Image

കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 17 December, 2014
കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവുംവലിയ കലാസാംസ്‌കാരിക സമന്വയം ബിനാലെ 2014 ചരിത്രം ഉറങ്ങുന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെ പവലിയനില്‍ മുഴങ്ങിക്കേട്ടു- ``യൂറോപ്പില്‍നിന്ന്‌ എത്രയെത്ര കപ്പലുകളാണ്‌ നിറയെ സ്വര്‍ണ്ണവുമായി കുരുമുളക്‌ വാങ്ങാന്‍ മലബാറിലെ മുസീറീസ്‌ പട്ടണത്തിലേക്ക്‌ ഒഴുകിയെത്തിയത്‌!'' അത്‌ ശരിവയ്‌ക്കുന്നതുപോലെ പവിലിയന്റെ പിന്നിലെ കപ്പല്‍ചാലില്‍ ഒരു വന്‍ ചരക്കുകലിലില്‍നിന്ന്‌ ``ബ്രേ......ബ്രേ........'' എന്ന സൈറണ്‍ മുഴങ്ങി.

കേരളത്തിലെ മൂന്ന്‌ സ്ഥാപനങ്ങള്‍- മുത്തൂറ്റ്‌ ഫിനാന്‍സ്‌, മണപ്പുറം ഫിനാന്‍സ്‌, മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്‌ - ചേര്‍ന്ന്‌ 200 ടണ്‍ സ്വര്‍ണ്ണമാണ്‌ പണയത്തിലെടുത്തിരിക്കുന്ന തെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ വാര്‍ത്ത വന്നതും അന്നായിരുന്നു. 200 ടണ്‍ സ്വര്‍ണ്ണം സിങ്കപ്പൂര്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്വര്‍ണ്ണശേഖരത്തേക്കാള്‍ കൂടുതലാണെന്നും സിങ്കപ്പൂരില്‍ 127 ടണ്ണും സ്വീഡനില്‍ 126 ടണ്ണും ദക്ഷിണാഫ്രിക്കയില്‍ 125 ടണ്ണും മെക്‌സിക്കോയില്‍ 123 ടണ്ണുമാണ്‌ സ്വര്‍ണ്ണ ശേഖരം ഉള്ളതെന്നും പത്രം പറഞ്ഞു. ഇന്ത്യയില്‍ മൊത്തം 22000 ടണ്‍ സ്വര്‍ണ്ണം വീടുകളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന്‌ മറ്റൊരു റിപ്പോര്‍ട്ടില്‍ കണ്ടു. ഇതിന്‌ വില ഒരുലക്ഷം കോടി ഡോളര്‍ വരും.

അഞ്ചൂനൂറ്റാണ്ടുമുമ്പാണ്‌ - കൃത്യമായി പറഞ്ഞാല്‍ 1498ല്‍, 516 വര്‍ഷംമുമ്പ്‌ - പോര്‍ട്ടുഗീസ്‌ നാവികന്‍ വാസ്‌ഗോ ഡ ഗാമ കുരുമുളക്‌ വാങ്ങാന്‍ കേരളതീരത്ത്‌ വന്നിറങ്ങിയത്‌. കോഴിക്കോട്ടെ കാപ്പാട്‌ ബീച്ചില്‍ ഗാമയ്‌ക്ക്‌ ഒരു സ്‌മാരക സ്‌തൂപമുണ്ടെങ്കിലും പോര്‍ട്ടുഗീസ്‌കാര്‍ അടക്കിവാണ ഗോവയില്‍ വാസ്‌കോ ഡ ഗാമ സിറ്റിയും (മര്‍മ്മഗാവോ താലൂക്ക്‌ ആസ്ഥാനം) ?വാസ്‌കോ ഗോവ ഫുട്‌ബോള്‍ ക്ലബ്ബും പ്രസിദ്ധമാണ്‌. കൊച്ചിയിലുമുണ്ട്‌ ഗാമക്ക്‌ ശാശ്വത സ്‌മാരകങ്ങള്‍. 1524ല്‍ മൂന്നാംതവണ എത്തിയപ്പോഴാണ്‌ അദ്ദേഹം കൊച്ചിയില്‍വച്ച്‌ മരണമടയുന്നത്‌. അദ്ദേഹത്തെ അടക്കിയ ഫോര്‍ട്ടുകൊച്ചിയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി വാസ്‌കോ ഡ ഗാമ പള്ളിയെന്നാണ്‌ അറിയപ്പെടുന്നതും. തൊട്ടടുത്തുള്ള വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍ തന്നെ ഇത്തവണത്തെ ബിനാലെയുടെ ഒരു പ്രദര്‍ശനകേന്ദ്രമാണ്‌. കുബ്‌ളാഖാന്റെ കാലത്ത്‌ കച്ചവടത്തിനെത്തിയ ചൈനാക്കാര്‍ എത്തിച്ച ചീനവലകള്‍ ഈ സ്‌ക്വയറിന്‌ പാദസ്വരം തീര്‍ക്കുന്നു.

150 വര്‍ഷം മുമ്പ്‌ ജോണ്‍ എച്ച്‌. ആസ്‌പിന്‍ വാള്‍ എന്ന ഇംഗ്ലീഷ്‌കാരന്‍ ഫോര്‍ട്ടുകൊച്ചിമുനമ്പില്‍, വൈപ്പിന്‍ ദ്വീപിലേക്കുള്ള ബോട്ടുജട്ടിക്ക്‌തൊട്ടുരുമ്മി സ്ഥാപിച്ച ആസ്‌പിന്‍ വാള്‍ ഹൗസ്‌ എന്ന കച്ചവടസ്ഥാപനമാണ്‌ ബിനാലെയുടെ പ്രധാന പ്രദര്‍ശനകേന്ദ്രം. അഞ്ചുമിനിറ്റ്‌ അകലെ ഡച്ച്‌ശൈലിയില്‍ നിര്‍മ്മിച്ച പെപ്പര്‍ഹൗസ്‌ രണ്ടാമത്തെതും രണ്ടിലും നിറഞ്ഞ്‌്‌ സന്ദര്‍ശകര്‍.

കഴിഞ്ഞതവണ തുടക്കത്തില്‍ പ്രവേശനം സൗജന്യമായിരുന്നെങ്കിലും പിന്നീട്‌ ടിക്കറ്റുവച്ചു. ഇത്തവണയാകട്ടെ തുടങ്ങിയതുതന്നെ 100 രൂപ ടിക്കറ്റോടെയാണ്‌. നാട്ടുകാരെ ഇത്‌ അലോസരപ്പെടുത്തിയെന്ന്‌ തീര്‍ച്ച. അവരേക്കാള്‍ അഞ്ചിരട്ടിയായിരുന്നു മറുനാട്ടുകാരുടെ സാന്നിധ്യം. അവരില്‍തന്നെ ഒരുപാടുപേര്‍ ഇന്ത്യയ്‌ക്കു പുറത്തുനിന്നുള്ളവരായിരുന്നു. ഫിലാഡല്‍ഫിയായില്‍നിന്നും ബിനാലെക്ക്‌ മാത്രമായെത്തിയ കൊട്ടാരക്കരയ്‌ക്കടുത്ത്‌ ആയൂരില്‍ വേരുകളുള്ള രാജു ചാക്കോയായിരുന്നു അവരിലൊരാള്‍. ന്യൂയോര്‍ക്കില്‍ ബ്രൂക്ക്‌ലിന്‍ ഹൈറ്റ്‌സില്‍നിന്നെത്തിയ ആര്‍ട്‌ ക്രിറ്റിക്കും ക്യുറേറ്ററുമായ ബാന്‍സി വാസ്വാനിയെയും കണ്ടു. ബ്രൂക്ക്‌ലിനില്‍ തന്നെ ഒരു ബിനാലെ നടന്നുവരുന്നു.

ഫോര്‍ട്ട്‌കൊച്ചിയിലെ മേള കൊച്ചി മുസിരിസ്‌ ബിനാലെയുടെ രണ്ടാം എഡിഷനാണ്‌. 1851ല്‍ ലണ്ടനില്‍ ഹൈഡ്‌പാര്‍ക്കില്‍ ക്രിസ്റ്റല്‍ പാലസിലാണ്‌ ആദ്യത്തെ ആഗോള കലാമേള രൂപംകൊണ്ടത്‌. 1895ല്‍ വെനീസില്‍ ബിനാലെ വന്നു. അതിന്ന്‌ ലോകത്തിലെ ഏറ്റവുംവലിയ മേളകളിലൊന്നാണ്‌. മ്യൂണിക്‌, ബെര്‍ലിന്‍, ബെയ്‌ജിങ്‌, മെല്‍ബണ്‍, ഈസ്റ്റാമ്പൂള്‍, ടെഹ്‌റാന്‍, മോസ്‌കോ എന്നിങ്ങനെ ലോകോത്തരങ്ങളായ നിരവധി ബിനാലെകള്‍ ഇന്നുണ്ട്‌. അക്കൂട്ടത്തില്‍ കൊച്ചിബിനാലെക്കും സ്‌ഥാനംനേടിയെടുത്തതില്‍ ബിനാലെ ഫൗണ്ടേഷന്‍ അദ്ധ്യക്ഷനായ ബോസ്‌ കൃഷ്‌ണമാചാരിക്കും സെക്രട്ടറി റിയാസ്‌ കോമുവിനും ഇത്തവണത്തെ ക്യൂറേറ്ററായ ജിതീഷ്‌ കല്ലാട്ടിനും നന്ദിപറയണം. ക്ഷണക്കത്തും പോസ്റ്ററും ബാനറും കൈപ്പുസ്‌തകവും മുതല്‍ മേളയുടെ ഓരോ ഇനത്തിലും അവര്‍ നല്‌കിയ ശ്രദ്ധ കൊച്ചിയെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയിരിക്കുന്നു.

കൊച്ചിയില്‍ 33 രാജ്യങ്ങളില്‍നിന്ന്‌ 100 കലാകാരന്മാരാണ്‌ ആസ്‌പിന്‍ വാള്‍ ഹൗസ്‌, കബ്രാള്‍ യാര്‍ഡ്‌, പെപ്പര്‍ഹൗസ്‌, വാസ്‌കോഡ ഗാമ സ്‌ക്വയര്‍, ഡേവിഡ്‌ ഹാള്‍, കാശി ആര്‍ട്ട്‌ ഗാലറി, സി.എസ്‌.ഐ. ബംഗ്ലാവ്‌, എറണാകുളത്തെ ദര്‍ബാര്‍ഹാള്‍ എന്നീ എട്ടുവേദികളില്‍ മാറ്റുരയ്‌ക്കുന്നത്‌. ഇന്ത്യയിലെ പത്തൊന്‍പത്‌ സംസ്ഥാനങ്ങളിലെ ഫൈനാര്‍ട്‌സ്‌കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ കലാസൃഷ്‌ടികളുമായി എത്തിയിട്ടുണ്ട്‌. മുപ്പതുവര്‍ഷംമുമ്പ്‌ മരിച്ച കൊച്ചി തേവരയിലെ എഡ്‌മണ്ട്‌ തോമസ്‌ ക്ലിന്റിന്റെ ചിത്രങ്ങളുമായി ബാലപ്രതിഭകളും അണിനിരക്കുന്നു.

ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമെത്തിയ കലാകാരന്മാരോടൊപ്പം മലയാളികളുടെ അഭിമാനമായ ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയും ബറോഡയില്‍ സ്ഥിരതാമസമാക്കിയ കെ.ജി.സുബ്രഹ്മണ്യനും (കൂത്തുപറമ്പ)്‌ ബറോഡയില്‍നിന്നെത്തിയ സുരേന്ദ്രന്‍ നായരും (ഓണക്കൂര്‍) ജിജി സ്‌കറിയ(കോട്ടയം), വത്സന്‍ കൂര്‍മ്മ കൊല്ലേരി (പാട്യം, കണ്ണൂര്‍), കെ.എസ്‌.അരുണ്‍ (കൂത്തുപറമ്പ്‌, ബറോഡ), സി. ഉണ്ണികൃഷ്‌ണന്‍ (പേഴുംപാറ) എന്നിവരും ഒപ്പമുണ്ട്‌. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈനില്‍നിന്ന്‌ പഠിച്ചിറങ്ങിയ സച്ചിന്‍ ജോര്‍ജ്ജ്‌ സെബാസ്റ്റ്യന്‍ എന്ന കാഞ്ഞങ്ങാടുകാരനാണ്‌ മറ്റൊരാള്‍. എല്ലാറ്റിലുമുപരി അങ്കമാലിക്കടുത്ത്‌ മാങ്ങാട്ടുകരയില്‍ ജനിച്ച്‌ ബോംബയിലും ലണ്ടനിലും പഠിച്ച്‌ എം.എഫ്‌.എ. നേടി വിശ്വോത്തരനിലവാരത്തിലേക്ക്‌ ഉയര്‍ന്ന ബോസ്‌ കൃഷ്‌ണമാചാരിയുമുണ്ടല്ലോ.

ബിനാലെ എന്നാല്‍ വെറുമൊരു ചിത്രപ്രദര്‍ശനമല്ല ചിത്രവും ശില്‌പവും സമഞ്‌ജസിപ്പിച്ചുള്ള നിര്‍മ്മിതികളും സംഗീതവും സാഹിത്യവും ചരിത്രവുമെല്ലാം സമ്മേളിക്കുന്ന ഒരു സാര്‍വ്വജനീനകലാമേളയാണ്‌. മലബാറിന്റേയും കൊച്ചിയുടേയും മുസീരിസിന്റെയും പട്ടണത്തിന്റെയും ചരിത്രസ്‌മരണകള്‍ തൊട്ടുണര്‍ത്തുന്ന മേളയും. ഇന്ത്യയില്‍ ആഗോളവല്‍ക്കരണം തുടങ്ങുന്നത്‌ കൊച്ചിയിലാണെന്ന്‌ പലരും പറഞ്ഞു. മനോഹരമായി രൂപകല്‍പ്പനചെയ്‌ത പവലിയനില്‍ `ടെറാ ട്രെമ' എന്ന ചര്‍ച്ചകള്‍ക്ക്‌ തുടക്കംകുറിച്ചത്‌ പ്രസിദ്ധചരിത്രകാരനായ രാജന്‍ഗുരുക്കളാണ്‌. മാധ്യമരംഗത്ത്‌ പരിണതപ്രജ്ഞനായ ശശികുമാറും എഴുത്തുകാരനായ എന്‍.എസ്‌.മാധവനും പ്രഭാത്‌ പട്‌നായിക്കും പി.ജെ.ചെറിയാനും സൂസി താരൂവും സനല്‍ മോഹനും ജി.എം.യേശുദാസനും ചരിത്രം, സാമ്പത്തികം തുടങ്ങി ദലിതരുടെ കഥനകഥകള്‍ വരെയുള്ള പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ചരിത്ര പഥങ്ങളിലൂടെ കടന്ന്‌ അനാവരണം ചെയ്‌തു.

ഫോര്‍ട്ട്‌കൊച്ചിക്ക്‌ ചെറിയ കുളിര്‍മ്മ പകര്‍ന്നുകൊണ്ട്‌ ചാറ്റല്‍മഴപെയ്യുമ്പോഴായിരുന്നു മേളയുടെ പെരുമ്പറകൊട്ട്‌. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 305 കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളത്തില്‍ ചാറ്റല്‍മഴയുടെ ശബ്‌ദം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായി. 1500 വര്‍ഷം പഴക്കമുള്ള വാദ്യമേളമാണ്‌ പാണ്ടിമേളം.

വിളിപ്പാടകലെ മട്ടഞ്ചേരിയില്‍ ബസാര്‍ സ്‌ട്രീറ്റിലുള്ള `കായിസ്‌' എന്ന കൊച്ചു റെസ്റ്റോറന്റില്‍ ബിരിയാണി തിന്നാന്‍ ബിനാലെ സന്ദര്‍ശകരുടെ തിരക്ക്‌. കായിക്കയുടെ മകന്‍ മുസ്‌തഫയാണ്‌ കായിസ്‌ നടത്തുന്നത്‌. അദ്ദേഹത്തിന്റെ എം.ബി.എ.ക്കാരനായ മകന്‍ കാഷിലിരിക്കുന്നു. റെസ്റ്റോറന്റിന്റെ ഭിത്തിയില്‍ ഒരാടിന്റെ തലയുടെ സ്‌കെച്ചുവരച്ചത്‌ കണ്ണാടിക്കൂട്ടിലിട്ട്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇന്ത്യകണ്ട ഏറ്റവുംവലിയ ചിത്രകാരന്‍ എം.എഫ്‌.ഹുസൈന്‍ റസ്റ്റോറന്റിലെത്തി മട്ടണ്‍ബിരിയാണി കഴിച്ചതിന്റെ സന്തോഷത്തില്‍ വരച്ചു കൊടുത്തതാണ്‌. ഹുസൈന്‍ മരിച്ചു. അദ്ദേഹത്തിന്റെ മകള്‍ റെയ്‌സ ഹുസൈന്‍ ബാപ്പയുടെ ബിരിയാണിക്കട കാണാന്‍ എത്തി സന്തുഷ്‌ടയായി മടങ്ങി. മുസ്‌തഫയ്‌ക്ക്‌ ഇതില്‍ക്കൂടുല്‍ അഭിമാനംതരുന്ന എന്തുണ്ട്‌! തിരക്ക്‌ ബിനാലേക്കായതില്‍ പെരുത്ത സന്തോഷം!
കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കൊച്ചി ബിനാലേക്ക്‌ സ്വര്‍ണ്ണത്തിളക്കം; മൂന്നു കേരള കമ്പനികള്‍ക്ക്‌ മാത്രം 200ടണ്‍ സ്വര്‍ണ്ണം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക