം കവര്‍ന്ന ബാര്‍ലിന്റെ ജീവിതം ഒരു കുടിയേറ്റക്കാരന്റെ ഐതിഹാസിക വിജയഗാഥയാണ്. കുടുംബത്തോടൊപ്പം ജനലുകളില്ലാത്ത ഒരു ബേസ്‌മെന്റില്‍ ജീവിതം ആരംഭിച്ച്, ഒരു പത്രവിതരണക്കാരനായി. ബാലനായിരുന്നപ്പോള്‍ ഒരു ക്രെയിനില്‍ തട്ടി നദിയില്‍ വീണു, രക്ഷപ്പെട്ടപ്പോഴും തന്റെ 5 പെനി ശമ്പളം, കൈയ്യില്‍ മുറുക്കെപ്പിടിച്ചിരുന്നു കാരണം കുടുംബത്തിനു ജീവിക്കാന്‍ അതും അത്യാവശ്യമായിരുന്നു. കേട്ടുപഠിച്ച ചില ഗാനങ്ങള്‍ കൂട്ടുകാരൊത്ത് മദ്യശാലകളില്‍ ആലപിക്കുകയായി പിന്നീട്. അങ്ങനെ ഏതു തരം പാട്ടുകളാണ് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നു മനസ്സിലായി. മദ്യം വിളമ്പിക്കൊടുക്കുന്നതിനൊപ്പം പാട്ടും പാടി, ബാര്‍ അടച്ചുകഴിഞ്ഞ്, അവിടെയുണ്ടായിരുന്ന പിയാനോവില്‍ സംഗീതം പരിശീലിച്ചു തുടങ്ങി. മാന്‍ഹാട്ടനിലെ ലോവര്‍ ഈസ്റ്റ് സൈഡിലുള്ള ചേരിയില്‍ 20 വയസ്സുള്ള യുവഗായകന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1912-ല്‍ തന്റെ ആദ്യ ഭാര്യ, വിവാഹശേഷം 6 മാസം തികയുന്നതിനു മുമ്പേ റ്റൈഫോയിഡ് പിടിച്ചു മരിച്ചു. ആ വേദനയില്‍ എഴുതിയ “when I lost you” എന്ന ഗാനത്തിന്റെ ഒരു മില്ല്യനിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1917- ല്‍ അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ദേശഭക്തിഗാനങ്ങള്‍ രചിക്കുവാന്‍ നിയോഗിക്കപ്പെട്ടു. പിന്നീട്, “What I Do?”(1924),  “Always”(1952), “Blue Skies”(1926), “Say it Isn't so”(1932), തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഹിറ്റായി.
God Bless America: ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോള്‍ 1918-ല്‍, ബര്‍ലിന്‍ എഴുതി സ്വകാര്യമായി സൂക്ഷിച്ച കവിത 20 വര്‍ഷത്തിനുശേഷം 1938-ല്‍ പ്രകാശിതമായി. സെപ്തംബര്‍ 11 മെമ്മോറിയലിന് സെലീന്‍ സിയോണ്‍ പാടി അനശ്വരമാക്കിയ “God Bless America” എന്ന ഗാനം അമേരിക്കയുടെ അപ്രഖ്യാപിത ദേശീയ ഗാനമായിമാറി. ഒരു കുടിയേറ്റക്കാരനായി ദാരിദ്ര്യത്തില്‍ ജീവിതം ആരംഭിച്ച് തന്റെ ജന്മവാസനകളെ ജ്വലിപ്പിച്ച് തന്നെ, താനാക്കി മാറ്റിയ ഈ മഹത്തായ അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു, ഈ ദേശത്തെ ഞാന്‍ നമിക്കുന്നു, തന്റെ അമ്മ എപ്പോഴും പറഞ്ഞിരുന്ന ഒരു വാക്കാണ് “God Bless America” എന്ന് ബര്‍ലിന്‍ ഓര്‍മ്മിച്ചു. ഇന്നും നഷ്ടപ്പെടലിന്റെ തീവ്രത അനുഭവിക്കുന്ന നേരത്ത്  അമേരിക്കക്കാരന് ധൈര്യവും സുരക്ഷിതത്വവും നല്‍കുന്ന ഈ 40 വാക്കുകള്‍ അടങ്ങിയ ഗാനം അല്ലാതെ മറ്റൊന്നല്ല.

സെപ്തംബര്‍ 22, 1989-ല്‍ 101 വയസ്സുള്ള ബര്‍ലിന്‍ ലോകത്തോടു വിട പറഞ്ഞപ്പോള്‍ ഒരു വലിയ സംഗീത സാമാജ്ര്യത്തിന്റെ താക്കോലാണ് താന്‍ നിക്ഷേപിച്ചു പോകുന്നതെന്ന് അദ്ദേഹം ഓര്‍ത്തുകാണില്ല. 1500ലധികം ഗാനങ്ങള്‍, 19 ബ്രോഡ് വേ നാടകങ്ങള്‍ 18 ഹോളിവുഡ് സിനിമകള്‍ക്കും തന്റെ കൈയ്യൊപ്പുകള്‍ ചാര്‍ത്തി, 9 തവണ അക്കാദമി അവാര്‍ഡ് നേടി. ഈ യഥാര്‍ത്ഥ അമേരിക്ക വീരഗാഥ, ഈ തൂവെള്ള ക്രിസ്മസില്‍ തീര്‍ച്ചയായും, ഓര്‍മ്മിക്കപ്പെടണം. എല്ലാവര്‍ക്കും ഉല്ലാസത്തിന്റെയും പ്രകാശം പൂരിതവുമായ ഒരു തൂവെള്ള ക്രിസ്മസ് നേരുന്നു.


ഒരു തൂവെള്ളക്രിസ്തുമസിനെ ഞാന്‍ കിനാവു കാണുന്നു- കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക