Image

തിരിഞ്ഞുനോക്കുമ്പോള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 13 December, 2014
തിരിഞ്ഞുനോക്കുമ്പോള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
നാല്‌പതു വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍
നൂല്‌പെതെന്താണ്‌ നാമുള്ളില്‍ മിത്രങ്ങളേ?
നേട്ടങ്ങളൊക്കെയും കൂട്ടിവച്ചിട്ടു നാം
കൂട്ടികിഴിയ്‌ക്കയൊ ദൈവ കൃപകളെ?
കെട്ടിപ്പടുത്തതാം ദേവാലയങ്ങളൊ,
കെട്ടിപ്പുണര്‍ന്നതാം കാരുണ്യഹസ്‌തമോ,
ഏതാണ്‌ ദൈവകൃപയ്‌ക്കു നാമെപ്പഴും
ആധാരമായി കാണ്‌മതെന്നൊന്ന്‌ ചിന്തിക്കില്‍
മുന്നില്‍ തെളിഞ്ഞുടുന്‍ വന്നിടും മായാതെ
പിന്നിട്ട്‌ പോയതാം കാലത്തിന്‍ ഓര്‍മ്മകള്‍
സ്‌നേഹവായ്‌പാല്‍ നമ്മെ ഊട്ടിവളര്‍ത്തിയ
സ്‌നേഹപ്രതീകമാം തായയും താതനും
നാവിന്റെ തുമ്പിലന്നാദ്യമായക്ഷരം
നോവാതെഴുതിയ നിലെത്തെഴുത്താശാനും
ജാതിമതവര്‍ഗ്ഗവര്‍ണ്ണങ്ങളില്ലാതെ
ഭൂതകാലങ്ങളെ ചിക്കിചികയാതെ
`നിന്നെപ്പോലെ നിന്‍ അയല്‍ക്കാരെ'സ്‌നേഹിച്ച
ഭിന്നമതസ്‌തരാം സ്‌നേഹിതന്മാരേയും
കുറ്റവും കുറവും ഗണിയ്‌ക്കാതെ നമ്മളെ
മുറ്റുമായി സ്‌നേഹിച്ച ചങ്ങാതിമാരേയും
ഓര്‍ക്കുമ്പോള്‍ നിര്‍ഭരം നന്ദിയാല്‍ ഉള്‍ത്തടം
ഓര്‍ത്തു ചീര്‍ത്തീടുന്നു ദൈവകൃപയാല്‍ മനം.
നാല്‌പതു വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍
നൂല്‌പെതെന്താണ്‌ നാമുള്ളില്‍ മിത്രങ്ങളെ?
സ്‌നേഹിക്ക അന്യോന്യം മുന്‍വിധിയില്ലാതെ
സ്‌നേഹിക്ക നാളെകള്‍ വന്നില്ലയെങ്കിലോ?
സേവിക്ക പാദങ്ങള്‍ കഴുകി വെടിപ്പാക്കി
സേവിക്കാന്‍ നാളെകള്‍ വന്നില്ലയെങ്കിലോ?
നാളെകള്‍ നാളെകള്‍ മര്‍ത്ത്യ മനസ്സിന്റെ
ജാലവിദ്യകള്‍ മായാവിലാസങ്ങള്‍

(ഹ്യൂസ്‌റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ചിന്റെ നാല്‌പതാം വാര്‍ഷികത്തോട്‌ അനുബന്ധിച്ചെഴുതിയ കവിത)

തിരിഞ്ഞുനോക്കുമ്പോള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക