Image

മാണിരാജി വയ്ക്കുമോ? പി.സി. ധനമന്ത്രിയാകുമോ?- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 17 December, 2014
മാണിരാജി വയ്ക്കുമോ? പി.സി. ധനമന്ത്രിയാകുമോ?- അനില്‍ പെണ്ണുക്കര
ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ജനാര്‍ദ്ദനന്‍ പറഞ്ഞതുപോലെയായി കാര്യങ്ങള്‍… “ഇവന്‍മാര്‍ പട്ടച്ചാരായം കൊണ്ടൊഴിച്ച് ഇവിടമെല്ലാം നാറ്റിച്ചു…”

നാറ്റിച്ചു എന്നു മാത്രമല്ല മാണിക്കും സംഘത്തിനും പുറത്തിറങ്ങാന്‍ പറ്റാത്തവിധം നാറിക്കഴിഞ്ഞു കാര്യങ്ങള്‍. ഇനിയും ഈ നാറ്റത്തില്‍ നിന്ന് കരകയറണമെങ്കില്‍ ഉമ്മന്‍ചാണ്ടിയും, രമേശുമൊക്കെ കനിയണം. എന്തായാലും ഇടതുപക്ഷത്തേക്ക് ഇനി നഹി…ജാവോ…

മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭയെ അട്ടിമറിച്ച് ഇടതന്മാര്‍ക്ക് അധികാരത്തില്‍ വരാനുള്ള എല്ലാ പദ്ധതികളും റഡിയായി വരുമ്പോഴാണ് മുഖ്യമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടെയും അറിവോടെ ബാര്‍കോഴ വിവാദം ബാര്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിജുരമേശ് പുറത്തുവിട്ടത്. പിണറായി വിജയന്റെ ഗൂഢ നീക്കം മനസ്സിലാക്കി സാക്ഷാല്‍ അച്ചുതാനന്ദന്‍ ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ കളം മാറി. അച്ചുതാനന്ദനെ പ്രകാശ് കാരാട്ടും, പിണറായി വിജയനേയും തള്ളിയെങ്കിലും സി.ബി.ഐ. അന്വേഷണം മാത്രമേ നിയമപരമായി നിലനില്‍ക്കുകയുള്ളൂ എന്ന് ഏത് അണ്ടനും അടകോടനും വരെ അറിയാം.

എന്തായാലും വിജിലന്‍സ് അന്വേഷണം വരെ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അച്ചുതാനന്ദന്‍. അഴിമതി നിരോധന നിയമത്തിലെ ദുരുപയോഗം, കോഴ വാങ്ങല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേസ് നേരാവണ്ണം പോയാല്‍ ഏഴ് വര്‍ഷം വരെ മാണിസാറിന് ജയിലില്‍ കിടക്കാം. ഈക്കാര്യത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ശബരിമലദര്‍ശനം കൂടി ഫലവത്തായാല്‍ സംഗതി കുശാല്‍!

അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ഒരു കോടിരൂപ കോഴ വാങ്ങി എന്ന ബിജു രമേശിന്റെ പരാതിയുടെ പുറത്ത് വിജിലന്‌സ് കേസ് എടുത്ത എഫ്.ഐ.ആറിന്‌റെ ഭാഗമായി കെ.എം.മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. 29 സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മാണിയുടേയും ബാര്‍ ഓണേഴ്‌സ് ഭാരവാഹികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് പരിശോധിക്കും.

കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബി.ജെ.പി.യും ഈക്കാര്യത്തില്‍ മാണിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ശക്തമായ സമരങ്ങളാണ് ബി.ജെ.പി.യും ലക്ഷ്യമിടുന്നത്. എങ്ങനേയും അടുത്ത തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവും ബി.ജെ.പി.ക്കുണ്ട്. അടുത്തതവണ ഇടതുപക്ഷത്തിന് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരാനുള്ള ഒരു പിടിവള്ളിയായും ബാര്‍ കോഴ വിവാദത്തെ പിണറായിയും സംഘവും ഉപയോഗിക്കുന്നു.

ബി.ജെ.പി.യുടെയും, ഇടതുസംഘടനകളുടെയും പ്രത്യക്ഷസമരവും യുഡിഎഫിലെ പരോക്ഷ സമരം കൂടി കടന്നുവരുന്നതോടെ കെ.എം.മാണി കടുത്ത സമ്മര്‍ദ്ദത്തിലാകും. പണ്ട് റജീന കേസില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായ സമ്മര്‍ദ്ദം പോലെ കാര്യങ്ങള്‍ വന്നു പോയാല്‍ കെ.എം.മാണി രാജി വയ്‌ക്കേണ്ടിവരും.

മാണിഗ്രൂപ്പിലെ 6 എം.എല്‍.എ.മാരെ ഒപ്പം നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി ബാര്‍കോഴ വിവാദം പുറത്തു വിടാന്‍ കളിച്ചതെന്ന് ഒരു അണിയറ സംസാരമുണ്ടെങ്കിലും മാണിസാര്‍ രാജിവച്ചാല്‍ ഇവരെല്ലാം ധനമന്ത്രിയാകാന്‍ അരക്കൈ നോക്കാതിരിക്കില്ല. എന്നാല്‍ ഈ ആപത്ഘട്ടത്തിലും ഒപ്പം നില്‍ക്കുന്ന പി.സി. ജോര്‍ജിനുതന്നെ നറുക്ക് വീഴാനാണ് സാധ്യത. ഇപ്പോള്‍ മാണിയുടെ ബലവും പി.സി. തന്നെ.

ഉമ്മന്‍ചാണ്ടി പക്ഷേ ഇതൊന്നുമല്ല കരുതുക. വിജിലന്‍സ് അന്വേഷണത്തില്‍ അഗ്നി ശുദ്ധി വരുത്തി മാണിയെ ഒപ്പം നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും മുഖ്യമന്ത്രിയാകുക…എപ്പടി?


മാണിരാജി വയ്ക്കുമോ? പി.സി. ധനമന്ത്രിയാകുമോ?- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക