Image

1983 ന്റെ ക്ലൈമാക്‌സ്‌ തിരുത്താന്‍ സമ്മര്‍ദമുണ്ടായിരുന്നു: എബ്രിദ്‌ ഷൈന്‍

ആശ എസ്‌. പണിക്കര്‍ Published on 17 December, 2014
1983 ന്റെ ക്ലൈമാക്‌സ്‌ തിരുത്താന്‍ സമ്മര്‍ദമുണ്ടായിരുന്നു: എബ്രിദ്‌ ഷൈന്‍
തിരുവനന്തപുരം: സാമ്പത്തിക നേട്ടത്തിനായി 1983ന്റെ ക്ലൈമാക്‌സില്‍ മാറ്റംവരുത്താന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായി സംവിധായകന്‍ എബ്രിദ്‌ ഷൈന്‍ പറഞ്ഞു. മേളയോടനുബന്ധിച്ച്‌ പ്രസ്‌ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1983 ഒരു സ്‌പോര്‍ട്‌സ്‌ ചിത്രമായല്ല വെകാരിക ചിത്രമായാണ്‌ താന്‍ കണക്കാക്കുന്നത്‌.

പൗലോ കൊയ്‌ലോയുടെ നോവലിനെ ആസ്‌പദമാക്കിയല്ല `സഹീര്‍' നിര്‍മിച്ചതെന്ന്‌ സംവിധായകന്‍ സിദ്ധാര്‍ഥ്‌ ശിവ. സിനിമയുടെ അവസാനഘട്ടത്തിലാണ്‌ താന്‍ ആ നോവല്‍ വായിക്കുന്നതുതന്നെ. അതിലെ കേന്ദ്രകഥാപാത്രത്തിന്‌ തന്റെ സിനിമയുമായി സാദൃശ്യം തോന്നിയതുകൊണ്ടാണ്‌ സഹീറെന്ന പേര്‌ സ്വീകരിച്ചത്‌.

സമാന്തര സിനിമകള്‍ക്ക്‌ പ്രേക്ഷകര്‍ ഉണ്ടെങ്കിലും അവ പ്രദര്‍ശിപ്പിക്കാനുള്ള ഇടമില്ലാത്തതാണ്‌ ഈ രംഗം നേരിടുന്ന വെല്ലുവിളിയെന്ന്‌ സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ചിത്രങ്ങള്‍ക്ക്‌ പ്രേക്ഷകരുണ്ടെന്നതിന്‌ തെളിവാണ്‌ ചലച്ചിത്രമേളകളിലെ പ്രാതിനിധ്യം. എന്നാല്‍ സമാന്തര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചെറിയ തിയറ്ററുകള്‍ പോലും ലഭിക്കാറില്ല. ഇത്‌ ഇന്നും സമാന്തര സിനിമകളെ മേളകളില്‍ മാത്രമായി ഒതുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഫണ്ടുകളും സബ്‌സിഡിയും ഇല്ലാത്തത്‌ സമാന്തര സിനിമാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന്‌ `കാല്‍ട്ടണ്‍ ടവേഴ്‌സി'ന്റെ സംവിധായകന്‍ സലിം ലാല്‍ അഹമ്മദ്‌ പറഞ്ഞു. ലാറ്റിനമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സഹായങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ അവിടെനിന്ന്‌ മികച്ച ചിത്രങ്ങളുണ്ടാകുന്നത്‌. മികച്ച സിനിമകള്‍ ലഭിക്കാന്‍ ഇന്ത്യയിലും ഇത്തരം സഹായങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


ജനകീയ സിനിമയുടെ പിന്തുടര്‍ച്ചയായി ഒരാള്‍ പൊക്കം

തിരുവനന്തപുരം: പിരിച്ചെടുത്ത പണം കൊണ്ട്‌ നിര്‍മ്മിച്ച ചിത്രം ഒരാള്‍പ്പൊക്കം മൂന്നാം തവണയും നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിച്ചു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ചിത്രം പൂര്‍ണ്ണമായും ജനങ്ങളില്‍ നിന്നു പിരിച്ച പണംകൊണ്ട്‌ കാഴ്‌ച ഫിലിം സൊസൈറ്റിയാണ്‌ അണിയിച്ചൊരുക്കിയത്‌.

പ്രകാശ്‌ ബാരെയും മീന കന്തസ്വാമിയുമാണ്‌ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. മനസ്സിന്റെ സങ്കീര്‍ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകയ്‌ക്കൊപ്പം ചേര്‍ത്തുവെക്കുന്ന സിനിമ ഹിമാലയന്‍ പ്രകൃതിഭംഗിയും മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

അഞ്ചു വര്‍ഷം തനിക്കൊപ്പം ജീവിച്ച്‌ വേര്‍പിരിയേണ്ടിവന്ന മായ എന്ന കാമുകിയെത്തേടി നായകന്‍ ഹിമാലയന്‍ താഴ്‌വരയിലേക്ക്‌ നടത്തുന്ന യാത്രയാണ്‌ പ്രമേയം. കേദാര്‍നാഥ്‌ പ്രളയത്തിന്റെ ബാക്കിപത്രത്തിലൂടെയാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന അധിനിവേശവും ചര്‍ച്ചചെയ്യുന്നു.

സഞ്‌ജയന്‍ കേരളീയ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനവും അദ്ദേഹത്തിന്റെ അവസാനകാലഘട്ടവും പ്രമേയമായ വിദൂഷകന്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ശ്രദ്ധേയമായി. മലയാള സിനിമ ഇന്ന്‌ വിഭാഗത്തിലാണ്‌ ടി.കെ. സന്തോഷ്‌ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിദൂഷകന്‍ പ്രദര്‍ശനത്തിനെത്തിയത്‌.


ഓഡിയന്‍സ്‌ പോളിന്‌ ഇന്ന്‌ (ഡിസം. 17) തുടക്കം

തിരുവനന്തപുരം: മേളയുടെ മത്സരവിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തെരഞ്ഞെടുക്കുന്നതിനുള്ള ഓഡിയന്‍സ്‌ പോള്‍ ഇന്ന്‌ (ഡിസംബര്‍ 17) ഉച്ചയ്‌ക്ക്‌ 12ന്‌ ആരംഭിക്കും. ഡിസംബര്‍ 19 ന്‌ ഉച്ചയ്‌ക്ക്‌ 12 വരെ കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ വോട്ട്‌ ചെയ്യാം. ഇതിനായി കൈരളിയില്‍ മൂന്ന്‌ കൗണ്ടറുകളും ന്യൂ തിയേറ്ററില്‍ രണ്ട്‌ കൗണ്ടറുകളുമാണ്‌ സജ്ജീകരിക്കുന്നത്‌. ഡെലിഗേറ്റുകള്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും മാത്രമേ വോട്ടിങ്ങിന്‌ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.


സിനിമാ നിര്‍മ്മാണം ജനകീയവല്‍കരിക്കണം: ദേവാശിഷ്‌ മഗീജ

തിരുവനന്തപുരം: ജനകീയ മാധ്യമമെന്ന നിലയ്‌ക്ക്‌ സിനിമയുടെ നിര്‍മ്മാണം കൂടുതല്‍ ജനകീയവല്‍ക്കരിക്കണമെന്ന്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രം `ഊംഗ'യുടെ സംവിധായകന്‍ ദേവാശിഷ്‌ മഗീജ പറഞ്ഞു. സിനിമ ഐ-ഫോണുപയോഗിച്ചും പകര്‍ത്തുന്ന സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കണം. ജോണ്‍ എബ്രഹാമിന്റെ നിര്‍മാണ ശൈലിയെ പിന്തുടരാനാണ്‌ താനാഗ്രഹിക്കുന്നത്‌. രാജ്യത്ത്‌ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ നിന്നുമാണ്‌ ഊംഗയുടെ സിനിമയുടെ പിറവിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഒരു നാടിന്റെ സംസ്‌കാരത്തില്‍ നിന്ന്‌ ഉടലെടുക്കുന്ന ഉത്‌പന്നമാണെന്ന്‌ സഹീറിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ്‌ ശിവ പറഞ്ഞു. മീറ്റ്‌ ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‌ സാമൂഹിക ബാധ്യതയുണ്ടെങ്കിലും പ്രത്യയശാസ്‌ത്രത്തില്‍ ഊന്നിനിന്നുകൊണ്ടു തന്നെ സിനിമയെടുക്കണമെന്നില്ല. രാഷ്‌ട്രീയ പശ്ചാത്തലമുണ്ടെങ്കിലും തന്റെ സിനിമ രാഷ്‌ട്രീയ സിനിമയല്ലെന്ന്‌്‌ `ഡിസംര്‍-1' ന്റെ സംവിധായകന്‍ പി. ശേഷാദ്രി പറഞ്ഞു. മ ികച്ച സമാന്തര സിനിമകളെല്ലാം ഗ്രാമങ്ങളുടെ കഥയാണ്‌ പറഞ്ഞത്‌. നാഗരികതയില്‍ നിന്ന്‌ നല്ല സൃഷ്ടികള്‍ പിറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ സാഹിത്യ അടിത്തറ ഇന്ത്യന്‍ സിനിമകളെ ഏറെ സഹായിച്ചിട്ടുണ്ടെന്ന്‌ `ദി ടെയ്‌ല്‍ ഓഫ്‌ നയന്‍ചമ്പ'യുടെ സംവിധായകന്‍ ശേഖര്‍ദാസ്‌ പറഞ്ഞു. നല്ല സിനിമകള്‍ക്ക്‌ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നതില്‍ വീഴ്‌ചവരുന്നുണ്ടെന്നും കുറഞ്ഞ ബജറ്റില്‍ സിനിമയെടുത്താലേ സ്വതന്ത്ര സിനിമകള്‍ക്ക്‌ രാജ്യത്ത്‌ നിലനില്‍പ്പുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

`1983'ന്റെ സംവിധായകന്‍ എബ്രിദ്‌ ഷൈന്‍, `സമ്മര്‍, ക്യോട്ടോ'യുടെ സംവിധായകന്‍ ഹിരോഷി ടോഡ, `പന്നയ്യാരും പദ്‌മിനിയും' എന്ന ചത്രത്തിന്റെ സംവിധായകന്‍ അരുണ്‍കുമാര്‍ എസ്‌.യു., ഫിലിം ക്രിട്ടിക്‌സ്‌ സൈബ ചാറ്റര്‍ജി, സംവിധായകന്‍ ബാലു കിരിയത്ത്‌ എന്നിവര്‍ പങ്കെടുത്തു.

ഇന്ന്‌ ആദ്യ പ്രദര്‍ശനത്തിന്‌ ഒന്‍പതു ചിത്രങ്ങള്‍

തിരുവനന്തപുരം: മികച്ച ചിത്രങ്ങളും പ്രേക്ഷക പങ്കാളിത്തവുംകൊണ്ട്‌ സമ്പന്നമായ മേളയുടെ ആറാം ദിനത്തില്‍ വിവിധ വിഭാഗങ്ങളിലായി ഒന്‍പതു ചിത്രങ്ങള്‍ ആദ്യപ്രദര്‍ശനത്തിനെത്തും. മത്സരവിഭാഗത്തില്‍ നിന്നുള്ള 12 ചിത്രങ്ങളുള്‍പ്പെടെ 45 ചിത്രങ്ങളാണ്‌ ഇന്ന്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

മകന്റെ അപകടമരണത്തെ തുടര്‍ന്ന്‌ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിഗൂഢത തിരയുന്നയാളുടെ കഥയാണ്‌ സലിന്‍ ലാല്‍ അഹമ്മദിന്റെ `കാള്‍ട്ടണ്‍ ടവേഴ്‌സ്‌'. സൂക്ഷ്‌മ നിരീക്ഷണങ്ങളിലൂടെ മനുഷ്യന്റെ വിചിത്രമുഖം വെളിവാക്കുന്നതാണ്‌ നൂറി ബില്‍ഗെ സൈലന്റെ `വിന്റര്‍ സ്ലീപ്പി'ലൂടെ. കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഡാനിസ്‌ താനോവിക്കിന്റെ `സര്‍ക്കതസ്‌ കൊളംബിയ' എന്ന ചിത്രം കമ്മ്യൂണിസ്റ്റ്‌ ഭൂതകാലത്തിനും ജനാധിപത്യ ഭാവിക്കുമിടയില്‍ പെട്ടുപോകുന്ന കുടംബത്തിന്റെ കഥ പറയുന്നു.

ഇന്ത്യന്‍ സിനിമ ഇന്ന്‌ വിഭാഗത്തില്‍ ആനന്ദ്‌ നാരായണന്‍ മഹാദേവന്‍ സംവിധാനം ചെയ്‌ത `ഗോര്‍ ഹരി ദാസ്‌താങ്‌ സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിചരിത്രം പറയുന്നു. വീര്യവും ഊര്‍ജവും നിറഞ്ഞ കഴിഞ്ഞകാലത്തിന്റെ ഓര്‍മകള്‍ക്കും ഭാവിക്കും ഇടയിലെ തുലാസിലാണ്‌ നായകന്റെ ജീവിതം. മിക്കലോസ്‌ ജാങ്‌സൊയുടെ ആദ്യ കളര്‍ ചിത്രം `ദി കണ്‍ഫ്രണ്ടേഷന്‍' റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. കമ്മ്യൂണിസ്റ്റ്‌്‌ നേതൃത്വം ഹംഗറിയില്‍ അധികാരമേറ്റെടുത്തപ്പോഴുണ്ടായ വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെയും കലാപത്തിന്റെയും ചുവന്ന ഏടുകളാണ്‌ ചിത്രം പറയുന്നത്‌. അല്‍ഷിമേഴ്‌സു മൂലം തലച്ചോര്‍ സൃഷ്ടിക്കുന്ന മിഥ്യാഭ്രമങ്ങളാണോ യാഥാര്‍ഥ്യമാണോ തന്റെ മുന്നില്‍ നടക്കുന്ന വിചിത്രസംഭവങ്ങളെന്നറിയാതെ കുഴങ്ങുകയാണ്‌ `റെഡ്‌ അമ്‌നേഷ്യ'യിലെ എഴുപതുകാരിയായ വിധവ. കൊല്‍ക്കത്തയുടെ ക്ഷയോന്മുഖമായ അന്തരീക്ഷത്തില്‍ വിധിയെ ആത്മവിശ്വാസത്തോടെ നേരിടുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥപറയുകയാണ്‌ `ലേബര്‍ ഓഫ്‌ ലൗ'. വെനീസ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിയ ചിത്രം ലോകസിനിമാവിഭാഗത്തിലാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
1983 ന്റെ ക്ലൈമാക്‌സ്‌ തിരുത്താന്‍ സമ്മര്‍ദമുണ്ടായിരുന്നു: എബ്രിദ്‌ ഷൈന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക