Image

കുട്ടികളോട്‌ എന്തിനീ ക്രൂരത: മാര്‍ തിയഡോഷ്യസ്‌

അലന്‍ ചെന്നിത്തല Published on 18 December, 2014
കുട്ടികളോട്‌ എന്തിനീ ക്രൂരത: മാര്‍ തിയഡോഷ്യസ്‌
ഭീകരതയുടെ തേര്‍വാഴ്‌ചയില്‍ പൊലിഞ്ഞുവീണ 132 കുരുന്നു ജീവനുകളെയോര്‍ത്ത്‌ ലോകം മുഴുവന്‍ വിതുമ്പുകയാണ്‌. പാക്കിസ്ഥാനിലെ പെഷവാര്‍ സ്‌കൂളിനുനേരെ നടന്ന തെഹ്‌രീഖെ- താലിബാന്‍ ഭീകരരുടെ കൊടുംക്രൂരതയില്‍ സ്വന്തം കുഞ്ഞുങ്ങളേയും പ്രിയപ്പെട്ടവരേയും നഷ്‌ടപ്പെട്ടവരുടെ മുറവിളി ലോകമനസാക്ഷിക്കു മുന്നില്‍ ഒരു ചോദ്യചിഹ്നം ഉയര്‍ത്തുന്നു. കുട്ടികളോട്‌ എന്തിനീ ക്രൂരത. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ ദുരന്തത്തില്‍ തീവ്രമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുകയും, രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ നരഹത്യയ്‌ക്കെതിരേ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു എന്നും പ്രസ്‌താവനയിലൂടെ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ രാജ്യത്തല്ല, നമ്മുടെ കുട്ടികള്‍ക്കല്ല ഇത്‌ സംഭവിച്ചത്‌ എന്നോര്‍ത്ത്‌ മിണ്ടാതിരുന്നാല്‍ നാളെ ഇത്‌ നമുക്കം സംഭവിക്കാം എന്നോര്‍ക്കുക. രാജ്യാന്തര അതിരുകള്‍ ഭേദിച്ച്‌ ജാതിമതവര്‍ഗ്ഗ വര്‍ണ്ണ വിവേചനങ്ങള്‍ക്ക്‌ അതീതമായി നാളത്തെ തലമുറയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന്‌ മാര്‍ തിയഡോഷ്യസ്‌ പ്രസ്‌താവിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി 2014-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഏറ്റുവാങ്ങിയ മലാല യൂസഫ്‌ സായ്‌ എന്ന വിദ്യാര്‍ത്ഥിനിയെ വധിക്കാന്‍ ശ്രമിച്ച തെഹ്‌രീഖെ- താലിബാന്‍ ഭീകരരുടെ കൊടുംക്രൂരതയുടെ പൈശാചിക മുഖമാണ്‌ പെഷവാര്‍ സ്‌കൂളില്‍ നാം വീണ്ടും കണ്ടത്‌.

വിശ്വമാനവീകതയുടെ -സന്തോഷത്തിന്റെ- സമാധാനത്തിന്റെ സന്ദേശമാണ്‌ ക്രിസ്‌തുമത്‌ നല്‍കുന്നത്‌. പുല്‍ക്കൂട്ടില്‍ ജനിച്ച ശിശു പ്രതിനിധാനം ചെയ്യുന്നത്‌ നാളെയുടെ വാഗ്‌ദാനമായി വളരേണ്ട കുട്ടികള്‍ക്ക്‌ കരുതലും സ്‌നേഹവും സംരക്ഷണവും നല്‌കുക എന്നതാണ്‌. വൈകാരികമായി പ്രതികരിക്കുന്ന മനസാക്ഷി നഷ്‌ടമായ മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കി മാറ്റുവാന്‍ നമുക്ക്‌ കൈകോര്‍ക്കാം. ഇങ്ങനെ പോയാല്‍ ഇത്‌ ലോകത്തിന്റെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കും എന്നതില്‍ സംശയമില്ല. ലോക സമാധാനത്തിനായും, കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ടവരേയും ഓര്‍ത്ത്‌ പ്രാര്‍ത്ഥിക്കാന്‍ മാര്‍ തിയഡോഷ്യസ്‌ ആഹ്വാനം ചെയ്‌തു.
കുട്ടികളോട്‌ എന്തിനീ ക്രൂരത: മാര്‍ തിയഡോഷ്യസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക