Image

കൊളറാഡോയും പാല്‍ക്കഹോള്‍ നിരോധിച്ചേക്കും

കൊളറാഡോയും പാല്‍ക്കഹോള്‍ നിരോധിച്ചേക്കും Published on 18 December, 2014
കൊളറാഡോയും പാല്‍ക്കഹോള്‍ നിരോധിച്ചേക്കും
ഡെന്‍വര്‍: ഓണ്‍ദഗോ ഭക്ഷണം വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്. ഉടനെ തന്നെ ഓണ്‍ദഗോ ആല്‍ക്കഹോളും സ്‌റ്റോറുകളിലെത്തും. പൗഡര്‍ രൂപത്തില്‍ ലഭിക്കുന്ന ഇത് കലക്കികുടിക്കാമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. പാല്‍ക്കഹോള്‍ എന്നു പേരിട്ടിരിക്കുന്ന ഈ പൊടിയുടെ ഓരോ പൊതിയും ഒരു ഷോട്ടിന് തുല്യമാണ്. ഒരു ഔണ്‍സ് റമ്മോ വോഡ്കയോ ആണ് പൗഡറായി ലഭിക്കുന്നത്.

യുവാക്കളെയും കുട്ടികളെയും ഇത് വല്ലാതെ ആകര്‍ഷിക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു. ബ്രേക്ക്ഫാസ്റ്റിനു കഴിക്കുന്ന വീറ്റീസിനോ മറ്റേതെങ്കിലും ഭക്ഷണത്തിനോ മുകളില്‍ ഈ പൊടി വിതറി കുട്ടികള്‍ കഴിച്ചേക്കും എന്ന അപകടസാധ്യതയുമുണ്ട്.

ലിപ്‌സ്മാര്‍ക്ക് എന്ന കമ്പനിയാണ് പാല്‍ക്കഹോളിന്റെ നിര്‍മ്മാതാക്കള്‍. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇത് പല സ്ഥലങ്ങളിലും, യാത്രകളിലും, പ്രത്യേകിച്ച് വിമാനയാത്രകളിലും സൗകര്യപ്രദവും ഉപയോഗപ്രദവുമാണെന്ന് അവകാശപ്പെടുന്നു. മാത്രമല്ല, വിദൂരസ്ഥലങ്ങളില്‍ ഈ പൊടി ആന്റിനെപ്ടിക്കിന്റെ പ്രയോജനം ചെയ്യുമെന്നും തുടര്‍ന്നു പറയുന്നു. മലകയറ്റം തുടങ്ങിയ വാതില്‍പ്പുറ കര്‍മ്മങ്ങളില്‍ കൊണ്ടുനടക്കാന്‍ സൗകര്യപ്രദമായ പൊടിയെക്കുറിച്ചാലോചിച്ചാണ് ഈ കണ്ടുപിടുത്തം നടത്തിയതെന്ന് ഉപജ്ഞാതാവ് മാര്‍ക്ക് ഫിലിപ്‌സ് അവകാശപ്പെട്ടു.

അലാസ്ക, ഡെലവെയര്‍, ലൂസിയാന, സൗത്ത് കരോലിന, വെര്‍മോണ്ട് എന്നീ സംസ്ഥാനങ്ങള്‍ ഈ പൊടിയുടെ വില്‍പന നിരോധിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് സ്‌റ്റേറ്റ് ലെജിസ്ലേറ്റേഴ്‌സ് പറഞ്ഞു. കൊളറാഡോയും ഇതിന്റെ നിരോധനത്തെക്കുറിച്ചാലോചിക്കുകയാണെന്ന് കൗണ്ടി ഷെരീഫ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ് ജോണ്‍സണ്‍ പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ മിനിസോട്ടയും, ഒഹായോവും, ന്യൂയോര്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവരില്‍ ഇത് മദ്യപാനം പ്രോത്സാഹിപ്പിക്കും എന്ന വാദം ഫിലിപ്‌സ് തള്ളി. ലിക്കര്‍ സ്‌റ്റോറുകളില്‍ 21 വയസു കഴിഞ്ഞവര്‍ക്കേ ഇത് വില്‍ക്കൂ എന്നും ഫിലിപ്‌സ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക